January 31, 2023

“അച്ഛാ.. അമ്മ വരണ്ട സ്കൂളിൽ മീറ്റിംഗിന്.. അമ്മക്ക് എല്ലാവരെയും സംശയം ആണ് ആരോട് എങ്ങനെ സംസാരിക്കണം എന്ന് പോലും

ശലഭജന്മം

രചന: ലൈന മാർട്ടിൻ

“അച്ഛാ.. അമ്മ വരണ്ട സ്കൂളിൽ മീറ്റിംഗിന്.. അമ്മക്ക് എല്ലാവരെയും സംശയം ആണ്.. ആരോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അമ്മക്ക് അറീല. അച്ഛൻ വന്നാൽ മതി ”
എട്ടാം ക്ലാസുകാരി മകൾ ഹൃദ്യ തന്റെ കുറ്റങ്ങൾ അവളുടെ അച്ഛനോട് പറയുന്നത് കേട്ട് കണ്ണിലൂറിവന്ന നീർക്കണങ്ങൾ തുടച്ചു കൊണ്ട് ആരതി അച്ഛനും മകൾക്കുമുള്ള ലഞ്ച് ടിഫിൻ ബോക്സിൽ നിറച്ചു..

അല്ലെങ്കിലും ആദ്യമായല്ലലോ തന്റെ മകൾ തന്നെ താഴ്ത്തി സംസാരിക്കുന്നത് എന്ന് അവളോർത്തു..
അവളുടെ ചില മോശം കൂട്ടുകാരുമായുള്ള സൗഹൃദം ഒഴിവാക്കണം എന്നുള്ള തന്റെ ഉപദേശം കൂടി ആയപ്പോൾ അവൾ കൂടുതൽ തന്നിൽ നിന്ന് അകന്നു പോയി…

അമ്മയായ തന്നെ കുറിച്ച് മകൾ എന്ത് പറഞ്ഞാലും ഒരു വാക്ക് കൊണ്ട് പോലും തടുക്കാത്ത ഒരു അച്ഛൻ ആണ് തന്റെ മകൾക്ക് ഉള്ളതെന്ന് ഓർത്തപ്പോൾ ആരതിയുടെ ചുണ്ടുകളിൽ അവളറിയാതെ ഒരു പരിഹാസ ചിരി വിടർന്നു…

മകൾ എന്ത് പറഞ്ഞാലും അവളെ സപ്പോർട്ട് ചെയ്തു അവൾ ആവശ്യപ്പെടുന്നതിലും കൂടുതൽ ആഡംബര വസ്തുക്കൾ മേടിച്ചു നൽകി അവളെ വഷളാക്കുകയാണ് ഹരി ചെയ്യുന്നത്‌..
താൻ എന്തെങ്കിലും പറഞ്ഞു പോയാൽ ഇതൊന്നും കാണാതെ ഓണം കേറാമൂലയിൽ ജനിച്ചു വളർന്നവൾ ആയത് കൊണ്ടെന്നു പറഞ്ഞു പരിഹസിക്കും….

ഹരിയും ഹൃദ്യയും കാറിലേക്ക് കയറുന്നതു നോക്കി ആരതി വാതിൽക്കൽ നിന്നു…
ഒരിക്കലെങ്കിലും അവർ തന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ.. ചിരിച്ചു കൊണ്ട് ഒരു വാക്കെങ്കിലും തന്നോട് പറഞ്ഞിരുന്നെങ്കിലെന്ന് അവൾ അതിയായി ആഗ്രഹിച്ചു..വണ്ടി ഗേറ്റ് കടന്ന് പോകുന്നത് വരെ അവളാ നിൽപ്പ് തുടർന്നുവെങ്കിലും ഒരു വട്ടം പോലും അവർ അവളെയൊന്നു നോക്കുക കൂടിയുണ്ടായില്ല,

ആരതി എന്നത്തേയും പോലെ നിരാശയായി പിന്തിരിഞ്ഞു…ആ വലിയ വീട്ടിൽ അവൾക്കു ചുറ്റുമൊരു ശൂന്യത നിറഞ്ഞു..

