March 29, 2023

എനിക്കും ഇല്ലേ അരുണേട്ടാ ആഗ്രഹങ്ങൾ ഒരുപാട് ഒന്നും ഇല്ല ഈ നെഞ്ചിൽ ഇങ്ങനെ

എനിക്കും ഇല്ലേ അരുണേട്ടാ ആഗ്രഹങ്ങൾ ഒരുപാട് ഒന്നും ഇല്ല ഈ നെഞ്ചിൽ ഇങ്ങനെ
പാർക്കിലൂടെ മറ്റുള്ള പെണ്ണുങ്ങളെ നോക്കി നടക്കുന്ന എന്നെ നോക്കി അമ്മു പെട്ടെന്ന് പറഞ്ഞു

“”അരുണേട്ടാ ഇത് എവിടെ നോക്കിയാ നടക്കുന്നത് വല്ലയിടത്തും തട്ടി വീഴും.. “”

“”ഇല്ല അമ്മു ഞാൻ വെറുതെ ആ പൂക്കളുടെ ഭംഗി ആസ്വദിക്കുക ആയിരുന്നു… “”

“”എന്നാൽ മതി ആസ്വദിച്ചത് അല്ലങ്കിൽ ഇനി ആ പൂക്കളുടെ ഉടമകൾ വന്നു പുറത്തു ചെണ്ട കൊട്ടും…. “”

അതും പറഞ്ഞു അവൾ ഒരു വളിച്ച ചിരി പാസ് ആക്കി

“”ഇതാണ് ഞാൻ പറയുന്നത് നിന്റെ കൂടെ എങ്ങോട്ടും ഇല്ലന്ന്….മുടിഞ്ഞ സംശയം അല്ലെ…???
ആരെയും നോക്കാൻ മേല ഒന്നിനും മേല എപ്പോളും അവളുടെ ഓഞ്ഞ മോന്തയും കണ്ടു ഇരുന്നോളണം…. “”
മക്കളോട് പോയി കളിച്ചോളാൻ പറഞ്ഞിട്ട് അവൾ എന്നെയും കൂട്ടി അധികം ആരും ഇല്ലാത്ത സ്ഥലത്തു പോയി ഇരുന്നു…….

“”അരുണേട്ടാ….
ഇപ്പോൾ എൻ്റെ മുഖം നിങ്ങള്ക്ക് ഓഞ്ഞത് ആയി അല്ലെ…???
ഈ മുഖം കൈകളിൽ എടുത്തു കൊണ്ട് തന്നെ അല്ലെ പണ്ട് ഒരുപാട് പാട്ടുകൾ പാടിയത്….
അതോ ഇനി കമ്മ്യൂണിസ്റ്റുകാരൻ ആയതുകൊണ്ട് അന്ന് തെറ്റു പറ്റി പോയി എന്നു ഇപ്പോൾ പറഞ്ഞു ഒഴിയുമോ….??? “”

“”എൻ്റെ അമ്മു ഞാൻ ഒന്നും നിന്നോട് മിണ്ടുന്നില്ല….
നിന്റെ ഉള്ളിൽ മുഴുവൻ കുശുമ്പ് ആണ്‌…
ഇത്രയും കാലം ഒരുമിച്ചു ജീവിച്ചിട്ടും നിനക്ക് എന്നെ വിശ്വാസം ആയിട്ടില്ല അതാണ് കാര്യം…..””
“”ഞാൻ എന്ത്‌കൊണ്ടാണ് ഇങ്ങനെ ആയതെന്നു ഇപ്പോൾ എങ്കിലും അരുണേട്ടൻ ചിന്തിച്ചിട്ടുണ്ടോ…???

