January 31, 2023

ചുമ്മായിരിക്കുന്ന സമയത്ത് ഓരോന്നൊക്കെ ഓർത്തിരിക്കുമ്പോ ഈർക്കിലോ നൂലോ ഒക്കെ എടുത്ത് കടിച്ചോണ്ടിരിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്

രചന: അബ്രാമിന്റെ പെണ്ണ്

ചുമ്മായിരിക്കുന്ന സമയത്ത് ഓരോന്നൊക്കെ ഓർത്തിരിക്കുമ്പോ ഈർക്കിലോ നൂലോ ഒക്കെ എടുത്ത് കടിച്ചോണ്ടിരിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്.. നേരത്തെ പിന്നിനോടാരുന്നു താല്പര്യം.. പിന്ന് കാരണം രൂപാ അഞ്ഞൂറ് പോയിക്കിട്ടിയപ്പോ പിന്നിനോടുള്ള ഇഷ്ടം തല്ക്കാലം കുറച്ചു.. അതിന് ശേഷമാണ് ഈർക്കിലിലോട്ടും നൂലിലോട്ടുമൊക്കെ തിരിയുന്നത്..

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോഴാണ് ടീ ഷർട്ടിൽ കുത്തിയിരുന്ന പിന്ന് ഒടിഞ്ഞു കിടക്കുന്നത് കാണുന്നത്.. അത് ചുമ്മാ എടുത്തു വായിലിട്ട്… അപ്രത്തെ സൈഡിലും ഇപ്രത്തെ സൈഡിലെ പല്ലിലും മാറിമാറി ഇട്ടൊന്ന് ചവച്ചു നോക്കി..

“ആഹാ,, കൊള്ളാവല്ലോ.. ഈർക്കിലിനെക്കാളും കൊള്ളാം.. ചവ കൊള്ളത്തുമില്ല…
മോളിലെ പല്ലിനും അതിന് നേരെ താഴെയുള്ള അണപ്പല്ലിനും ഇടയിൽ പിന്ന് നേരെ കുത്തി നിർത്തി നോക്കി..പല്ലുകൾ തമ്മിൽ ചേരാൻ സമ്മതിക്കാതെ പിന്ന് ഇങ്ങനെ നിക്കുവാ.. അതേ കോലത്തിൽ പോയി കണ്ണാടി നോക്കിയൊന്നു ചിരിച്ചു..മുഖത്തിന്‌ ഒരു പ്രത്യേക ചന്തം.. ചിരി കാണാൻ എന്താ ചേല്..

കുറെ നേരം അങ്ങനെ തന്നെ നിന്ന്.. പിന്നെ ഇരുന്നു.. ഗ്രൂപ്പിലിടാനുള്ള കഥ കുറെ ടൈപ്പ് ചെയ്തു.. പിന്ന് തുപ്പിക്കളഞ്ഞില്ലല്ലോ എന്ന ബോധം വരുന്നത് അപ്പോളാ..

മുറ്റത്തോട്ടിറങ്ങി തുപ്പാൻ തുടങ്ങിയപ്പോ പിന്ന് വെളീലോട്ട് വരുന്നില്ലെടേ..
ഓടിപ്പോയി കണ്ണാടി നോക്കി.. അണപ്പല്ലിന് നേർക്കുള്ള മുകളിലത്തെ വരിയിലെ പല്ലിന് ചെറിയൊരു കുഴിയുണ്ടാരുന്നു… പിന്ന് അവിടെ കുരുങ്ങിയിരിക്കുവാ..

ബ്രഷ് എടുത്ത് പല്ല് തേച്ചു നോക്കി.. ഈർക്കിൽ വെച്ചും പിന്ന് വെച്ചും സൂചി വെച്ചുമൊക്കെ കുത്തി..ഇറങ്ങി വരുന്നില്ല.. എന്തൊക്കെ ചെയ്തിട്ടും യാതൊരു കുലുക്കവുമില്ലാതെ പിന്ന് അവിടെ തന്നെയിരിക്കുവാ..

സ്കൂളിൽ നിന്ന് വന്ന കൊച്ചുങ്ങളോട് ഇതിനെക്കുറിച്ചൊന്നും പറയാൻ പോയില്ല.. പറഞ്ഞാൽ മൂത്ത കൊച്ചു ചിലപ്പോ അടി തന്നെന്നു വരും..

രണ്ടീസായി പനിയാ.. ഞാൻ തലവഴി മൂടിപ്പൊതച്ചു കിടന്നു..എനിക്ക് പനിയായോണ്ട് കിടക്കുവാണെന്ന് കരുതി സ്കൂളിൽ നിന്ന് വന്നപ്പോഴേ കൊച്ച് ചായയിട്ടു.. ഇത്തിരിയെങ്കിലും ആവതുണ്ടെങ്കിൽ, ഒരു വിരലെങ്കിലും ചലിക്കുമെങ്കിൽ,,ഫോണും അടുത്ത് വെച്ചിട്ട് മൂടിപ്പൊതച്ചു ഞാനിങ്ങനെ കിടക്കത്തില്ലെന്ന് അവർക്കറിയാം.. ചായ കൊണ്ട് വെച്ചിട്ട് അവളെന്നെ വിളിച്ചിട്ടും ഞാനെണീറ്റില്ല… ചായ വായിലൊഴിച്ചാൽ തുറന്നിരിക്കുന്ന വായീ കൂടെ ചായ വെളീൽ പോവത്തില്ലേ..

