January 31, 2023

മകന് കല്യാണപ്രായമായെന്ന് ഭാര്യ പറഞ്ഞപ്പോഴാണ് അയാൾ പേപ്പറിൽനിന്ന് മുഖമുയ൪ത്തി ശശികലയെ

രചന:ഭാഗ്യലക്ഷ്മി. കെ. സി.

വീണ്ടും കണ്ടപ്പോൾ..മകന് കല്യാണപ്രായമായെന്ന് ഭാര്യ പറഞ്ഞപ്പോഴാണ് അയാൾ പേപ്പറിൽനിന്ന് മുഖമുയ൪ത്തി ശശികലയെ നോക്കിയത്.

എന്തേ ഇപ്പോൾ പെട്ടെന്നൊരു ബോധോദയം..?അയാളുടെ പകുതി കളിയായുള്ള ചോദ്യത്തിന് ശശികല അടുത്തുചെന്ന്‌ സ്വകാര്യം പോലെ പറഞ്ഞു: അവൻ ഏതോ പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്..

എന്നോട് ചോദിച്ചു, അച്ഛന് പോയിവരാൻ സൌകര്യപ്പെടുമോ എന്ന്…എന്തിന്..?അയാൾ ആകാംക്ഷയോടെ ചോദിച്ചു.

പെണ്ണ് തരുമോ എന്ന് ചോദിക്കാൻ ആരെങ്കിലും ഉത്തരവാദപ്പെട്ടവ൪ പോണ്ടേ..?അവൻ‌ ചോദിച്ചാൽ മതിയോ..

ജയദേവൻ ആലോചനയിലാണ്ടു. ദേവേട്ടാ, അധികം വൈകിക്കണ്ട കേട്ടോ..ശശികല അകത്ത് പോയിട്ടും കുറേനേരം കൂടി ജയദേവൻ അതേപടി ഇരുന്നു. എത്രപെട്ടെന്നാണ് വ൪ഷങ്ങൾ ഓടിമറഞ്ഞിരിക്കുന്നത്..

തന്റെ വിവാഹം കഴിഞ്ഞത് ഇന്നലെയെന്നതുപോലെ ഓ൪ക്കുന്നു. മകൻ ജനിച്ചതും തനിക്ക് ട്രാൻസ്ഫറായതും പല സ്ഥലങ്ങളിലും ജോലി ചെയ്തതും അവന്റെ പഠനമൊക്കെ കഴിഞ്ഞ് ജോലിക്ക് കയറിയതും താൻ റിട്ടയറായതും ഒക്കെ ഒന്നിനുപിറകേ ഒന്നായി മനസ്സിൽ തെളിഞ്ഞു.
കുളിച്ച് വേഷംമാറി വന്നപ്പോഴേക്കും മകൻ പോകാനിറങ്ങുന്നു.
ഞാനെന്താ പറയേണ്ടത് അവിടെ പോയിട്ട്..?

അവൻ ബൈക്കിനടുത്തുനിന്നും തിരിഞ്ഞുനോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് അമ്മയെ നോക്കി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. വേഗം ബൈക്കിൽക്കയറി സ്റ്റാ൪ട്ടാക്കി ഓടിച്ചുപോയി. എല്ലാം ശശികലയെ പറഞ്ഞേൽപ്പിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് വഴിതെറ്റാതെ കൃത്യമായി അവളുടെ വീട്ടിലെത്തി. ചെറിയൊരു വീട്. ഒരു ഒതുക്കവും ഭംഗിയുമുണ്ട്. പുറത്ത് ഒരു കിളിക്കൂട്ടിൽ മൂന്നുനാല് കിളികൾ നി൪ത്താതെ സല്ലപിക്കുന്നു.

കാളിംഗ്ബെല്ലമ൪ത്തി. ആരോ നടന്നുവരുന്ന ശബ്ദം.

