January 31, 2023

പ്രകാശൻ നോക്കുമ്പോഴുണ്ട് ഭാര്യ സാരിയിലേക്ക് കേറാൻ പാടുപെട്ടു കൊണ്ടിരിക്കുന്നു. പുതിയ സാരിയാണ്. അവളുടെ അച്ഛൻ വാങ്ങിക്കൊടുത്തതാണ്.

എഴുത്ത്:-ശിവൻ മണ്ണയം

പ്രകാശൻ നോക്കുമ്പോഴുണ്ട് ഭാര്യ സാരിയിലേക്ക് കേറാൻ പാടുപെട്ടു കൊണ്ടിരിക്കുന്നു. പുതിയ സാരിയാണ്. അവളുടെ അച്ഛൻ വാങ്ങിക്കൊടുത്തതാണ്. അങ്ങേർക്ക് കാശുണ്ട്. ഈ കോവിഡ് കാലത്ത് അങ്ങേർക്ക് മാത്രം എവിടന്നാണ് കാശ് കിട്ടുന്നത്? ഒന്നന്വേഷിക്കണം. കാശ് മോൾക്കേ കൊടുക്കൂ.. മരുമോൻ ജീവിക്കുന്നോ അതോ ചത്തോ എന്ന കാര്യം അങ്ങേർക്കറിയണ്ട.. സ്വർത്ഥൻ !പ്രകാശൻ ഭാര്യാപിതാവിനെ പ്രാക്രി രസം പിടിച്ചിരിക്കുമ്പോൾ ഭാര്യ വിളിച്ചു: പ്രകാശേട്ടാ..

പ്രകാശൻ പ്രകാശമില്ലാത്ത ശബ്ദത്തിൽ വിളി കേട്ടു: എന്തോ..?!

ഈ സാരി ഉടുക്കാൻ ഒന്ന് സഹായിക്ക്..

എൻ്റെ പട്ടി സഹായിക്കും.. എന്ന് മനസിൽ ദേഷ്യമോടെ വിചാരിച്ചിട്ട്, ഒരു പട്ടിയായി രൂപം മാറി, പ്രകാശൻ ഭാര്യയുടെ അടുത്തേക്ക് വാലാട്ടി ഓടി.

പ്രകാശേട്ടാ.. ഈ സാരി എങ്ങനുണ്ട്..? ഭാര്യ ചോദിച്ചു.

ദേവൂ.. നീയിത് ഉടുത്തപ്പോൾ സാരിയുടെ ഭംഗി പോയിക്കിട്ടി.. പ്രകാശൻ മനസ്സിൽ വന്നതങ്ങ് പറഞ്ഞു. നിഷ്കളങ്കനാണ്.

പരിഹസിക്കരുത്. ഭാര്യയെ വന്ദിച്ചില്ലേലും നിന്ദിക്കരുത്.. ദേവുവിന് സങ്കടം വന്നു.

പ്രകാശന് അപകടം മണത്തു. ആദ്യം സങ്കടം, പിന്നെ ദേഷ്യം. അതാണ് ഭാര്യമാരുടെ ഒരു ലൈൻ. സൈക്കോകളാണ്.. സൂക്ഷിക്കണം.

പ്രകാശൻ പെട്ടെന്ന് മുഖത്ത് പ്രസാദം വാരിപ്പുരട്ടി ഉവാച:ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. പന്നസാരിയാണെങ്കിലും നീ ഉടുത്തപ്പോൾ അതിന്റെ ഭംഗി ഇരട്ടിയായി .. സത്യം .

പ്രകാശൻ വാക്കുകളിൽ പുരട്ടിയ സോപ്പ് പക്ഷേ ഭാര്യക്ക് അലർജിയുണ്ടാക്കി.

അവൾക്ക് ദേഷ്യം വന്നു.

പന്ന സാരിയോ? എന്റെ അച്ഛൻ വാങ്ങിത്തന്ന ഓണസമ്മാനമാണിത്.. 5000 രൂപ.

വാരിക്കുഴിയിൽ വീണ ആനയെപ്പോലെ പ്രകാശൻ വെപ്രാളപ്പെട്ടു.അദ്ദേഹം അലറി: സാരി കൊള്ളാം.. പ്രശ്നം തീർന്നല്ലോ. എന്തു പറഞ്ഞാലും കുറ്റം.. എന്റമ്മോ..!

അതു കേട്ട് ദേവു ഒന്ന് തണുത്തു. ആ തക്കം നോക്കി പ്രാകാശൻ ഓടിച്ചെന്ന് സാരിയുടുക്കാൻ ദേവുവിനെ സഹായിച്ചു.ദേവു ഹാപ്പി.

