March 29, 2023

ഹെല്ലോ മിസ്റ്റർ ഖാൻ.ഹൌ ആർ യു? ഡിയർ അലിഖാൻ, ആം നോട്ട് ഖാൻ..ആം വൈശാഖൻ..ആം നോട്ട് ഫ്രം

എഴുത്ത്:-വൈശാഖൻ

ഹെല്ലോ മിസ്റ്റർ ഖാൻ.ഹൌ ആർ യു?

ഡിയർ അലിഖാൻ, ആം നോട്ട് ഖാൻ..ആം വൈശാഖൻ..ആം നോട്ട് ഫ്രം ഖാൻ ഫാമിലി.

ഇതായിരുന്നു തുടക്കം..ബാംഗ്ലൂർ നിന്നുള്ള എല്ലാ കോളുകളിലും എന്നെ അവർ അഭിസംബോധന ചെയ്യുന്നത് ഖാൻ എന്നാണ്. അവിടെ ഖാൻ കുടുംബങ്ങൾ സാധാരണം ആണല്ലോ!!!

അങ്ങനെ തമാശയിലൂടെ തുടങ്ങിയ ഒരു സൗഹൃദം..ജോലിയിൽ ഞാൻ ഉണ്ടാക്കുന്ന ചെറിയ തെറ്റുകൾ മെയിൽ അയച്ചു കൊടുക്കുമ്പോൾ എന്റെ ഫയലിൽ നിന്നും അത് കണ്ടെടുത്തു മേലുദ്യോഗസ്ഥരിൽ നിന്നും എന്നെ വഴക്കു കേൾപ്പിക്കാതെ എന്നെ രക്ഷിക്കാറുണ്ടായിരുന്ന ഫോണിലൂടെ മാത്രം പരിചയം ഉണ്ടായിരുന്ന ഒരു സൗഹൃദം..

ഫേസ്ബുക്കിൽ അവനെ പരതിയ ഞാൻ കണ്ടത് ചുണ്ടിൽ എരിയുന്ന സി ഗരറ്റുമായി അതിനു ചേർന്ന ക്യാപ്‌ഷനുമായി എല്ലാവരെയും വെല്ലു വിളിച്ചു കൊണ്ട് “എന്റെ വിധി എന്റെ തീരുമാനങ്ങൾ” ആണ് എന്ന് പറയും പോലെ ഒരു ഫോട്ടോ..

പണ്ടേ ഞങ്ങൾ സെയിൽസ് ടീമിൽ ഉള്ളവർക്ക് അവനെ ഇഷ്ടം അല്ല.വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവം,പക്ഷെ അടുത്തറിയുന്നവർക്ക് വെറും പാവം..ആജ്ഞ കൊണ്ട് നേടി എടുക്കുന്നതിനേക്കാൾ സ്നേഹം കൊണ്ട് സാധ്യം ആകും എന്ന് ഞാൻ തിരിച്ചറിഞ്ഞത് അവനിലൂടെ ആണ്..

വിവാഹിതൻ,രണ്ടു വയസ്സ് പ്രായം ഉള്ള ആൺകുട്ടിയുടെ അച്ഛൻ.. ഫേസ്ബുക്കിൽ ഉള്ള കമന്റുകളിൽ എല്ലാം ധിക്കാരം കലർന്ന മറുപടികൾ..ഒരു തനി ധിക്കാരി..

നീ വലിച്ചോളൂ. പക്ഷേ അത് ഫോട്ടോ ഇട്ട് ആളുകളെ കാണിക്കണോ?അത് കണ്ട് മറ്റു പലർക്കും വലിക്കാൻ തോന്നിയാൽ..അതുകൊണ്ട് നീ ആ ഫോട്ടോ മാറ്റണം..

ഡാ..ഗവണ്മെന്റ് സി ഗരറ്റ് വിൽക്കുന്നത് നിർത്തുന്നില്ലല്ലോ..ആളുകൾ വലിക്കാൻ വേണ്ടി തന്നെ ആണ് അത് വിൽക്കുന്നത്..ഞാൻ ഇനിയും വലിക്കും.ഫോട്ടോ ഇടും..എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ ആരും കൈ കടത്തുന്നത് എനിക്ക് ഇഷ്ടം അല്ല..

ഉപദേശം ചിലവില്ലാത്ത ഒന്നാണല്ലോ..അതുകൊണ്ട് ഞാൻ അത് പലർക്കും കൊടുക്കും..ഭൂരിഭാഗവും അത് തള്ളും.. ഇവനും..

കുറച്ചു നാൾ അങ്ങനെ കടന്നു പോയി.സ്ഥിരം ആയി വരാറുള്ള മെയിൽ ഐഡി മാറി അവന്റെ സ്ഥാനത്തു പുതിയ ഒരാൾ അപ്പോയിന്റഡ് ആയി എന്നറിയിച്ചുള്ള മെയിൽ സന്ദേശം വന്നപ്പോളാണ് കാര്യങ്ങൾ ഞാൻ അറിഞ്ഞത്..

