രചന: സി കെ
ജാതകത്തിൽ ഇച്ചിരി ശുദ്ധം കലർന്നതിന്റെ പേരിൽ എട്ടുകൊല്ലം പെണ്ണ് തിരഞ്ഞതിന്റെ ബുദ്ധിമുട്ട് മാറിയത് ഗൗരിക്കുട്ടിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോഴാണ്…. പെണ്ണുകണ്ട് ഇഷ്ടായി ജാതകം നോക്കിയപ്പോ
അമ്മാവന്റെ മുഖത്തു നോക്കി പണിക്കര് ചേട്ടന്റെ വക ഒരു ഡയലോഗ്
“ഈ കല്യാണം നടക്കുന്നത് ചെക്കന് ആരോഗ്യപ്രശ്നങ്ങളൊരുപാട് ണ്ടാക്കുട്ടോ”
അയ്യോ എന്നാൽ ഇതു വേണ്ടാ എന്നുള്ള അമ്മാവന്റെ മറുപടിയോട് ഞാൻപടപൊരുതി ഇതുമതിയെന്നു പറഞ്ഞിട്ട് പണിക്കരേട്ടന് കയ്യിൽ നൂറു രൂപേം വെച്ചുകൊടുത്തു ഗൗരീടെ വീട്ടിലുപോയി കല്യാണം ഉറപ്പിക്കുമ്പോൾ ഏതൊരു മണവാളന്റെ ഉള്ളിലുമുള്ളതുപോലെ ഒര് ഒന്നൊന്നര ലഡ്ഡുപൊട്ടി….
വിവാഹം നിശ്ചയിച്ചുറപ്പിച്ചമുതൽ ഫോണിലൂടെയുള്ള പഞ്ചാര വർത്താനവും പൗരുഷത്തിൽ ഒന്നാംസ്ഥാനം എനിക്കാണെന്നും പറഞു അവളുടെ മനസ്സിൽ ഒരു നായകവേഷം ണ്ടാക്കിയെടുക്കാൻ ഞാൻപാടുപെടുന്ന സമയത്താണ് കൂട്ടുകാരുടെ വക ഒരു ഉപദേശം കിട്ടിയത് .
മാധവാ ഒരുപാട് പ്രതീക്ഷയെന്നും കൊടുക്കണ്ട ഓളെപ്രായം മുപ്പതും അന്റേത് മുപ്പത്തിയേഴുമാണ്…..
അയ്‌നെന്താടാ വല്യ വെത്യാസം ഒന്നും ഇല്ലല്ലോ എഴുവയസ്സൊക്കെ ഒരു മാറ്റാണോ…
അതല്ലട പോത്തെ പറയണത്…. നിന്റെ ഉത്സാഹവും ഉന്മേഷവു നഷ്ടപ്പെട്ടിരിക്കാ അവളുടേത് തുടർന്നുകൊണ്ടിരിക്കാ…ഒന്നുകിൽ നീ വല്ലാണ്ട് നായകനാവണ്ടാ അല്ലേൽ നിനക്കൊരു മരുന്ന് പറഞ്ഞുതരാം ഇനീം മൂന്നു മാസണ്ടല്ലോ ഇപ്പോ നോക്കിയാൽ അപ്പോഴേക്കും ഉഷാറാക്കാം…..
ഓ പിന്നെ ന്നിട്ടു മുപ്പത്തഞ്ചു കഴിഞ്ഞോരൊക്കെ പെണ്ണുകെട്ടുന്നത് മരുന്നുകുടിച്ചിട്ടണല്ലോ….
അതിനുള്ള തെളിവാണ് മാധവാ മ്മടെ ഗംഗാധരേട്ടൻ ….പുള്ളിയോട് ചോദിച്ചാൽ അറിയാം..
നിങ്ങളൊന്നു പൊയ്ക്കെ തൽക്കാലം മരുന്നും വേണ്ടാ മങ്ങാത്തൊലിയുംവേണ്ടാ….
പക്ഷേ മനസ്സില് ഈ ചിന്തയിങ്ങനെ അമ്പലമുറ്റത്തെ ആൽത്തറയിൽ കിടക്കുന്ന എന്റെമനസ്സിൽ ആടി ഉളഞ്ഞുനിൽക്കണ സമയത്താണ് ഗംഗാധരേട്ടനുംഭാര്യേംകൂടി ചിരിച്ചുകളിച്ചു അമ്പലത്തിൽനിന്നും പോകുന്നതുകണ്ടത്…
ന്റെ മങ്ങാട്ടുകുന്നിലമ്മേ ഇനിയിപ്പോ മരുന്ന് കഴിക്കേണ്ടിവരോ…… ഒന്നുംനോക്കണ്ട മരുന്നിനെപ്പറ്റി ഹരിയോട് ചോദിച്ചിട്ടുതന്നെ കാര്യം…
കിടക്കണകിടപ്പിൽനിന്നും ചാടി എണീറ്റ് നേരെപോയി ഹരിയുടെ വീട്ടിലേക്ക്….
