March 29, 2023

“എന്റെ ഭർത്താവ് എന്നോടൊന്ന് ചിരിക്കണമെങ്കിൽ രാത്രി ആവണം. കാര്യം കഴിയുന്ന വരെ അയാൾ വല്ലാണ്ടങ്ങ് സ്നേഹിക്കും”

രചന: പാത്തു

“എന്റെ ഭർത്താവ് എന്നോടൊന്ന് ചിരിക്കണമെങ്കിൽ രാത്രി ആവണം. കാര്യം കഴിയുന്ന വരെ അയാൾ വല്ലാണ്ടങ്ങ് സ്നേഹിക്കും”

തന്റെ കൂട്ട്കാരിയെ നോക്കി ഷംന വിതുമ്പി. തന്റെ ഷാളുകൊണ്ട് കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ തുടച്ചുമാറ്റി അവൾ കൂട്ടുകാരിയെ നോക്കി

“എനിക്ക് മടുത്തു ഈ ജീവിതം, ഒരു വേലക്കാരിയുടെ വിലപോലും എനിക്ക് ഇക്ക തരുന്നില്ല. മൂപ്പർക്കൊന്ന് ചിരിച്ച് സംസാരിച്ചൂടെ എന്നോട്…”

ഷംനയുടെ വാക്കുകൾ മുറിഞ്ഞു…ഷംന ഒരു വീട്ടമ്മയാണ്. എല്ലാ പെൺകുട്ടികളേയും പോലെ ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് വിവാഹ ജീവിതത്തിലേക്ക് വലതുകാൽ വെച്ച് കടന്ന് ചെന്നവൾ. വിവാഹ ശേഷം തന്റെ എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞിട്ടും ഭർത്താവിനേയും മക്കളേയും നോക്കി കഴിയുന്ന ഒരു പാവം പെണ്ണ്.

ഭർത്താവിന് അവൾ വെറുമൊരു വേലക്കാരിയായിരുന്നു. രാവിലെ എണീറ്റ് ഫുഡ്‌ ഉണ്ടാക്കുക, വീട് വൃത്തിയാക്കുക അങ്ങനെ ഒരു വീട്ടിൽ ജോലിക്കാരി ചെയ്യും പോലെ എല്ലാ ജോലിയും ചെയ്യുന്നവൾ.
അയാൾക്ക് കുളിര് തോന്നുമ്പോൾ മാത്രം അയാളുടെ ആവശ്യത്തിന് അവളെ ഉപയോഗിക്കും…
സ്വന്തം ഭർത്താവിനൊപ്പം ഒന്നിച്ച് പുറത്ത് പോവാനും ഒന്നിച്ച് ഷോപ്പിംഗിന് പോവാനും അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. കൊതിയോടെ തന്റെ ആഗ്രഹം അയാളോട് പറഞ്ഞാൽ പുച്ഛമായിരുന്നു മറുപടി.

എല്ലാംകൊണ്ടും ജീവിതം മടുത്തിരിക്കുമ്പോഴാണ് അടുത്ത കൂട്ടുകാരി ഷംനയോട് ഫേസ്ബുക്ക് തുടങ്ങാൻ പറഞ്ഞത്. അങ്ങനെ അവൾ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. ഫേസ്ബുക്ക് എന്താന്ന് പോലും അറിയാത്ത ഷംനയെ അവളുടെ കൂട്ടുകാരി ഒരുപാട് ഗ്രൂപ്പിലൊക്കെ ആഡ് ചെയ്ത് അവളെ പരിജയപ്പെടുത്തി.

ഷംനക്ക് അത് പുതിയൊരു ലോകമായിരുന്നു. തമാശ­കൾ പറയാനും, അവളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെക്കാനും ഒരുപാട് കൂട്ടുകാരെ കിട്ടി.

അങ്ങനെയാണ് അവൾ ഒരു ഗ്രൂപ്പിൽ വെച്ച് നിസാറിനെ പരിചയപ്പെടുന്നത്. അവർ­ നല്ല കൂട്ടുകാരായി. അവന്റെയും അവളുടേയും സങ്കടങ്ങളും സന്തോഷവും പരസ്പരം പങ്കുവെച്ച് അവർ തമ്മിൽ കൂടുതൽ അടുത്തു.

