March 29, 2023

ഇവിടം സ്വർഗമാണ്! എല്ലാവർക്കും വീട്, 10 രൂപയ്ക്ക് അരിയും പാലും, 15 രൂപയ്ക്ക് പഞ്ചസാര, പിന്നെ ഫ്രീ വൈ–ഫൈയും! കയ്യടിക്കടാ കിഴക്കമ്പലം പഞ്ചായത്തിന്..!!

ഇവിടം സ്വർഗമാണ്! എല്ലാവർക്കും വീട്, 10 രൂപയ്ക്ക് അരിയും പാലും, 15 രൂപയ്ക്ക് പഞ്ചസാര, പിന്നെ ഫ്രീ വൈ–ഫൈയും! കയ്യടിക്കടാ കിഴക്കമ്പലം പഞ്ചായത്തിന്..!!
പഞ്ചായത്തിലുള്ള മുഴുവൻ സ്ഥിരതാമസക്കാർക്കും അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റർ പാലും മൂന്നു രൂപയ്ക്കു മുട്ടയും നൽകി ഞെട്ടിച്ച കിഴക്കമ്പലത്തെ ട്വന്റി20 ഭരണസമിതിയുടെ പുതിയ പദ്ധതി കണ്ട് വണ്ടറടിക്കുകയാണ് അയൽനാട്ടുകാരും മറ്റു രാഷ്ട്രീയ പാർട്ടികളും. സംഗതി ജനപ്രിയമാണ്.

പഞ്ചായത്തിൽ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും വീടുവച്ചു കൊടുക്കുന്ന സ്വപ്ന പദ്ധതി.
ചെറുതെങ്കിലും പ്ലാനിലും ഡിസൈനിലുമെല്ലാം മികച്ചു നിൽക്കുന്ന നല്ല ഒന്നാന്തരം വീടുകൾ. കഴിഞ്ഞ ആഴ്ച കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഞെട്ടിയത് പ്രമുഖ രാഷ്ട്രീയ പാർട്ടികളാണ്. കിഴക്കമ്പലം പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് കേന്ദ്ര മന്ത്രി എത്തിയത്.

പഞ്ചായത്ത് പരിപാടി ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര മന്ത്രിയോ എന്ന് അത്ഭുതപ്പെടുന്നവർ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി20 എന്ന പാർട്ടി നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ അറിയണം.വിലക്കുറവിന്റെ പഞ്ചായത്തിലുള്ളവർക്ക് വിപണി വിലയുടെ പകുതിക്ക് ഭക്ഷ്യസാധനങ്ങൾ നൽകുന്ന ചന്തയാണ് മന്ത്രി തുറന്നു കൊടുത്തത്. കിഴക്കമ്പലത്തിന്റെ സ്വന്തം കിറ്റെക്സ് എന്ന പ്രസ്ഥാനം രൂപം കൊടുത്ത പാർട്ടിയാണ് ടി20. പഞ്ചായത്തിലെ 36000 പേരെ നാലു വിഭാഗമായി തിരിച്ച് കാർഡ് നൽകിയാണ് പഞ്ചായത്ത് ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നത്.

ചുവപ്പു കാർഡുള്ളവർക്ക് എല്ലാം സൗജന്യമാണ്. അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റർ പാലും മൂന്നു രൂപയ്ക്കു മുട്ടയും 90 രൂപയ്ക്ക് ഒരു കിലോ വെളിച്ചെണ്ണയും 15 രൂപയ്ക്ക പഞ്ചസാരയും വാങ്ങുന്ന കിഴക്കമ്പലം സ്വദേശികൾക്ക് ട്വന്റി20 അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. വീടില്ലാത്തവർക്ക് സൗജന്യമായി വീടു പണിതു നൽകുന്നതാണ് ഏറ്റവും ഒടുവിലായി പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന പദ്ധതി. സൗജന്യ ആരോഗ്യ പദ്ധതി, പഞ്ചായത്തിൽ സൗജന്യ വൈ– ഫൈ, ഗർഭിണികൾക്ക് പോഷകാഹാരം തുടങ്ങിയ പദ്ധതികളും 36,000 പേരുള്ള കിഴക്കമ്പലം പഞ്ചായത്തിലെ മാത്രം പ്രത്യേകതകളാണ്.രണ്ടു വർഷം മുൻപ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 69 ശതമാനം വോട്ടു നേടിയാണ് ടി20 കിഴക്കമ്പലത്തിന്റെ അധികാരം പിടിച്ചെടുത്തത്.

വെറും അഞ്ചു കോടി രൂപ മാത്രം വാർഷിക വരുമാനമുള്ള പഞ്ചായത്തിലേക്ക് പണം ഒഴുക്കുന്നത് കിറ്റെക്സാണ്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതി പ്രകാരം പഞ്ചായത്തിനെ കിറ്റെക്സ് ഏറ്റെടുത്തിരിക്കുകയാണ്.സിഎസ്ആർ പദ്ധതിയിൽ സ്ഥാപനങ്ങൾ ലാഭത്തിന്റെ രണ്ടു ശതമാനം ചെലവഴിക്കണമെന്നാണ് നിയമം. എന്നാൽ തങ്ങൾ 6–8 ശതമാനം പണമാണ് ചെലവഴിക്കുന്നതെന്ന് കിറ്റെക്സ് എംഡിയും ആശയത്തിനു പിന്നിലെ ബുദ്ധികേന്ദ്രവുമായ സാബു എം. ജേക്കബ് പറഞ്ഞു.ടി20 പാർട്ടിയുടെ പ്രവർത്തകർക്ക് രാഷ്ട്രീയം ഒരു തൊഴിലല്ല. സേവനമാണ്. 2020 ആകുമ്പോഴത്തേക്ക് രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്ത് ആവുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ് പറയുന്നു.

അധികാരത്തിലെത്തി ടി20 ആദ്യം ചെയ്തത് പഞ്ചായത്തിലുണ്ടായിരുന്ന ഏക മദ്യവിൽപന കേന്ദ്രം അടച്ചു പൂട്ടി. ദിവസം 12 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്ന ഔട്ട്ലെറ്റ് അടച്ചു പൂട്ടിയത് വരുമാനത്തെ ബാധിക്കുമെന്ന് അറിഞ്ഞു കൊണ്ടുതന്നെയുള്ള തീരുമാനം. പഞ്ചായത്തിലെ പേരുകേട്ട കുടിയൻമാരെ ഡീ അ‍ഡിക്ഷൻ സെന്ററിൽ ചേർത്തു നേർവഴിക്കു നയിച്ചു. ഇതിനിടയിൽ ട്വന്റി20 യെ എതിർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു.പക്ഷേ ജനങ്ങൾ തങ്ങളോടൊപ്പമുണ്ടെന്നാണ് ജേക്കബ് അവകാശപ്പെടുന്നത്. മുഖ്യപാർട്ടികൾക്ക് ചെയ്യാൻ സാധിക്കാതിരുന്നത് പലതും രണ്ടു വർഷം കൊണ്ട് തങ്ങൾ ചെയ്തുവെന്ന് ഇവർ പറയുമ്പോൾ അത് അവിശ്വസിക്കാൻ തരമില്ല.

Leave a Reply

Your email address will not be published.