January 30, 2023

“ഈ ചെക്കനെന്താ ഇങ്ങനെ മെലിഞ്ഞു പോവാണല്ലോ…തിന്നാൻ ഒന്നും കൊടുക്കുന്നില്ലേ…?” രണ്ടര വയസ്സുള്ള മകനെ നോക്കി ഒരു ചോദ്യം.

Story written by Akhilesh Reshja

“ഈ ചെക്കനെന്താ ഇങ്ങനെ മെലിഞ്ഞു പോവാണല്ലോ…തിന്നാൻ ഒന്നും കൊടുക്കുന്നില്ലേ…?” രണ്ടര വയസ്സുള്ള മകനെ നോക്കി ഒരു ചോദ്യം.

ബന്ധത്തിൽ ഉള്ള ഒരാളുടെ ചോദ്യമാണ്.ചോദ്യം ഭർത്താവിനോട് ആണ്.
“ഇല്ലാ അവനുള്ളത് കൂടെ അവന്റെ അമ്മയാ കഴിക്കണേ “എന്ന് പറയണം എന്നുണ്ടായിരുന്നു എങ്കിലും ഉത്തരം പറയാൻ നിർവാഹമില്ല. ദിവസവും ജോലിക്ക് പോകുന്ന ഒരാളുടെ കുട്ടി ദാരിദ്ര്യം കൊണ്ട് അല്ല മെലിഞ്ഞു ഇരിക്കുന്നതെന്ന് സാമാന്യം ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകും. ആ ചോദ്യം പരോക്ഷമായി വിരൽ ചൂണ്ടുന്നത് മെലിഞ്ഞു പോയ ആ കുട്ടിയുടെ അമ്മയുടെ നേർക്കാണ്.

ഒരു അമ്മയെന്ന നിലയിൽ എന്റെ രക്തം തിളച്ചു വന്നതാണ്.”കുട്ടികൾ തടിച്ചോ മെലിഞ്ഞോ ഇരിക്കട്ടെ കുട്ടിയുടെ പ്രായത്തിനു അനുസരിച്ചുള്ള വളർച്ച ഉണ്ടോ ആരോഗ്യവാനാണോ എന്ന് മാത്രം നോക്കിയാൽ മതി എന്ന് ഡോക്ടർമാർ പറയുന്ന പോലെ സാരോപദേശം ഒന്നും ചൊല്ലികൊടുക്കാൻ താല്പര്യം കാണിച്ചില്ല. ചോദ്യകർത്താവിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യാനും നിന്നില്ല.

നിങ്ങളുടെ മക്കൾക്ക് അസുഖം വരുന്നത് നിങ്ങളുടെ കരുതൽ കുറവ് കൊണ്ടാണെന്നു പറഞ്ഞാൽ നിങ്ങളുടെ മറുപടി എന്തായിരിക്കും?

ഇങ്ങനെ സ്വന്തം കുട്ടികളുടെത് മാത്രമല്ല ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും വീട്ടിലെ സ്ത്രീകളുടെ ‘കടമ ‘ യിൽ ഒതുക്കി തീർക്കാൻ ആരാണ് ഇത്രയും വെമ്പൽ കൊള്ളുന്നത്. പറയാൻ വന്നത് കുടുംബത്തിന്റെ കാഴച്ചപ്പാടുകളെ കുറിച്ചല്ല.

പുതുതായി ഇറങ്ങുന്ന സിനിമകളുടെ ഔചിത്യവും കാലികപ്രസക്തിയും ആ സിനിമ സമൂഹത്തിന് നൽകുന്ന സന്ദേശങ്ങളെക്കുറിച്ചും എല്ലാം നൂലിഴ കീറി പരിശോധിക്കുന്ന നമ്മൾ, ദിവസേന എത്രയോ പ്രാവശ്യം നമ്മുടെ കണ്ണിലും കാതിലും മനസ്സിലും കയറിക്കൂടുന്ന പരസ്യചിത്രങ്ങളെക്കുറിച്ചാണ്; പരസ്യങ്ങളിലെ സ്ത്രീകളെക്കുറിച്ചാണ്.

മകൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്ഥാനക്കയറ്റം കിട്ടുന്നതിന്റെ മുഴുവൻ അഭിനന്ദനങ്ങളും മരുമകൾക്ക് നൽകുന്ന ഒരു പിതാവിനെ കണ്ടു.

ആഹാ എത്ര മനോഹരം അല്ലേ… അതായത് ആ പ്രത്യേക ബ്രാൻഡ് അണുനാശിനി ഉപയോഗിച്ചത് ആ സ്ത്രീ ആണ്.വീട് വൃത്തിയാക്കേണ്ടത് സ്ത്രീകൾ തന്നെ ആണല്ലോ.(അടിവരയിട്ട് ഉറപ്പിച്ച കീഴ് വഴക്കം.) കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യത്തിലും അവൾക്ക് പങ്കുണ്ട്. നല്ല കാര്യം,അഭിനന്ദനങ്ങൾ അല്ലേ.മറിച്ച് ആർക്കെങ്കിലും അസുഖം വന്നാലും അതിന്റെ ഉത്തരവാദിത്തവും അവൾക്ക് തന്നെ.

സ്വപ്നങ്ങൾ നേടിയെടുക്കാൻ ആഗ്രഹം ഉള്ളൊരു സ്ത്രീ ആണെന്നിരിക്കട്ടെ, വീട്ടിലെ സകല ജോലിയും ചെയ്തു തീർത്ത് വേണമെങ്കിൽ അതിനായി തുനിഞ്ഞിറങ്ങാവുന്നതാണ്. സ്ത്രീകളുടെ ജോലി ലഘൂകരിയ്ക്കാൻ വിപണിയിൽ എത്രയോ ഉത്പനങ്ങൾ ലഭ്യമാണ്!

ഇനി മറ്റൊരു കാര്യം.നിങ്ങളുടെ കുഞ്ഞു മക്കളുടെ സ്കൂളിൽ ഏതെങ്കിലും മത്സരം നടക്കുകയാണ്,മത്സരത്തിൽ നിങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ പങ്കെടുക്കുകയാണെന്നു കരുതുക. നിങ്ങൾ ഒരിക്കലും ആ കുട്ടിയ്ക്ക് ശകുനം നിൽക്കരുത്. തൊട്ടപ്പുറത്ത് ഏതെങ്കിലും സൗന്ദര്യ സോപ്പ് ഉപയോഗിച്ച് സുന്ദരിയായ, കാണുമ്പോൾ തന്നെ സൗഭാഗ്യവതി എന്ന് തോന്നുന്ന ഒരു സ്ത്രീയെ കണി കാണുവാൻ പറഞ്ഞയക്കുക.

അങ്ങനെ എത്രയോ പരസ്യചിത്രങ്ങൾ അല്ലേ…പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ നമ്മുടെ ചിന്തകളിൽ അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുന്ന പരസ്യങ്ങളെ കുറിച്ചാണ്. ഒരു ദൃശ്യം മനസ്സിൽ പതിയുന്ന അത്ര ആഴത്തിൽ മറ്റൊന്നും പതിയില്ല എന്ന വസ്തുത എല്ലാവർക്കും അറിയാമല്ലോ.വളർന്നു വരുന്ന തലമുറയ്ക്ക് മഹത്തായ സന്ദേശം നൽകാനുള്ള ബാധ്യത യൊന്നും പരസ്യചിത്രങ്ങൾക്കില്ല. പക്ഷേ കുറച്ചു നല്ല മാറ്റങ്ങൾ എല്ലാം അനിവാര്യമാണ്. പരോക്ഷമായിട്ടെങ്കിലും അവ സ്ത്രീകളുടെ ഉത്തര വാദിത്തത്തെയും സൗന്ദര്യത്തെയും കടമകളെയും കുറിച്ചു പൊള്ളയായ ധാരണകൾ ആണ് പങ്കുവെയ്ക്കുന്നത്.

(മനസ്സിൽ കുറേ കാലം ആയിട്ടുള്ള ചിന്തകൾ പങ്കുവെയ്ക്കണം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.ആർക്കും ഇതുപോലെ തോന്നിയിട്ടില്ലേ…എന്റെ മാത്രം തോന്നലാണോ?)

Leave a Reply

Your email address will not be published.