ഡാ ഹരി എനിക്ക് ചെറിയൊരുപേടി …പിന്നെ ഇങ്ങളൊന്നും നല്ലതിനല്ലാതെ പറയും ഇല്ല…. ഡാ നീയാ മരുന്നിന്റെ പേരൊന്നു പറഞ്ഞേ..
നീയല്ലേ മരുന്നൊന്നും വേണ്ടാന്ന് പറഞ്ഞത്..അതപ്പോഴത്തെ സാഹചര്യംവെച്ചു പറഞ്ഞതാടാ…
ഇത് അത്ര വിലയുള്ള മരുന്നൊന്നും അല്ല മ്മളെ മുരിങ്ങാക്കായ ഇല്ലേ …അതു ചൂടുവെള്ളത്തിൽ തിളപ്പിച്ച് കഴിക്കുക…ഇച്ചിരി ഉപ്പിട്ടാൽ കഴിക്കാൻ സുഖാവും
അല്ല ഹരി ഇതു വല്ല പണിയുംകിട്ടുമോ….
നീ ഒന്നോണ്ടും പേടിക്കണ്ട …വീട്ടാര് കാണാഞ്ഞാൽ മതി.അവർക്കൊക്കെ ഈ മരുന്ന് പണ്ടേ അറിയാം…
അന്ന് തന്നെ വീട്ടിൽ പോയി മരുന്നൊന്നു പരീക്ഷിച്ചു..അങ്ങനെ മൂന്നുമാസത്തിലെ പരീക്ഷണത്തിനൊടുവിൽ കല്യാണം വന്നു….
ആശിച്ചു മോഹിച്ചു മുരിങ്ങാക്കായ മരുന്നും കുടിച്ചു അന്ന് രാത്രി മണിയറയിൽ ഗർജിക്കുന്ന സിംഹമായി പോവാൻ വേണ്ടി കല്യാണദിവസം ഹരിയെക്കൊണ്ട് ഒന്നുകൂടി ആ മരുന്നൊന്നുണ്ടാക്കി കുടിച്ചിട്ട് മണിയറ വാതിൽ അടച്ചത് ഓർമ്മയുണ്ട്…
പിന്നെ ആകെക്കൂടി ഒരു വെപ്രാളം പോലെ വയറിനകത്ത്… ഒരു പരിധികഴിഞ്ഞപ്പോൾ കരച്ചിൽ വന്നു ഡോക്ടോർ…പേടിച്ചു കതകുതുറന്ന ഗൗരി കണ്ടത് വാതിലിന് മുന്നിൽ നിൽക്കുന്ന ഗ്രഹണിപിടിച്ച അമ്മാവനെയും….
നേരെ അപ്പുറത്തുള്ള കൂട്ടുകാരന്റെ ഓട്ടോ വിളിച്ചു ആശുപത്രിയിലേക്ക് പോന്നു…… ഡോക്ടർ ഇതൊക്കെയാണ് ഉണ്ടായത്.
ഇനി പറയൂ ഈ ഗ്ലുക്കോസ് തീർന്നാൽ വീട്ടിലേക്ക് പൊയ്ക്കൂടെ…..ഇന്നെന്റെ ആദ്യരാത്രിയാണ്…
സീ മിസ്റ്റർ മാധവൻ നിങ്ങളിപ്പോഴും ഒബ്സർവേഷനിൽ ആണ് എന്തായാലും ഈ ടാബ്‌ലെറ്റ് കഴിക്കു…ഒരൂദിവസം ഇവിടെ കിടക്കേണ്ടിവരും…ബാക്കി രാവിലെ തീരുമാനിക്കാം….
അതുംപറഞ്ഞു ഡോക്ടർ റൂമിലേക്ക് പോയപ്പോൾ ഗൗരിയുടെ മുഖത്തേക്ക് ഒരു മയത്തിലിങ്ങനെ തിരിയാൻ തുടങ്ങിയതും
ഉരുളക്കുപ്പേരിപോലെ അമ്മാവന്റെ വക കുത്തിയൊരു ഡയലോഗും
“അല്ലേലും മുരിങ്ങാക്കായ തന്ന ഓരോരോ പണികളേ.ഇനിയിപ്പോ മുണ്ടും മുറുക്കി ഇവിടെ നേരം വെളുപ്പിക്കാം”……
😍സി കെ😍