സാരിയിൽ കേറിയ ദേവു പ്രകാശ നോട് ഒരഭ്യർത്ഥന നടത്തി :എന്റെ ഒരു ഫോട്ടോ എടുത്തേ പ്രകാശേട്ടാ..

എന്തിനാ ..?

ഞാൻ പുതിയ സാരി ഉടുത്തു നില്ക്കുന്ന ഫോട്ടോ ഫെയ്സ് ബുക്കിലിടണം. എന്റെ പുതിയ സാരി കണ്ട് എല്ലാവളുമാരും ഒന്ന് ഞെട്ടണം.. ഞെട്ടി വിറയ്ക്കണം ..

പ്രകാശൻ ആത്മഗതിച്ചു:ഉം..ഉം.. ഞെട്ടും.. ഞൊട്ടും! പന്നസാരി..!

എന്താ..?

ഒന്നുമില്ല.. ആ ഫോണിങ്ങ് താ.. ഫോട്ടോ എടുത്ത് തരാം..

ദേവു പറഞ്ഞു:അടിപൊളിയായി എടുക്കണം കേട്ടോ.. തലമുതൽ കാലു വരെ ഫോട്ടോയിൽ വരണം..

വരും… പ്രകാശൻ ഫോൺ വാങ്ങി ഭാര്യയുടെ ഫോട്ടോയെടുത്തു.എന്നിട്ടത് അവളെ കാട്ടി:OK. എടുത്തു.ദാ നോക്ക്..ഇതെങ്ങനെയുണ്ട്..?

ങേ.. എന്റെ തലയെവിടെ..? ദേവു വാ പൊളിച്ചു നിന്നു.

അത് നിന്റെ കഴുത്തിന്റെ മോളിലുണ്ട്.. തപ്പി നോക്ക്.. ഉണ്ടെടീ ഉണ്ട്.. എങ്ങും പോയിട്ടില്ല.

ഈ ഫോട്ടോയിലെ കാര്യമാണ് ചോദിച്ചത്. ഇതിലെന്റെ തല ഇല്ലല്ലോ ..

പുതിയ സാരി എല്ലാരേം കാണിക്കാനാണല്ലോ നീ ഫോട്ടോയിടാൻ പോകുന്നത്. അപ്പോ സാരി മാത്രം പോരേ.. തല എന്തിനാ?

തല ഇല്ലെങ്കിൽ ,ഈ സാരി ഉടുത്തു നില്ക്കുന്നത് ഞാനാണെന്ന് ആർക്കെങ്കിലും മനസിലാകുമോ?

എടീ ഫെയ്സ് ബുക്കില് ഫോട്ടോയിട്ടാൽ ആണുങ്ങളൊക്കെ കാണില്ലേ? തലയില്ലാത്ത ഫോട്ടോയല്ലേ നല്ലത്?

പ്രകാശേട്ടാ പിന്തിരിപ്പൻ മൂരാച്ചിയാവല്ലേ.. ദേവു മുപ്പത്തിരണ്ട് പല്ലും വെളിയിൽ കാട്ടി നില്ക്കുകയാണ്. കടിച്ചാൽ തീർന്നു.പ്രകാശൻ മയത്തിൽ പറഞ്ഞു: സത്യത്തിൽ ഞാൻ പുരോഗമനവാദിയാണ്. പക്ഷേ എന്തു ചെയ്യാം, നിന്റെ കാര്യം വരുമ്പോൾ ഞാൻ പിന്തിരിപ്പനായിപ്പോകും. ശരി ,ആ മൊബൈലിങ്ങെട്, വേറെ ഫോട്ടോ എടുത്തു തരാം .

അതു കേട്ടപ്പോൾ ദേവു ഒന്നയഞ്ഞു: ഇതാ ഫോൺ .. തലയൊക്കെ ഉള്ള ഒരു കിടുക്കാച്ചി ഫോട്ടോ എടുത്തു താ..

ഞാനത് ചെയ്തിരിക്കും.. എന്നു ഉറപ്പോടെ പറഞ്ഞു പ്രകാശൻ ഫോട്ടോ യെടുക്കൽ ആരംഭിച്ചു. ചുമല് അല്പം കൂടെ ഉയർത്തൂ.. തല അല്പം കൂടെ താഴ്ത്ത് .. കണ്ണ് തുറന്ന് പിടിക്ക് .. സ്മൈൽ… ചിരിക്ക്.. പല്ല് വെളിയിൽ കാണിക്കരുത് പ്ലീസ്.. പുഞ്ചിരിച്ചാൽ മതി..

ദേവു അമ്പരന്നു:ഭഗവാനേ ഇതെന്താ പ്രകാശന്റ പ്രതികാരോ..?!

