January 31, 2023

സച്ചി എഴുന്നേൽക്ക് സച്ചി … ഓ… എന്താടി ആതി കിടന്ന് കുവുന്നേ,

Story written by Riya Ajas

സച്ചി എഴുന്നേൽക്ക്

സച്ചി …

ഓ…

എന്താടി ആതി കിടന്ന് കുവുന്നേ, ….

ഞാൻ ഇന്ന് കുറച്ചു നേരത്തെ ഇറങ്ങുവട്ടോ

ഉറക്കച്ചടവോടെ ബെഡ്ഡിൽ സച്ചി എഴുന്നേറ്റിരുന്നു

നീ എങ്ങോട്ടാ നേരത്തെ

ഇന്നലെ ഞാൻ പറയാൻ മറന്നു സച്ചി

ഇന്ന് അനുവിന്റെമോളുടെ ബർത്ത്ഡേയാണ് … അവൾക്ക് ഒരു ഗിഫ്റ്റ് വാങ്ങിക്കണം

അതു വൈകിട്ട് ഓഫീസിൽ നിന്ന് വരുമ്പോൾ വാങ്ങിയാൽ പോരേ

പോരാ

വൈകിട്ടത്തെ പാർട്ടി ഞങ്ങളുടെ ഒഫീസിലെ കൂട്ടുകാരുടെ വകയാണ്…ഫുഡ് ഡെക്കറേഷനും എല്ലാം …ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങണം ….എല്ലാം അറേഞ്ച് ചെയ്യേണ്ടേ ..അപ്പോൾ കടയിൽ കയറാൻ സമയം കിട്ടില്ല …

മം

സച്ചിക്ക് നെറ്റിയിൽ ഒരു ചുംബനവും കൊടുത്ത് ആതി പോയി …. സച്ചി വീണ്ടും പുതപ്പിനടിയിൽ ചുരുണ്ടു കൂടി..

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് സച്ചി കണ്ണ് തുറന്നത്. ആതിയായിരിക്കും ..

ങആ …ആതി പറ

സച്ചി നീ എഴുന്നേറ്റില്ലേ

ആ എണീറ്റു, നീ എവിടാ

ഞാൻ ഷോപ്പിലാ

കഴിഞ്ഞില്ലേ

ദാ കഴിഞ്ഞു ഇറങ്ങുവ

ഇന്നലെ എന്താ സച്ചി നീ അനു വിളിച്ചിട്ട് എടുക്കാതിരുന്നത് …

തിരക്കായിരുന്നു ആദി : മിസ്കോൾ കണ്ടിരുന്നു

അനു ഉണ്ട് എൻറെ അടുത്ത് കൊടുക്കാം

മം

ഹലോ സച്ചി ….ഇന്ന്മോളുടെ ബർത്ത് ഡേ യാ … വൈകിട്ട് ചെറിയ ഒരു പാർട്ടിയുണ്ട് …സച്ചി വരണട്ടോ

ആ ,, നോക്കട്ടെ

ഞാൻ ആതിയുടെ കയ്യിൽ കൊടുക്കാം ….

സച്ചി,,ഞാൻ എല്ലാം റെഡിയാക്കി ടേബിളിൽ വെച്ചിട്ടുണ്ട് …ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വേഗം ഓഫീസിൽ പോകാൻ നോക്ക്.. ഇനിയും മടിപിടിച്ച് കിടക്കരുതട്ടോ .

ശരിയാതി

ഫോൺ കട്ട് ചെയ്തു ഒരു നിമിഷം സച്ചി ചിന്തയിലാണ്ടു.

ഇതെന്താ ആതിക്ക് പറ്റിയെ,ബർത്ത് ഡേയും ഫങ്ക്ഷന്സ് ഒന്നും പതിവില്ലാത്തതാലോ … അവളുടെ ഓഫീസിൽ നിന്നും ആര് വിളിച്ചാലും അങ്ങനെ പോകാറില്ല ….

