സ്വന്തമായി പ്ലാന്‍ വരച്ച്, സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്ത് ഒരു വിദ്യാര്‍ത്ഥി പണിത വീട്….!!
എംബിബിഎസിനു ചേരാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അനന്തു പോയതു ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടില്‍ നിന്ന്. എന്നാല്‍ രണ്ടു വര്‍ഷത്തെ പഠനത്തിന് ശേഷം അനന്തു ഉണ്ടാക്കിയത് ഭംഗിയുള്ള രണ്ടുനില വീട്. സ്വന്തം വിയര്‍പ്പു തുള്ളികള്‍ അടുക്കിവച്ച് അവന്‍ തീര്‍ത്ത സ്വപ്നക്കൂട് എന്നും അതിനെ വിളിക്കാം. സ്വന്തമായി പ്ലാന്‍ വരച്ച്, സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്ത് ഒരു വിദ്യാര്‍ത്ഥി പണിത വീട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.
രണ്ടു വര്‍ഷം ഉറക്കമില്ലാതെ പഠിച്ചും പഠിപ്പിച്ചും ഈ ഇരുപത്തിരണ്ടുകാരന്‍ യാഥാര്‍ഥ്യമാക്കിയത് 26 ലക്ഷം രൂപയുടെ സ്വപ്‌നവീടാണിത്.പഠിക്കാനും പഠിപ്പിക്കാനും മിടുക്കനായിരുന്ന അനന്തു ആലപ്പുഴ കൊറ്റംകുളങ്ങര പായിക്കാട്ട് ശശികുമാറിന്റെയും ലതയുടെയും മകനാണ്. മെഡിക്കല്‍ എന്‍ട്രന്‍സില്‍ 91ാം റാങ്കോടെയായിരുന്നു എസ് അനന്തുവിന്റെ എംബിബിഎസ് പ്രവേശനം. മെഡിക്കല്‍ / എന്‍ജിനിയറിങ് പ്രവേശനത്തിനു തയാറെടുക്കുന്നവര്‍ക്കു പരിശീലനം നല്‍കുന്നതാണു വരുമാനം. രാവിലെയും വൈകിട്ടുമായി ദിവസം ആറു മണിക്കൂര്‍ ക്ലാസെടുക്കും.
അവധി ദിവസങ്ങളില്‍ അത്, വിവിധ ബാച്ചുകളിലായി 12 മണിക്കൂര്‍ വരെ നീളും. ഒരു ദിവസം ആയിരങ്ങളാണ് ഇങ്ങനെ നേടുന്നത്.ആലപ്പുഴ ആല്‍ഫ അക്കാദമിയിലായിരുന്നു അനന്തുവിന്റെ എന്‍ട്രന്‍സ് പരിശീലനം. ഇപ്പോള്‍ അവിടെത്തന്നെ അധ്യാപകന്‍. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഒരു രൂപ പോലും ഫീസ് വാങ്ങിയില്ലെങ്കിലും അധ്യാപകനായപ്പോള്‍ തരേണ്ടതിലധികം പണം തന്നു സഹായിച്ച അക്കാദമി ഡയറക്ടര്‍ റോജസ് ജോസഫാണു വീടെന്ന അനന്തുവിന്റെ സ്വപ്നത്തിനു ചിറകേകിയത്. നന്ദി പറയേണ്ട മറ്റു ചിലരുമുണ്ട്; പ്ലസ് ടു കഴിഞ്ഞപ്പോള്‍ത്തന്നെ അധ്യാപകനാകാന്‍ ആത്മവിശ്വാസം പകര്‍ന്ന എസ്ഡിവി സ്‌കൂള്‍ അധ്യാപകന്‍ ജയന്‍ ആര്‍ കൃഷ്ണന്‍, ഒപ്പം താമസിപ്പിച്ചു
പഠിപ്പിച്ച ചിറ്റപ്പന്‍ മുരളി, ഭാര്യ ജയ തുടങ്ങി പേരുകള്‍ നീളുന്നു.വഴിച്ചേരിയിലെ കയര്‍ഫെഡ് ഓഫിസിനു സമീപമുള്ള ഫോട്ടോസ്റ്റാറ്റ് ഡിടിപി കടയിലായിരുന്നു അമ്മ ലതയുടെ ജോലി. ഇവിടെ തയാറാക്കുന്ന പല രേഖകളിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഒപ്പു വാങ്ങേണ്ട ചുമതല അനന്തുവിനും. ബില്ലുകള്‍ പാസാക്കുന്ന ‘വിലപിടിച്ച ഒപ്പുകളില്‍’ അന്നു കണ്ണുടക്കി. ഓരോ ഒപ്പിനും പണം കിട്ടുന്ന ഈ ജോലി മതിയെന്നു കുഞ്ഞുമനസ്സില്‍ ആഗ്രഹമുണ്ടാക്കിയതു ദാരിദ്ര്യം കൂടിയായിരുന്നു.ആ ചിന്ത മാറ്റിയത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ്.