പ്രകാശൻ ഫോട്ടോ ദേവുവിനെ കാട്ടി:ദാ.. നോക്ക്..കിടുക്കൻഫോട്ടോ .. ഐശ്വര്യാ റായിയേ പോലാക്കിയിട്ടുണ്ട്.

കിടുകിടുക്കാച്ചി .. ഞാൻ വളരെ ഫോട്ടോജനിക് ആണ് അല്ലേ പ്രകാശേട്ടാ..

അല്ല നീ വലിയ നാർസിസ്റ്റാണ്..

ഓ! ആയിക്കോട്ടെ. ഞാനിത് FB യിലിടാൻ പോവാ.. പ്രകാശേട്ടന്റെ പ്രൊഫൈലിൽ കൂടി എന്റെ ഫോട്ടോ ഇട്. എന്റെ ജീവന്റെ ജീവനായ ദേവൂട്ടി എന്ന ക്യാപ്ഷനും വേണം. ചേട്ടന്റെ സുന്ദരിയായ ഭാര്യയെ കുട്ടുകാരൊക്കെ കാണട്ടെ..

എനിക്കിങ്ങനെ ഫെയ്സ് ബുക്കില് ഫോട്ടോയിട്ട് കളിക്കാൻ നേരമില്ല.

ദേവു കെഞ്ചി;എന്റെ ഫോട്ടോ ഒന്നിട് പ്രകാശേട്ടാ.. പ്ലീസ്..

അതിനെനിക്ക് ഫെയ്സ് ബുക്ക് ഇല്ലല്ലോ ..

ദേവുവിന് അത്ഭുതം. അവൾ പറഞ്ഞു: ഞാൻ FB യിൽ ചേട്ടന്റ പ്രൊഫൈൽ കണ്ടല്ലോ..

അത് പണ്ടെങ്ങാണ്ടെ ഒരു സുഹൃത്ത് ചെയ്ത പണിയാ.. അവനെനിക്കൊരു F B അക്കൗണ്ട് ഉണ്ടാക്കിത്തന്നു. എനിക്കീ FB യുടെ ഫങ്ഷനൊന്നും അറിയില്ല .. അതു കൊണ്ട് ഞാനങ്ങോട്ട് കയറാറുമില്ല..

ഞാൻ പറഞ്ഞു തരാം .. ചേട്ടൻ പ്രൊഫൈലിലോട്ട് കേറ്..

അയ്യോ.. പാസ്വേഡൊക്കെ ഞാൻ മറന്നു പോയി..

ശ്ശോ.. അത് വലിയ കഷ്ടമായിപ്പോയി..

അപ്പോൾ ദേവുവിൻ്റെ ഫോൺ ശബ്ദിച്ചു.

ഹലോ ആനീ.. സുഖമാണോടീ.. എന്താ വിളിച്ചത്?ങ്ഹാ.. ഫോട്ടോ കണ്ടോ.. താങ്ക് യൂ ..സാരിക്ക് പതിനായിരം രൂപയായെടീ.. അച്ഛൻ വാങ്ങിത്തന്നതാ.. ഓക്കെടീ.. കാണാം..

ആരാ ?പ്രകാശൻ ചോദിച്ചു.

ആനിക്കുട്ടി..

ങ്ഹേ..ആനക്കുട്ടിയോ ?! കഴിഞ്ഞ പ്രളയത്തിൽ ഒരാനക്കുട്ടി ഒഴുകി വന്നെന്ന് പത്രത്തിൽ വായിച്ചു.ആ ആനക്കുട്ടിയാണോ?

ആനക്കുട്ടിയല്ല, ആനിക്കുട്ടി..!ദേവു പല്ലുകടിച്ചു.

നീ ഒരു പതിനായിരത്തിന്റെ കണക്കൊക്കെ പറയുന്ന കേട്ടു .. അതെന്താ.. മനസ്സിലായില്ല..

അത് ഈ സാരിയുടെ വില ..!

ദേവുവിൻ്റെ ഫോൺ റിംഗ് ചെയ്യുന്നു അത് ശ്രദ്ധിക്കാതെ പ്രകാശൻ : സാരിയുടെ വില അയ്യായിരമല്ലേ..?

വായടച്ചു വക്ക്.ഞാനീ കോൾ അറ്റൻഡ് ചെയ്തോട്ടെ.. ദേവു വിന് ദേഷ്യം വന്നു.പ്രകാശൻ ഉടനെ തൻ്റെ നാക്കിനെ അണ്ണാക്കിൽ പാർക്ക് ചെയ്തു.