അവളോട് പൊയ്ക്കോളാൻ പറഞ്ഞാൽ സച്ചി ഇല്ലാതെ ഞാനും പോണില്ല എന്ന് പറയും എനിക്ക് ആണേൽ ഈ റ്റെ പ്പ് പരിപാടികൾ ഒന്നുo ഇഷ്ടമുള്ള കൂട്ടത്തിലല്ല .

ഇതിപ്പോൾ എന്താണോ ആവോ. ആതിയുടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അനൂ അതായിരിക്കും…

അങ്ങനെ ഓരോന്ന് ചിന്തിച്ചു സച്ചി കുളിക്കാൻ കയറി.

കുളി കഴിഞ്ഞ് റെഡിയായി റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ സച്ചിക്ക് ആതിയെ വല്ലാതെ മിസ്സ് ചെയ്യും പോലെ തോന്നി ….

വേഗം വാ സച്ചി … കഴിക്ക് സച്ചി … ചായ കുടിക്ക് സച്ചി… പത്രം നോക്കിയത് മതി സച്ചി… റെഡിയാവ് സച്ചി …. സമയം പോയി സച്ചി …. ഇറങ്ങ് സച്ചി ..അങ്ങനെ രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഒരായിരം തവണ കേൾക്കുന്നതാണ് സച്ചി സച്ചിയെന്ന്… അതെ സമയം ഒരായിരം തവണ അടുക്കളയിലേക്കും ബെഡ്റൂമിലേക്ക് ഓടുന്നതും കാണാം… പാവം .

ഇന്നിപ്പോ അവളുടെ ഓട്ടവും വിളിയും ഇല്ലാതെ എന്തോ പോലെ

സച്ചി ഭക്ഷണം കഴിക്കാൻ ഇരുന്നു… കുറച്ച് കഴിച്ചെന്നു വരുത്തി റെഡി യായി ഓഫീസിലേക്ക് ഇറങ്ങി…

വൈകിട്ട് ഓഫീസിൽ നിന്നും തിരിച്ചു വന്ന് വാതിൽ തുറക്കാതെ സിറ്റൗട്ടിൽ തന്നെ ഇരിക്കുമ്പോഴാണ് ആതിയുടെ കോൾ വരുന്നത്.

വീട്ടിലെത്തിയോ സച്ചി.

മo.

ആതി നീ എപ്പോഴാ തിരിച്ചു വരണേ.

ഏഴുമണിക്കാണ് ഫംഗ്ഷൻ 8 30ഓക്കേ ആവുമ്പോഴേക്കും എത്താം……

മo :ഒരുപാട് രാത്രി ആവാൻ നിൽക്കണ്ടട്ടോ. സൂക്ഷിച്ചു വരണം..

മം.

കോൾ കട്ടാക്കി സച്ചി വാതിൽ തുറന്ന് അകത്തേക്ക് കയറി .. ടിവിയും ഓൺ ചെയ്ത് സെറ്റിയിലേക്ക് കിടന്നു.പിന്നെ ആതി വന്ന് വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്.

എൻ്റെ സച്ചി വാതിലും തുറന്നിട്ട് റ്റി വി യും വെച്ച് എന്തുറക്കമാണ്. ഈ സമയം ഉറക്കം പതിവില്ലത്തത് ആണല്ലോ. എന്ത് പറ്റി.കുളിച്ചിട്ട് പോലുമില്ല…മടിയൻ…വേഗം പോയി കുളിച്ചുട്ട് വാ…. ഞാൻ ഭക്ഷണം എടുത്ത് വെക്കാം.

മം

ആദിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലുണ്ടായിരുന്ന മൂകത അങ്ങ് മാറി … വീടും ഉണർന്നു …

വേഗം പോയി കുളിച്ചു വന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു …. കഴിക്കാൻ അവൾ പാഴ്സൽ വാങ്ങിക്കൊണ്ടു വന്ന നല്ല ചൂട് ഫ്രൈഡ് റൈസും ചില്ലി ചിക്കനും.

