അപ്പനാണത്രെ.. അപ്പൻ
രചന സ്നേഹപൂർവ്വം കാളിദാസൻ
ഡാ… നിന്നേ അപ്പൻ തിരക്കുന്നുണ്ട്….എന്തിനാണമ്മേ…. എന്തേലും പ്രശ്നമുണ്ടോ….??
ആ… ആർക്കറിയാം…. ദേ ആ പറമ്പിൽ നിൽപ്പുണ്ട്.. പോയി ചോദിക്ക്….പറമ്പിലേക്ക് ചൂണ്ടികാണിച്ചിട്ട് അമ്മ പണിയിലേക്ക് തിരിഞ്ഞു… ഞാൻ നേരെ പറമ്പിലേക്കും…
അപ്പൻ പറമ്പിലെ ഉണക്കക്കമ്പിനോട് ബലപ്രയോഗം നടത്തുകയായിരുന്നു….എന്താ അപ്പാ…. തിരക്കിയെന്നു പറഞ്ഞു…
ഞാനല്പം ഭയഭക്തി ബഹുമാനത്തോടെ ചോദിച്ചു….എന്നേ കണ്ടതും “പോ പുല്ല് ” ന്ന് പറഞ്ഞിട്ട് ആ ഉണക്കക്കമ്പ് അവിടിട്ടു….ആ… ഡാ…. നിന്നെക്കൊണ്ടൊരു ആവശ്യമുണ്ടെനിക്ക്…. വാ….നമ്മുക്ക് മുറിയിൽ പോയി സംസാരിക്കാം….
അപ്പൻ പറഞ്ഞത്കേട്ട് സന്തോഷവും, അതിൽ കൂടുതൽ പേടിയും തോന്നി…. കാരണം എന്നെക്കൊണ്ടെന്താവശ്യം,,, ഞാൻ മുറിയിലേക്ക് നടക്കും വഴി ആകാശത്തേക്ക് കുറെ നോക്കി….
ഇല്ല…. കാക്കയൊന്നും മലർന്ന് പറക്കുന്നില്ല…. ഇനി റൂമിൽ കൊണ്ടിട്ട് ഇടിക്കാനാണോ…?? ഏയ്യ്… അല്ലായിരിക്കും….
എന്നിൽ പല പല സംശയങ്ങളും ഉരുത്തിരിഞ്ഞു….. അപ്പൻ നേരെ മുറിയിലേക്ക് വച്ചുപിടിച്ച്….
എന്താടാ…. എന്താ അങ്ങേര് പറഞ്ഞത്….
അമ്മയെന്നെ വഴിതടഞ്ഞു ചോദിച്ചു….
ആവോ… എന്നെകൊണ്ട് എന്താണ്ട് ആവശ്യമുണ്ടെന്ന്….. കർത്താവിനെറിയാം കൊല്ലാനാണോ വളർത്താനാണോന്ന്…
വിശ്വസിക്കാൻ പറ്റണില്ല… നിന്നെകൊണ്ട് അങ്ങേർക്ക് എന്താവശ്യം… അങ്ങേരെകൊണ്ടല്ലേ നിനക്കാവശ്യം….അങ്ങേര് പൂർണ ആരോഗ്യവാനായി എന്നും പണിക്ക്പോകണെന്ന് പ്രാർഥിക്കുന്നവനല്ലേ നീ….
അതുപിന്നെ അപ്പനല്ലേ അമ്മേ… ആരോഗ്യവാനായി ഇരിക്കേണ്ടത് നല്ലതല്ലേ…..
ഉവ്വാടാ…. നീയൊട്ട് പണിക്കും പോകില്ല എന്നിട്ട് അപ്പന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കുന്നതിന്റെ ഉദ്ദേശം മനസിലാക്കാഞ്ഞിട്ടല്ല…. ആ ചെല്ല്… എന്താണ് അതിയാന് വേണ്ട സഹായമെന്ന് ചോദിക്ക്…. അങ്ങനെങ്കിലും നിന്നെക്കൊണ്ടൊരു ഉപകാരമുണ്ടാകട്ടെ…..
