March 25, 2023

“തൻ്റെ മറുപടി ഒന്നും കിട്ടീല്ല. ഇഷ്ട്ടം ആണെങ്കിലും അല്ലെങ്കിലും തനിക്ക് അത് പറഞ്ഞു കൂടെ?” തൻ്റെ മൊബൈലിൽ വന്ന നിവേദിൻ്റെ

രചന സജിത തൊട്ടാഞ്ചേരി

“തൻ്റെ മറുപടി ഒന്നും കിട്ടീല്ല. ഇഷ്ട്ടം ആണെങ്കിലും അല്ലെങ്കിലും തനിക്ക് അത് പറഞ്ഞു കൂടെ?” തൻ്റെ മൊബൈലിൽ വന്ന നിവേദിൻ്റെ മെസ്സേജ് ശിവാനി നോട്ടിഫിക്കേഷനിൽ കണ്ടു.എന്ത് മറുപടി കൊടുക്കണമെന്ന് അറിയാത്തതിനാൽ അവൾ ഓൺലൈൻ പോയില്ല.

കോളേജിൽ പി.ജി ചെയ്യുന്ന നിവേദിന് തന്നോട് വല്ലാത്തൊരു അടുപ്പം ഉണ്ടെന്ന് അവൻ പറയാതെ തന്നെ അവൾക്ക് മനസ്സിലായിട്ടുണ്ടായിരുന്നു. എന്നിട്ടും ആ ഇഷ്ടം മുഖത്തു നോക്കി പറഞ്ഞപ്പോൾ പെട്ടെന്ന് ഒരു ഞെട്ടലാണ് തോന്നിയത്. മറുപടി ഒന്നും പറയാതെ തിരിഞ്ഞു നടക്കുകയും ചെയ്തു. ശിവാനിയുടെ കൂട്ടുകാരിയും നിവേദിൻ്റെ സുഹൃത്തും തമ്മിൽ ഇഷ്ട്ടത്തിലാണ്. അങ്ങിനെയാകും അവൻ തൻ്റെ ഫോൺ നമ്പർ സംഘടിപ്പിച്ചിട്ടുണ്ടാകുക. അവൾ മനസ്സിലോർത്തു.

ഇതിനു മുൻപും വന്നിട്ടുള്ള പ്രണയാഭ്യർത്ഥനകൾ എല്ലാം ഇഷ്ട്ടമല്ലെന്നു മുഖത്ത് നോക്കി പറയാൻ മടിയില്ലാത്ത തനിക്ക് ഇതെന്തേ ഇപ്പോ ഒരു സംശയം എന്ന് അവൾ സ്വയം ചോദിച്ചു. മറുപടിയായി എന്ത് നൽകണമെന്നറിയാതെ ജനലിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി അവൾ ഇരുന്നു.
“അല്ല വനജേ;നീയിതെന്തു ഭാവിച്ചാ.

പെണ്ണിന് ഈ കഴിഞ്ഞ ചിങ്ങത്തിൽ പത്തൊൻപത് തികഞ്ഞു. ഇന്നലേം ആ ബ്രോക്കർ ഒരു ആലോചനയുമായി വന്നപ്പോൾ നീ അവൾക്ക് അതിനുള്ള പ്രായമായില്ലാന്നു പറഞ്ഞെന്നു അയാൾ പറഞ്ഞല്ലൊ.” കുറച്ചു ദിവസം കൂടെ നിൽക്കാൻ വന്ന അമ്മുമ്മ അമ്മയോട് അടുക്കളയിൽ നിന്നു ചോദിക്കുന്ന കേട്ടാണ് ശിവാനി ചിന്തയിൽ നിന്നുണർന്നത്.

“അവൾക്ക് പത്തൊൻപത് അല്ലേ ആയിട്ടുള്ളൂ അമ്മേ, കുറച്ചൂടെ കഴിയട്ടെ.” വനജ നിസ്സാരമായി പറഞ്ഞു.

” ആ; പെണ്ണ് വല്ല ചീത്തപ്പേരും കേൾപ്പിക്കാതെ നോക്കിക്കോ. പ്രായം തികഞ്ഞാൽ കുഴപ്പമില്ലാത്ത വല്ല കൂട്ടരും വന്നാൽ അങ്ങോട്ട് പിടിച്ചേൽപ്പിച്ച് സമാധാനമായി ഇരിക്കണമെന്ന് ചിന്തിക്കാതെ പ്രായമായില്ലെന്നും പറഞ്ഞ് നടന്നോ. വിഡ്ഡിത്തരം പറയാതെ നീ ബാധ്യത തീർക്കാൻ നോക്ക് പെണ്ണേ .” ഒരല്പം ശാസനയോടെ അമ്മ വനജയോട് പറഞ്ഞു.

“എൻ്റെ മോൾ എനിക്ക് ബാധ്യത ആണെന്ന് അമ്മയോട് ആരാ പറഞ്ഞെ. ” വനജയും വിട്ടില്ല.
” ബാധ്യത ആയിട്ടല്ല. എന്നായാലും വേണ്ടതല്ലെ. എത്രയും നേരത്തെ ആയാൽ അത്രയും സമാധാനം ആയല്ലോ.” മകളോട് ചേർന്നിരുന്ന് സ്നേഹത്തോടെ അമ്മ പറഞ്ഞു.