എല്ലാ ദിവസവും വേഗം പണിയൊക്കെ തീർത്ത് അവൾ നിസാറിന് വേണ്ടി സമയം കണ്ടത്തി. അവനും അവൾ ജീവനായി മാറി. അവരുടെ പ്രണയം മുന്നോട്ടു പോയി.

പക്ഷേ, അവർ കുടുംബത്തെ മറന്നു കൊണ്ടല്ലായിരുന്നു സ്നേഹിച്ചത്. സങ്കടം മാത്രമുള്ള അവരുടെ ജീവിതത്തിൽ അവർ തമ്മിലുള്ള സ്നേഹം ഒരു ആശ്വാസമായിരുന്നു.

അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഷംനയുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. അവൾക്ക് ഫേസ്ബുക്കിൽ വരാൻ പറ്റാതെയായി.അവളുടെ ഭർത്താവിന് ചെറിയ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആയിരുന്നു.

നിസാറിനോട് ഒരു വാക്ക് പറയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവളപ്പോൾ.

ഒരു മാസത്തെ ഇടവേളക്ക് ശേഷം ഷംന ഫേസ്ബുക്കിൽ കയറി ആദ്യം നിസാറിന് മെസ്സേജ് അയച്ചു. എല്ലാ സങ്കടവും പറഞ്ഞു. പക്ഷേ മറുപടി മൗനമായിരുന്നു. അവൾ വീണ്ടു വീണ്ടും മെസ്സേജ് അയച്ചുകൊണ്ടേയിരിന്നു, നോ റിപ്ലൈ…

ഷംന ആകെ തകർന്നുപോയി. അവൾ പഴയ ഗ്രൂപ്പിൽ കയറിയപ്പോഴാണ് അറിയുന്നത് അവന് പുതിയ പ്രണയിനിയെ കിട്ടിയെന്ന്…

ഈ വിവരം അറിഞ്ഞതോടെ ഷംന പൊട്ടിക്കരഞ്ഞു.ഷംന നിസാറിനോട് കേട്ടതൊക്കെ സത്യമാണോന്ന് ചോദിച്ചു. ഞാൻ കുറച്ചു നാൾ മാറി നിന്നപ്പോൾ എന്റെ സ്നേഹം നിങ്ങൾക്ക് അന്യമായോ എന്ന അവളുടെ ചോദ്യത്തിന് മറുപടി പറയാതെ നിസാർ ഷംനയെ മെസ്സഞ്ചറിൽ ബ്ലോക്ക് ചെയ്തു. എന്നിട്ട് അവളുടെ മുന്നിൽ നിന്നും ആ ഗ്രൂപ്പിൽ പുതിയ കാമുകിയോട് പ്രണയിക്കുകയും ചെയ്യുന്നു.

ഷംനക്ക് നിസാറിനോടുള്ള പ്രണയം സത്യമായിരുന്നു. കാരണം അവൾക്ക് ജീവിതത്തിൽ കിട്ടാത്ത സ്നേഹം നിസാറിൽ നിന്നും കിട്ടിയപ്പോൾ അവൾ ആത്മാർഥമായി സ്നേഹിച്ചു. പക്ഷേ, നിസാറിന് ഷംനയോടുള്ളത് വെറും ടൈം പാസ്സ് ആയിരുന്നു. അതാണ് അവൾ ഇല്ലാത്തപ്പോൾ പുതിയ ആളെ തേടി പോയത്..

ഈ കഥ നമ്മുടെ സോഷ്യൽ മീഡിയയിൽ പലരുടേയും ജീവിതവുമായി സാമ്യം ഉണ്ടാവാം.ഒരുപക്ഷേ ഷംനയും നിസാറും നമ്മളിൽ ഓരോരുത്തരും ആയിരിക്കും.

Leave a Reply

Your email address will not be published.