അല്ലാ ഇതാര് ദിവ്യയോ.. നീ എത്ര നാളായി ഒന്നു വിളിച്ചിട്ട്.. ഹ..ഹ.. ഫോട്ടോ കണ്ടല്ലേ.. സാരിക്ക് പതിനായിരം രൂപ ആയെടീ.. ദേവു ഫോണിൽ ആരോടോ അലറി.

പ്രകാശൻ സ്വയം പറഞ്ഞു: കള്ളം ..അയ്യായിരം .. അയ്യായിരം ..

അതു കേട്ട ദേവു പ്രകാശനെ നോക്കി കണ്ണുരുട്ടി:ശ്ശ് …മിണ്ടാതിരിക്ക് പ്രകാശേട്ടാ.. എന്നിട്ട് അവൾ ഫോൺ സംഭാഷണം ഇങ്ങനെ പൂർത്തിയാക്കി.ങ്ഹാ.. ദിവ്യേ.. poഞാൻ പിന്നെ വിളിക്കാം കേട്ടോ.. ഓക്കെ.

എന്തിനാ പ്രകാശേട്ടാ ഞാൻ ഫോൺ ചെയ്യുമ്പോൾ ശല്യപ്പെടുത്തുന്നത്. ഞാൻ ഫോണിൽ സംസാരിക്കുമ്പോൾ അടുത്ത് വന്ന് ഓരോന്ന് വിളിച്ചുകൂവരുതെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്.

ഞാനെന്ത് ചെയ്തു ..

എന്തിനാ അയ്യായിരം അയ്യായിരം എന്ന് വിളിച്ചുകൂവിയത്..?

അതല്ലേ സാരിയുടെ വില. നീയെന്തിനാ പതിനായിരമെന്ന് കള്ളം പറഞ്ഞത് ..?

ആർക്കും ചേതമില്ലാത്ത ഒരു കള്ളമല്ലേ.. പ്രകാശേട്ടനെന്തിനാ ഒരു വീട്ടിൽ കഴിഞ്ഞോണ്ട് എന്നെ പാരവയ്ക്കുന്നത്.. ദിവ്യയെങ്ങാനും പ്രകാശേട്ടൻ പറഞ്ഞത് കേട്ടോ എന്തോ.. ഞാനിനി പ്രകാശേട്ടനോട് മിണ്ടുല ..

പോട്ട് ദേവൂ .. സാരിയുടെ വില പതിനായിരം തന്നെ. ഉറപ്പിച്ചു. വേണമെങ്കിൽ അത് ഇരുപതിനായിരം ആക്കാം .. ആക്കണോ പറ.. നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.. ഏത് മുട്ടൻ നുണയും പറയും.. അതാണ് ദേവൂ പ്രകാശൻ .. നീ എന്നെ മനസിലാക്കുന്നില്ല .. പ്രകാശൻ കരയാൻ ആരംഭിച്ചു.

കരയല്ലേ പ്രകാശേട്ടാ..

കരയും.. രാത്രി വരെ ഞാനിരുന്ന് കരയും.. എന്നാലും കണ്ണീര് തീരില്ല.കുറച്ച് ബാക്കിയുണ്ടാകും..! നീയെന്നോട് മിണ്ടില്ലെന്ന് പറഞ്ഞില്ലേ ..

അപ്പോൾ ദേവുവിൻ്റെ ഫോൺ ശബ്ദിച്ചു. പ്രകാശന് ദേഷ്യം വന്നു:പുല്ല്.. ആ ഫോൺ സ്വിച്ചോഫാക്കി വയ്ക്ക്.. മനുഷ്യനെ സ്വസ്ഥമായിട്ടിരുന്ന് കരയാനും സമ്മതിക്കില്ല..

അപ്പോൾ ആമോദത്തോടെ ദേവു ഉവാച:പ്രകാശേട്ടന് സോഷ്യൽ മീഡിയയുടെ പവറും റെയ്ഞ്ചും മനസിലായല്ലോ.. ഞാനൊരു ഫോട്ടോ ഇട്ടതേ ഉള്ളൂ… അപ്പോഴേക്കും എന്റെ പുതിയ സാരി നന്നായെന്നും പറഞ്ഞ് എത്ര പേരാവിളിച്ചത്.. ഇപ്പഴും വിളിച്ചു കൊണ്ടിരിക്കുന്നു. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് സുഹൃത്തുക്കളുമായി സന്തോഷങ്ങൾ പങ്കുവയ്ക്കാനുള്ള പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ ..

പ്രകാശന് അപ്പോൾ ഒരു കൗതുകം നീ പറഞ്ഞത് ശരി തന്നെ. ഞാൻ ഫോട്ടോ ഇട്ടാലും ഇതുപോലെ ആൾക്കാർ വിളിക്കുമോ?

വിളിക്കും.. സുഹൃത്തുക്കളൊക്കെ വിളിക്കും..