എന്നെ ഒന്ന് സ്നേഹിക്കാറുണ്ടോ…???
എന്നോട് ഒന്ന് മിണ്ടാറുണ്ടോ….???
എപ്പോളും അരുണേട്ടന് ഫേസ്ബുക്, വാട്സ്ആപ്പ് മാത്രം മതി….
ഇങ്ങനെ ഒരാൾ അരുണേട്ടന് ആവശ്യം ഉള്ളപ്പോൾ അല്ലാതെ ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും അരുണേട്ടൻ നോക്കാറില്ല…..എന്നിട്ടു ഇപ്പോൾ എല്ലാം എൻ്റെ കുശുമ്പ് ആണെന്ന്…. “”

“”അമ്മു….
നീ ഒന്ന് നിർത്തുന്നുണ്ടോ…..???ആൾകാർ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്….വെറുതെ കുഞ്ഞുങ്ങളുടെ സന്തോഷം കളയരുത് അമ്മു….നിനക്ക് അറിയാമല്ലോ ദേഷ്യം വന്നാൽ എനിക്ക് പിന്നെ സ്ഥലകാലബോധം ഒന്നും ഇല്ലന്ന്…. “”

“”ഞാൻ ഒന്നും മിണ്ടുന്നില്ല അരുണേട്ടാ….
ഇഷ്ട്ടം ഉള്ളത് പോലെ ആയിക്കോ….””

അതും പറഞ്ഞു അമ്മു കുഞ്ഞുങ്ങൾ കളിക്കുന്ന സ്ഥലത്തേക്ക് പോയി ….

ഒരു വിധത്തിൽ ഞാൻ അമ്മു കാണാതെ ബാക്കി ഉള്ള പെണ്ണുങ്ങളെ നോക്കി ഇരുന്നു…….
കളിച്ചു മടുത്തപ്പോൾ കുഞ്ഞുങ്ങളെയും കൂട്ടി അമ്മു വന്നു…..

“”വാ വീട്ടിൽ പോകാം….
അല്ല ഇനി ഇവിടെ വല്ല പൂക്കളും കണ്ടു ഇഷ്ടപെട്ടുവെങ്കിൽ ഇവിടെ തന്നെ ഇരുന്നോ…..
ഞാൻ മക്കളെയും കൂട്ടി പൊക്കോളാം…. “”
അമ്മു ചെറിയ പരിഹാസത്തോടെ അറിയിച്ചു

“”ഒന്നും ഇല്ല അമ്മു നമുക്കു പോകാം “”
ദേഷ്യം വന്നുവെങ്കിലും ഞാൻ വേറെ ആൾക്കാർ ഒന്നും കേൾക്കണ്ട കരുതി ഒന്നും പറഞ്ഞില്ല
വീട്ടിൽ വന്നു ആഹാരം കഴിച്ചു കഴിഞ്ഞു മക്കൾ ഉറങ്ങി എന്നു ആയപ്പോൾ അവൾ എൻ്റെ അടുത്തേക്ക് വന്നു….
അടുത്ത ഉടക്കിനു ഉള്ള പരുപാടി ആണെന്ന് എനിക്ക് മനസിലായി…..

“”അരുണേട്ടാ അരുണേട്ടാ….
അരുണേട്ടന് എന്താ എന്നോട് ഇത്രക്കും ദേഷ്യം…???
ഞാൻ ചെയുന്ന കുറ്റങ്ങൾ പറഞ്ഞാൽ ഞാൻ അതൊക്കെ നിർത്താം….
എനിക്ക് എൻ്റെ അരുണേട്ടനെ മാത്രം മതി…. “”
വാട്സാപ്പിൽ ജോലി സ്ഥലത്ത് ഉള്ള പെണ്ണുങ്ങളും ആയി ചാറ്റ് ചെയ്‌തുകൊണ്ട് ഇരുന്ന എനിക്ക് അവളുടെ സംസാരം കേട്ടപ്പോൾ ദേഷ്യം വന്നു…

“”എൻ്റെ പൊന്നു അമ്മു നീ ആദ്യം ഒന്ന് സ്വസ്ഥത താ….
ഏത് നേരം നോക്കിയാലും എന്തെങ്കിലും കുണു കുണാന്നു പറഞ്ഞുകൊണ്ട് ഇരിക്കും…..
എങ്ങനെയാ ഇത് പോലെ ഒരു ശല്യത്തിനെ സഹിക്കുന്നത്…???
എല്ലാത്തിനും ഒരു പരിധി ഇല്ലേ അമ്മു…. “”

എൻ്റെ മറുപടി കേട്ടു അവളുടെ കണ്ണുകൾ നിറഞ്ഞു ….. അത് സ്ഥിരം ആയതുകൊണ്ട് എൻ്റെ ഉള്ളിൽ വികാരങ്ങളുടെ വേലിയേറ്റമോ ഇറക്കമോ ഒന്നും സംഭവിച്ചില്ല….
അത് ഒരു പ്രളയം പോലെ എനിക്ക് തോന്നിയത് അതിനു ശേഷം ഉള്ള അവളുടെ മറുപടിയിൽ ആണ്‌…..