ഇതെന്താ ആതി പാഴ്സൽ വാങ്ങിയേ

സച്ചി അനു വിളിച്ചാലും നീ വരില്ലെന്ന് എനിക്കറിയായിരുന്നു.

അവിടേക്ക് വാങ്ങിയപ്പോൾ ഒരെണ്ണം ഞാൻ കൂടുതൽ വാങ്ങിപ്പിച്ചു . നീയില്ലാതെ എനിക്ക് എന്ത് ആഘോഷം സച്ചി.

ഞാൻ കഴിച്ചു തീരുന്നതുവരെ ബർത്ത് ഡേ യുടെ വിശേഷങ്ങളും പറഞ്ഞ് അവൾ എൻറെ അടുത്ത് ഇരുന്നു .

ഞാൻ കഴിച്ച് എഴുന്നേറ്റപ്പോൾ ടേബിളും വൃത്തിയാക്കി പാത്രം കഴുകാൻ ആതി കിച്ചണിലേക്ക് പോയി.

കിടക്കാൻ നേരം…സച്ചി

മം

ഈ ശനിയാഴ്ച ഞാൻ ലീവ് എടുക്കുവാട്ടോ .

എന്തിന്

തിങ്കളും ചൊവ്വയും രണ്ട് ദിവസം ഓഫീസ് അവധിയല്ലേ .ശനിയാഴ്ച ലീവ് എടുത്തു വീട്ടിൽ പോയാലോ എന്ന് വിചാരിക്കാം.കുറെ നാളായില്ലേ അച്ഛനെയും അമ്മ യെയും കണ്ടിട്ട്.അവരെയൊക്കെ കാണാൻ തോന്നുന്നു സച്ചി . ബുധനാഴ്ച രാവിലെ ഓഫീസിലേക്ക് വരാം.

ആ െബ്സ്റ്റ് .കുറച്ചുനേരം ഇല്ലാത്തതിന്റെ സങ്കടം പറയാൻ തുടങ്ങിയ എന്നോട് നാലുദിവസത്തേക്ക് പോകുവാ ന്ന്.ഞാൻ ഒന്നും മിണ്ടാതെ കിടന്നു …

സച്ചി ഒന്നും പറഞ്ഞില്ല ഞാൻ പോകണ്ടേ ….

അല്ല നമ്മൾ എന്തെങ്കിലും വിശേഷദിവസങ്ങളിൽ ഒരുമിച്ച് അല്ലേ പോകാറ്. പിന്നെന്താ നീ ഇപ്പൊ തനിച്ചു പോകുന്നേ.

അതല്ല സച്ചി.അമ്മ വിളിക്കുമ്പോൾ എല്ലാദിവസവും പരാതി പറയും കല്യാണം കഴിഞ്ഞതിൽ പിന്നെ അച്ഛനെയും അമ്മയെയും അനിയത്തിയേയും ഒന്നും വേണ്ടാതെ അയെന്ന് .

എല്ലാരെയും വല്ലാതെ മിസ്സ് ചെയ്യുന്നു സച്ചി അതുകൊണ്ടാ …

ഇത്രയും പറഞ്ഞപ്പോഴേക്കും ആതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

ആഹാ …നീ കാരയുകയ..നീ പൊയ്ക്കോ ആതി.പതിവില്ലല്ലോ ഈ ഒറ്റയ്ക്കുള്ള പോക്ക് അതുകൊണ്ട് ചോദിച്ചതാ .

പിറ്റേദിവസം രാത്രി കിടക്കാൻ നേരം സച്ചിയുടെ ചങ്ക് പെട പെടാന്ന് മിടിക്കുന്നുണ്ടെങ്കിലും,ആതി ഭയങ്കര സന്തോഷത്തിലായിരുന്നു..നാളെ കൊണ്ടുപോകാൻ ഉള്ളതെല്ലാം റെഡിയാക്കി വെക്കുന്നതിന്റ തിരക്കിലായിരുന്നു ആതി.