ഇനിയൊന്നും ചെയ്യാനില്ലാത്ത പോലെ അവളുടെ കണ്ണുകളാ വീടിനുള്ളിൽ പരതി നടന്നു..
ഒന്ന് മിണ്ടാൻ ഒരു വാക്ക് പറയാൻ ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിലെന്നു അവൾ ആഗ്രഹിച്ചു… അതൊരു ആഗ്രഹം മാത്രമായി എന്നത്തേയും പോലെ അവസാനിക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ വീണ്ടും വീണ്ടും….

അമ്മാവനും കുടുംബത്തിനും ഒപ്പം ഒരു വേലക്കാരിയെ പോലെയെങ്കിലും തന്റെ ഗ്രാമത്തിൽ ജീവിച്ച ബാല്യവും കൗമാരവും അവളുടെ ഓർമകളിൽ നിറഞ്ഞു….
അമ്മക്കു പറ്റിയ ഒരു തെറ്റായിരുന്നത്ര താൻ..

നാട്ടിൽ പണിക്ക് വന്ന ഒരു ആളുമായി അമ്മ പ്രണയത്തിലായ്…
അമ്മയുടെ ഉദരത്തിൽ തന്നെയും സമ്മാനിച്ചു അമ്മ പ്രണയിച്ച ആള് നാട് വിട്ടു പോയി…
അറിഞ്ഞപ്പോഴേക്കും ഏറെ വൈകിയത് കൊണ്ടാകും അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ നശിപ്പിച്ചു കളയാൻ അമ്മാവന്മാർക്ക് കഴിഞ്ഞില്ല..

തന്നെ പ്രസവിച്ചു ഒരു വർഷം തികയും മുൻപേ അമ്മായിയുടെ അകന്ന ബന്ധത്തിൽ ഉള്ള ഒരാളുമായി അമ്മയുടെ വിവാഹം നടത്തി വിട്ടു…

അമ്മക്കും തന്നോട് വെറുപ്പായിരുന്നിരിക്കണം.. അല്ലെങ്കിൽ നിസ്സഹായത…
വീട്ടു ജോലിക്ക് വന്നിരുന്ന ജാനമ്മ ചേച്ചി ആയിരുന്നു തന്നെ വളർത്തിയത് എന്ന് ചേച്ചി എപ്പോഴും പറയും….

താൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം ജാനമ്മ ചേച്ചിയെ അമ്മായി പറഞ്ഞു വിട്ടു..
ആ വീട്ടിലെ ജോലി ചെയ്യാൻ ഒരു വേലക്കാരി മതിയത്രേ…

” ഇനി ആരതി സ്കൂളിൽ പോകണ്ട വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കിയാൽമതിയെന്ന്” അമ്മായി പറഞ്ഞപ്പോഴാണ് മനസിലായത്‌ അമ്മായി പറഞ്ഞ വേലക്കാരി ഞാൻ ആണെന്നു.. അതോടു കൂടി വീട്ടിലെ സകല ജോലികളും തന്റെ തലയിലായി..

അമ്മാവന്റെ സുഹൃത്തിന്റെ മകൻ ആയിരുന്നു ഹരി..
‘പൊന്നും പണവുമൊന്നും വേണ്ടാ ആരതിയെ മതിയെന്ന്’ ഹരി പറഞ്ഞപ്പോ മറ്റൊന്നും ചിന്തിക്കാതെ ഒരു ഭാരമൊഴിക്കാൻ എന്ന പോലെ വിവാഹം നടത്തി ഈ പട്ടണത്തിലേക്കു വിട്ടു…
ഇത്രയും വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഒക്കെയുള്ള ഹരിക്ക് തന്നെ മതിയെന്ന് തീരുമാനം എടുത്തതിനുള്ള കാരണം അന്നൊന്നും തനിക്ക് അറീലായിരുന്നു…