“”അരുണേട്ടൻ പേടിക്കണ്ട…
ഇനി അധിക കാലം എൻ്റെ ശല്യം ഉണ്ടാവില്ല….
നമ്മുടെ കുഞ്ഞുങ്ങളെ നന്നായി നോക്കിയാൽ മതി…..

പിന്നെ എനിക്ക് അറിയാം എന്നെ ചീത്ത പറയും എങ്കിലും സ്വന്തം അടിവസ്ത്രം കഴുകാൻ തൊട്ടു ചായ എടുത്തു തരാൻ വരെ ഞാൻ അരുണേട്ടന് കൂടെ വേണം എന്നു…..

നിങ്ങളുടെ മൂന്നുപേരുടെയും കാര്യം ഓർക്കുമ്പോൾ മാത്രമേ എനിക്ക് സങ്കടം ഉള്ളു…..””

“”അമ്മു നീ എന്തൊക്കെ ആണ്‌ പറയുന്നത്….???
നിനക്ക് എന്തെങ്കിലും അസുഖം…???

എന്ത് ആണെങ്കിലും നമുക്കു ചികിൽസിച്ചു മാറ്റാം….
എന്തൊക്കെ പറഞ്ഞാലും സ്നേഹം ഇല്ലങ്കിൽ പോലും അവൾ ഇല്ലാതെ എൻ്റെ ഒരു കാര്യവും നടക്കില്ല….. “”

“”ആ കാലം ഒക്കെ കഴിഞ്ഞു പോയി അരുണേട്ടാ….

നിങ്ങളുടെ കാര്യങ്ങൾ നോക്കുന്നതിന്റെ ഇടയിൽ ഞാൻ എൻ്റെ ചെറിയ വേദനകൾ ഒക്കെ അവഗണിച്ചു ഇപ്പോൾ ആ വേദന എന്നെ കാർന്നു തിന്നു തുടങ്ങി……

എനിക്ക് ബ്ലഡ്‌ കാൻസർ ആണ്‌ അരുണേട്ടാ……
ഇനി ബാക്കി ഉള്ള ജീവിതം നിങ്ങളെ നോക്കി സന്തോഷത്തോടെ ജീവിക്കണം അത്രയും ഉള്ളു എനിക്ക് ആഗ്രഹം….. “”

“”നീ ചുമ്മാ തട്ടി വിടാതെ അമ്മു…
ഞാൻ വേണമെങ്കിൽ ആദ്യകാലത്തെ പോലെ ആകാം…
അതിനു സ്നേഹം കിട്ടാൻ വേണ്ടി ഉള്ള സൈക്കോളജിക്കൽ മൂവ്… “”

“”എങ്കിൽ അങ്ങനെ കരുതിക്കോ….
എനിക്ക് സ്നേഹം ഒന്നും വേണ്ട മക്കളെ നോക്കിയാൽ മതി….
എനിക്ക് പേടി ഞാൻ മരിച്ചു പോയാൽ അരുണേട്ടൻ വല്ല പെണ്ണുങ്ങളുടെ കൂടെയും ഇറങ്ങി പോയി മക്കൾക്ക്‌ ആരും ഇല്ലാതെ ആക്കുമോ എന്നാണു……””
അപ്പോൾ കാര്യം സീരിയസ് ആണ്‌
ഞാൻ അവളെ എൻ്റെ മാറോടു ചേർത്ത് പിടിച്ചു നിറുകയിൽ ഉമ്മ വച്ചു

“”അമ്മു ഒന്നും ഇല്ലെടോ തനിക്കു….
നമുക്കു മാറ്റാം എന്ത് ആണെങ്കിലും….
ഞാൻ ഉണ്ടാവും കൂടെ….””

