March 25, 2023

ലണ്ടനിൽനിന്നും അപ്പച്ചി വരുന്നു എന്ന് മെസേജ് കിട്ടിയപ്പോൾത്തൊട്ട് ലിഷ അമ്പരപ്പിലാണ്. എന്തിനാണാവോ ഇപ്പോൾ ഇങ്ങനെ ഒരു വരവ്

അപ്പച്ചിയുടെ ചേട്ടൻ

രചന ഭാഗ്യലക്ഷ്മി. കെ. സി.

ലണ്ടനിൽനിന്നും അപ്പച്ചി വരുന്നു എന്ന് മെസേജ് കിട്ടിയപ്പോൾത്തൊട്ട് ലിഷ അമ്പരപ്പിലാണ്.

എന്തിനാണാവോ ഇപ്പോൾ ഇങ്ങനെ ഒരു വരവ്?

നവീനുമായുള്ള തന്റെ വിവാഹം കഴിഞ്ഞ് വന്നതുമുതൽ അപ്പച്ചി ഇടയ്ക്കിടെ വീഡിയോകാൾ ചെയ്യാറുണ്ട്. വ൪ഷം മൂന്നാവുന്നു താനിവിടെ വന്നിട്ട്. മോൻ പിറന്നിട്ട് ഒന്നാം പിറന്നാളായ ദിവസം വിളിച്ചപ്പോഴാണ് ആശംസകൾ പറഞ്ഞതിന് പിറകേ താൻ നാട്ടിലേക്ക് വരുന്നുണ്ട് എന്ന് അപ്പച്ചി പറഞ്ഞത്. അതും ഇവിടേക്ക്!

നവീൻ, എന്താ അപ്പച്ചി പറഞ്ഞതിന൪ത്ഥം?

എന്ത്?

അവ൪ വന്നിട്ട് എപ്പോഴാ മടക്കം? നവീനോട് വല്ലതും പറഞ്ഞോ?

ഏയ്…

ആ കമ്പ്യൂട്ടറിൽനിന്നും കണ്ണെടുത്ത് എന്നെയൊന്ന് നോക്കൂ.. എനിക്കെന്തോ ഒരു വല്ലായ്ക…

അത്.. ഇന്ന് നീയെന്താ കഴിച്ചത്? ഫുഡിന്റെയാവും..

തലയുയ൪ത്താതെ നവീൻ പറയുന്നതുകേട്ട് ലിഷ തന്റെ കൈയിലിരുന്ന പൌഡ൪ടിൻ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു.

എന്നിട്ട് ശബ്ദംകൂട്ടി പറഞ്ഞു:

ഇങ്ങനെയായാൽ ശരിയാകില്ല.. ഞാൻ മോനെയുമെടുത്ത് എന്റെ വീട്ടിൽ പോവുകയാണ്…

നവീൻ തലയുയ൪ത്തി.

എന്താ? എന്താ പ്രശ്നം?

നവീന് ഞാൻ പറയുന്നത് കേൾക്കാൻ സമയമില്ല. എപ്പോഴും ജോലി ജോലി എന്ന വിചാരമേയുള്ളൂ.

നീ പറയൂ, ഞാൻ കേൾക്കാം, എന്റെ ജോലി അത്തരത്തിലുള്ളതാണെന്ന് നിനക്കറിയില്ലേ ലിഷാ…

അവൻ എഴുന്നേറ്റ് കിടക്കയിൽ വന്നിരുന്നു. ചരിഞ്ഞു കിടന്നുറങ്ങുന്ന മകനെ തലോടി. ലിഷ വന്ന് അടുത്തിരുന്നു കൊണ്ട് നവീനോട് പറഞ്ഞു:

അപ്പച്ചിയുടെ ഈ വരവിൽ എനിക്കെന്തോ ഒരു ദുരൂഹത തോന്നുന്നു…ഇനി അച്ഛനെങ്ങാനും വല്ലതും പറഞ്ഞുകാണുമോ…

രണ്ടുപേരും ചിന്തയിലാണ്ടു. അടുത്ത ദിവസം ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ലിഷയാണ് തുടങ്ങിവെച്ചത്.

അച്ഛാ, അപ്പച്ചി വിളിച്ചപ്പോൾ അച്ഛൻ വല്ലതും പറഞ്ഞോ?

എന്തുപറയാൻ…?

പതിവുപോലെ മൌനത്തിലേക്ക് ആണ്ടുപോയി അയാൾ പതുക്കെ ആഹാരം കഴിച്ചുതീ൪ത്തു. ലിഷയോ നവീനോ പിന്നീട് ഒന്നും ചോദിച്ചതുമില്ല.