നാട്ടിലേക്കുള്ള ബസ്സ് വെളുപ്പിന് അഞ്ചു മണിക്കാണ്.അഞ്ചു മണിക്ക് തന്നെ സച്ചി ബസ് സ്റ്റാൻഡിൽ കൊണ്ടുവന്ന് ബസ് കയറ്റി വിട്ടു.

തിരികെ വന്ന് സച്ചി ഉറങ്ങാൻ കിടന്നു. കട്ടിൽ കണ്ടാൽ ഉറങ്ങുന്ന സച്ചി തിരിഞ്ഞു മറിഞ്ഞും കിടന്നു …പല രീതിയിലും കിടന്നു ….ഉറക്കം വരുന്നില്ല …. സച്ചി എഴുന്നേറ്റ് സിറ്റൗട്ടിൽ പോയിരുന്നു. -കണ്ണുകളടച്ച് വെറുതെയിരുന്നപ്പോൾ പഴയ കാലഓർമ്മകൾ മനസ്സിലേക്ക് ഓടി വന്നു. ….

തനിക്ക് മൂന്നുo ഏട്ടന് അഞ്ചും വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത് …പിന്നീട്ബോർഡിംഗിലും ഹോസ്റ്റലിലും ഒക്കെ ആയിട്ടായിരുന്നു ജീവിതം .അമ്മ മരിച്ചതിനുശേഷം അച്ഛൻ സന്യാസ ജീവിതത്തിലായിരുന്നു.സ്കൂളിൽ പഠിക്കുമ്പോൾ അവധി കാലത്ത് ഇടയ്ക്കൊക്കെ അച്ഛൻറെയും അമ്മയുടെ വീട്ടിൽ പോയി നിൽക്കുമായിരുന്നു.വലുതായപ്പോൾ അതും ഇല്ലാതായി.

ജോലികിട്ടി ഈ നഗരത്തിലേക്ക് വന്നിട്ട് അഞ്ചുവർഷമായി

അതിനിടയിൽ കൂട്ടുകാരൻറെ പെങ്ങളുടെ കല്യാണത്തിനാണ് ആതിര എന്ന എൻറെ ആതിയെ ആദ്യമായി കാണുന്നത്.

അന്ന് പരിചയപ്പെട്ടപ്പോൾ ഈ സിറ്റിയിൽ തന്നെയാണ് ജോലി ചെയ്യുന്നത് എന്ന് അറിയാൻ കഴിഞ്ഞു.പിന്നീട് താൻ മനപ്പൂർവ്വം സൃഷ്ടിച്ച കൂടി കാഴ്ചകളിലൂടെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു.

ഈ നഗരത്തിൻറെ ആർഭാടങ്ങളും ആലങ്കാരികതകളും ഒന്നുമില്ലാതെ തുമ്പ പൂവിൻറെ നൈർമല്യവും കണിക്കൊന്ന പൂവിൻറെ വിശുദ്ധിയും …. ഗ്രാമീണതയും അത്രമേൽ മനസ്സിൽ സൂക്ഷിക്കുന്നു ഒരു പെൺകുട്ടി ….

ആദ്യകാഴ്ചയിൽ തന്നെ മനസ്സ് എവിടെയോ ഒന്ന് ഉടക്കിയിരുന്നു. :

അടുത്ത് അറിയുംത്തോറും സ്വന്തമാക്കണം എന്നുള്ള ആഗ്രഹം കൂടി വന്നു …

അവളുടെ മനസ്സ് അറിയാണമായിരുന്നു … അറിഞ്ഞു

ഇഷ്ടക്കേട് ഒന്നുമില്ല ….അച്ഛൻറെയും അമ്മയുടെയും സമ്മതം …. അത് വേണം …

വീട്ടിൽ പോയി പെണ്ണ് ചോദിച്ചു:തിരുവനന്തപുരം ആയിരുന്നു എൻറെ സ്വദേശം രണ്ട് പെൺമക്കൾ മാത്രമുള്ള ആ അച്ഛനും അമ്മയ്ക്കുംഇത്രയും ദൂരത്തേക്ക് ആരുമില്ലാത്ത വീട്ടിലേക്ക് അവരുടെ മൂത്ത മകളെ തരാൻ ഒരുക്കമല്ലായിരുന്നു ….

പിന്നീടെപ്പോഴോ ആതി യുടെ മനസ്സിൽ ഞാൻ ഉണ്ടെന്നറിഞ്ഞപ്പോൾ …ദൈവനിശ്ചയം പോലെ എനിക്ക് അവളെ കിട്ടി …

അവൾ വന്നതിൽ പിന്നെയാണ് സ്നേഹം അറിഞ്ഞത് ജീവിക്കാൻ തുടങ്ങിയത് ജീവിതം ഒന്ന് ചിട്ടയിലായത് . അവൾ വന്നതിൽ പിന്നെ തനിച്ച് ഇങ്ങനെ നിന്നിട്ടില്ല. ഇപ്പോൾ ആതി പോയപ്പോ വീണ്ടും തനിച്ചായാത് പോലെ .

പിന്നെ പതിയെ കുളിച്ചു റെഡിയായി ഓഫീസിലേക്ക് പോകാൻ ഇറങ്ങി…മനസ്സ് ഒട്ടും ശാന്തമല്ല … വണ്ടി എപ്പഴാണ് ആതിയുടെ വീടിന്റെ വഴിയിലേക്ക് തിരിഞ്ഞത് എന്നറിയില്ല.

ഞാൻ ചെല്ലുമ്പോൾ പാവം നല്ല ഉറക്കത്തിലാണ്…അമ്മ പറഞ്ഞു വന്നപ്പോൾ കയറി കിടന്നതാണ്. യാത്ര ക്ഷീണം കാണും .

ഞാൻ പതിയെ വാതിലിൽ മുട്ടി വാതിൽ തുറന്ന അവൾ എന്നെ കണ്ട് ഞെട്ടി : സച്ചി നീ എന്താ ഇവിടെ … സന്തോഷo കൊണ്ട് അവൾ തുള്ളിച്ചടുകയായിരുന്നു.

ഓഫീസിലേക്ക് ഇറങ്ങിയതാടി … എങ്ങനെ ഇവിടെ എത്തിയെന്ന് അറിയില്ല എന്ന് പറഞ്ഞ് ഞാൻ അവളെ കെട്ടിപ്പിടിച്ചു.

ഉച്ചയൂണും കഴിഞ്ഞ് വിശ്രമിക്കുന്ന സമയം ഞാൻ അവളോട് പറഞ്ഞു.

നീ എന്നും പറയുന്ന കുന്നിൻ മുകളിലുള്ള ക്ഷേത്രത്തിൽ നമുക്ക് ഒന്ന് പോയലോ .

അത് കേൾക്കേണ്ട താമാസം അവൾ റെഡിയായി വന്നു.

കല്യാണം കഴിഞ്ഞവർ മാത്രമേ അവിടെ പോകു . അവിടെ പോയി ഭർത്താവു മൊത്ത് പ്രാർത്ഥിച്ചാൽ ദീർഘസുമംഗലീ ആയിരിക്കും എന്നാണ് വിശ്വാസം. ആതി പറയുന്നത് കേട്ടിട്ടുണ്ട്.

ഇന്ന് ഞങ്ങൾ ചെല്ലുമ്പോഴും ആ പ്രദേശം വിജനമായിരുന്നു.. ചെറിയ ക്ഷേത്രം. ആതി ഒരു പതിനഞ്ച് മിനിറ്റ് കണ്ണ് അടച്ച് കര്യമായി തന്നെ പ്രാർത്ഥിച്ചു. ശേഷം ക്ഷേത്രം ഒന്ന് വലo വെച്ച് അവിടന്ന് ഇറങ്ങി.