“”അരുണേട്ടനോട് ഞാൻ പറഞ്ഞു എന്നെ ഉള്ളു…..
ഇതൊന്നും കാര്യം ആക്കണ്ട….
ഞാൻ പോയാലും മക്കളെ നന്നായി നോക്കിയാൽ മതി….
അരുണേട്ടൻ മൊബൈലിൽ കളിച്ചോ ഞാൻ കിടക്കാൻ പോകുക ആണ്‌
നല്ല ക്ഷീണം…. “”
പെട്ടെന്ന് തന്നെ ഞാൻ മൊബൈൽ എടുത്തു കുറച്ചു ദിവസത്തേക്ക് ലീവ് പറഞ്ഞു എന്നിട്ടു മൊബൈൽ എടുത്തു വച്ചു……

,,,,അമ്മു എന്താണ് പറയുന്നത് അവൾ എന്നെയും മക്കളെയും വിട്ടു പോകാറായെന്നോ…..???

എൻ്റെ ഈ കുട്ടിത്തരങ്ങൾ മുഴുവൻ അവൾ കൂടെ ഉണ്ട് എന്നുള്ള അഹങ്കാരം കൊണ്ടു മാത്രം ആയിരുന്നു…..
ഞാൻ മനസിലാക്കി ഞാൻ സൃഷ്ട്ടിച്ച മോഹ കൊട്ടാരങ്ങൾ ഇടിഞ്ഞു വീഴുന്നത്…..

“”അമ്മു അമ്മു….
നീ ഉറങ്ങിയോ…???
ക്ഷീണം ഉണ്ടെങ്കിൽ ഉറങ്ങിക്കോ…???

ഞാൻ ഒരാഴ്ച ലീവ് ആണ്‌ നമുക്കു ഡോക്ടറെ പോയി കാണാം….
ഒരു ശതമാനം സാധ്യത ഉണ്ടെങ്കിൽ നമുക്കു തിരിച്ചു വരാം അമ്മു….. “”

വേണ്ട അരുണേട്ടാ…..
എനിക്ക് മടുത്തു ഈ ജീവിതം…..
എന്ത് കണ്ടിട്ട് ആണ്‌ ഞാൻ ജീവിക്കുന്നത്…..
ഒരുപക്ഷെ എൻ്റെ വിഷമം കണ്ടു ദൈവം എനിക്ക് നൽകിയ വരം ആയിരിക്കും ഈ അസുഖം പോലും…. “”

“”അമ്മു ഇങ്ങനെ ഒന്നും പറയരുത്
നീ ഇപ്പോൾ ഉറങ്ങിക്കോ…???
നമുക്കു നാളെ സംസാരിക്കാം “”

,,,,,അടുത്ത ദിവസം രാവിലെ അമ്മുവിന്റെ കൂടെ ഞാനും അടുക്കളയിൽ കയറി…..
സ്നേഹത്തോടെ തന്നെ അവൾ അത് നിരസിച്ചു…..

“”ഒന്നും ചെയ്യണ്ട പിള്ളേർ അച്ഛന് വട്ടായെന്നു കരുതും “”

സത്യം പറഞ്ഞാൽ പിന്നീട് ഉള്ള ഓരോ ദിവസവും എനിക്ക് ഭ്രാന്ത് പിടിക്കുക ആയിരുന്നു…..
എൻ്റെ അമ്മു എന്നെ വിട്ടു പിരിയാൻ പോകുന്നു……
എൻ്റെ ഉള്ളിലെ അഹങ്കാരം മുഴുവൻ ചോർന്നു പോകുന്നത് പോലെ തോന്നി…..
മൊബൈലിൽ കളിക്കാനും മറ്റുള്ളവരോട് സംസാരിക്കാനും ഒന്നും എനിക്ക് താല്പര്യമില്ലതെ ആയിരുന്നു…….
എപ്പോളും അമ്മുവിന്റെ കൂടെ മനസും ശരീരവും കൊണ്ട് നിൽക്കാൻ ആണ്‌ ആഗ്രഹിച്ചത്……

നാലാം ദിവസം അമ്മു എന്നോട് ചോദിച്ചു

“”അരുണേട്ടാ സന്തോഷത്തോടെ കൂടെ ജീവിക്കണ്ട ഇത്രയും നാൾ എന്നെ പട്ടിയെ പോലെ ആട്ടി അകറ്റിയിട്ടു ഇപ്പോൾ എന്തിനാണ് ഈ സങ്കടം….??? “”

