March 25, 2023

20 വര്‍ഷം, നട്ടത് 40 ലക്ഷം മരങ്ങള്‍; മഴക്കാടിന് പുനര്‍ജന്മം നല്‍കി ഈ ദമ്പതികള്‍! വൈറലായി ചിത്രങ്ങള്

20 വര്‍ഷം, നട്ടത് 40 ലക്ഷം മരങ്ങള്‍; മഴക്കാടിന് പുനര്‍ജന്മം നല്‍കി ഈ ദമ്പതികള്‍! വൈറലായി ചിത്രങ്ങള്
ബ്രസീലിയ: 20 വര്‍ഷം കൊണ്ട് 40 ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിച്ച് മഴക്കാടിന് പുനര്‍ജന്മം നല്‍കി ദമ്പതികള്‍. ഫോട്ടോഗ്രഫറായ സെബാസ്റ്റിയോ സാല്‍ഗാഡോയുടെയും ഭാര്യയുമാണ് ഇതിനു പിന്നില്‍. ജന്മനാട്ടിലെ മഴക്കാടുകള്‍ക്ക് സംഭവിച്ച ദുരന്തമാണ് ഇദ്ദേഹത്തെ മരങ്ങളുടെ ലോകത്തേയ്ക്ക് നയിച്ചത്.രാജ്യാന്തര മാസികകള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനു വേണ്ടിയുള്ള സഞ്ചാരത്തിലായിരുന്നു.

ഇടതൂര്‍ന്ന മഴക്കാടുകള്‍ സ്വപ്നം കണ്ടെത്തിയ സാല്‍ഗാഡോ കണ്ടത് മുറിച്ചുമാറ്റപ്പെട്ട മരങ്ങളും വരള്‍ച്ചയും മണ്ണിടിച്ചിലും മാത്രമായിരുന്നു. ലോകത്തിന്റെ പല ഭാഗത്തും താന്‍ കണ്ട ദുരന്തം സ്വന്തം നാട്ടിലും സംഭവിക്കുമെന്ന് സാല്‍ഗാഡോക്ക് മനസ്സിലായി.ഭൂമിയെ സംരക്ഷിക്കാന്‍ എന്ത് ചെയ്യണമെന്ന് ആദ്യം ചിന്തിച്ചു. ഏറെ നാളത്തെ ആശയങ്ങള്‍ക്കൊടുവില്‍ വൃക്ഷങ്ങള്‍ നടാനുള്ള തീരുമാനത്തിലെത്തി. തുടര്‍ന്ന് 1995ല്‍ സാല്‍ഗാഡോയും ഭാര്യയും ചേര്‍ന്ന് മരങ്ങള്‍ നടാന്‍ ആരംഭിച്ചു.

ആദ്യം വീടിന് ചുറ്റുമുള്ള ഏതാനും ഹെക്ടര്‍ മേഖലയില്‍ മാത്രം മരം നടുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ തൈകള്‍ നട്ടുതുടങ്ങിയതോടെ അതൊരു ദിനചര്യയായി മാറി. വൈകാതെ തന്നെ മിനാസ് ഷെറീസിലെ മഴക്കാടുകള്‍ അതിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാന്‍ തുടങ്ങി.പിന്നാലെ വോളന്റിയര്‍മാരും പരിസ്ഥിതി സ്‌നേഹികളും ഇവര്‍ക്കൊപ്പം കൂടി. ആദ്യ ഘട്ടത്തില്‍ നിര്‍മ്മിച്ച കാടിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെറാ എന്ന എന്‍ജിഒ ആരംഭിച്ചു. വനനശീകരണം സംഭവിച്ച 17000 ഏക്കര്‍ പ്രദേശം പൂര്‍വ്വ സ്ഥിതിയിലാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം.

ഈ സംഘടന വഴിയാണ് വോളന്റിയര്‍മാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും സംഘടിപ്പിച്ചതും വൃക്ഷത്തൈകള്‍ നട്ടതും. തുടര്‍ന്ന് 1999 മുതല്‍ ഇതുവരെയുള്ള 20 വര്‍ഷത്തിനിടെ ഈ ലക്ഷ്യം അവര്‍ സാധിച്ചു.വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചത് വളരും മുന്‍പ് 2001 ല്‍ എടുത്ത ചിത്രവും 2019 ലെ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് സാല്‍ഗാഡോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 1995 ല്‍ നട്ട മരങ്ങള്‍ വളര്‍ന്നതോടെ 1999 ലാണ് ഏകദേശം 10 വര്‍ഷക്കാലം അകന്നു നിന്ന മഴ ഇവിടേക്കു തിരികെയെത്തിയത്.

Leave a Reply

Your email address will not be published.