ഞാൻ ചമ്മിയ മുഖത്തോടെ അപ്പന്റെ മുറിയിലേക്ക് നടന്നു…. മുറിയിൽ കയറിയതും കയ്യിലൊരു ബോക്സുമായി അപ്പൻ നിൽക്കുന്നു…. കണ്ടിട്ട് മൊബൈലിന്റെ ബോക്സ്‌പോലെ… എന്നേ കണ്ടതും ഒരു കസേര വലിച്ചിട്ടിട്ട് അപ്പൻ പറഞ്ഞു…..
ഇരിക്ക്….. എന്നിട്ട് ഇതൊന്ന് നോക്ക്…എന്റെ കയ്യിലേക്ക് അപ്പൻ ആ ബോക്സ് നീട്ടി…. ശരിയാണ്…. പുതിയ മൊബൈൽ ഫോണാണ്….അപ്പനിത്രയും സ്നേഹം എന്നോടുണ്ടായിരുന്നോ..?? ഞാൻ മനസ്സിൽ ചിന്തിച്ചു….അപ്പാ…. ഇപ്പോ പുതിയ ഫോൺ വാങ്ങേണ്ടായിരുന്നു…. എന്റെ ഫോണിന്റെ പൊട്ടിയ ഗ്ലാസ് മാറ്റിയാൽ മതിയാരുന്നു…..
അതിന് ഈ ഫോൺ നിനക്കാണെന്ന് ആര് പറഞ്ഞ്…. അയ്ശരി….അപ്പനെന്നെ നോക്കി പറഞ്ഞു…
വീണ്ടും ഞാൻ ചെറുതായോന്ന് പ്ലിങ്ങി…. പക്ഷെ പുറത്തുകാണിക്കാൻ നിന്നില്ല…..
കുറെ നാളായി വിചാരിക്കുന്നു എന്റെ ചെറിയഫോൺ മാറ്റി ടച്ച് ഫോണാക്കണമെന്ന്….. ഇതിന്റെ കുന്ദ്രാണ്ടമൊക്കെ ഒന്ന് പഠിപ്പിച്ചുതരാനാണ് നിന്നേ തിരക്കിയത്… ഫോണിൽ തോണ്ടിസമയം കളയുന്നതല്ലേ സാറിന്റെ പണി….
നീവാങ്ങിതന്നിട്ട് ഞാൻ ടച്ച് ഫോൺ ഉപയോഗിക്കില്ല… ഉണ്ട ചോറിനുള്ള നന്ദിയാണെന്ന് കൂട്ടിയാൽ മതി…. സാറിനെന്തേലും ബുദ്ധിമുട്ടുട്ടുണ്ടോ ആവോ…??
ഒരു വളിച്ച ചിരിയുമായി ഇരിക്കുകയല്ലാതെ എനിക്ക് വേറെ നിവർത്തിയില്ലായിരുന്നു… അപ്പനും അമ്മയും മ്മക്കിട്ട് കൊട്ടുന്നതിനും ഒരു പരിധിയില്ലാതായിപ്പോയി…. അഹ്… എന്തുചെയ്യാൻ…. മകനായതുകൊണ്ട് ഇറക്കിവിടാത്തത് അവരുടെ നല്ലമനസ്…നീയെന്താ ആലോചിക്കുന്നത്…?? നിനക്ക് പറ്റില്ലേ…??
അപ്പൻ ചോദിച്ചത് കേട്ടാണ് ഞാൻ ചിന്തയിൽനിന്നും ഉണർന്നത്… പെട്ടെന്നുതന്നെ അപ്പന്റെകയ്യിൽനിന്നും ഫോൺ വാങ്ങി അതിന്റെ അത്യാവശ്യ കാര്യങ്ങളൊക്കെ അപ്പന് പറഞ്ഞുകൊടുത്തു….
എന്തേലും സംശയമുണ്ടെങ്കിൽ ചോദിച്ചാൽമതി അപ്പാ….ആ… ശരി…. ന്നാ മോൻപോയി എന്തേലും കഴിക്ക്….അപ്പൻ വീണ്ടും അതേപോസ്റ്റിൽതന്നെ ഗോളടിച്ചു…. ഞാൻ പതിയെ അപ്പന്റെ മുറിയിൽനിന്നുമിറങ്ങി…..