ഇപ്പോൾ അറിയാം…ഹരിയുടെ ജീവിതരീതികൾ, പൊതുയിടത്തിലായാലും ബെഡ്‌റൂമിൽ ആയാലും ഉള്ള സ്വഭാവ രീതികൾ വിദ്യാഭ്യാസവും ജോലിയുമുള്ള ഒരു പെണ്ണും സഹകരിച്ചു പോകില്ല..
അനാഥയായ വിദ്യാഭ്യാസവും ജോലിയും ഒന്നുമില്ലാത്ത തനിക്ക് എല്ലാം സഹിക്കുക അല്ലാതെ മറ്റെന്തു വഴി…..

എല്ലാറ്റിനും ഉപരിയായ് തന്റെ മകൾ… അവൾ മാത്രമായ് ലോകം…. എന്നാൽ അവൾക്കും താൻ ഒന്നിനും കഴിവില്ലാത്ത അമ്മയായ് മാറുകയാണ് എന്ന് ആരതി നിസ്സഹായതയോടെ ഓർത്തു….

തന്റെ മുന്നിലിരിക്കുന്ന ഫിഷ് ടാങ്കിലേക്ക് ആരതിയുടെ കണ്ണുകൾ നീണ്ടു… അതിന്റെ മുകളിലായ് ഒരു ചിത്ര ശലഭം… കറുത്ത ചിറകുകളിൽ സ്വർണ തരികൾ പറ്റിപ്പിടിച്ചത് പോലെ കുഞ്ഞുപൊട്ടുകൾ… ആ ശലഭം തന്നെ നോക്കുന്നതായി അവൾക്ക് തോന്നി… തന്നോട് എന്തോ പറയാൻ ഉള്ളത് പോലെ…..!!!

പെട്ടന്ന് കാളിങ് ബെൽ അടിച്ചു, വാതിൽ തുറന്ന ആരതി തനിക്ക് മുൻപിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി…

എവിടെയോ കണ്ടു മറന്ന ആ മുഖം… അവൾ ഓർമയിൽ പരതി… വെളുത്തു മെലിഞ്ഞു നെറ്റിയിലേക്ക് വീണു കിടക്കുന്ന കോലൻ മുടിയുമായി ഒരു പരിചിത മുഖം… പക്ഷെ എവിടെ??
“നീയെന്താടി ആതി ആദ്യമായ് കാണുന്ന പോലെ നോക്കുന്നെ?”
സ്വാതന്ത്ര്യത്തോടെ തന്നെ ഏറ്റവും അടുത്തവർ മാത്രം വിളിക്കുന്ന പേരും വിളിച്ചു കൊണ്ട് അവൻ ഹാളിലേക്ക് കയറുന്നതു അവൾ നോക്കി നിന്നു..

“ആരാണ് മനസിലായില്ല “?കുറച്ചൊരു സങ്കോചത്തോടെ അവൾ ചോദിച്ചു..
“നിനക്കെന്നെ മനസിലായില്ല എന്നോ…. അത് വെറുതെ….”

മുൻപിൽ നിൽക്കുന്നയാൾ തനിക്ക് അപരിചിതനല്ല എന്നവൾക്ക് അറിയാം
ഒരുപാട് അടുത്തിടപഴകിയ ഒരു ആത്മ ബന്ധം അവളിൽ ഉണർന്നു….പക്ഷെ ആര്???
“എടി ഇത് ഞാനാ മഹി… കഷ്ടം തന്നെയാ കേട്ടോ നിന്റെ കാര്യം.. ഫാമിലി ലൈഫ് ഒക്കെ ആയപ്പോ നീ ഈ പാവം കളിക്കൂട്ടുകാരനെ മറന്നു ല്ലേ…”

