ജലസമാധി
രചന രഘു കുന്നുമ്മക്കര പുതുക്കാട്
വെള്ളിയാഴ്ച്ച,ടാറിംഗ് റോഡ് അവസാനിക്കുന്നിടത്തു നിന്ന്, പ്ലാക്കൽ തറവാട്ടുവീട്ടിലേക്കുള്ള ചെമ്മൺ വഴിയാരംഭിക്കുന്നു.
സ്വകാര്യ പാതയുടെ ഇരുവശവും കമ്പിവേലികളാൽ ഭദ്രമാക്കിയിരിക്കുന്നു.ഒരു നെടുമ്പറമ്പിനെ തെല്ലു ദൂരത്തോളം വിഭജിച്ച്, നീണ്ടു കിടക്കുന്ന വഴിത്താര.
വഴിയവസാനിക്കുന്നിടത്ത്, തലയുയർത്തി നിൽക്കുന്ന പ്ലാക്കൽ തറവാട്ടുവീട്.
പഴമയുടെ ഗരിമയിൽ ശിരസ്സുയർത്തി നിൽക്കുന്ന വീടിൻ്റെ ഉമ്മറത്തെ ചാരുകസേരയിൽ തോമുട്ട്യാപ്ല ഇരിക്കുന്നുണ്ടായിരുന്നു.
പടി കടന്നു വന്നെത്തിയ, ബിജൂനോട് കറകറ ശബ്ദത്തിൽ തോമുട്ട്യാപ്ല മുരണ്ടു.
“എന്തേടാ, എന്താ പോന്നേ നീയ്..?”ബിജുവൊന്നു പരുങ്ങി.പിന്നേ, പറഞ്ഞൊപ്പിച്ചു,
“അത്,ഞാൻ റോയിനേ ഒന്നു കാണാൻ വന്നതാ,അവനോട് ഒരൂട്ടം പറയാനുണ്ടായിരുന്നു.”
തോമുട്ട്യാപ്ലയുടെ മിഴികൾ കുറുകി.എൺപതു പിന്നിട്ടിട്ടും,
ഊർജ്ജ്വസ്വലത നശിക്കാത്ത ഉടലിൽ വെളുത്ത രോമക്കാടുകൾ ഇടതിങ്ങി.”സന്ധ്യയായിട്ടും, ചീട്ടുകളിക്കാൻ വരണത് കാണാണ്ടായപ്പോൾ വിളിക്കാൻ വന്നതല്ലേ നീയ്?
ഇനീം, അവിടെ നിന്നെപ്പോലത്തെ വെടക്കുകളുണ്ടോ?
ഈ ചീട്ടുകളീം പെണ്ണുപിടീം ഒക്കെയായി അവൻ എത്ര പോകുമെന്ന് ഞാനൊന്നു നോക്കട്ടേ,
എൻ്റെ കാലം കഴിയണ വരേ,
എന്നെ പറ്റിച്ചുണ്ടാക്കുന്ന കാശേ അവൻ്റെ കയ്യിലുണ്ടാകൂ,എന്നെ എത്രത്തോളം പറ്റിക്കാമെന്ന് അവനൊന്നു നോക്കട്ടേ,
ഇഷ്ടം പോലെ സ്വത്ത് ഞാനുണ്ടാക്കി വച്ചിട്ടുണ്ടല്ലോ അവനു നശിപ്പിക്കാൻ,അവൻ്റെ തള്ള നേരത്തെ പോയതു നന്നായി.അല്ലെങ്കിലിവനേ പ്രാകി കൊന്നേനേ…”
തോമുട്ട്യാപ്ല രോഷം കൊണ്ടു വിറച്ചു.ബിജു, തലയും താഴ്ത്തി വടക്കേപുറത്തു കൂടെ തൊടിയിലേക്കു നടന്നു.
പുഴയുടെ തീരത്ത് ഏക്കറുകളോളം നീണ്ടു കിടക്കുന്ന പറമ്പ്.തെങ്ങും കവുങ്ങും കുരുമുളകും ജാതിയുമെല്ലാം ഇടതിങ്ങിയ തൊടിയിൽ സന്ധ്യയാകുമ്പോഴേ രാത്രിയെത്തും.
ഇരുട്ടു കട്ടപിടിച്ച പുരയിടത്തിലെ വഴിച്ചാലുകൾ നോക്കി, ബിജു കുറേ ദൂരം മുന്നോട്ടു പോയി.
തോമുട്ട്യാപ്ലയ്ക്ക് ഇതുപോലുള്ള നാലഞ്ചു പറമ്പുകൾ പുഴയോരത്തു വേറെയുണ്ട്.കാലശേഷം, ഇതെല്ലാം ഒറ്റ മകനായ റോയിക്കുള്ളതാണ്.
റോയിയുടെ കയ്യിൽ ഇതൊക്കെ വന്നിട്ടു വേണം, ചീട്ടുകളി ഇങ്ങോട്ടു മാറ്റാൻ.
നാൽപ്പതാം കാലത്തും, റോയി കല്ല്യാണം കഴിക്കാഞ്ഞത് നന്നായി.കമ്പനി കൂടാൻ മറ്റസൗകര്യങ്ങളുണ്ടാകില്ല.റോയിയുടെ കാശൊക്കെ പെണ്ണുങ്ങള് തിന്നു പോവുകയാണെന്നാണ് അപ്പൻ്റെ പരാതി.അതിലു വാസ്തവവുമുണ്ട്.
പറമ്പിന്നിടയിലെ മോട്ടോർഷെഡിൽ വെളിച്ചമുണ്ട്,മോട്ടോർ പ്രവർത്തിക്കുന്ന ശബ്ദം വ്യക്തമാകുന്നുണ്ട്.ബിജു അങ്ങോട്ടു നടന്നു.
മോട്ടോർ ഷെഡിനോടു തെല്ലു നീങ്ങിയൊരു പടുകൂറ്റൻ ടാങ്കുണ്ട്.ഒരു ചെറിയ കുളത്തേ സ്മരിപ്പിക്കുന്ന ഒന്ന്.അതിലേക്ക് പുഴയിലേ വെള്ളം പമ്പു ചെയ്തു നിറയ്ക്കുകയായിരുന്നു, റോയി.വെള്ളം, ടാങ്കിൽ നിറയാൻ തുടങ്ങിയിരുന്നു.
അകലേ നിന്നെത്തിയ മോട്ടോർഷെഡിലെ ബൾബിലെ വെട്ടം ആ വെള്ളത്തിൽ പ്രതിഫലിച്ചു.അതിലേക്കു നോക്കി, എന്തോ ചിന്തിച്ചു, റോയി നിൽപ്പുണ്ടായിരുന്നു.
“എന്തൂട്ടാ റോയേ, പരിപാടി?നിന്നെ നോക്കി, കാണാണ്ടായപ്പോൾ അന്വേഷിച്ചു വന്നതാ.നല്ല പുലീരേ മുന്നിലേക്കാ ചെന്നു പെട്ടേ,
നിൻ്റെ അപ്പൻ്റെ മുന്നില്,ആള് കട്ടക്കലിപ്പിലാണല്ലോ,
എന്നെ ആട്ടി വിട്ടു.നീയ്യ്, ആ സരസൂൻ്റെ മോൾടെ കൂടെ കെടക്കണതൊക്കെ അങ്ങേരെങ്ങനെയറിഞ്ഞു?പുള്ളിക്ക്, റഡാറുണ്ടോ കയ്യില്?അതല്ല,ഇത്ര വല്ല്യ കെണറുള്ളപ്പോൾ,
എന്തിനാ ഈ ടാങ്കില് പുഴവെള്ളം അടിച്ചു കേറ്റണേ?നീ വായോ,കളിയിനി നടക്കുന്നു തോന്നണില്ല്യാ,കുടിയെങ്കിലും നടത്താം…”റോയി ഒന്നു ചിരിച്ചു.പതുക്കേ മറുപടി പറഞ്ഞു.
“ഈ ടാങ്ക് കുറേ കാലമായില്ലേ വെറുതേ ഉണങ്ങിക്കിടക്കണ്,ഇതങ്ങ്ട് വെടുപ്പാക്കി, അടീല് ടാർപായയൊക്കെ വിരിച്ച് മെനയാക്കിയെടുത്തു.കണ്ടമാനം മീൻ കൊള്ളും ഇതില്,പുഴവെള്ളം അടിച്ചിട്ടത് അതിനാ,
അതാവുമ്പോ മീനോൾക്ക്, ഒരു ഗൃഹാതുരത്വം കിട്ടൂലോ,അപ്പൻ കണ്ടിട്ടില്ല, ഈ കളി…ഞായറാഴ്ച്ച വൈകീട്ട്,നാലു പെഗ് ഹെർക്കുലീസ് റമ്മടിച്ച്, അപ്പൻ ഇവിടെ വന്നു നിൽക്കും,അമ്മച്ചീനേ ഓർക്കാനാ,
അപ്പളേ ഇതു കാണൂ,അയാളുടെ കാലശേഷം ഇത് എനിക്കു കിട്ടുമോന്നു കണ്ടറിയണം.അങ്ങേര്, എല്ലാം വൈകിക്കും.
നാൽപ്പതു വയസ്സിലാ, കല്യാണം കഴിച്ചേ,ഇപ്പോ, മോനായ എനിക്ക് നാൽപ്പതു കഴിഞ്ഞു.
ഇനിയെപ്പഴാണ് എൻ്റെ ഊഴമെന്ന് തമ്പുരാനറിയാം,നീ, വാ…
നമുക്ക്, ഗോതമ്പിട്ടു വാറ്റിയ ചാരായം കിട്ടുമോന്നു നോക്കാം.സരസൂൻ്റെ മോളുടെയടുത്ത് പിടിച്ചു നിൽക്കണങ്കിൽ അതേ പറ്റൂ,വയാഗ്ര പോലും അവളുടെയടുത്തു തോൽക്കും”റോയിയും, ബിജുവും ഇരുട്ടിലൂടെ മുന്നോട്ടു നടന്നു.
ഞായറാഴ്ച്ച രാത്രി,തോമുട്ട്യാപ്ലയെ കാണാനില്ല,രാത്രി ഏഴരയ്ക്ക്,
റോയി നാടുതെണ്ടലെല്ലാം കഴിഞ്ഞു വന്നപ്പോൾ, അപ്പൻ വീട്ടിലുണ്ടായിരുന്നില്ല.
സാധാരാണ, ഹെർക്കുലീസ് റമ്മിൻ്റെ നാലു പെഗു പകർന്ന ഊറ്റം കഴിയുമ്പോൾ,
എട്ടുമണിയോടെ പറമ്പിൽ നിന്നും തിരിച്ചെത്തേണ്ടതാണ്.കയ്യിലൊരു നെടുങ്കൻ ടോർച്ചുമായാണ് പതിവ് പറമ്പു സന്ദർശനം.എട്ടുമണി കഴിഞ്ഞിട്ടും,
അപ്പനെ കാണാതായപ്പോൾ റോയി പറമ്പിലാകെ തിരഞ്ഞു.കണ്ടില്ല,ഉടനേ, അവൻ കൂട്ടുകാരേയും സിൽബന്തികളേയും വിളിച്ചു.അവരെല്ലാവരും കൂടി,
നാട്ടിലും തൊടിയിലുമെല്ലാം അരിച്ചുപെറുക്കി.അപ്പനെ കാണുന്നില്ല.റോയി വിതുമ്പാൻ തുടങ്ങി.
“ഇനി, പുഴയിലെങ്ങാനും….”നാട്ടുകാരിലാരോ അർദ്ധോക്തിയിൽ നിർത്തി.മോട്ടോർ ഷെഡിനോടു ചേർന്ന പുഴയിറമ്പിലേക്ക് അനേകം ടോർച്ചുലൈറ്റുകൾ നീണ്ടു.പുഴ, ശാന്തമായി ഒഴുകുകയാണ്.