മികച്ച റാങ്കുള്ളതിനാല്‍, മറ്റു കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കുമായിരുന്നിട്ടും പഠനം ഇവിടെ മതിയെന്നു തീരുമാനിച്ചത് ആശുപത്രിയുമായുള്ള ആത്മബന്ധത്താലാണ്. അച്ഛനെ പരിചരിക്കാന്‍ ആശുപത്രിയില്‍ ചെലവഴിച്ച ദിവസങ്ങള്‍ക്കു കണക്കില്ല. സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ പാക്കിങ് തൊഴിലാളിയായിരുന്ന അച്ഛന്‍ ശശികുമാര്‍,, വെരിക്കോസ് വെയിനിന്റെയും സന്ധിവാതത്തിന്റെയും ബുദ്ധിമുട്ടുകള്‍ മൂലം പത്തുവര്‍ഷം മുന്‍പു തിരികെയെത്തി. പിന്നെ കൂടുതല്‍ ദിവസങ്ങളും ആശുപത്രിയിലായിരുന്നു. ദൈവതുല്യരാണു ഡോക്ടര്‍മാരെന്ന് അന്നത്തെ അനുഭവങ്ങള്‍ പഠിപ്പിച്ചു.രണ്ടായിരം ചതുരശ്ര അടിയുള്ള വീട് ഉയരുന്നതിനു മുന്‍പ് ഇവിടെ പണിയാനുദ്ദേശിച്ചത് ഒരു കൊച്ചു വീടാണ്.
പൊളിഞ്ഞുവീഴാറായ പഴയ വീടിന്റെ അവസ്ഥയറിഞ്ഞ ജനപ്രതിനിധികള്‍ പ്രധാന്‍മന്ത്രി ആവാസ് യോജന വഴി വീട് അനുവദിച്ചു. ആദ്യഗഡുവായി ലഭിച്ച 25,000 രൂപ ഉപയോഗിച്ച് ഒരു മുറിക്കും അടുക്കളയ്ക്കും അടിസ്ഥാനം കെട്ടി. പദ്ധതി വഴി പണിയുന്ന വീട് 600 ചതുരശ്ര അടിയില്‍ കൂടരുതെന്ന നിബന്ധനയുണ്ട്.അപ്പോഴും മനസ്സിലൊരു പദ്ധതിയുണ്ടായിരുന്നു. നാലു വര്‍ഷം കഴിയുമ്പോള്‍ ഡോക്ടറാകും. അപ്പോള്‍ വലുതാക്കാനാകുന്ന തരത്തില്‍ വേണം വീടു പണിയാന്‍… എന്‍ട്രന്‍സ് പരിശീലനത്തിലൂടെ പണം ലഭിച്ചു തുടങ്ങിയപ്പോള്‍ കുറച്ചു കൂടി വലിയ വീടു വയ്ക്കാമെന്ന ആത്മവിശ്വാസമായി.
അങ്ങനെ പ്രത്യേക അനുവാദം വാങ്ങി, സര്‍ക്കാര്‍ ധനസഹായം പലിശസഹിതം തിരിച്ചടച്ചു. കെഎസ്എഫ്ഇയില്‍ സ്ഥലം പണയപ്പെടുത്തി ആറു ലക്ഷം രൂപ ഭവനവായ്പയെടുത്തു. വീടിന്റെ ആദ്യഘട്ട നിര്‍മാണം തുടങ്ങി.രണ്ടു പതിറ്റാണ്ട് പഴക്കമുള്ള ഒരു ബൈക്കിലായിരുന്നു അനന്തുവിന്റെ യാത്രകള്‍. ട്യൂഷനെടുക്കാനും മറ്റും പോയിരുന്നത് ഇതേ ബൈക്കില്‍. ഒരു അധ്യാപകന്‍ വെറുതേ തന്നതാണ് ആ വണ്ടി. അതുമാറ്റി ഒരു ബുളളറ്റ് വാങ്ങാന്‍ കുറേശ്ശെ പണം സ്വരുക്കൂട്ടി.
ഒറ്റ മുറി വീട്ടില്‍ അമ്മയും രോഗിയായ അച്ഛനും കഷ്ടപ്പെടുന്നതു കണ്ടപ്പോള്‍ ബൈക്കല്ല, നല്ലൊരു വീടാണു വേണ്ടതെന്നു തോന്നി. സ്വന്തമായി പ്ലാന്‍ വരച്ചു, വീടു നിര്‍മാണം തുടങ്ങി. കയറ്റിറക്കുള്‍പ്പെടെ മിക്ക ജോലികളും തന്നെ ചെയ്തു. വീടുപണി പഠനത്തെ ബാധിക്കുമെന്ന സ്ഥിതിയായപ്പോഴാണ് എന്‍ട്രന്‍സ് ക്ലാസിലെ ശിഷ്യനായ മനുവിന്റെ അച്ഛന്‍, കോണ്‍ട്രാക്ടറായ മഹേശ്വരന്‍ സഹായിക്കാമെന്നേറ്റത്. പിന്നീടു ജോലികള്‍ക്കെല്ലാം മേല്‍നോട്ടം വഹിച്ചത് അദ്ദേഹമാണ്.അധ്യാപകരും സഹപാഠികളും സാമ്പത്തികമായി സഹായിച്ചു. കഴിഞ്ഞ മാസം വീടു പണി പൂര്‍ത്തിയാക്കി. സുഹൃത്തുക്കളെയൊക്കെ വീട്ടിലേക്കു വിളിച്ചു ചെറിയൊരു സല്‍ക്കാരം നടത്തി. അന്ന് അവരില്‍ ചിലര്‍ ഈ വീടിന്റെ ചിത്രവും ചരിത്രവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.