ഓർമകളിൽ എവിടെയോ അവ്യകതമായി നിന്ന ആ രൂപത്തിന് നിറം വയ്ക്കുന്നത് അവളറിഞ്ഞു…
ബാല്യത്തിലെന്നും കൈപിടിച്ച് കൂടെ നടന്നവൻ.. കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളും വ്യാകുലതകളും പങ്കിട്ടെടുത്ത നിറമുള്ള സൗഹൃദം…

ചിത്രം വരയ്ക്കാനുള്ള തന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ച ഒരേ ഒരാൾ… ഒരിക്കൽ താൻ വരച്ച ചിത്രങ്ങൾ എല്ലാമെടുത്തു കത്തിച്ചു കളഞ്ഞ ശേഷം ഇനി വരയ്ക്കാൻ പാടില്ല എന്ന് പറഞ്ഞു അമ്മായി കൈ വെള്ള അടിച്ചു പൊട്ടിച്ചപ്പോ മുറിവിൽ കമ്മ്യൂണിസ്റ്റ് പച്ച പൊട്ടിച്ചു നീരിറ്റിച്ചു ആശ്വസിപ്പിച്ചവൻ…

അദ്ധ്യാപകൻ ആയിരുന്ന മഹിയുടെ അച്ഛന് ദൂരേക്ക് ട്രാൻസ്ഫർ ആയപ്പോൾ അവൻ പോകുന്ന വണ്ടി നോക്കി വിങ്ങുന്ന മനസുമായി നിന്ന ആ പതിമൂന്ന് വയസുകാരിയിൽ നിന്ന് താനേറെ ദൂരമൊന്നും മുൻപോട്ടു പോയിട്ടില്ല എന്നവൾ തികഞ്ഞ ജാള്യതയോടെ ഓർത്തു…

അന്നുമിന്നും മറ്റൊരാളുടെ ആശ്രയത്തിൽ ഒരു വ്യക്തിത്വവുമില്ലാതെ ജീവിക്കുന്നു..
എന്നാലും മഹിയെ മറന്നു പോയതോർത്തു അവൾക്ക് ഒരേ സമയം സങ്കടവും അത്ഭുതവും തോന്നി.. തന്നെ അവൻ മറന്നില്ലാ എന്നുള്ളതിൽ അതിയായ ആഹ്ലാദവും…

“എന്നാലും നീയിതെങ്ങനെ ഇവിടെ?”എങ്ങനെ കണ്ടുപിടിച്ചു വീട്? “ഒരു വീട് കണ്ടുപിടിക്കാനാണോ പാട്?

ആരതിയുടെ ചോദ്യത്തിന് നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി പതിയെ കൈ കൊണ്ടൊതുക്കി നിസാരമട്ടിൽ ചിരിച്ചു കൊണ്ടവൻ മറുപടി പറഞ്ഞു…
“നീയെന്താ ഇപ്പോഴും ഇങ്ങനെ അമ്പരന്ന് നിൽക്കുന്നെ..? പറയ് എന്തൊക്കെയുണ്ട് നിന്റെ വിശേഷങ്ങൾ?

ഞാൻ നിന്നെ കാണാനും നിന്നോട് സംസാരിക്കാനും വേണ്ടി മാത്രം വന്നതാ… പറയ്..”
ആരോടെങ്കിലുമൊന്ന് മിണ്ടാൻ കൊതിച്ചു നിന്ന ആരതിക്ക് മുൻപിൽ ബാല്യകാലത്തിലെന്നോ നഷ്ടമായ ആശ്രയം പോലെ പെട്ടന്നവൻ കയറിവന്നപ്പോൾ ഒറ്റപ്പെടലിന്റെ തുരുത്തിൽ അകപ്പെട്ട അവൾക്ക്‌ അതൊരു വേനൽ മഴയായ് മാറി..അവൾ സംസാരിച്ചു…