“” തെറ്റ് പറ്റി പോയി അമ്മുവേ….
നമുക്കു ഡോക്ടറെ കണ്ടു എന്തെങ്കിലും സാധ്യത ഉണ്ടോന്നു നോക്കാം….
നീ എന്നോട് ഒന്ന് ക്ഷമിക്കു….
എനിക്ക് നീയും നമ്മുടെ മക്കളും ആയി സന്തോഷത്തോടെ ജീവിച്ചാൽ മാത്രം മതി…. “”
അത്രയും പറഞ്ഞപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി

“”അരുണേട്ടന് അറിയുമോ ഞാൻ എത്ര മാത്രം അരുണേട്ടനെ മനസിലാക്കി ആണ്‌ ജീവിച്ചത് എന്നു….

വീട് ഉണ്ടാക്കാനും പിള്ളേർക്ക് വേണ്ടി പൈസ ഉണ്ടാക്കാൻ വേണ്ടിയും കഷ്ടപെട്ടപ്പോൾ മനസിന്‌ ശാന്തത വേണം അമ്മു പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടി ഇല്ല…. അരുണേട്ടൻ പറഞ്ഞത് പോലെ മാറി നിന്നു…..
എന്നിട്ടു സൗകര്യം എല്ലാം ആയപ്പോൾ അരുണേട്ടന് ആ സൗകര്യങ്ങൾ മാത്രം മതി എന്നെ വേണ്ടാതെ ആയി….
എല്ലാ ദുഖത്തിലും കൂടെ നിന്ന ഞാൻ വെറും മണ്ടിയും ആയി…. “”

“”അമ്മു എനിക്ക് എല്ലാം മനസിലാകുന്നുണ്ട്…….
നിങ്ങൾ എനിക്ക് തന്ന സ്നേഹം തിരിച്ചു തരുന്നതിൽ ഞാൻ പരാജയപെട്ടു….

ജീവിതവും ആയി ഒരു ബന്ധവും ഇല്ലാത്തവരോട് മിണ്ടുമ്പോളും നിങ്ങളെ ഞാൻ അകറ്റി നിർത്തി….
നിങ്ങൾ എന്നും കൂടെ ഉണ്ടാകും എന്നുള്ള അഹങ്കാരം ആയിരുന്നു എനിക്ക്
ക്ഷമിക്കു അമ്മു……””

“”അരുണേട്ടാ….
ഒരു ഭാര്യ ചോദിക്കും പോലെ ഒരു ആഗ്രഹവും ഞാൻ ചോദിച്ചിട്ടില്ല…
എന്നോട് ഒന്ന് മിണ്ടാൻ…
കിടക്കുമ്പോൾ ആ നെഞ്ചോടു ഒന്ന് ചേർന്ന് കിടക്കാൻ….

ഇങ്ങനെ ഉള്ള ചെറിയ ആഗ്രഹങ്ങൾ മാത്രം ചോദിച്ചു അരുണേട്ടന്റെ എല്ലാ കാര്യങ്ങളും നോക്കിയിട്ടും ഞാൻ എങ്ങനെയോ അരുണേട്ടന്റെ മനസ്സിൽ ശല്യം ആയി…..
ദൈവം എന്ന ഒരാൾ മുകളിൽ ഇല്ലേ അതാകും അദ്ദേഹത്തിന് ഇങ്ങനെ ഒരു തീരുമാനം…….””

“”അമ്മു നമുക്കു ശ്രമിക്കാം അസുഖം മാറ്റാൻ….
ഞാൻ നിനക്ക് ഉറപ്പു തരാം ഇനി എൻ്റെ ഭാഗത്തു നിന്നും ഒരു തെറ്റും ഉണ്ടാകില്ല എന്നു
നമ്മുടെ മക്കളെ ഓർത്തു എങ്കിലും ഡോക്ടറെ കാണാൻ പോകാൻ സമ്മതിക്കു അമ്മു…. “”

,,,,എനിക്ക് എൻ്റെ തെറ്റുകൾ ഓരോന്നായി ഒരു സിനിമ കാണുന്നത് പോലെ തെളിഞ്ഞു വന്നു……
ഞാൻ പൊട്ടി കരഞ്ഞു പോയി…..