ദിവസങ്ങൾ കടന്ന് പോകുംതോറും അപ്പന്റെ സംശയവും കൂടിവന്നു…. ഒന്ന് എതിർക്കാൻപോലും അവകാശമില്ലാത്തവനെപോലെ ഞാൻ സംശയങ്ങൾ മാറ്റികൊടുത്തുകൊണ്ടിരുന്നു….
അങ്ങനെ ഒരു ദിവസം അടുക്കളയിലേക്ക് കഴിക്കാൻ പോകാൻനിന്ന എന്നേ അപ്പൻ തടഞ്ഞു….ഫേസ്ബുക്ക്, വാട്സാപ്പ് എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു വഴിതടയിലിന്റെ ഉദ്ദേശം…. രണ്ടിനേകുറിച്ചും ഡീറ്റെയിലായി മനസിലാക്കണമെന്ന ആവശ്യവും വേറെ…. രണ്ടും ആക്ടിവാക്കികൊടുത്തിട്ട് ഞാൻ തിരിഞ്ഞുനടന്നപ്പോൾ,,,
ഡാ… ഈ ഫേസ്ബുക്കിൽ നമ്മളുദ്ദേശിക്കുന്ന ആളെ കണ്ടെത്താൻ എന്താ ചെയ്യേണ്ടത്…..
സെർച്ചിന്റെ ഓപ്ഷനും, കാര്യങ്ങളുമെല്ലാം ഞാൻ പറഞ്ഞുകൊടുത്തു….ന്നാ നീ പൊക്കോ… എന്തെകിലുമുണ്ടെൽ ഞാൻ പറയാം…..അപ്പൻ വെളിയിലിറക്കി കതകടച്ചു….
ദിവസങ്ങൾ കഴിയുംതോറും അപ്പനിലുണ്ടായ മാറ്റങ്ങൾ കണ്ട് എനിക്ക് ചില സംശയങ്ങൾ പൊന്തിവന്നു….. കൃത്യം 6 മണിക്ക് പണികഴിഞ്ഞുവരുന്ന അപ്പനിപ്പോൾ എട്ടുമണി കഴിഞ്ഞാലും വീട്ടിൽ കയറുന്നില്ല… അഥവാ കയറിയാൽത്തന്നെ ഫോണിൽ നോക്കിയിരിക്കും… ഫോൺ നോക്കിയിരിക്കുന്നതിന് എന്നെ വഴക്ക് പറയുന്ന ആളാണ്….എന്തായാലും കണ്ടുപിടിക്കണം….. ഞാൻ മനസിലുറപ്പിച്ചു….
ഒരുദിവസം അപ്പൻ കുളിക്കാൻ കയറിയ സമയംനോക്കി ഞാൻ അപ്പന്റെ ഫോണെടുത്തു…. ഞാൻ ഞെട്ടി… അപ്പൻ ഫോൺ ലോക്ക് ചെയ്തിരിക്കുന്നു…. പറ്റേൺ ലോക്ക്….. ന്തായാലും ഒന്ന് ട്രൈചെയ്യ്തു നോക്കാമെന്നു ഞാൻ വിചാരിച്ചു …..പല രീതിയിൽ വരച്ചു നോക്കി…. രക്ഷയില്ല…. അപ്പോഴാണ് ആലോചിച്ചത് അപ്പന്റെ പ്രായത്തിലുള്ള മിക്കവരുടെയും ലോക്ക് ഏറ്റവും പ്രയാസകരമായ “L” അല്ലെങ്കിൽ “S” ആയിരിക്കുമെന്ന കാര്യം…..
ഞാൻ L വരച്ചു നോക്കി… പെട്ടെന്ന് ഫോൺ അൺലോക്കായി…. നേരെ ഫേസ്ബുക്ക് എടുത്തു….. സെർച്ച് നോക്കി…. സുജാത,, സുജാത. S,, സുജാതാ രമണൻ അങ്ങനെ കുറെ പേരുകൾ സെർച്ച് ഓപ്ഷനിൽ കിടക്കുന്നു….. മെസ്സെഞ്ചേർ നോക്കാൻ തുടങ്ങിയപ്പോൾ അപ്പൻ കതകും തുറന്നിറങ്ങിവന്നു…. ഞാൻ നൈസായി ഫോൺ താഴെവച്ചു…..അപ്പൻ എന്നെയൊന്നു നോക്കിയിട്ട് ഫോണിലേക്കും നോക്കി….