എങ്കിൽ എനിക്കുംf B എടുത്താൽ കൊള്ളാമെന്നുണ്ട്.

ചേട്ടന് ഞാൻ പുതിയൊരു FB അക്കൗണ്ട് ക്രിയേറ്റ് ചെയ്തു തരാം ..

അതിലെ ഫങ്ഷനൊക്കെ പഠിപ്പിച്ച് തരുകയും വേണം..

അതൊക്കെ ഞാനേറ്റു. എല്ലാം പഠിപ്പിച്ചു തന്ന്, പ്രകാശേട്ടനെ ഞാൻ, സോഷ്യൽ മീഡിയയിലെ സ്റ്റാർ ആക്കി മാറ്റും.. ഉറപ്പ്.

******************

ലത ദേവുവിനോട് ചോദിച്ചു:പ്രകാശന് എന്നോട് പിണക്കമോ മറ്റോ ആണോ..

അതെന്താ നീ അങ്ങനെ ചോദിച്ചത്?

ഞാനിവിടെ വന്നിട്ട് അര മണിക്കൂറായി .. പ്രകാശനിതുവരെ എന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല.

പുത്തനച്ചി പുരപ്പുറം തൂക്കും എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ.. ആ സംഗതി തന്നെ… നീ വിഷമിക്കണ്ട..

എനിക്കൊന്നും മനസിലായില്ല..

ഞാനിന്ന് രാവിലെ പ്രകാശേട്ടന് പുതിയൊരു FB അക്കൗണ്ട് എടുത്തു കൊടുത്തു..

പ്രകാശന് FB അക്കൗണ്ട് ഇല്ലായിരുന്നോ..

ഇല്ല.പ്രകാശേട്ടന് FB എന്താണെന്ന് പോലും ശരിക്കറിയില്ല. ഞാനാ ഫങ്ഷ നൊക്കെ പഠിപ്പിച്ചു കൊടുത്തത്.ഇപ്പോൾ ഫോട്ടോയൊക്കെ പോസ്റ്റ് ചെയ്ത് ലൈക്കെണ്ണി ഇരിക്കുകയാണ്. ഫോണിൽ നിന്ന് മുഖമുയർത്തുന്നത് പോലുമില്ല. അതു കൊണ്ടാ ലത വന്നതൊന്നും പ്രകാശേട്ടൻ അറിയാത്തത്.. വേറൊന്നും വിചാരിക്കല്ലേ ..

പെട്ടന്ന് ഒരു അലറിച്ചിരികേട്ടു .പെണ്ണുങ്ങൾ ഒന്ന് നടുങ്ങി. ചിരിച്ചത് പ്രകാശനാണ് .അവരുടെ അടുത്തേക്ക് ഓടി വന്ന പ്രകാശൻ തൻ്റെ ഫോൺ കാട്ടി ചിരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു:ഞാനിട്ട ഫോട്ടോക്ക് കിട്ടിയ ഒരു കമന്റ് കണ്ടോ ദേവൂ .. ചിരിച്ച് ചിരിച്ച് ചാവും.

എന്ത് കമന്റാ … വായിച്ചേ..

ചിമ്പാൻസി എന്ന് ..ഹ..ഹ..

ലത പറഞ്ഞു:അയ്യയ്യേ..

അപ്പോഴാണ് പ്രകാശൻ ലതയെ കണ്ടത്:അല്ലാ ഇതാര് ലതയോ? എപ്പോവന്നു ..?

കുറേ നേരമായി ..

ലതേ..സോറി ഞാൻ ബിസിയാണ് .. സംസാരിക്കാൻ സമയമില്ല.. കുറച്ച് ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കാനുണ്ടായിരുന്നു ..

പ്രകാശൻ വീടിൻ്റ മൂലയിലേക്ക് ഓടി.

ലത ദേവുവിനോട് പറഞ്ഞു: എടീ ദേവൂ, മര്യാദിക്ക് നടന്ന ഒരു മനുഷ്യനെ നീ കൊണ്ട് കുഴിയിൽ ചാടിച്ചു..

ദേവു നിസാരമട്ടിൽ ചിരിച്ചു. അവൾ പറഞ്ഞു : ഇന്നത്തക്കേ ഉള്ളു ഈ ആവേശം.നാളെ മുതൽ ശരിയായി കൊള്ളും. പ്രകാശേട്ടൻ FB യിലില്ലാത്തത് എനിക്ക് വല്യ നാണക്കേടാ. എല്ലാവരും എന്നെ കളിയാക്കുന്നു. ഇനി എനിക്ക് തലയുയർത്തി നടക്കാമല്ലോ..