അവളെക്കുറിച്ച്… തന്റെ മകളുടെയും ഭർത്താവിന്റെയും വിശേഷങ്ങൾ… സ്വപ്നങ്ങൾ….
അങ്ങനെയങ്ങനെ… ഒരുപാട് നാളുകൾക്കു ശേഷം തന്നെ കേൾക്കാൻ ഒരാളെ കിട്ടിയ ആവേശത്തിൽ അവൾ സംസാരിച്ചു കൊണ്ടേയിരുന്നു…. നിറഞ്ഞ മനസോടെ മഹി അവളെ കേട്ടിരുന്നു.. അവളുടെ വാക്കുകളിലെ ഒറ്റപ്പെടലിന്റെ ആഴം അവൻ തൊട്ടറിഞ്ഞു…

സമയം പോയതറിഞ്ഞില്ല.. നിനക്ക് ഞാൻ കുടിക്കാൻ പോലും ഒന്നും തന്നില്ലല്ലോ.. ചായ എടുക്കട്ടെ?
ഇല്ലടി ഞാൻ ഇറങ്ങുവാ… ഞാൻ ഇവിടെ അടുത്ത് തന്നെയാ വർക്ക്‌ ചെയ്യുന്നേ.. നാളെ വരാം..
നീ വിഷമിക്കണ്ട… നിനക്ക് എത്ര വേണമെങ്കിലും മിണ്ടാൻ.. വഴക്കിടാൻ… ഒക്കെ അന്നുണ്ടായിരുന്നത് പോലെ ഇനിയെന്നും ഞാൻ നിന്റെ കൂടെ ഉണ്ടാകും “ആ ഒരു വാക്ക് മാത്രമേ നിനക്ക് തരാൻ എനിക്കുള്ളൂ..

അവന്റെ പെട്ടെന്നുള്ള യാത്ര പറച്ചിലിൽ എന്തോ നഷ്ടമായ പോലെ നിൽക്കുന്ന ആരതിയെ നോക്കി പറഞ്ഞു കൊണ്ടവൻ പുറത്തേക്ക് നടന്നു..

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് മഹിയെ കുറിച്ചും അവൻ വന്നതുമൊക്കെ ഹരിയോടും മകളോടും ആരതി ഒരുപാട് സന്തോഷത്തോടെ പറഞ്ഞത്.. പക്ഷെ രണ്ടുപേരിൽ നിന്നും പ്രേത്യേകിച്ചു ഒരു പ്രതികരണവും ഉണ്ടായില്ല… തന്റെ സങ്കടം അവരെ ബാധിക്കാത്തത് പോലെ തന്നെ സന്തോഷവും അവരെ ബാധിക്കുന്നില്ല എന്ന് അവൾ നിസാഹയതയോടെ ഓർത്തു…

പിറ്റേന്ന് അവൻ വരുന്നതും നോക്കി അവൾ ക്ലോക്ക്ലേക്ക് കണ്ണും നട്ടിരിപ്പ് ആയിരുന്നു…
അപ്പോഴും ഫിഷ് ടാങ്ക്ന് മുകളിലിരുന്നു കൊണ്ട് ആ ചിത്ര ശലഭം തന്നെ നോക്കുന്നതവൾ കണ്ടു.. അതിനെ പുറത്തേക്ക് പറത്തി വിടാനായി കൈകൾ കൊണ്ടടുത്തേക്ക് ചെല്ലവേ പെട്ടെന്ന് കാളിങ് ബെല്ലടിക്കുന്നത് കേട്ടവൾ വാതിൽ തുറന്നു .. മഹിയുടെ ചിരിച്ച മുഖം!!!
അവളിൽ ആഹ്ലാദം നിറച്ചു..