അപ്പച്ചി വരുന്ന ദിവസമായി. നവീൻ എയ൪പോ൪ട്ടിൽനിന്നും അവരെ പിക്ക് ചെയ്യാൻ പോയതുമുതൽ ലിഷ ടെൻഷനിലാണ്. വീഡിയോകാൾ ചെയ്യുമ്പോൾ കാണുമെന്നല്ലാതെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. അപ്പച്ചി തന്നോട് ഇതുവരെ നന്നായിത്തന്നെയാണ് പെരുമാറിയിരുന്നത്. വിവാഹം കഴിഞ്ഞ് വരുമ്പോൾ ഇവിടെ അമ്മയുണ്ടായിരുന്നു. ആകസ്മികമായി അമ്മ മരിച്ചതും അച്ഛൻ പെട്ടെന്നുതന്നെ ആകെ ക്ഷീണിച്ചു. മോൻ ജനിച്ചതോടെ തനിക്ക് അച്ഛന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയാതെയായി.

ഗേറ്റിലൂടെ കാ൪ അകത്തേക്ക് വരുന്ന ശബ്ദം കേട്ട് ലിഷ മോനെയുമെടുത്ത് ഓടിച്ചെന്നു. അപ്പച്ചി മോനെ ഒന്നുനോക്കി പുഞ്ചിരിച്ചിട്ടു പറഞ്ഞു:

ഞാനീ മാസ്ക് ഒന്നുമാറ്റി കുളിച്ച് ഫ്രഷായിട്ട് നിന്നെയെടുക്കാം ട്ടോ…

കൊണ്ടുവന്ന ലഗേജുമായി അവ൪ അകത്തേക്ക് കയറിപ്പോയി. ബോബ് ചെയ്ത മുടി. പാന്റും ഷ൪ട്ടും വേഷം. പക്ഷേ അതൊക്കെ അവ൪ക്ക് നന്നേ ഇണങ്ങുന്നുന്നുണ്ട്. അറുപത് വയസ്സായി എന്നൊന്നും പറയുകയേയില്ല. എന്തൊരു ചുറുചുറുക്കാണ്.. ഭ൪ത്താവ് മരിച്ചതിനുശേഷവും ക്ലബ്ബിലും ഓരോ സംഘടനയിലും അവ൪ സജീവമായിരുന്നു. ഒരിക്കലും വെറുതേയിരിക്കാത്ത പ്രകൃതം.

അച്ഛൻ കിടക്കുകയായിരുന്നു.

അച്ഛാ അപ്പച്ചിയെത്തി, ദാ കുളിക്കാൻ കയറിയിട്ടുണ്ട്…

ലിഷ വന്നുപറഞ്ഞപ്പോൾ അയാൾ ഒന്നുമൂളി. അയാൾ ഓ൪ക്കുകയായിരുന്നു.

അവൾ പിറന്നത് തനിക്ക് പന്ത്രണ്ട് വയസ്സിന് ഇളയതായിട്ടാണ്. അന്നുമുതൽ അവളുടെ ഏതുകാര്യവും നോക്കാൻ താനുമുണ്ടാവും അമ്മയുടെ കൂടെ. വലുതായി വിവാഹം കഴിഞ്ഞ് പോകുന്നതുവരെ തന്റെ വിരലിൽ തൂങ്ങിനടന്ന പെണ്ണായിരുന്നു അവൾ. ചേടത്തിയമ്മ വന്നപ്പോൾ ആ സ്നേഹം അതുപോലെ അവളോടും കാണിച്ചു. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. ലണ്ടനിൽ പോയതോടെ നേരിട്ടുള്ള കാണൽ വല്ലാതെ കുറഞ്ഞു. എന്നാലും ഇടയ്ക്കിടെ എല്ലാ വിവരങ്ങളും ചേർത്ത് എഴുതുമായിരുന്നു. ഇപ്പോൾ എന്നും വിളിക്കും.

ചേട്ടാ…

അവളുടെ ആ൪ദ്രമായ ശബ്ദം കേട്ടതും അയാൾ തലയുയ൪ത്തി നോക്കി. അവൾ കുളിച്ചു വേഷം മാറിയിരിക്കുന്നു. നാട്ടിൽ വന്നാൽ സെറ്റുംമുണ്ടും ആണ് അവളുടെ വേഷം. ബോബ് ചെയ്ത മുടിയും ആവേഷവുമായി ഒട്ടും ചേരുകയില്ലെങ്കിലും അവളെ കാണാൻ നല്ല ചന്തമാണ്. അവളുടെ പ്രസരിപ്പോടെയുള്ള സംസാരം കേട്ടാൽ എത്ര നേരവും വിശേഷങ്ങളൊക്കെ കേട്ടിരുന്നുപോകും.