പിന്നെ കുറച്ച് മാറി ചെറിയ ഒരു പാറ കൂട്ടത്തിൽ പോയി വെറുതെയിരുന്നു.

സച്ചി …. ഞാൻ ഒരു കാര്യം ചോദിക്കട്ടെ :

മം

നീ എന്താ ഇന്ന് ഓഫിസിൽ പോകാതെ ഇങ്ങോട്ട് വന്നെ ..

എനിക്ക് നീയില്ലാതെ ഒറ്റക്ക് അവിടെ പറ്റില്ല ആതി. കുഞ്ഞുനാളിലെ ഒറ്റപ്പെട്ടു പോയതാ ….ഒറ്റയ്ക്കായിരുന്നു നീ വരുന്നത് വരെയും …കൂട്ടിന് നീ വന്നതിൽ പിന്നെ തനിച്ചായി പോകുമ്പോൾ ഉള്ളിലെവിടെയോ ഒരു പേടി :അതാ ടി ഞാൻ ഇങ്ങ് പോന്നേ…

ഞാൻ അവിടെ ഇല്ലാതായ കുറച്ചുസമയം നിനക്കെന്നെ മിസ്സ് ചെയ്തു അല്ലേ സച്ചി : നീ കൂടെ ഉണ്ടായിട്ടും എന്നിക്ക് നിന്നെ പലപ്പോഴും മിസ്സ് ചെയ്യുന്നുണ്ട് സച്ചി.

ഒന്നും മനസ്സിലാവാതെ സച്ചി ആതിയെ നോക്കി.

എപ്പോഴാണെന്ന് അല്ലേ…ഈ ഈ നോട്ടത്തിന്റെ അർത്ഥം ….

നമ്മൾ രണ്ട് പേര് ഉള്ളിടത്തേക്ക് നീ മൊബൈലുമായിആഹാരം കഴിക്കാൻ വരുമ്പോൾ…

ഒരേ സിറ്റിയിലുള്ള ഓഫിസിലേക്ക് രണ്ട് വണ്ടിയിൽ പോകുമ്പോൾ …. ചെറിയ വയ്യയ്കകൾക്ക് തനിയെ പോയി ഡോക്ടറെ കാണേണ്ടിവരുമ്പോൾ ….

ഒരുമിച്ച് പോകാൻ കൊതിയുള്ളിടത്തെല്ലാം തനിയെപോയി വരുമ്പോൾ എല്ലാം എന്നിക്ക് നിന്നെ ഒരു പാട് മിസ്സ് ചെയ്യറുണ്ട് സച്ചി.

ഇത് ഞാൻ വെറുതെ പറയുന്നതല്ല .ഇത്രയും നാൾ ഞാൻ നിന്നോട് പറയാതിരുന്ന എന്റെ സങ്കടങ്ങളാണ് സച്ചി …

സച്ചി ആദിയെ തന്നെ കേട്ട് ഇരിക്കുകയായിരുന്നു :

സച്ചി ആധിയോട് ചേർന്നിരുന്നു.അവളുടെ വലംകൈ എടുത്ത് തൻറെ കൈകൾക്കുള്ളിൽ ചേർത്തുവെച്ചു.

നീ പറഞ്ഞതെല്ലാം ശരിയാണ് ആതി…പക്ഷേ നിന്നെ മനപ്പൂർവ്വം സങ്കട പ്പെടുത്താൻ ഞാനൊന്നും ചെയ്തിട്ടില്ല.