*********************

പ്രകാശൻ്റെ വീട്ടിലെ ഇരുണ്ടരാത്രി .

സമയം അർദ്ധരാത്രിയായി.. പ്രകാശേട്ടൻ ഉറങ്ങുന്നില്ലേ..? ദേവു അസ്വസ്ഥയായി.

ഞാൻ അല്പം കഴിഞ്ഞേ ഉറങ്ങുന്നുള്ളൂ..

കോഫീ ഷോപ്പിൽ നിന്ന് വന്ന് കയറിയപ്പോൾ മുതൽ ഫോണിലാണല്ലോ.. ഇതിലെന്താണിത്ര നോക്കിയിരിക്കാൻ… ദേവു ദേഷ്യപ്പെട്ടു.

പ്രകാശൻ മൃദുഘോഷത്തോടെ പറഞ്ഞു:ഞാനിന്ന്fB യിൽ ഒരു ചെറിയ കവിത ഇട്ടു. പ്രണയമന്ദസ്മിതം.. തലക്കെട്ടെങ്ങനുണ്ട്..

കവിതയോ?

അതെ..

കവിതേ.. അത്ര ബുദ്ധിയൊക്കെയുണ്ടോ ചേട്ടന്?

കവിത ഞാൻ എഴുതിയതല്ല .. എഴുതി തന്നത് നമ്മുടെ കോഫി ഷോപ്പിൽ ജോലി ചെയ്യുന്ന ബംഗാളിയാണ്. അവന് അമ്പത് രൂപ കൊടുത്തു.

ബംഗാളികൾ കൂലിക്ക് കവിതയെഴുത്തും തുടങ്ങിയോ..?

അതെ അവർ കലാരംഗത്തും പിടിമുറുക്കുകയാണ്. പക്ഷേ കൂലി കുറവാണെന്ന ഒരു നേട്ടം ഉണ്ട്.കണ്ടോ ലൈക്ക് കുമിഞ്ഞ് കൂടുകയാണ്. ബംഗാളി എഴുതിയതാണെങ്കിലും ഈ കവിതയിലൊരു മലയാളത്തനിമയുണ്ട്. ചങ്ങമ്പുഴയുടെ പിൻഗാമിയാണ് പ്രകാശൻ എന്നൊക്കെയാ കമന്റ് വരുന്നത് ..

പ്രണയമന്ദസ്മിതം എന്നല്ലേ കവിതയുടെ പേര്.കമന്റ് ഇടുന്നത് മുഴുവൻ പെണ്ണുങ്ങളായിരിക്കും.

യാ.. യാ

നാണമില്ലേ ഈ പ്രായത്തിൽ പ്രണയകവിതകൾ എഴുതി നടക്കാൻ..

ഞാനല്ലല്ലോ ബംഗാളിയല്ലേ എഴുതിയത് ..

അത് FB യിൽ പോസ്റ്റാൻ നാണമില്ലേ? എല്ലാരും കാണുന്നതല്ലേ? ഞാനെങ്ങനെ ആൾക്കാരുടെ മുഖത്ത് നോക്കും..

നീ നോക്കണ്ട..

എനിക്കെല്ലാം മനസിലാവുന്നുണ്ട്.. 24 മണിക്കൂറും fB യില് .. എപ്പോ നോക്കിയാലും പച്ച ലൈറ്റ് കത്തിക്കിടക്കുന്നത് കാണാം.. ആരുമായിട്ടാ ചാറ്റ് ചെയ്യുന്നത് ..?

ചാറ്റോ.. അതെന്താ..?

അയ്യോ.. ഒന്നു മറിയാത്ത പാവം.. ആർക്കാ മെസേജയക്കുന്നതെന്ന് ..

ഞാൻ ആർക്കും മെസേജയക്കുന്നില്ല.. ടൈം ലൈനിൽ വരുന്ന കഥകളും കവിതകളും വായിക്കും അത്രേ ഉള്ളൂ. വായന എനിക്കിപ്പോ ഒരു ഭ്രാന്തായി മാറിയിരിക്കുകയാണ്..

ആരാ ഈ ഷംനഫിറോസും രശ്മി മേനോനും ..?

അവരെന്റെFB ഫ്രണ്ട്സാ..

അവളുമാര് ചേട്ടന്റെ എല്ലാ പോസ്റ്റിലും കമന്റിടുന്നുണ്ടല്ലോ. അവരുമായിട്ട് പ്രകാശേട്ടന് എന്താ ബന്ധം..?

ഒരു ബന്ധവുമില്ല..

അവരുമായി ചേട്ടൻ ചാറ്റ് ചെയ്യാറില്ലേ..? വീഡിയോ കോൾ ചെയ്യാറില്ലേ..

ഇല്ലടീ..