ന്താടാ ഇവിടെ…??അപ്പൻ അല്പം ദേഷ്യത്തിൽ ചോദിച്ചു….ഒന്നുല്ല…100/- രൂപ വേണമായിരുന്നു….ഞാൻ നിന്ന് പരുങ്ങി…
ഉം…….ഒരു മൂളൽ മാത്രം മൂളിയിട്ട് അപ്പൻ 100/- രൂപ എന്റേനേരെ നീട്ടി…. ഞാൻ അതുംവാങ്ങി മുറിയിൽ നിന്നുമിറങ്ങി….. നേരെ അമ്മയുടെ അടുക്കൽ ചെന്നു…..എന്റെ വരവ്കണ്ട് അമ്മ ചോദിച്ചു…ന്താടാ…. എന്ത് പുണ്ണാക്കാണ് നീ ചിന്തിച്ചുകൂട്ടുന്നത്….??
അതല്ലമ്മേ…. അപ്പനോട് 10 രൂപ ചോദിച്ചാൽ പോലും കുറെ ഉപദേശിക്കും,, എന്നിട്ടാണ് ക്യാഷ് തരുന്നത്…. ഇതിപ്പോൾ 100/- രൂപ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ എടുത്തുതന്നു….. അപ്പനിപ്പോൾ ആ പഴയ അപ്പനെയല്ല…..
ആ… നീ നന്നാവില്ലെന്ന് ഇപ്പോഴായിരിക്കും മനസിലായത്…നിന്നേ ഉപദേശിച്ച് അങ്ങേര് നന്നായിക്കാണും…..
ന്നാ അങ്ങനായിരിക്കും…. ന്തായാലും അമ്മ അപ്പനെയൊന്ന് ശ്രദ്ധിച്ചോളു… എന്തോ ചുറ്റിക്കളിയുണ്ട്…..
എന്ത് ചുറ്റിക്കളി….?? നീ ഇല്ലാത്തതു പറയാൻ നിൽക്കേണ്ട….
ആരാ അമ്മേ സുജാത….?? അപ്പന്റെ ആരേലുമാണോ…. പണ്ടത്തെ ലബ്ബർ വല്ലതും…..??
ആ എനിക്കെങ്ങനെ അറിയാൻ….. നീ അങ്ങേരോട് പോയി ചോദിക്ക്…..
അമ്മയോന്ന് സൂക്ഷിച്ചോ… കണ്ടിട്ട് അപ്പൻ കൈവിട്ട് പോയെന്നാണ് തോന്നുന്നത്….. അതിന്റെ ലക്ഷണങ്ങളെല്ലാം കണ്ടുതുടങ്ങിയിട്ടുണ്ട്….ഞാനല്പം സീരിയസായി പറഞ്ഞു….
ഞാൻ പറഞ്ഞത് കേട്ടതും അമ്മ പണിനിർത്തി എന്നേ നോക്കി…..ഏയ്യ്… അങ്ങനൊന്നും ഉണ്ടാകില്ലെടാ……
ആ… ഞാൻ പറയാനുള്ളത് പറഞ്ഞു… പിന്നെ അമ്മയുടെ ഇഷ്ടം… മുള്ള് ചെന്ന് ഇലയിൽ വീണാലും, ഇല ചെന്ന് മുള്ളിൽ വീണാലും ഇലക്കാണ് കേട്….
അതിപ്പോൾ ഇവിടെ പറയാൻ കാരണം….?? ഈ സിറ്റുവേഷന് ചേരുന്ന പഴംപൊരിയല്ലല്ലോ അത്….
ആ ഇനി എന്റെ കുറ്റം കണ്ടുപിടിക്ക്….. അപ്പനെ സൂക്ഷിച്ചാൽ അമ്മക്ക് കൊള്ളാം…. അപ്പന് ചുറ്റിക്കളി ഇല്ലെങ്കിൽ പിന്നെന്തിനാണ് ഫോൺ സൈലന്റിൽ ഇടുന്നത്…. എപ്പോഴും ഫോണിൽ നോക്കിയിരിക്കുന്നത്,, പലപ്പോഴും ഫോണിൽ നോക്കി പുഞ്ചിരിക്കുന്നത് കാണാം…. സൂക്ഷിച്ചാൽ ദുഖിക്കേണ്ട…. എനിക്കത്രയുമേ പറയാനുള്ളൂ…..