അവൾക്കൊപ്പം.. അവളുടെ ആഹ്ലാദങ്ങൾക്കും സന്തോഷങ്ങൾക്കുമൊപ്പം അവൻ കൂട്ടിരുന്നു… തുടർന്നുള്ള ദിവസങ്ങളിൽ അവന്റെ സാന്നിധ്യം അവളിൽ ഒറ്റപ്പെടൽ പൂർണമായും ഇല്ലാതെയാക്കി… അവളെ കേൾക്കാൻ മനസിലാക്കാൻ കൂട്ടായി കൂടെ ഉണ്ടായിരുന്ന അവന്റെ സൗഹൃദം അവളിൽ പുതിയൊരു ഉണർവ് നിറച്ചു…
“നീ ഇപ്പോൾ വരയ്ക്കാറില്ലേ?”

പെട്ടന്നുള്ള അവന്റെ ചോദ്യത്തിന് മുൻപിൽ അവളൊന്ന് പതറി..അങ്ങനെ ഒരു കഴിവ് തനിക്ക് ഉണ്ടായിരുന്നു എന്നവൾ ഓർക്കുന്നത് പോലും അവനെ വീണ്ടും കണ്ടതിനു ശേഷം ആണ്…

നീ വീണ്ടും വരച്ചു തുടങ്ങണം.. ആദ്യം വരക്കുന്നത് എന്റെ ചിത്രം തന്നെയാകട്ടെ…
നാളെ ഞാൻ വരുമ്പോഴേക്കും വരച്ചു വയ്ക്കണം കേട്ടോ… ”
മറുപടി എന്നോണം അവൾ ചിരിച്ചു…

“ഇന്നും നീ ഹരിയെയും എന്റെ മകളെയും കാണാൻ നിൽക്കുന്നില്ലേ? പോകാൻ ഇറങ്ങിയ മഹിയോടവൾ ചോദിച്ചു

“കുറച്ച് തിരക്കുണ്ട്.. നീ വിഷമിക്കണ്ട..ഞാൻ വരാമെടി..”ഒരിക്കൽ കൂടി അവളെ നോക്കി ചിരിച്ചു കൊണ്ടവൻ പുറത്തേക്ക് ഇറങ്ങി…വരച്ചു പൂർത്തീകരിച്ച മഹിയുടെ ചിത്രവുമായി അവൾ ഹരിയുടെ മുൻപിൽ എത്തി..അവനെ ചിത്രം കാണിച്ചു…

അവളിൽ അങ്ങനെ ഒരു കഴിവുണ്ടെന്നുള്ളത് അയാൾക്ക് ആദ്യത്തെ അറിവായിരുന്നു…
മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ആരതി മാറിപ്പോയി എന്ന് ഹരി അത്ഭുതത്തോടെ ഓർത്തു.. പതിവിലുമധികം ഊർജസ്വലത, എല്ലാറ്റിനും ഉത്സാഹത്തോടെ ഓടി നടക്കുന്നു..
എപ്പോഴും സംസാരിക്കുന്നു..അവളിലെ സൗന്ദര്യവും കൂടിയത് പോലെ…

അതിനെല്ലാം കാരണമായത് മഹി എന്ന ഈ ചെറുപ്പക്കാരൻ ആണെന്നതിൽ കുറച്ചൊരു അസൂയയോടെ ആരതി വരച്ചു കാണിച്ച ആ ചിത്രത്തിലേക്കു നോക്കി അയാളിരുന്നു ….
മേശപ്പുറത്തേക്ക് ആരതി വച്ച മഹിയുടെ ചിത്രത്തിന് മുകളിലായ് എവിടെ നിന്നോ ഒരു കറുത്ത ശലഭം പറന്ന് വന്നിരുന്നു..