വേനലായതിനാൽ സ്വച്ഛമായ ജലപ്പരപ്പിൽ കുഞ്ഞോളങ്ങൾ അലയടിച്ചു.ആരോ, ഒന്നുരണ്ടു പേർ പുഴയിലിറങ്ങി.മുങ്ങിത്തപ്പി.
ഏതാനും നേരം നീണ്ട തിരച്ചിലിനൊടുവിൽ, മുങ്ങി നിവർന്ന ഒരു ചെറുപ്പക്കാരൻ്റെ കയ്യിൽ ഒരു നീളൻ ടോർച്ചുണ്ടായിരുന്നു.തോമുട്ട്യാപ്ലയുടെ ടോർച്ച്.രാത്രി, തിരച്ചിൽ ദുഷ്കരമാണെന്ന് അഗ്നിശമനസേന അറിയിച്ചതിനേ തുടർന്ന്, തിരച്ചിൽ പ്രഭാതത്തിലേക്കു മാറ്റിവച്ചു.തിങ്കളാഴ്ച്ച പ്രഭാതം,
മോട്ടോർപുരയിൽ നിന്നും ഒന്നുരണ്ടു കിലോമീറ്ററിനപ്പുറത്ത്, തോമുട്ട്യാപ്ലയുടെ മൃതദേഹം ഏതോ പുൽപ്പടർപ്പിൽ തങ്ങി നിന്ന നിലയിൽ ഫയർഫോഴ്സ് മുങ്ങിയെടുത്തു.
വെള്ളം കുടിച്ച്, വയർ ചീർത്ത അപ്പൻ്റെ ദേഹം കണ്ട റോയി മോഹാലസ്യപ്പെട്ടു വീണു.
ഇൻക്വസ്റ്റിനു ശേഷം, മൃതദേഹം പോസ്റ്റുമാർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി.തളർന്നുവീണ റോയിയേ താങ്ങിയെടുത്ത്, ബിജുവും കൂട്ടുകാരും പ്ലായ്ക്കൽ തറവാട്ടു വീട്ടിലേക്കു നടന്നു.
പോകും വഴി, മോട്ടോർഷെഡിനപ്പുറത്തേ കൂറ്റൻ ടാങ്കിലേക്ക് ബിജുവിൻ്റെ മിഴികൾ നിരങ്ങിച്ചെന്നു.
അത്ഭുതം,ആ ടാങ്ക് തീർത്തും കാലിയായിരുന്നു.ബിജു ഒരിക്കൽ കൂടി നോക്കി.
വെള്ളിയാഴ്ച്ച സന്ധ്യയിൽ, അതിലുണ്ടായിരുന്ന ടാർപാളിൻ ഷീറ്റുകളും അപ്രത്യക്ഷമായിരിക്കുന്നു.
പഴയ അതേ അവസ്ഥയിൽ,
വായു മാത്രം നിറഞ്ഞ് ടാങ്ക് മൗനത്തിലാണ്ടു നിലകൊണ്ടു.കൂട്ടുകാരുടെ കരവലയങ്ങൾക്കുള്ളിൽ കിടന്ന്,റോയി അപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു. “എൻ്റെ അപ്പാ,അപ്പൻ പോയല്ലോ….”
ബിജു, എന്തോ ഓർമ്മത്തെറ്റു വന്നവനേപ്പോലെ അന്തിച്ചു, മുന്നോട്ടു നീങ്ങി.ഏതാനും ചുവടുകൾ വച്ച ശേഷം, റോയി തിരിഞ്ഞു നോക്കി.അവന്റെ കണ്ണുകളിൽ, ജേതാവിന്റെ വൈരത്തിളക്കം സ്ഫുരിയ്ക്കുന്നുണ്ടായിരുന്നു.ബിജു മാത്രം, ആ കാഴ്ച്ച വ്യക്തമായി കണ്ടു.ഏറെ നടുക്കത്തോടെ….