ഞാൻ പറഞ്ഞത് കേട്ട് അമ്മ ആകെപ്പാടെ ടെൻഷനായെന്ന് മനസിലായി….. പൊള്ളിച്ചു വച്ചിരുന്ന ഒരു പപ്പടമെടുത്ത് വായിൽ വച്ച് ഒരു കുത്തിത്തിരുപ്പുണ്ടാക്കിയ സന്തോഷത്തിൽ ഞാൻ വീട് വിട്ട് വെളിയിലേക്കിറങ്ങി….. ഇറങ്ങി വരുമ്പോൾ അപ്പൻ ഒരുങ്ങി വെളിയിലേക്ക് വന്നു….. അപ്പനിട്ട് കൊള്ളട്ടെന്ന് കരുതി ഞാനൊരു പാട്ടങ്ങു പാടി
‘എഴുതിയതാരാണ് “സുജാതാ”നിന്റെ കരിമിഴികോണിലെ കവിത’അത് കേട്ടതും അപ്പന്റെ നടപ്പിന്റെ വേഗത കൂടും പോലെ തോന്നി…. അമ്മയും അത് ശ്രദ്ധിച്ചു….പിന്നീടങ്ങോട്ട് അമ്മ അപ്പനെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായി…..
അന്നൊരു ഞായറാഴ്ച… അപ്പൻ ഫോണിൽ നോക്കി ഉമ്മറത്തും ഞാൻ മുറ്റത്തും നിൽക്കുകയായിരുന്നു…. പെട്ടെന്നാണ് അപ്പൻ ചാടി എഴുന്നേറ്റത്….. എന്നിട്ട് വേഗംതന്നെ മുറിയിലേക്ക് കയറിപ്പോയി…. ഞാൻ അമ്മയുടെ അടുക്കലേക്ക് ഓടി…. അപ്പൻ എഴുന്നേറ്റതും മുറിയിൽ കയറിയതുമെല്ലാം ഇത്തിരി എരിവ് കേറ്റി അമ്മയോട് പറഞ്ഞു….. പക്ഷെ പ്രതീക്ഷിച്ചതു പോലെയല്ല…. അമ്മയുടെ മറുപടി എന്നേ ഞെട്ടിച്ചു….
” അങ്ങേരെന്തേലും കാണിക്കെട്ടെടാ…. എനിക്കങ്ങേരെ വിശ്വാസമാണ്…. ”
ന്നാ എന്തേലും കാണിക്ക്… ഞാനിനി ഇതിൽ ഇടപെടില്ല….അപ്പൻ ആരുടേക്കൂടെയെങ്കിലും ഇറങ്ങി പോകുമ്പോഴേ അമ്മ പഠിക്കൂ…. ഇത്രയും പറഞ്ഞ് ഞാൻ ദേഷ്യത്തിൽ അവിടുന്ന് ഇറങ്ങിനടന്നു…..
എന്നിട്ടും ഒരു സമാധാനവും എനിക്ക് കിട്ടിയില്ല…. ഞാൻ പതിയെ അപ്പന്റെ മുറിയുടെ അടുത്തുചെന്ന് പതുങ്ങി നിന്നു….. എന്നിട്ട് മുറിയിലേക്ക് നോക്കി…. അപ്പൻ മുടിഞ്ഞ ടൈപ്പിങാണ് മെസ്സേഞ്ചറിൽ….. ഇടക്ക് ചിരിക്കുന്നുമുണ്ട്….. അല്പം കഴിഞ്ഞപ്പോൾ ടൈപ്പിംഗ് മാറി വോയിസ് മെസ്സേജായി…. അതും പതുങ്ങിയ ശബ്ദത്തിൽ….. ഞാൻ അല്പംകൂടി ചേർന്നു നിന്ന് ചെവി കൂർപ്പിച്ചു…..
“സുജാ…. ഞാൻ എത്ര നാളുകൊണ്ട് ശ്രമിക്കുന്നെന്നറിയുമോ ഒന്ന് കണ്ടെത്താൻ…. ആ ശബ്ദം എനിക്കൊന്ന് കേൾക്കണമെന്നുണ്ട്…. ഒരു വോയിസ് അയക്കുമോ….??”