ഫോണില് നോക്കിയിരിക്കാതെ എന്റെ മുഖത്ത് നോക്കി പറ.. എന്റെ കണ്ണില് നോക്കി പറ..

എവിടേ നിന്റെ കണ്ണ് .. ങ്ഹാ.. ദേവൂ നീയാണെ സത്യം ഒരു പെണ്ണുമായിട്ടും ഞാൻ ചാറ്റ് ചെയ്യാറില്ല ..

ഞാനാണല്ലോ പ്രകാശേട്ടന് FBഅക്കൗണ്ട് ക്രിയേറ്റ് ചെയ്തു തന്നത്?

അതെ..

ഞാനാണല്ലോ പാസ് വേഡ് സെറ്റ് ചെയ്ത് തന്നത് ..

അതെ..

ആ ഞാനറിയാതെ എന്തിനാ പ്രകാശേട്ടൻ പാസ് വേഡ് മാറ്റിയത്. അതിലെന്തോ കള്ളക്കളിയില്ലേ..

നിന്റെ പാസ്വേഡ് നിയെനിക്ക് പറഞ്ഞ് തന്നിട്ടുണ്ടോ..

എന്റെ പാസ് വേഡ്ഞാൻ തരാം ..

വേണ്ട. നിന്നെയെനിക്ക് വിശ്വാസമാണ്. അതുപോലെ നീയും എന്നെ വിശ്വസിക്കണം. വിശ്വാസമാണ് ഭാര്യയെയും ഭർത്താവിനെയും ഒന്നിച്ചു ചേർക്കുന്ന പശ.മനസിലായോ ..?

ദേവു :(പതിയെ) കള്ളക്കളികളെല്ലാം ഞാൻ പൊളിക്കും.. നോക്കിക്കോ..

*************

ദേവു കലിപ്പിലായിരുന്നു. അവൾ മുരണ്ടു:ചേട്ടൻ എൻ്റെ കൂട്ടുകാരി സോഫിയക്ക് റിക്വസ്റ്റ് അയച്ചോ?

അതേത് കൂടുകാരി..? നിനക്കങ്ങനെയൊരു ഫ്രണ്ടുള്ളതായി എനിക്കറിയില്ലല്ലോ ..

അപ്പോ സോഫിയയെ പ്രകാശേട്ടന് അറിയില്ല..

ഇല്ല ..

വ്യക്തിപരമായി പരിചയമില്ലാത്തവർക്ക്, അതും സ്ത്രീകൾക്ക് ,എന്തിനാ ചേട്ടൻ റിക്വസ്റ്റ് അയക്കുന്നത്?

ദേവൂ ഞാൻ അയച്ചിട്ടില്ല. ഞാൻ അങ്ങനെ ഒരുത്തനല്ല..

അയച്ചു എന്നാണല്ലോ സോഫിയ പറഞ്ഞത് .. സോഫിയക്ക് പ്രകാശേട്ടനെ അറിയാം..

എങ്കിൽ അവളായിരിക്കും അയച്ചത്. ഞാൻ അയച്ചിട്ടില്ല.

എന്തൊരു നുണയാണ് പ്രകാശേട്ടൻ പറയുന്നത് .. സോഫിയയുടെ ഫോൺ ഞാൻ കണ്ടതാ. പ്രകാശേട്ടൻ റിക്വസ്റ്റ് അയച്ചിരിക്കുന്നത് ഞാൻ കണ്ടു..

ദേവുമോളേ.. ചിലപ്പോൾ ഞാനറിയാതെ.. അബദ്ധത്തിലോ മറ്റോ.. അങ്ങനെ സംഭവിച്ചതാകാം .. അങ്ങനെ സംഭവിക്കാല്ലോ.. ഞാൻ കണ്ണിൽ കണ്ട പെണ്ണുങ്ങൾക്ക് റിക്വസ്റ്റ് അയക്കുമെന്ന് മോള് കരുതുന്നുണ്ടോ.. അല്ലങ്കിൽ തന്നെ ആരാ ഈ സോഫിയ.. എന്റെ ദേവുമോൾടെ സൗന്ദര്യമോ ദീനാനുകമ്പയോ അറിവോ അവൾക്കുണ്ടോ? ഞാനെന്തിന് അവൾക്ക് റിക്വസ്റ്റ് അയക്കണം… എനിക്ക് റിക്വസ്റ്റ് അയക്കാൻ എന്റെ ദേവു മോളില്ലേ തൊട്ടടുത്ത്.. പറയൂ മോളേ പറയൂ. ..