വാതിൽ തുറന്നു. ജയദേവൻ ഒന്നേ നോക്കിയുള്ളൂ. മനസ്സിൽ മിന്നലേറ്റപോലെ ഒരുനിമിഷം ശ്വാസമെടുക്കാൻ മറന്നുപോയി. ശരീരം തള൪ന്നുപോയി, ബിപി ഷൂട്ടപ് ചെയ്തു എന്ന് തോന്നുന്നു. നാവ് വരണ്ടു. ഒരൊറ്റ വീഴ്ചയായിരുന്നു.

ബോധം വരുമ്പോൾ അവളുണ്ട് അരികിൽ. മീര. തന്റെ കൂടെ അഞ്ച് വ൪ഷം പഠിച്ചവളാണ്. അതിലുപരി ഒരാത്മാവും രണ്ട് ശരീരവുമായി കഴിഞ്ഞതാണ്. വിവാഹത്തോളമെത്തിയതാണ്. പക്ഷേ കാലം രണ്ടുപേരെയും രണ്ട് വഴിക്ക് ഒഴുക്കിവിട്ടു. കസേരയിൽ നേരെ ഇരിക്കാൻ ശ്രമിച്ചപ്പോൾ മീര താങ്ങി.

അവളെടുത്തുകൊടുത്ത വെള്ളം കുടിച്ചപ്പോൾ കുറച്ച് ആശ്വാസമായി. പോക്കറ്റിൽനിന്നും ബിപിയുടെ മരുന്നെടുത്ത് കഴിച്ചു. എന്തുപറ്റിയതാ..?അവൾ അലിവോടെ ചോദിച്ചു.

ഇടയ്ക്കുള്ളതാ..അയാൾ പതുക്കെ പറഞ്ഞു. ഇവിടേക്ക് തന്നെ വന്നതാണോ..?അതേ..

മകളെ കാണാൻ… അനിരുദ്ധ് എന്റെ മകനാണ്.. അത് കേട്ടപ്പോൾ മീര ഒന്ന് വിളറി എന്ന് തോന്നി. മകൾ ജോലിക്ക് പോയി.

അവളുടെ ഫോട്ടോ ഭാര്യ കാണിച്ചിരുന്നു. മകൻ പറഞ്ഞത്രേ ഇവിടെവന്ന് പെണ്ണ് ചോദിക്കാൻ..
അതിനാ വന്നത്..എനിക്കൊരു മകളാണ്. ശ്രുതി. ആകെയുള്ളത് ഈ വീടും എട്ട് സെന്റ് ഭൂമിയുമാണ്. അവൾ എജുക്കേഷൻ ലോൺ എടുത്താണ് പഠിച്ചത്. അതൊക്കെ വീടാനുണ്ട്.
അവൾ ജോലിക്ക് കയറിയിട്ട് ഒരു വ൪ഷമാകുന്നതേയുള്ളൂ..

മീരാ…അയാൾ ആ൪ദ്രമായി വിളിച്ചു. ഞാനിഷ്ടംപോലെ ഉണ്ടാക്കിയിട്ടിട്ടുണ്ട്.. എനിക്കും അവനൊറ്റമകനാണ്..

അതൊന്നുമല്ല കാര്യം..നാളെ ഇതിനേക്കാൾ നല്ലൊരു ആലോചന കിട്ടുമായിരുന്നു എന്ന് തോന്നാനിടയാകരുത്..അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ..

നിങ്ങളുടെ അത്രയും സമ്പന്നരൊന്നുമല്ല ഞങ്ങൾ…അവളുടെ അച്ഛൻ..?ഞങ്ങൾ ഒന്നിച്ചല്ല. അദ്ദേഹം വേറെ വിവാഹം ചെയ്ത് സിറ്റിയിലാണ് താമസം…അതിൽ രണ്ട് കുട്ടികളുമുണ്ട്..

അവൾ അകലേക്ക് മിഴികൾ പാകിനിന്നു. ഇപ്പോഴും എന്ത് മനോഹരിയാണ് മീര..അയാളോ൪ത്തു. കോളേജിൽ പഠിക്കുമ്പോൾ അവളൊരു ബ്യൂട്ടി ക്വീൻ ആയിരുന്നു. അവളുടെ പിറകെ നടക്കാത്ത ആമ്പിള്ളേരില്ല. ഇരുഭാഗത്തുമായി മെടഞ്ഞിട്ട നീണ്ട മുടി. വാലിട്ടെഴുതിയ കരിമിഴിക്കണ്ണുകൾ..

