June 1, 2023

അവൾ ആദ്യമായി എഴുന്നേറ്റ് നിന്നു; നിറകൺചിരിയായി പാത്തു; അതിജീവനം, കയ്യടി

ചക്രകസേരയിൽ വലിയവേദനയുടെ ദുരിതം അനുഭവിക്കുമ്പോഴും ഫാത്തിമ എന്ന പെൺകുട്ടി കരയാറില്ല. ഒരു ചെറുചിരിയോടെ കൊടിയവേദനയെ അതിജീവിക്കാനാണ് ഫാത്തിമ ശ്രമിക്കുന്നത്. അവളുടെ അതിജീവനത്തിന്റെ കഥയിൽ അഭിമാനം കൊള്ളുകയാണ് സുഹൃത്തുക്കൾ. കോട്ടയം ഹോമിയോ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയായ ഫാത്തിമ അസ്‌ലയെ വിധി പരീക്ഷിച്ചത് എല്ലുകൾ പൊടിഞ്ഞു പോകുന്ന അസുഖം കൊണ്ടായിരുന്നു.

ഒരു ചെറിയ വീഴ്ചയിൽ പോലും എല്ല് പൊട്ടുന്ന അവളുടെ ഇടതുകാലിന് മാത്രം അറുപതു തവണയിൽ അധികം പൊട്ടലുണ്ടായിട്ടുണ്ട്. രണ്ടു മാസം മുമ്പ് കോയമ്പത്തൂരിൽ വെച്ചു നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഫാത്തിമക്ക് നിൽക്കാനും കുറേശ്ശയായി നടക്കാനും സാധ്യമായത്. ആദ്യമായി പരസഹായമില്ലാതെ ഫാത്തിമ നിന്നതിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയയിലെ സുഹൃത്തുക്കൾ.

എഴുത്തുകാരൻ നജീബ് മൂടാടി ഫാത്തിമയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥ പങ്കുവച്ചിരിക്കുന്നത് ഇങ്ങനെ:

പാത്തുവിന്റെ ചിരിക്ക് പത്തരമാറ്റിന്റെ തിളക്കമാണ്

ഇന്ന് ഏറ്റവും സന്തോഷം നൽകിയ ഒരു ചിത്രമാണ് ഇതിൽ വലതുഭാഗത്ത്. ഇടത് ഭാഗത്ത്‌ വീൽചെയറിൽ ഇരിക്കുന്ന പെൺകുട്ടി തന്നെയാണ് ആ ചിരിച്ചു കൊണ്ട് നിൽക്കുന്നത്. ജീവിതത്തിൽ ആദ്യമായി സ്വന്തം കാലിൽ എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദമാണ് ഫാത്തിമ അസ്‌ല(Fathima Asla) യുടെ മുഖത്ത്.
കോട്ടയം ഹോമിയോ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയായ ഫാത്തിമക്ക് എല്ലുകൾ പൊടിഞ്ഞു പോകുന്ന രോഗമായിരുന്നു. ഒപ്പം നട്ടെല്ലിന്റെ വളവും.

എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാത്ത ഈ പെൺകുട്ടി വർഷങ്ങളായി വീൽചെയറിൽ ആണ് സഞ്ചരിക്കുന്നത്. രണ്ടു മാസം മുമ്പ് കോയമ്പത്തൂരിൽ വെച്ചു നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഫാത്തിമക്ക് നിൽക്കാനും കുറേശ്ശയായി നടക്കാനും സാധ്യമായത്.

ഒരു ചെറിയ വീഴ്ചയിൽ പോലും എല്ല് പൊട്ടുന്ന അവളുടെ ഇടതുകാലിന് മാത്രം അറുപതു തവണയിൽ അധികം
പൊട്ടലുണ്ടായിട്ടുണ്ട്.കഠിനമായ വേദനയും ദീർഘനാളത്തെ ചികിത്സകളും തളർത്തിയപ്പോഴും തളരാത്ത മനസ്സിന്റെ കരുത്താണ് പഠനത്തിൽ മിടുക്കിയായ ഈ പെൺകുട്ടിയെ മുന്നേറാൻ സഹായിച്ചത്.

മകളുടെ ചികിത്സയടക്കം സാമ്പത്തികമായി തളർന്നു പോയെങ്കിലും മക്കളെ അവരുടെ താല്പര്യം പോലെ പഠിപ്പിച്ച് ഉയരങ്ങളിൽ എത്തിക്കണം എന്ന ഉപ്പയുടെയും ഉമ്മയുടെയും നിശ്ചയദാർഢ്യം, നിരുത്സാഹപ്പെടുത്താൻ ഏറെപ്പേരുണ്ടായിട്ടും ഫാത്തിമയെ പോലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ബി. ഫാം. പഠിക്കുന്ന അനുജനും തുണയായി.

കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ളൊരു വാടകവീട്ടിൽ വെച്ച് നാലു വർഷം മുമ്പാണ്, ഉപ്പയും ഉമ്മയും അനുജനും അടങ്ങുന്ന കുടുംബത്തോടൊപ്പം ഫാത്തിമ അസ്‌ലയെ ആദ്യമായി കാണുന്നത്.
ഏതു വേദനയിലും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന പ്രത്യാശ കൈവിടാത്ത ഈ പെൺകുട്ടി ഒരത്ഭുതമാണ്. പഠനത്തിലുള്ള മികവ് മാത്രമല്ല നന്നായി എഴുതുകയും ചെയ്യുന്ന പാത്തുവിന്റെ വ്ലോഗ് Dream beyond infinity ക്ക് യൂട്യൂബിൽ ധാരാളം പ്രേക്ഷകരുണ്ട്.

തളർത്താനും പിറകോട്ട് വലിക്കാനും ഒരുപാട് കാരണങ്ങൾ ഉണ്ടായിട്ടും ആത്‍മവിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നേറിയതിന്റെ നിറവാണ് ഫാത്തിമയുടെ മുഖത്തു കാണുന്ന ഈ ചിരി. അവളോടൊപ്പം നിന്ന വീട്ടുകാരും നന്മ നിറഞ്ഞ കുറെ മനുഷ്യരുമാണ് ഈ ചിരിയെ ഇത്രക്ക് പ്രകാശം നിറഞ്ഞതാക്കി തീർത്തത്.

ഈ മനോഹരമായ ചിരിയോടെ,

തളരാത്ത മനസ്സിന്റെ കരുത്തോടെ ഇനിയും മുന്നേറുവാൻ പാത്തുവിന് സാധിക്കട്ടെ. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പരാതികളും പരിഭവങ്ങളുമായി ജീവിതത്തിന്റെ മനോഹാരിത നഷ്ടപ്പെടുത്തിക്കളയുന്നവർ തിരിച്ചറിയണം ഈ ചിരിയുടെ തിളക്കം.

https://www.facebook.com/photo.php?fbid=2586832008047289&set=a.451509331579578&type=3

Leave a Reply

Your email address will not be published.