അതു കേട്ട് ദേവു ഒന്ന് അയഞ്ഞു. അവൾ പറഞ്ഞു:ആ.. ശരി. അബദ്ധത്തിൽ സംഭവിച്ചതാണെങ്കിൽ ഓക്കെ.. പക്ഷേ ഒരു കാര്യം.

എന്താ ദേവൂ ..

ചേട്ടൻ്റെ FB അക്കൗണ്ട് ഡീ ആക്ടീവേറ്റ് ചെയ്യണം..

പ്രകാശൻ്റെ ചങ്ക് തകർന്നു.

അയ്യയ്യോ.. ചങ്കിക്കൊള്ളണ വർത്തമാനങ്ങൾ പറയല്ലേ.. എനിക്ക് ഒരവസരം കൂടെ താ.. ഇനി എന്റെ കൈയിൽ നിന്ന് ഇങ്ങനെ വല്ല അബദ്ധവും സംഭവിച്ചാൽ അപ്പോ ഡീആക്ടീവേറ്റ് ചെയ്തേക്കാം…

ഉറപ്പാണേ..

ഉറപ്പ്..

*******************

ദേവു കരച്ചിലോട് കരച്ചിൽ.

ലത അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു: കരയാതെ.. കരഞ്ഞിട്ട് എന്ത് കിട്ടാനാ..?

ആശ്വാസം കിട്ടും. ദേവു പറഞ്ഞു.

നീ കാര്യം പറ

പ്രകാശേട്ടൻ ഇപ്പോ എപ്പോഴും ഫോണിലാ .. എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല.. എപ്പോഴും പോസ്റ്റിംഗും കമൻ്റിംഗും ചാറ്റിങ്ങും…

നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ കന്നിനെ കയം കാണിക്കരുതെന്ന് .. സോഷ്യൽ മീഡിയ ഒരു തുറന്ന മാർക്കറ്റാണ്, അവിടെ എന്തും വില്ക്കാം, എന്തും വാങ്ങാം.. നഷ്ടപ്പെടും മുമ്പ് നീ അവനെ തിരിച്ചുപിടിക്ക് ദേവൂ ..

എങ്ങനെ? ദേവു ചോദിച്ചു.

അതെനിക്കറിയില്ല.. ലത കൈ മലർത്തി.

*****************

പുതിയ ഒരു കവിത പോസ്റ്റ് ചെയ്തതിന് ശേഷം കക്കൂസിൽ പോയിട്ട് വന്ന പ്രകാശന് തൻ്റെ ഫോൺ കാണാൻ കഴിഞ്ഞില്ല. അയാളവിടമാകെ തിരഞ്ഞു.കിട്ടിയില്ല.

പ്രകാശൻ നിലവിളിച്ചു. ഭ്രാന്ത് പിടിച്ച് ഓടി നടന്നു. ഇല്ല. ഫോൺ കിട്ടിയില്ല.

ദേവു അവനെ ആശ്വസിപ്പിച്ചു.ഒപ്പം ഇരുന്നു. അവൾ പറഞ്ഞു: ഫോൺ ആരോ മോഷ്ടിച്ചതായിരിക്കും..പ്രകാശേട്ടൻ വരാന്തയിലല്ലേ അത് വച്ചിരുന്നത് .. അപ്പോൾ ഇവിടെ രണ്ട് പിച്ചക്കാർ വന്നിരുന്നു.. അവർ കൊണ്ട് പോയതായിരിക്കും..

എൻ്റെ ഫോൺ.. എൻ്റെ f b… എൻ്റെ വാട്സ് ആപ്പ്…പ്രകാശൻ ഓരോന്ന് പറഞ്ഞ് വിതുമ്പി.

സംഭവബഹുലങ്ങളായി ദിവസങ്ങൾ കഴിഞ്ഞു പോയി. ഫോൺ നഷ്ടമായതോടെ ഒരു ഭ്രാന്തനെപ്പോലെ പ്രകാശൻ ഉഴറി നടന്നു. ദേവു സ്നേഹത്തോടെ പരിചരിച്ചതുകൊണ്ട് മാത്രം ,സോഷ്യൽ മീഡിയയോടുള്ള അഡിക്ഷനിൽ നിന്ന് പ്രകാശൻ മോചിതനായി.

ഒരു രാത്രി ഭാര്യയോടൊപ്പമുള്ള സുഖനിമിഷങ്ങൾക്കൊടുവിൽ പ്രകാശൻ ദേവുവിനോട് പറഞ്ഞു: എനിക്ക് FB വേണ്ട. നീ മതി..

അതെ സാങ്കല്പികലോകത്തെ ദൃശ്യഭംഗികളിലല്ല ജീവിതമിരിക്കുന്നത്… അതിവിടെയാണ്.. തൊട്ടരികത്ത്…

Leave a Reply

Your email address will not be published.