സുജ….. സുജാത….. അതുതന്നെ… ഞാൻ ഫേസ്ബുക്ക് സെർച്ച് ഹിസ്റ്ററി എടുത്തപ്പോൾ കണ്ടപേര്…. ഞാൻ ദേഷ്യംകൊണ്ട് വിറച്ചു…. തന്തപ്പടിയായിപ്പോയി… അല്ലായിരുന്നെങ്കിൽ തലക്കിട്ടൊന്നു കൊടുക്കാർന്ന്…. വീണ്ടും വോയിസ് മെസ്സേജ് അയക്കുന്നു….
“ഒരു വോയിസ് അയക്കുമോ… പണ്ടെന്നോ കേട്ട് മറന്നതല്ലേ…. കഷ്ടമുണ്ട്… ആഗ്രഹം കൊണ്ടല്ലേ…”
ഓ… ഇജ്ജാതി കോഴിത്തരം…. പാവം അമ്മ….. കുറച്ചു മുൻപേകൂടെ പറഞ്ഞതേയുള്ളു ഇങ്ങേരെ വിശ്വാസമാണെന്ന്….. എന്റെ രക്തം തിളച്ചു…. അമ്മയെകൂട്ടി ചെന്ന് അപ്പനെ കയ്യോടെ പിടിക്കണം…. ഞാൻ തീരുമാനിച്ചു…ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു…. പക്ഷെ അമ്മ അടുക്കളയിൽ ഉണ്ടായിരുന്നില്ല…. ഞാൻ പിറകുവശത്തേക്കിറങ്ങി…..
നോക്കുമ്പോൾ അമ്മ നനകല്ലിൽ ഇരിക്കുന്നു…. ഞാൻ അമ്മയുടെ അടുക്കലേക്ക് ചെന്നു…. ഞാൻ ചെന്നതൊന്നും അമ്മയറിഞ്ഞില്ല…. ഞാൻ നോക്കുമ്പോൾ അമ്മ ഫോണിൽ എന്തോ ടൈപ്പ് ചെയ്യുന്നു…. അമ്മയും മെസ്സെഞ്ചർ എടുത്തോ…. ഞാൻ മനസ്സിൽ കരുതി….. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മനസിലായത് അമ്മ ചാറ്റ് ചെയ്യുന്നത് എന്റെ അപ്പനെന്ന മഹാനോടാണെന്ന്….. ദേ വരുന്നു അടുത്ത വോയിസ്….
“എന്റെ സുജേ….. എത്ര വട്ടമായി ഞാൻ വോയിസ് അയക്കാൻ പറയണു… ഒരേയൊരു വട്ടം മതി…”
അമ്മയത് കേട്ട് കഴിഞ്ഞ് മറുപടി ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ അമ്മയുടെ തോളിൽ തട്ടി….അമ്മ തിരിഞ്ഞു നോക്കി…. ഒരു വളിച്ച ചിരി ആ മുഖത്തുണ്ടായിരുന്നു…..
അപ്പൊ ആ സുജാതയാണോ ഈ സുജാത…..??
അതേടാ ഉവ്വേ…. ഞാനൊരു ഫേക്ക് ഐഡി ഉണ്ടാക്കി…. സുജാതായെന്ന പേര് നിന്റെ അപ്പൻ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്…
പിന്നാണ് ഓർത്തത് എന്നേ കെട്ടികൊണ്ട് വന്നപ്പോൾ സത്യസന്ധത കാണിക്കാൻ പറഞ്ഞ കാര്യങ്ങളിൽ പണ്ടത്തെ പ്രേമത്തിന്റെ കാര്യവും പൊട്ടിച്ചിരുന്നു…. ആ ആളാണ് സുജാത….. പിന്നൊന്നും നോക്കിയില്ല ഞാനൊരു ഐഡി ഉണ്ടാക്കി…. അതാണിത്…..
അത്രയും പറഞ്ഞ് അമ്മയെന്നെ ആ ഐഡി കാണിച്ചു….നോക്കുമ്പോൾ വീടിന്റെ മുറ്റത്ത് നിൽക്കുന്ന റോസാപൂവിന്റെ പടം Dp….പേര് സുജാതയെന്നും…..അപ്പന് ഈ ഫോട്ടോ കണ്ടിട്ടും മനസിലായില്ലേ അമ്മേ….