എനിക്ക് അമ്മു ഇല്ലാതെ ആകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ഓർത്തു അല്ല എൻ്റെ അമ്മുവിനോട് ഞാൻ ഇത്രയും നാളും കാണിച്ച അവഗണന ഓർത്തു….
ഞാൻ ഞങ്ങളുടെ കട്ടിലിൽ തളർന്നു ഇരുന്നു പോയി……

,,,അമ്മു എൻ്റെ അടുത്തേക്ക് വന്നു എൻ്റെ നെഞ്ചിൽ തല വച്ചു ഇരുന്നു

“”അരുണേട്ടാ പേടിക്കണ്ട……
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ഇതുവരെ ഒരു കുഴപ്പവും ഇല്ല……

ഇനിയും ഉണ്ടാകില്ല എന്നു വിശ്വസിക്കാം….
എൻ്റെ അരുണേട്ടാ…..

മനുഷ്യന്റെ ഒരു കാര്യം ആലോചിച്ചു നോക്ക്
നഷ്ടം ആകും എന്നു അറിയുമ്പോൾ മാത്രം സ്നേഹിക്കും അതുവരെ വീട്ടിലെ പട്ടിക്കു കൊടുക്കുന്ന പരിഗണന കൊടുക്കത്തും ഇല്ല……
എനിക്കും ഇല്ലേ അരുണേട്ടാ ആഗ്രഹങ്ങൾ………????
ഒരുപാട് ഒന്നും ഇല്ല ഈ നെഞ്ചിൽ ഇങ്ങനെ ഇരിക്കണം പറ്റുന്നടത്തോളം കാലം കൊഞ്ചി കൊണ്ട്…..””

ഞാൻ അവളുടെ മുഖം നെഞ്ചിൽ നിന്നും പിടിച്ചു പൊക്കി….
കരഞ്ഞു കൊണ്ട് ഇരുന്ന ഞാൻ ഞെട്ടി പോയി അവളുടെ സംസാരം കേട്ടു….

“”അമ്മു നീ ഇപ്പോൾ പറഞ്ഞത് സത്യം ആണോ…???
നിനക്ക് കുഴപ്പം ഒന്നും ഇല്ലേ…??? “”

“”ഇല്ല അരുണേട്ടാ….

എൻ്റെ അരുണേട്ടനും മക്കളും ആണെ സത്യം….
എന്നോട് സ്നേഹം ഉണ്ടെങ്കിൽ ഞാൻ മരിക്കും അറിയുമ്പോൾ എങ്കിലും എന്നെ സ്നേഹിക്കും തോന്നി അത് കൊണ്ട് അങ്ങനെ ഒക്കെ പറഞ്ഞതല്ലേ…..
എന്നോട് ക്ഷമിക്കു അരുണേട്ടാ…. “”

“”നീ പോടീ കള്ളി അമ്മു
നീ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ…””

“”നീ പോടാ കള്ള സഖാവെ… “”
(എന്നെ പ്രണയിച്ച കാലത്ത് വിളിച്ച പേര് )
അതും പറഞ്ഞു അവൾ കൊച്ചു കുട്ടികൾ ചിരിക്കും പോലെ നിഷ്കളങ്കമായി ചിരിച്ചു
ഞാൻ എൻ്റെ അമ്മുവിനെ നെഞ്ചോടു ചേർത്ത് പിടിച്ചു
ഇനി എൻ മരണം വരെ എൻ നെഞ്ചിലെ ചൂട് എന്നും അമ്മുവിന് പകരും എന്ന ഉറച്ച തീരുമാനത്തോടെ……..

A story from #അരുൺ_നായർ

മരിച്ചതിനു ശേഷം ആഡംബര ശവപ്പെട്ടിയിൽ കിടത്തി ആഘോഷം ആയി ചടങ്ങുകൾ നടത്തുന്നതിന് പകരം ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക ആവോളം……
നമ്മുടെ സ്നേഹം മാത്രം കൊതിക്കുന്ന നിഷ്കളങ്ക ജന്മങ്ങൾ ആണ്‌ നമ്മുടെ കുടുംബത്തിൽ ഉള്ളത് അവർക്കു അത് കൊടുക്കുക, സന്തോഷിക്കുക,ജീവിക്കുക…..

അഭിപ്രായം പറയണം കൂട്ടുകാരെ….

Leave a Reply

Your email address will not be published.