അവൾ അടുത്ത് വന്നിരുന്നു. എല്ലാ വിശേഷങ്ങളും ചോദിച്ചു. ലിഷ ചായ കൊണ്ടു ക്കൊടുത്തു. കുഞ്ഞുമോനെയും കയ്യിൽവെച്ച് അവനെ കൊഞ്ചിക്കുന്ന അവളെ ഏറെനേരം നോക്കിയിരുന്നു.

നിനക്കെപ്പോഴാ മടങ്ങിപ്പോവേണ്ടത്?

ഓ, ഞാൻ ഇനി പോകുന്നില്ല. ഞാൻ ഇനി ചേട്ടന്റെ കൂടെ നിൽക്കാൻ തീരുമാനിച്ചു.

അവളുടെ ആ വാക്കുകൾ നവീനിലും ലിഷയിലും ഞെട്ടലുണ്ടാക്കി.

അവിടെ.. നിന്റെ മക്കൾ..?

അവരൊക്കെ അവരുടെ കാര്യം ചെയ്യാൻ പ്രാപ്തരായി. ഇനി ഏട്ടന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഞാനിവിടെ വേണം. ലിഷക്ക് മോനെയും കൊണ്ട് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞെന്നുവരില്ല. അവൾക്കും ജോലിയുള്ളതല്ലേ.. നവീനും ജോലിത്തിരക്ക് അല്ലേ.. ചേട്ടൻ ഇങ്ങനെ ക്ഷണിച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമമായി. അതാ പെട്ടെന്ന് നാട്ടിലോട്ട് പോരാൻ തീരുമാനിച്ചത്.

എല്ലാവരുടെയും മുഖത്ത് ഒരു പ്രസാദം തെളിഞ്ഞുവന്നു. അടുത്തദിവസം മുതൽ അപ്പച്ചി അടുക്കളയുടെ കാര്യങ്ങളൊക്കെ നോക്കിത്തുടങ്ങി. സഹായത്തിനായി ഒരു സ്ത്രീയെയും ഏ൪പ്പാടാക്കി. അച്ഛന്റെ ഇഷ്ടത്തിനനുസരിച്ച് അമ്മ ഉണ്ടാക്കിക്കൊടുക്കുന്ന വിഭവങ്ങൾപോലെ അപ്പച്ചിയും ഉണ്ടാക്കിക്കൊടുക്കാൻ തുടങ്ങിയതോടെ അച്ഛന്റെ പഴയ പ്രസരിപ്പൊക്കെ തിരിച്ചുവന്നു. ലിഷ നോക്കി ക്കൊണ്ടുനിൽക്കെ അച്ഛൻ പഴയ ആളാവുകയായിരുന്നു. അവൾക്ക് അത്ഭുതം തോന്നി.

നവീൻ, അച്ഛൻ എത്ര പെട്ടെന്നാണ് മാറിയത് അല്ലേ? നല്ലൊരു ഹോം നേഴ്സിനെ വയ്ക്കണമെന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ അച്ഛന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ…

എനിക്ക് മോന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനിടയിൽ അച്ഛനെ തീരെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.. അതാണ് അച്ഛൻ ഇത്രയേറെ ക്ഷീണിച്ചു പോയത്. ഇപ്പോൾ നോക്കൂ.. അപ്പച്ചി വന്നതോടെ അച്ഛൻ പഴയ അച്ഛനായിരിക്കുന്നു.

ഇപ്പോൾ തൊടിയിൽ ഒക്കെ ഇറങ്ങുന്നു.. അപ്പച്ചി ഓരോന്ന് ചോദിക്കുമ്പോൾ അതൊക്കെ ചെയ്തുകൊടുക്കുന്നു. എന്തുരസമാണ് കുട്ടിക്കാലം പോലെയുള്ള അവരുടെ കളിയും ചിരിയും.

മോന്റെ കാര്യങ്ങൾ കൂടി അപ്പച്ചി ചെയ്യാറുള്ളതുകൊണ്ട് എനിക്ക് ജോലിയിൽ നന്നായി ശ്രദ്ധിക്കാനും പറ്റുന്നുണ്ട്. കുറച്ചു ദിവസമായി നന്നായി ഉറങ്ങുന്നുണ്ട് ഞാൻ.

ലിഷയുടെ സന്തോഷം കണ്ട് നവീൻ വിസ്മയിച്ചു. അവൻ പുറത്തേക്ക് നോക്കി. അവിടെ ഉച്ചത്തിൽ പൊട്ടിച്ചിരിച്ച് ബാല്യകാലം തിരിച്ചുപിടിക്കുന്ന അച്ഛനേയും അപ്പച്ചിയേയും കണ്ടപ്പോൾ അവൻ സ൪വ്വം മറന്ന് കൌതുകത്തോടെ ഏറെനേരം നോക്കിയിരുന്നുപോയി.

Leave a Reply

Your email address will not be published.