അതിന്റെ മുൻ കൈകൾ കൊണ്ടാ ചിത്രത്തിലെ കണ്ണുകളിൽ പരതി…
പിറ്റേന്ന് ചായ കുടിച്ചു കൊണ്ട് പത്രത്തിലെ വാർത്തകൾ ഓടിച്ചു വിടുന്നതിനിടയിൽ ഹരിയുടെ കണ്ണുകൾ എന്തിലോ ഉടക്കി നിന്നു…

അവിശ്വസനീയതയോടെ ഹരി കണ്ണിമകൾ ചിമ്മി വീണ്ടും ആ ചിത്രത്തിലേക്ക് നോക്കി…
“ആരതി… ഒന്നിങ്ങോട്ട് വന്നേ…. ”

അയാളുടെ വിളി കേട്ട് പുറത്തേക്കു വന്ന അവൾക്ക് നേരെ അയാൾ പത്രം നീട്ടി…
“ഇവിടെ നിന്നെ കാണാൻ വരുന്ന നിന്റെ ബാല്യകാല സുഹൃത്ത് ഇതല്ലേ?”

അയാളുടെ സ്വരത്തിൽ പരിഹാസമോ അവിശ്വസനീയതയോ നിറഞ്ഞിരിക്കുന്നത് അവൾ അറിഞ്ഞു. പത്രം വാങ്ങി നോക്കിയ തന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ…. നിലത്തുറക്കാത്ത കാലുമായി പുറകിലേക്ക് മറിഞ്ഞു വീഴുകയാണോ താൻ…

“ഡോക്ടർ ആരതിക്ക് ഇപ്പോൾ എങ്ങനെയുണ്ട്?”ഹരി ഇരിക്കൂ പറയാം ”

ആരതിക്ക് പ്രേത്യേകിച്ചു മെന്റൽ പ്രോബ്ലമോ ഹെൽത്ത് ഇഷ്യൂ ഒന്നുമില്ല…
ഒറ്റപെടലിൽ നിന്ന് രക്ഷ നേടാൻ അവൾ സങ്കൽപ്പിച്ചു കൂട്ടിയതാകും തന്റെ ബാല്യകാല സുഹൃത്തിനൊപ്പം ചെലവിടുന്നതായുള്ള നിമിഷങ്ങൾ.. അതിൽ അവൾ അതിയായ ആഹ്ലാദവും കണ്ടെത്തി..

ഹാലുസ്നേഷൻ എന്ന ലഘുവായ ഒരു അവസ്ഥ മാത്രം ആണിത്..
പക്ഷെ തന്റെ ആ സുഹൃത്തു രണ്ട് വർഷം മുൻപേ മരിച്ചതാണെന്നുള്ള ആ പത്രത്തിൽ കണ്ട ചരമ വാർഷികത്തിന്റെ ഫോട്ടോ അടങ്ങിയ വാർത്ത അവളിൽ വല്ലാത്തൊരു മാനസിക പാളിച്ചയാണ് സൃഷ്ടിച്ചത്.. അതിൽ നിന്നും അവളെ റിക്കവർ ചെയ്യിക്കാൻ ഹരിയുടെ സ്നേഹവും സാമീപ്യവും കൊണ്ട് മാത്രമേ കഴിയൂ ”

ആരതിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ജീവിതത്തിലേക്ക് കൊണ്ട് വരാൻ ഹരി ശ്രമിച്ചു…
അവൻ പറയുന്നതൊക്കെ കണ്ണിമ ചിമ്മാതെ കേട്ടിരിക്കുമ്പോഴും അവളുടെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു…

“നിന്റെ ആത്മാവിന്റെ സാന്നിധ്യമെങ്കിലും എനിക്കു തരുമോ?ഞാനാ സൗഹൃദം അത്രയേറെ കൊതിക്കുന്നു…”

അവൾക്കുള്ള മറുപടിയെന്നോണം അവളുടെ കൈകളിൽ വന്നിരുന്നു കൊണ്ട് ഒരു ശലഭം തന്റെ മുൻകൈകൾ ഉയർത്തി അവളെ നോക്കിയിരുന്നു…

Leave a Reply

Your email address will not be published.