ആവോ…. ആർക്കറിയാം…. ദേ… നിന്റെ അപ്പന്റെ അടുത്ത വോയിസ് മെസ്സേജ്….. ബാ ഒരുമിച്ചിരുന്നു കേൾക്കാം…..അമ്മ വോയിസ് ഓപ്പൺ ചെയ്യ്തു….
“സുജു…. എന്താണ് മിണ്ടാത്തത്…. എന്നേ മനസിലാകാഞ്ഞിട്ടാണോ….”അമ്മ അപ്പോൾത്തന്നെ അപ്പനൊരു വോയിസ് കൊടുത്തു…
“എനിക്കെല്ലാം മനസിലായി…. റൂമിലുണ്ടാകണം ഞാനങ്ങോട്ടു വരുന്നുണ്ട്… ഇറങ്ങി പോയേക്കരുത്….”
മെസ്സേജ് സീനായി കുറച്ചു സെക്കന്റുകൾക്ക് ശേഷം അപ്പന്റെ പ്രൊഫൈൽ പിക് കാണാതെയായി….
അമ്മേ… അപ്പൻ ബ്ലോക്ക് ചെയ്യ്തു….പെട്ടെന്നാണ് ഗേറ്റ് തുറന്നൊരാൾ വേഗത്തിൽ ഇറങ്ങി പോകുന്നത് കണ്ടത്….അമ്മേ….ദേ അപ്പൻ പോണ്…. അപ്പാ…. അവിടെ നിന്നേ…. ദേ അമ്മക്കെന്തോ പറയാനുണ്ടെന്ന്…..
ഞാൻ വിളിച്ചുകൂവി….പണിയുണ്ട്… പണിയുണ്ട്…. വൈകിട്ട് വരുമ്പോൾ കേൾക്കാം….തിരിഞ്ഞുപോലും നോക്കാതെ അപ്പൻ പറഞ്ഞു……
വീട്ടിലെ സിറ്റുവേഷൻ നോക്കിയിട്ട് അപ്പനൊരു 8 മണിയായപ്പോൾ കയറിവന്നു…. ഞാൻ നോക്കുമ്പോൾ കയ്യിലൊരു പൊതിയുമായി വല്ലാണ്ട് പുഞ്ചിരിച്ചുനിൽക്കുന്ന അപ്പനെയാണ് കണ്ടത്…..
രാധേ….. ഒന്നിങ്ങുവന്നേ…. ദേ നിനക്കിഷ്ടപ്പെട്ട ചിക്കെൻബിരിയാണി……
അപ്പന്റെ സ്നേഹപൂർവ്വമുള്ള വിളികേട്ട് ഇറങ്ങിവന്ന അമ്മയും ചിരിച്ചു, ഞാനും ചിരിച്ചു…
ഒരബദ്ധം… ഒരു കൈയബദ്ധം…. നാറ്റിക്കരുത്…. ഞാനാ ഫോൺ വിറ്റു….ഇപ്പൊ എന്റെയാ പഴയ ഫോണാണ് ഉള്ളത്….. മ്മക്ക് വേണ്ടപ്പാ ടച്ചും തലോടലുമൊന്നും…… എന്നിട്ട് നേരെ എന്നേ നോക്കിയ അപ്പൻ,,,,
“ഇന്നാ നിനക്കൊരു 500/-”
അപ്പൻ എനിക്ക് നേരെ ഒരഞ്ഞൂറ് വീശി…..
ബാ… രാധേ ന മ്മക്ക് ബിരിയാണി കഴിക്കാം…
അപ്പൻ അമ്മയെകൊണ്ട് മുറിയിലേക്ക് പോയി…..
സുജാതക്ക് മാത്രമേയുള്ളോ… എനിക്കില്ലേ അപ്പാ ചിക്കെൻ ബിരിയാണി……ഞാൻ വിളിച്ചുചോദിച്ചു…..മറുപടിയായി എന്റെനേരെ പറന്നു വരുന്നൊരു ചെരുപ്പാണ് കണ്ടത്….
.
ശുഭം……..
NB : കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം