രചന: സി കെ
ഇതെന്താ കുട്ടിക്ക് അമ്മാവന്മാരില്ലേ… മൂത്തമോളുടെ ഭർത്താവാണോ ആ ചടങ്ങു ചെയ്യുന്നത് …സഭയിലെ ബഹളത്തിനിടയിൽ ആരൊക്കെയോ എന്നെ നോക്കി പറയുന്നുണ്ടായിരുന്നു.
അതിനിടയിൽ അതിനെന്താ കുഴപ്പം ചടങ്ങു നടന്നാൽ പോരെ എന്ന് മറ്റൊരു പക്ഷം.
ശരിയാ എന്റെ മൂത്ത മരുമകൻ തന്നാ അതിനു അർഹതപ്പെട്ടവൻ . മനസ്സുകൊണ്ടംഗീകരിക്കാൻ ഒരിക്കലും കഴിയാത്ത രീതി
യിലായിരുന്നു അമ്മുവിന്റെ വിവാഹം.മൂത്ത മോളായതുകൊണ്ട് കുറച്ചു സ്വാതന്ത്ര്യം ഞാനവൾക്കു നൽകി.എല്ലാം തുറന്നു പറഞ്ഞിരുന്നു..അതുകൊണ്ടുതന്നെ മനസ്സിൽ ഒന്നും ഒളിച്ചുവക്കില്ല എന്നറിയാമായിരുന്നു.
പഠിക്കാൻ അത്യാവിശ്യം കുഴപ്പമില്ലാത്തതുകൊണ്ടു ഡിഗ്രി കഴിഞ്ഞു ഒരു കോഴ്സിനും ചേർത്തു…
പെട്ടന്നൊരുദിവസം വീട്ടിലേക്ക് രണ്ടു പേർ കയറിവന്നു.ഒന്ന് പരിചയമുള്ള മുഖം.മറ്റൊരാളെ പരിചയവുമില്ല.
എന്താ ബാലേട്ടാ ഈ വഴിക്ക്.കണ്ടിട്ട് ഒരുപാട് നാളായല്ലോ. വരൂ അകത്തോട്ടു കയറിയിരിക്കു
. വേറെ എന്തൊക്കെയാ വിശേഷം.മോന്റെ കല്യാണം വല്ലതും പറയാൻ വന്നതാണോ. ആരാ കൂടെയുള്ളത്.
ഉണ്ണി അത് പറയാനാണ് ഞാൻ വന്നത്. നീയിതെങ്ങനെ കാണും എന്നറിയില്ല.നമ്മുടെ
മക്കൾ നമ്മളെ ചതിച്ചെടാ. ന്റെ മോൻ നിന്റെ കുട്ടിയെ രജിസ്റ്റർ മാരേജ് ചെയ്തു.
അവനാണ് ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ചത്.
നിങ്ങളെന്തു ഭ്രാന്താ പറയുന്നത്.വീട്ടിൽ വന്നു എന്തും പറയാമെന്നാ ഭാവം.എന്റെ കുട്ടി അങ്ങനെയൊന്നും ചെയ്യില്ല.
ഉണ്ണീ ഞാനും ആദ്യം അങ്ങനെതന്നെയാ കരുതിയത്.പക്ഷേ നമുക്ക് തെറ്റി.
ബാലേട്ടൻ എന്തുപറഞ്ഞാലും ഇത് നടക്കില്ല. ഇവൾക്ക് താഴെ ഒരു കൊച്ചു വളരുന്നുണ്ട്.അതിന്റെ ഭാവി ഇതുകാരണം തകരും.
നമ്മൾ ഇത് സമ്മതിച്ചില്ലെങ്കിൽ നമ്മുടെ മക്കൾ അവരുടെ ഇഷ്ടത്തിനുപോവും.പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
അത് നാട്ടുകാരറിഞ്ഞാൽ എന്താവും നമ്മുടെ അവസ്ഥ ഒന്ന് തലഉയർത്തി നടക്കാൻ പറ്റുമോ.ഇതാവുമ്പോൾ നമുക്ക് നാലുപേരെ അറിയിച്ചു കല്യാണം നടത്താം.
എന്നാലും എന്നോടീ ചതിവേണ്ടായിരുന്നു…
ഇനി പറഞ്ഞിട്ടുകാര്യമില്ല.നാലുവർഷമായി അവര് പ്രണയത്തിലാ. നമ്മളറിയുന്നതിപ്പോഴാ. കുട്ടികളുടെ മനസ്സ് ചൂന്നു നോക്കാൻ പറ്റില്ലല്ലോ. നമുക്ക് നല്ലൊരു ദിവസം കണ്ട് അതങ്ങു നടത്താം.
അങ്ങനെ കല്യാണം കഴിഞ്ഞു. ഒരു മോളുടെ കല്യാണം അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമാണ്.
അതെല്ലാം തട്ടിത്തെറിപ്പിച്ച അവളോട് ഞാൻ എങ്ങനെ ക്ഷമിക്കും.നല്ലൊരു ഭാവി അവരുടെ മുന്നിലില്ല. കൂലിപ്പണിയെടുത്തു അന്നന്ന് കഴിഞ്ഞുപോകുന്ന അവർക്കിടയിൽ ഞാൻ കണ്ട സ്വപ്നങ്ങളൊന്നും ഒരിക്കലും പ്രാവർത്തികമാമില്ല എന്നുള്ള ചിന്ത മനസ്സിൽ നീറി നീറി വന്നപ്പോൾ മനപ്പൂർവം മൗനമായി അവരോട്.
പലതവണ അച്ഛാ എന്നുവിളിച്ചു എന്റെ അടുത്തേക്കുവന്നിട്ടുണ്ടവൻ.ഞാൻ മുഖം തിരിച്ചുനടന്നു. അങ്ങനെ അമ്മുവിന് വിശേഷമായി..അതോടുകൂടി എന്റെ ദേഷ്യത്തിനു കുറച്ചു അയവുവന്നു. പേരമകന്റെ ജനനത്തോടുകൂടി മരുമോനുമായി അടുത്തുതുടങ്ങി.
അന്ന് കുട്ടീടെ ചോറൂണ് കഴിഞ്ഞു ഉമ്മറത്തിരുന്നു എല്ലാവരും സംസാരിക്കുന്നതിനിടക്കാണ് പെട്ടന്നൊരു തലചുറ്റൽ വന്നത്..പന്തിയല്ലന്നുള്ള തോന്നലുള്ളതുകൊണ്ടാകാം കസേരയിൽ നിന്നും എണീറ്റതും നേരെ മുറ്റത്തേക്ക് വീണു.
ആ ഒരു വീഴ്ചയിൽ എന്റെ ഒരുഭാഗം തളർന്നു.മൂന്നുവർഷംകിടന്നു ഒടുവിൽ പണത്തിന്റെയും പ്രാർത്ഥനയുടെയും ഫലമായി ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നു.അന്ന് ഞാൻ തിരിച്ചറിഞ്ഞു. .ഒരു മോന്റെ സ്ഥാനത്തുനിന്ന് ഈവീട്ടിലുള്ളവരെ ഊട്ടിയുറക്കി എന്റെ അസുഖം മാറി ഞാൻ ജീവിതത്തിലേക്ക് തിരികെ വരുന്നതുവരെ പണംകൊണ്ടും സ്നേഹംകൊണ്ടും കൂടെനിന്ന എന്റെ മരുമകൻ.
അമ്മുവിന് തെറ്റിയില്ല കണ്ണടച്ച് ഇരുട്ടാണെന്നു ഭാവിച്ചത് എന്റെ തെറ്റാ.ഇന്ന് അവളുടെ ഇളയതിന്റെ കല്യാണാ..അതിനുള്ള എല്ല കാര്യങ്ങളും ചെയ്തു തീർത്തത് എന്റെ മോനാ. എനിക്കാണെങ്കിൽ ഈ കസേരയിൽനിന്നും എണീക്കാനൊരാളുടെ സഹായം വേണം.
എന്നിട്ടും എന്നെ ഒന്നും അറിയിക്കാതെ അവനാ എല്ലാം ചെയ്തുതീർത്തത്. ഇന്നത്തെ കാലത്തു മക്കള് തന്നെ തിരിഞ്ഞു കുത്തുന്ന അവസ്ഥയ. എന്നിട്ടും വന്നുകയറിയ ഒരാള് ഈ വീടിനും ഞങ്ങൾക്കുംവേണ്ടി ഇത്രയൊക്കെ ചെയ്യുമ്പോൾ.അവനെ മനസിലാക്കാതെ പോയതിന് ഉള്ളിൽകുറ്റബോധം തോന്നാ.
കല്യാണപ്പന്തലിൽ ചർച്ചാവിഷയവും ഇതുതന്നെയാ.ഇങ്ങനെയും മരുമക്കളുണ്ടോ എന്ന്.
പോകാൻ നേരം പലരുംവന്നു ചോദിച്ചു
എങ്ങനെയാടോ ഉണ്ണി നിനക്ക് ഇങ്ങനെയൊരു മരുമോനെ കിട്ടിയത് എന്ന്. എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി അപ്പുറത്തു മാറി നിക്കുന്ന മോനെയൊന്നു നോക്കി. എന്റെ നോട്ടം കണ്ടിട്ട് അവനൊന്നു പുഞ്ചിരിച്ചു….അവനപ്പോഴും കല്യാണപ്പന്തലിൽ തിരക്കിലാണ്…
Nb: വാക്കുകൾകൊണ്ട് അവഗണിക്കപ്പെട്ടപ്പോഴും ജീവിതംകൊണ്ട് അത് തുടച്ചുമാറ്റിയ തന്റേടിയായ ഒരുപാട് മരുമക്കൾ നമ്മുടെ കൂട്ടത്തിലുമുണ്ട്…അവർക്കായി ഈ എഴുത്തു സമർപ്പിക്കുന്നു…