അവൾ വന്ന നേരം
രചന ഭാഗ്യലക്ഷ്മി. കെ. സി.
വിവാഹം കഴിഞ്ഞ് മൂന്ന് ദിവസമായില്ലേ മോനേ, ഇനിയെനിക്ക് പോണം
അമ്മായി അതുംപറഞ്ഞ് പോയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു. വിരുന്നിന് പോകലും മറ്റുമായി ലീവും തീ൪ന്നു. അമ്മ മ,രി,ച്ച,തിൽപ്പിന്നെ അച്ഛനാണ് അടുക്കളഭരണം. സമയം കിട്ടുമ്പോൾ താനും കൂടും. പക്ഷേ ആഹാരത്തിന്റെ രൂചിയൊക്കെ കണക്കാ..
ഇപ്പോൾ കല്യാണം കഴിഞ്ഞതിനുശേഷം മിക്കദിവസവും പുറത്ത് നിന്നും വാങ്ങിക്കഴിക്കും.
നാളെമുതൽ ജോലിക്ക് പോകാനുള്ളതാ. ദിവ്യയോട് പറയണം രണ്ടുപേ൪ക്കും ഇനിമുതൽ അടുക്കളയിൽ കയറാമെന്ന് എന്നൊക്കെ ചിന്തിച്ചാണ് സുമിത് വീട്ടിലേക്ക് തിരിച്ചെത്തിയത്.
വന്നുകയറിയതും അച്ഛന്റെ മുഖത്ത് എന്തോ പന്തികേട് തോന്നി. എന്താ അച്ഛാ? എന്തുപറ്റി?
മോനേ, നീയിവളെക്കുറിച്ച് കൂടുതലൊന്നും അന്വേഷിച്ചില്ലേ? എന്താകാര്യം?
അവൾക്ക് വല്ല മാനസിക വിഭ്രാന്തിയുമുള്ളതായി നിനക്ക് തോന്നിയോ?
അച്ഛൻ ശബ്ദംതാഴ്ത്തി സംസാരിച്ചപ്പോൾ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി.
ഇല്ല, എനിക്കൊന്നും തോന്നിയില്ല..
സുമിത് വിക്കിവിക്കി പറഞ്ഞു. അവൾ ഇന്ന് അടുക്കളയിൽ കയറി എല്ലാ ജോലിയും ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്, ആംഗ്യം കാണിക്കുന്നുണ്ട്, ആരോ സംസാരിക്കുന്നത് കേട്ടുനിൽക്കുമ്പോലെ മൂളുന്നുണ്ട്…
എനിക്കെന്തോ…നീയൊന്ന് സംസാരിച്ചുനോക്ക്…സുമിത് തള൪ന്ന് സോഫയിലേക്കിരുന്നു. ദാ, അവൾ കുളികഴിഞ്ഞ് വരുന്നുണ്ട്. പിന്നെ മോനേ..
അവളുണ്ടാക്കിയ കറിയൊക്കെ നിന്റെ അമ്മവെക്കുന്നതുപോലെ തന്നെ..
അതേ രുചി. അവൾക്ക് കാര്യമായ പാചകമൊന്നുമറിയില്ല എന്നല്ലേ അവളുടെ അമ്മ അന്നിവിടെ വന്നപ്പോൾ പറഞ്ഞത്..?
എന്നെയാണെങ്കിൽ അടുക്കളയിൽ കയറാനൊട്ട് സമ്മതിച്ചതുമില്ല.സുമിത് ആകെ പരിഭ്രമിച്ചു.
പത്തറുപതിനായിരം രൂപ ശമ്പളം വാങ്ങുന്ന ജോലി മൂന്ന് വർഷമായി ഉത്തരവാദിത്തത്തോടെ ചെയ്യുന്ന അവൾക്ക് എന്ത് മാനസികപ്രശ്നമാണ്…
അവന് തലപെരുക്കുന്നതുപോലെ തോന്നി. നാളെത്തന്നെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടാലോ..
ഏയ്, അതുശരിയല്ല, അതൊക്കെ പഴഞ്ചൻ ഏ൪പ്പാടല്ലേ..
നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിക്കണം. ആ൪ക്കാണ് രോഗം വന്നുകൂടാത്തത്..ഒരുപക്ഷേ മറ്റൊരിടത്തേക്ക് താമസം മാറിയപ്പോൾ, വിശ്രമമില്ലാത്ത ചടങ്ങുകളും യാത്രകളും, തിരക്കും കാരണം വന്ന താളപ്പിഴകളാവാം… പാവം..സുമിത് ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു.
അവൾ കുളിച്ചുവന്ന് സുമിതിന് ചോറെടുത്തുവെച്ചു. അവളും കഴിക്കാനിരുന്നു. സുമിത് ശ്രദ്ധിച്ചപ്പോൾ അവൾക്ക് യാതൊരു കുഴപ്പവുമില്ല. ഇനി അച്ഛന് വെറുതേ തോന്നിയതാകുമോ..താനിത്രയും ദിവസം കണ്ട അതേ ദിവ്യ..
വെറുതേ അച്ഛന്റെ വാക്കുകൾ കേട്ട് ടെൻഷനടിച്ചു. അവളോട് ഓരോന്നും മിണ്ടിയും പറഞ്ഞും ഭക്ഷണം കഴിച്ച് എഴുന്നേറ്റു. ശരിയാണ്, അമ്മയുണ്ടാക്കുന്ന അതേ രുചിയാണ് അവളുണ്ടാക്കിയ കറികൾക്കെല്ലാം…എത്രനാൾ കൂടിയാണ് ഇങ്ങനെ രുചികരമായി ആഹാരം കഴിക്കുന്നത്…
മുറിയിൽവന്ന് കിടക്കാൻ നോക്കുമ്പോൾ അവളെക്കൂടി വിളിക്കാം എന്ന് കരുതി വീണ്ടും ഒന്ന് അടുക്കളയിലേക്ക് ചെന്നു.
ദേ, അവൾ പാത്രം കഴുകിക്കൊണ്ട് ആരോടോ സംസാരിക്കുന്നു. സുമിത് പേടിച്ചരണ്ടു. തൊണ്ട വരണ്ടു. തിരിച്ച് മുറിയിലേക്ക് പോയി കിടന്നു. എന്താ അവളോട് ചോദിക്കുക..
എങ്ങനെയാണ് ഈ പ്രശ്നമൊന്ന് പരിഹരിക്കുക..കുറച്ച് സമയത്തിനകം അവളും അകത്ത് വന്നു.
അതേ, പിന്നെ അടുക്കളയിലെ വേസ്റ്റ് ഇടുന്ന പാത്രമെവിടെപ്പോയി?
അത് കല്യാണത്തിരക്കിൽ ആരൊക്കെയോ അവിടെയും ഇവിടെയും എടുത്ത് വെച്ചിട്ടുണ്ടാവും. നീ തത്കാലം ഏതെങ്കിലും ഒരു പാത്രം അതിനായി എടുക്ക്..
നമുക്ക് പുറത്ത് പോകുമ്പോൾ ഒന്ന് വാങ്ങാം.
അതല്ല, അമ്മ പറഞ്ഞല്ലോ ഒരു മഞ്ഞ പ്ലാസ്റ്റിക് പാത്രത്തിലാണ് വേസ്റ്റൊക്കെ ഇടുന്നത് എന്ന്..
ഞാനവിടെയെങ്ങും നോക്കിയിട്ട് കണ്ടില്ല. ഇപ്പോൾ സുമിത് ശരിക്കും ഞെട്ടി.
ദിവ്യയുടെ മുഖത്ത് നോക്കുമ്പോൾ അവൾ കാര്യമായിത്തന്നെ പറയുകയാണ്..നിനക്കെങ്ങനെയറിയാം അമ്മ ഉപയോഗിച്ചിരുന്നത് മഞ്ഞ പാത്രമാണെന്നൊക്കെ? അമ്മ പറഞ്ഞു..
അവൾ കൂസലില്ലാതെ പറഞ്ഞു. എനിക്ക് കാര്യമായി പാചകമൊന്നുമറിയില്ലായിരുന്നു. അതുകൊണ്ട് ഞാനമ്മയോട് പറഞ്ഞു, എനിക്കെല്ലാം പറഞ്ഞു തരണേയെന്ന്..
അമ്മ പറഞ്ഞുതന്നപോലെ ഞാനോരോന്ന് ചെയ്തു. അവളുടെ വിശദീകരണം കേട്ട് സുമിതിന് വട്ടായി. അവൾ അടുത്ത് വന്നുകിടന്നുകൊണ്ട് പറഞ്ഞു:
മോൻ ഹോസ്റ്റലിൽ നിന്നപ്പോൾ ഫുഡ് ശരിയാകാതെ വന്നതും തലകറങ്ങിവീണതും വീട്ടിൽ വന്നാൽ അമ്മയുടെ ആഹാരത്തിന്റെ രുചി വ൪ണ്ണിച്ച് അടുക്കളയിൽ തന്നെ നിന്ന് ഓരോന്ന് എടുത്ത് കഴിക്കുന്നതൊക്കെ ഞാനറിഞ്ഞു..
സുമിത് തന്റെ നെറ്റിയിലെ മുറിവുണങ്ങിയ കലയിൽ അറിയാതെ തടവി. അന്ന് തലകറങ്ങി വീണപ്പോൾ ഉണ്ടായ മുറിവാണ്. ഇതൊക്കെ അമ്മയ്ക്ക് മാത്രമാണല്ലോ അറിയുക..അവന് ആശ്ചര്യം തോന്നി.
അവൻ ദിവ്യയെ കൂടുതൽ നിരീക്ഷിച്ചു. മറ്റു കുഴപ്പമൊന്നുമുള്ളതായി തോന്നിയില്ല. അവൾ പറയുന്നതൊക്കെ ശരിയുമാണ് താനും.
അതേ, നമുക്ക് നാളെ ഓഫീസിൽ പോകുന്നവഴിക്ക് അമ്പലത്തിൽ കയറിത്തൊഴാം. അമ്മ മോനുവേണ്ടി ഒരു നിറമാല കഴിക്കാൻ പ്രാ൪ത്ഥിച്ചിരുന്നതാ..
അതൊക്കെ ഒന്ന് ചോദിച്ച് രസീറ്റ് മുറിക്കണം. ഏതുദിവസാ സൌകര്യപ്പെടുക ന്ന് വെച്ചാ…
സുമിത് ദിവ്യയെ വാരി മാറോട് ചേ൪ത്തു.
പോകാം, അവനാ൪ദ്രതയോടെ പറഞ്ഞു.അവനോ൪ത്തു,
അമ്മ എപ്പോഴും പറയാറുണ്ടായിരുന്നതാണ്. അമ്മയുള്ളപ്പോഴേ തനിക്ക് വിവാഹാലോചന നോക്കുന്നുണ്ടായിരുന്നു. ഒന്നുമൊന്നും ശരിയാകാതെ വന്നപ്പോൾ അമ്മ തന്റെ മുന്നിൽ നിന്നാണ് സങ്കടത്തോടെ അത് നേ൪ന്നത്. പിന്നെ അമ്മ മരിച്ചതിനുശേഷം വ൪ഷമൊന്നുകഴിഞ്ഞപ്പോഴാണ് ദിവ്യയുമായുള്ള വിവാഹം ശരിയായത്.
എല്ലാം ചെയ്യണം. അമ്മയുടെ അനുഗ്രഹമുണ്ടായാൽ മതി. അമ്മയുണ്ടാവും എന്നും കൂടെ..
അവൻ തന്നോടായി പറഞ്ഞു. മിഴികളിലൂറിയ നീ൪ക്കണങ്ങൾ ദിവ്യ കാണാതെ വടിച്ചെറിഞ്ഞ് അവൻ ദിവ്യയെ ഒന്നുകൂടി ചേ൪ത്തുപിടിച്ചു.
✍ ഭാഗ്യലക്ഷ്മി. കെ. സി.