March 29, 2023

ഗർഭിണി ആണെന്നറിഞ്ഞ അന്നു വൈകുന്നേരം തന്നെ ഫ്രൂട്ട്സോ മരുന്നോ വാങ്ങുന്നതിനു പകരം കുറച്ചു കുങ്കമപ്പൂവും വാങ്ങിയാണ് കെട്ട്യോൻ

കറുത്തവർ

Story written by Panchami Satheesh

ഗർഭിണി ആണെന്നറിഞ്ഞ അന്നു വൈകുന്നേരം തന്നെ ഫ്രൂട്ട്സോ മരുന്നോ വാങ്ങുന്നതിനു പകരം കുറച്ചു കുങ്കമപ്പൂവും വാങ്ങിയാണ് കെട്ട്യോൻ വീട്ടിലേക്കു വന്നത്.

പൊട്ടി വന്ന ചിരി അടക്കിപിടിച്ച്,

“ഇതെന്തിനാ ” എന്നു ചോദിച്ചു.

എന്നെയൊന്നു കൂർപ്പിച്ചു നോക്കിയിട്ടായിരുന്നു മറുപടി.

“നമ്മുടെ കുഞ്ഞ് എന്നെപ്പോലെ കറുത്തിട്ടാവരുത്.”

കറുത്തതിൻ്റെ പേരിൽ വേർതിരിക്കപ്പെട്ട എത്രയോ അനുഭവങ്ങളുണ്ടെനിക്ക്.

നിനക്ക് തന്നെ അറിയാലോ നമ്മൾ പഠിക്കുമ്പോൾ ക്ലാസിൽ ഞാനെത്ര കളിയാക്കൽ സഹിച്ചിട്ടുണ്ടെന്ന് “

” നിങ്ങളിപ്പോഴും അതൊക്കെ മനസ്സിൽ വച്ച് നടക്കുവാണോ”

എടീ നിനക്കറിയില്ല, അറിഞ്ഞു കൊണ്ടല്ലെങ്കിലും കറുത്തതിൻ്റെ പേരിൽ ഞാൻ വിഷമിച്ചതെത്ര യാന്ന്

“ഓ എന്നിട്ടാണോ ഞാൻ നിങ്ങളെ പ്രേമിച്ചതും കെട്ടിയതുമൊക്കെ കറുത്താലും പൊന്നുപോലൊരു മനസ്സില്ലേ നിങ്ങക്ക് അതു മതി നമ്മുടെ കുഞ്ഞിനും “

“നിന്നെ പോലെ കറുപ്പിനെ സ്നേഹിക്കുന്നവരല്ല എല്ലാരും”

” മതി മതി ഞാനിത് കഴിച്ച് കുഞ്ഞങ്ങ് വെളുത്തില്ലേ ലോ”

”കരിനാക്ക് വളക്കണ്ട എനിക്ക് പ്രതീക്ഷയുണ്ട്”

ഞാൻ പിന്നൊന്നും മിണ്ടിയില്ല. കല്യാണത്തിനും അതു കഴിഞ്ഞും ഞങ്ങളുടെ നിറവ്യത്യാസത്തെ ചൊല്ലി ആരേലും കളിയാക്കുമ്പോഴൊക്കെ എന്നെ ചേർത്ത് പിടിച്ച് ചിരിക്കുമായിരുന്നെങ്കിലും ആ മനസ്സിലെവിടെയോ ഒരു വിങ്ങൽ ഞാനറിഞ്ഞിരുന്നു.

മാസങ്ങൾ കടന്നു പോയി ……..

ഇന്ന് ഞാനൊരു പെൺകുഞ്ഞിനെ പ്രസവിച്ചു. വെളുത്ത് ചുവന്നൊരു സുന്ദരി കുട്ടി.

കെട്ട്യോൻ്റെ സന്തോഷം മുഖത്തു കാണാനുണ്ടായിരുന്നു’

കുഞ്ഞിനെ കയ്യിലെടുത്ത് അമ്മായി അങ്ങേരെയും കൊച്ചിനെയും മാറി മാറി നോക്കി

” നീ കറുത്താലും കൊച്ച് നല്ല കളറാ നിൻ്റേതാണെന്ന് പറഞ്ഞാ ആരും വിശ്വസിക്കില്ല”

പകച്ചു പണ്ടാരമടങ്ങി അങ്ങേരുടെ മുഖത്തേക്കൂ നോക്കിയപ്പോൾ അവിടെന്താണ് ഭാവമെന്ന് എനിക്ക് മനസ്സിലാക്കാനായില്ല.

കുങ്കമപ്പൂവിനോടുള്ള വിശ്വാസമാണോ എന്നോടുള്ള അവിശ്വാസമാണോ എന്തോ?

_ പഞ്ചമി സതീഷ്

Leave a Reply

Your email address will not be published.