” വർഷങ്ങൾക്ക് മുൻപ് നിങ്ങൾ ഇതുപോലെ ഒരു ബാധ്യത തീർത്തിട്ട് എന്താ ഉണ്ടായേ. എനിക്കൊരു കുഞ്ഞിനേം തന്ന് മറ്റൊരുത്തിയുടെ കൂടെ അയാൾ പോയപ്പോഴും എൻ്റെ പിടിപ്പുകേടെന്നും വിധിയെന്നുമൊക്കെ നിങ്ങൾ നിസ്സാരമായി പറഞ്ഞു. ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന നിമിഷങ്ങൾ ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്.

പിന്നെ അച്ഛൻ ആരോഗ്യത്തോടെ ഉണ്ടായിരുന്ന കാലം ആയതു കൊണ്ട് തുടർന്നു പഠിച്ച് ഞാൻ സ്വന്തമായൊരു ജോലി നേടി. ഇല്ലായിരുന്നേൽ എന്ത് ചെയ്തേെനെ.” വനജയുടെ ചോദ്യങ്ങൾക്ക് പെട്ടെന്ന് ഒരു ഉത്തരം കിട്ടാതെ അമ്മ വിഷമിച്ചു.

” അതിപ്പോ എല്ലാവർക്കും അങ്ങിനെ ആയിക്കോളണമെന്നില്ല ല്ലോ. ഇതാ ഇപ്പോ നല്ല കാര്യം. ഇങ്ങനെ ഒക്കെ ചോദിച്ചാൽ അപ്പോ ഈ നാട്ടിൽ ആരും കല്യാണം കഴിക്കണ്ടെ.” പിറുപിറുക്കുന്ന പോലെ അമ്മ പറഞ്ഞു.

” കല്യാണം വേണ്ട എന്നല്ല. ജീവിതത്തിലെ പ്രശ്നങ്ങളെ ഏത് അവസ്ഥയിലും നേരിടാൻ ഒരു വഴി തുറന്നു കൊടുത്തിട്ട് പോരെ എടുത്താൽ അടിക്കുമോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത ലോട്ടറി പോലുള്ള ദാമ്പത്യത്തിലേക്ക് അവളെ തള്ളിവിടാൻ. ഇനിയിപ്പോ അതിനു മുൻപേ അവൾ വല്ല വിവരക്കേടും കാണിക്കുമോ എന്നാണ് അടുത്ത ചോദ്യമെങ്കിൽ അതിനും മറുപടി തരാം. അവളെ വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.

ആ വിശ്വാസത്തിനു വിപരീതമായി നാളെ അവൾ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ; അവളെ ഉപേക്ഷിക്കാനും എനിക്ക് പറ്റില്ല. അതൊക്കെ ആ പ്രായത്തിൻ്റെ വിവരക്കേടാണ്. അങ്ങിനെ ഒരിഷ്ടം തോന്നാത്തവരും ഉണ്ടാകില്ല.

അവൾ തിരഞ്ഞെടുക്കുന്നത് ശരിയാണെങ്കിൽ സന്തോഷത്തോടെ ജീവിക്കട്ടെ; മറിച്ച് തെറ്റാണെങ്കിൽ അവൾക്ക് തളരാതെ അതിനെ മറികടക്കാൻ ശക്തയായ ഒരു അമ്മയായി ഞാൻ കൂടെ നിൽക്കും. എന്തായാലും ഈ പ്രായത്തിൽ ഞാനായിട്ട് അവളെ ജീവിതം എന്ന പ്രാരാബ്ധത്തിലേക്ക് തള്ളി വിടില്ല. ആരുടെയെങ്കിലും കയ്യിൽ പിടിച്ച് കൊടുത്താൽ സമാധാനമായി എന്ന മണ്ടൻ ചിന്തയും എനിക്കില്ല. ” ഇത്രയും പറഞ്ഞ് വനജ അവിടുന്നു എഴുന്നേറ്റ് പോയി.

മുറിയിൽ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ശിവാനിയുടെ ഹൃദയത്തിലേക്കാണ് ആ മറുപടി ഒഴുകിയെത്തിയത്. നിവേദിനോട് എന്ത് പറയണമെന്ന സംശയവും അവൾക്ക് ആ നിമിഷത്തിൽ ഇല്ലാതായി.

” നിവേദ്; പ്രണയം തെറ്റായ ഒന്നല്ല. പക്ഷേ തമാശക്ക് പ്രണയിച്ചു നടക്കാൻ എനിക്ക് സമയമില്ല . എൻ്റെ അമ്മ എന്നിൽ ഏൽപ്പിച്ചിരിക്കുന്ന വിശ്വാസത്തെ അതിൻ്റെ ഇരട്ടിയായി തിരിച്ചു നൽകേണ്ടത് എൻ്റെ കടമയാണ്.

കുറച്ചു വർഷങ്ങൾക്ക് ശേഷം നമുക്ക് പ്രായവും പക്വതയും ആകുന്ന കാലത്ത് ഇതേ ഇഷ്ടം നിവേദിന് ഉണ്ടെങ്കിൽ എൻ്റെ വീട്ടിൽ വന്നു സംസാരിക്കൂ. എൻ്റെ അമ്മയുടെ സമ്മതത്തോടെ അനുഗ്രഹത്തോടെ മാത്രമേ എൻ്റെ ജീവിതത്തിൽ എന്തും നടക്കുകയുള്ളൂ.” ഇത്രയും പറഞ്ഞ് അവൾ ഫോൺ ഓഫ് ആക്കി വച്ചു.

നിവേദ് തിരിച്ച് എന്ത് മറുപടി നൽകും എന്നുള്ള ചിന്ത അവളുടെ മനസ്സിൽ ഇല്ലായിരുന്നു. പകരം അവളുടെ മനസ്സിൽ നിറഞ്ഞു നിന്നത് അമ്മ മാത്രമാണ്.

Leave a Reply

Your email address will not be published.