നീ എൻ്റെ ജീവിതത്തിലേക്ക് വന്നപ്പോൾ എന്തായിരുന്നോ അങ്ങനെ തന്നെ യായിരിക്കണം ഇനിയും മുന്നോട്ട് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു …നിനക്ക് എവിടെ പോകാനും വരാനും സ്വാതന്ത്ര്യം ഉണ്ടാകണം.നിൻ്റെ കാര്യങ്ങൾ ക്കൊന്നും എന്നെ ആശ്രയിക്കാതെ ഇരിക്കുന്നതായിരിക്കും നിനക്ക് ഇഷ്ടം എന്ന് ഞാൻ തെറ്റിദ്ധരിച്ചു. അതല്ലാതെ എൻറെ കൂടെ കൊണ്ടു പോകാനുള്ള മടി കൊണ്ടല്ല.

ഭക്ഷണം കഴിക്കാൻ മൊബൈൽ ഫോൺ തന്നെയായിരുന്നു എന്നും കൂട്ട് … നീ വന്നപ്പോഴും അതിന് മാറ്റം വേണമെന്ന് അറിയില്ലായിരുന്നു …

നിനക്ക് പറയാമായിരു ന്നു…തീർച്ചയായും തിരുത്തുമായിരുന്നു ഞാൻ .

അമ്മയില്ലാതെ… ആരുo ഇല്ലാതെയാണ് ഞാൻ വളർന്നത്… ബന്ധങ്ങളെ അറിഞ്ഞുതുടങ്ങിയത് നീ വന്നതിൽ പിന്നെയാണ്…. അതുകൊണ്ട് തന്നെ ബന്ധങ്ങളിൽ ആഗ്രഹിക്കുന്ന കെയറിങ്ങിനെ കുറിച്ചും സപ്പോർട്ട്നെ കുറിച്ച് ഒന്നും എനിക്കറിയില്ല

നീ തനിയെ ജോലിചെയ്യുന്ന .. സമ്പാദിക്കുന്ന .. നിൻറെ കാര്യങ്ങൾ തനിയെ ചെയ്യാൻ കഴിവുള്ള പെണ്ണല്ലേ…അതുകൊണ്ട് നിൻറെ കാര്യങ്ങൾ നീ തനിയെ ചെയ്യും എന്ന് ഞാൻ വിശ്വസിച്ചു.അല്ലാതെ നിന്നെ തനിച്ച് വിട്ടതല്ല.

ഞാൻ തെറ്റാണ് എന്ന് തോന്നുമ്പോൾ നീ തിരുത്തണം ആതി.ആഗ്രഹിക്കാത്ത ഒരു ജീവിതം ജീവിച്ച് ഉത്തമ ഭാര്യയായി നടിക്കേണ്ട ..

സച്ചി എന്റെ സ്വാതന്ത്ര്യം നീ പറഞ്ഞത് അല്ല .നീ പറയും പോലെ എല്ലാം തികഞ്ഞ പെണ്ണും അല്ല ഞാൻ .

ഒരു പുരുഷൻറെ കരുതലും പരിഗണനയും എല്ലാം ആഗ്രഹിക്കുന്ന ഒരു സാധാരണ പെണ്ണാണ് :

എന്നെ ശാസിക്കാനും തിരുത്താനും…

ചിരിക്കാനും കളിക്കാനും …

ഇണങ്ങാനും പിണങ്ങാനും …

താങ്ങായും തണലായും എല്ലായിപ്പോഴും എന്റ കൂടെ ഉണ്ടായിരിക്കണം.

ഏത് പെണ്ണിൻറെയുംഏറ്റവും വലിയ സ്വാതന്ത്ര്യം അവളെ മനസ്സിലാക്കുന്ന പുരുഷൻറെ കരുതലാണ്….

അതാണ് സച്ചി എന്നിക്ക് വേണ്ടത്.

അവിടെ നിന്നുംഞാൻ എന്റ ആതിയെ അറിഞ്ഞു തുടങ്ങുകയായിരുന്നു …ഒരു പൂച്ചക്കുഞ്ഞിനെ പോലെ നെഞ്ചിൽ പതുങ്ങാൻ കൊതിക്കുന്ന ഒരു പാവം പെണ്ണിനെ ..

Leave a Reply

Your email address will not be published.