ക്യാൻസർ..അത് അവനെ പിടി കൂടിയിരിക്കുന്നു.3 പാക്കറ്റ് സി ഗരറ്റ് ദിവസം വലിക്കുമായിരുന്ന അവനു വായിൽ ക്യാൻസർ..സ്വയം വരുത്തി വെച്ചതാണെങ്കിലും കേട്ടപ്പോൾ ഒരു….

നാളുകൾക്കു ശേഷം തലയിൽ ഒരു തൊപ്പി വെച്ച് ശോഷിച്ച മുഖവുമായി ഒരു പ്രൊഫൈൽ ഫോട്ടോ..സ്വയം നശിപ്പിച്ചു കളഞ്ഞ ജീവിതത്തെ ഓർത്തു വിലപിക്കുന്ന കുറേ വാചകങ്ങൾ..സ്നേഹിച്ചിരുന്ന എല്ലാവരോടും മാപ്പ് ചോദിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ഒരു വീഡിയോ കൂടെ കണ്ടപ്പോൾ ഹൃദയം നുറുങ്ങി പോയി..

ഒരു കുടുവൻ സ്റ്റീൽ പാത്രത്തിലേക്ക് വായിൽ നിന്നും ഒഴുകി വരുന്ന ചോ ര നിറക്കുന്ന കാഴ്ച്ച. വായിൽ വിരൽ ഇടുമ്പോൾ മോണയിലെ മാംസം ഒപ്പം അടർന്നു വീഴുന്നു..അഹങ്കാരം കൊണ്ട് ഞാൻ ഉണ്ടാക്കി വെച്ച എന്റെ അവസ്ഥ നിങ്ങൾ കാണൂ എന്ന് പറഞ്ഞിരിക്കുന്നു..

എന്റെ മകൻ കുഞ്ഞാണ്..അവൻ എങ്കിലും വളർന്നു വരുമ്പോൾ ഇങ്ങനെ ഉള്ള ശീലങ്ങൾ ഇല്ലാതെ വളരണം..വേദനിപ്പിച്ച എല്ലാവരോടും മാപ്പ്..അറിയാം ഈ വീഡിയോ പലർക്കും കാണാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണെന്ന്..പക്ഷേ ഇത് കണ്ടെങ്കിലും നിങ്ങൾ മനസ്സിലാക്കണം എന്നുള്ള ഒറ്റ ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്തത്..

മനസ്സ് ആകെ വല്ലാതായി..വിളിച്ചു ഉടനെ..

ഹെലോ മിസ്റ്റർ ഖാൻ ഹൌ ആർ യു? ചിരിച്ചു കൊണ്ടുള്ള ചോദ്യം..

പക്ഷെ എനിക്ക് അൽപ്പം പോലും ചിരി വന്നില്ല.. എന്ത് പറയണം എന്നറിയാത്ത ഒരു അവസ്ഥ..

അവൻ നിർത്താതെ സംസാരിക്കുകയായിരുന്നു..അവന്റെ പ്രണയം, വിവാഹം, കുട്ടി, സ്വപ്‌നങ്ങൾ എല്ലാം..സ്വപ്‌നങ്ങൾ എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വരുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥ അവന്റെ വാക്കുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു..എല്ലാം പറഞ്ഞു കഴിഞ്ഞു കൊച്ചു കുട്ടികളെ പോലെ പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് ഫോൺ കട്ട് ആക്കി അവൻ പോയി..

കൃത്യം നാലു ദിവസങ്ങൾക്ക് ശേഷം ഒരു മെയിൽ വന്നു..മരണപ്പെട്ട ആ ആത്മാവിനു നിത്യശാന്തി നേർന്നു കൊള്ളുന്നു..കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം എന്ന് അഭ്യർത്ഥിക്കുന്നു…

എല്ലാവരെയും പോലെ ഞാനും പ്രാർത്ഥിച്ചു ആ ആത്മാവിന്റെ നിത്യ ശാന്തിക്കായി..ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ആ ധിക്കാരി സ്വർഗത്തിൽ എങ്കിലും സന്തോഷിക്കട്ടെ എന്ന്…

ഇതൊരു കഥ അല്ല..വർഷങ്ങൾക്ക് മുൻപ് ഞാൻ നേരിട്ടറിഞ്ഞ ഒന്നിന്റെ അത് പോലെ തന്നെ ഉള്ള വിവരണം.. കഴിഞ്ഞ ദിവസം ഇത് പോലെ ഒരു 20 വയസ്സുള്ള പയ്യനെ സിഗരറ്റ് വലിക്കരുത് എന്ന് ഉപദേശിച്ചപ്പോൾ

“പെണ്ണുങ്ങൾക്ക് ക്യാൻസർ വരുന്നത് സിഗരറ്റ് വലിച്ചിട്ടാണോ “എന്നൊരു മറുപടി ആണ് ലഭിച്ചത്.

നമ്മളോട് സ്നേഹം ഉള്ളവർ നമുക്ക് നന്മ ഉള്ളത് പറഞ്ഞു തരുമ്പോൾ അത് ചെവികൊള്ളാൻ തയ്യാറാവുക.അനുഭവങ്ങൾ നമ്മളെ പലതും പഠിപ്പിക്കും.ഇത് അതിൽ ഒന്നു മാത്രം..

Leave a Reply

Your email address will not be published.