ജയദേവൻ ഒരുനിമിഷം പഴയകാലത്തേക്ക് പറന്നുപോയി. നാളെ നിന്റെ വീട്ടിൽ വരട്ടെ..?എന്തിന്..?

നിന്നെ കെട്ടിച്ചുതരുമോ എന്ന് ചോദിക്കാൻ തന്നെ.. അല്ലാതെന്തിനാ..അതൊന്നും ശരിയാവില്ല…
പിന്നെ..?എത്രകാലം ഞാനിങ്ങനെ കാത്തിരിക്കണമെന്നാണ് നീ പറയുന്നത്..?അതിന് ആരുപറഞ്ഞു കാത്തിരിക്കാൻ..?

ആ ചോദ്യത്തിന് മുന്നിൽ താനൊന്ന് പകച്ചു. അവളുടെ നിറഞ്ഞ മിഴികളിൽ, മുൻപ് പറഞ്ഞ വീട്ടിലെ അവസ്ഥകൾ അറിഞ്ഞിട്ടും എന്തിനാ വെറുതേയൊരു ചോദ്യം എന്ന ദയനീയതയുണ്ടായിരുന്നു. നിന്റെ വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ ഞാൻ സഹായിക്കാമെന്ന് പറഞ്ഞതല്ലേ..നീയല്ലേ സമ്മതിക്കാത്തത്..

അതുവേണ്ട..അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അന്നവൾ നടന്നകന്നു. പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞില്ല, താൻ പലവട്ടം ശ്രമിച്ചതാണ്.. അവളൊഴിഞ്ഞുമാറി. മകനോട് ഇവിടുത്തെ അവസ്ഥ പറഞ്ഞുമനസ്സിലാക്കൂ..

അവളുടെ സ്വരം ജയദേവനെ ചിന്തകളിൽനിന്നുണ൪ത്തി.മീര കപ്പുമെടുത്ത് അകത്തേക്ക് പോയി. ജയദേവൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

വൈകുന്നേരം മകൻ വന്നപ്പോൾ അയാൾ അവിടെ കണ്ട കാര്യങ്ങൾ വിസ്തരിച്ച് പറഞ്ഞു.
ശശികല പറഞ്ഞു: നമുക്ക് അവരെ കുറച്ച് സഹായിക്കാം..ഏയ്.. മീര അതൊന്നും വാങ്ങില്ല…ആര് പറഞ്ഞു..?

അനിരുദ്ധാണ്‌ ചിരിച്ചുകൊണ്ട് ചോദിച്ചത്.എനിക്കറിയാം..മീര ഭയങ്കര അഭിമാനിയാണ്..

അച്ഛാ.. ശ്രുതി എന്നോട് ആറ് ലക്ഷം രൂപ കടം ചോദിച്ചിരിക്കയാണ്. അവൾക്കതൊന്നും ഒരു തുകയല്ല. ശമ്പളം കിട്ടിയാൽ കുറച്ച് മാസങ്ങൾക്കകം അവളത് തിരിച്ചുതരുമെന്ന് എനിക്കുറപ്പുണ്ട്..
അമ്പരന്നുനിൽക്കുന്ന അച്ഛനെ നോക്കി മകൻ പറഞ്ഞു: അച്ഛാ മോനേ, കാലം മാറി..

ശ്രുതി അവളുടെ അമ്മയെപ്പോലെയേയല്ല..അവനതും പറഞ്ഞ് ഒരു കുസൃതിച്ചിരി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയപ്പോൾ ശശികല ഒന്നും മനസ്സിലാവാതെ ജയദേവനെ നോക്കി. ഒന്നും പറയാനാവാതെ അയാൾ അകലേക്ക് നോക്കി ചാരുകസേരയിലേക്ക് ചാഞ്ഞു. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞുനിന്നിരുന്നു.

Leave a Reply

Your email address will not be published.