രാത്രിയോടെ എന്റങ്ങേര് വന്നു.. പനി മാറാനൊള്ള ഗുളിക കൊണ്ട് വന്നു.. കുറവില്ലെങ്കിൽ എണീക്കാൻ പറഞ്ഞു.. തല വഴി മൂടിയിരുന്ന ഷീറ്റെടുത്ത് മാറ്റാൻ അങ്ങേര് തുടങ്ങിയപ്പോ ഞാൻ സമ്മയ്ച്ചില്ല..തല മാത്രം മൂടിയേക്കുന്നത് കണ്ട് ഒടുക്കം അങ്ങേർക്കങ്ങു സംശയമായി..

എന്റെ തലയിൽ പൊതപ്പു മാറ്റാൻ അങ്ങേരും കൊന്നാലും സമ്മയ്ക്കില്ലെന്ന് ഞാനും..ഏകദേശം പത്തു മിനിറ്റോളം നീണ്ട പരാക്രമങ്ങൾക്കൊടുവിൽ അങ്ങേര് എന്റെ മുഖത്തെ ഷീറ്റെടുത്തു മാറ്റി.. ഒറ്റ നോട്ടത്തിൽ പുള്ളിക്ക് കാര്യം പിടികിട്ടീല..

“അമ്മച്ചീടെ വായെന്തുവാ ഇങ്ങനിരിക്കുന്നെ,, വായിലെന്തുവാ കിടക്കുന്നെ.. എനിക്കും വേണം…
അവരാരും കാണാതെ തലവഴി പൊതച്ചു മൂടി ഞാനെന്തോ തിന്നുവാണെന്ന് കരുതി കൊച്ചെർക്കൻ എന്റെ വായിലോട്ടു തലയിട്ട് നോക്കി..ബേക്കറി ഐറ്റംസ് ഒന്നുമല്ല,, പിന്നാണെന്ന് മനസിലായപ്പോ അവന്റെ വെപ്രാളം അങ്ങ് തീർന്നു..

വായിൽ പിന്ന് കുരുങ്ങിയതിനാസ്പദമായ സംഭവം ഞാൻ വിവരിച്ചു..പറഞ്ഞത് മൊത്തോം തിരിഞ്ഞില്ലെങ്കിലും കാര്യങ്ങൾ ഏറെക്കുറെ മൂന്ന് പേർക്കും മനസിലായെന്ന് തോന്നുന്ന്..
എല്ലാം കേട്ടിട്ട് അച്ഛനും മക്കളും എന്റെ മുഖത്തോട്ടങ്ങു നോക്കുവാ.. നമ്മളേതാണ്ട് മഹാ അപരാധം ചെയ്ത പോലെ.. അങ്ങേര് പോയി ചെറിയൊരു കത്രിക എടുത്തോണ്ട് വന്നു.. കൊറേ നേരത്തെ ശ്രമഫലമായി പിന്ന് വലിച്ചൂരിയെടുത്തു..

പൊന്ന് തമ്പുരാനേ,, എന്തൊരാശ്വാസം..ഇന്നലെ രാത്രി ഞാനുറങ്ങുന്ന വരെ ഇങ്ങേരെന്നെ ചീത്ത വിളിച്ചു..

പണ്ടെങ്ങോ ച,ത്തു,പോയ കുടുമ്മക്കാരെപ്പോലും ഇങ്ങേര് വെറുതെ വിട്ടില്ല.. ഇത്രേം ചെലച്ചാലും മനുഷ്യന് തൊണ്ടയ്ക്ക് യാതൊരു കുരുവും വരാത്തത് വല്യ അതിശയവാന്നേ.. കുണുകുണൂന്നങ്ങു പിറുപിറുക്കുവാ.. പറയുന്നത് കേട്ടാൽ ഞാനിങ്ങേരുടെ പല്ലിന്റെടേൽ കൊണ്ട് പിന്ന് കുത്തി നിർത്തിയത് പോലാ..

എന്റെ വായിൽ എന്റെ പല്ലിന്റെടേൽ എന്റെ സ്വന്തം പിന്ന് കുത്തി നിർത്തി വേദനയനുഭവിച്ച എനിക്കില്ലാത്ത കുരുവാ ഇങ്ങേർക്ക്…

ചെലച്ചു ക്ഷീണിച്ച് അങ്ങേരെപ്പോഴോ ഒറങ്ങി.. അതിനും മുന്നേ ഞാനും ഒറങ്ങി..
രാവിലെ എണീറ്റപ്പോളും അങ്ങേര്ടെ മുഖം വീർത്തുകെട്ടിയിരിക്കുന്നു.. ജോലിക്ക് പോകാൻ എറങ്ങി വന്നപ്പോ ഞാൻ പല്ലേച്ചോണ്ട് നിക്കുവാ..

“വല്ല കമ്പിയോ വടിവാളോ എവിടെങ്കിലും കുത്തി നിർത്താൻ പ്ലാനുണ്ടെങ്കി രാവിലെ പറഞ്ഞേക്കണം.. വയ്യിട്ട് നേരത്തെ വരാവല്ലോ..

എന്നെ നോക്കി അവജ്ഞയോടെ ഇങ്ങേര് പറയുന്നെടെ.. ഞാനൊരക്ഷരം തിരിച്ച് ഉരിയാടാൻ പോയില്ല..

രണ്ട് കയ്യും കൂട്ടിയടിച്ചിട്ട് അങ്ങേര്ടെ കയ്യിൽ നിന്ന് അടി വാങ്ങിച്ച് കൂട്ടാൻ എന്റെ പട്ടി ചെല്ലും.. പൂതി മനസിലിരിക്കത്തെയുള്ളൂ..

Leave a Reply

Your email address will not be published.