വന്ധ്യ
രചന : അനിൽ ഇരിട്ടി
വീടിന്റെ പടിയിറങ്ങുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനയുണ്ടായിരുന്നു എനിക്ക് ,
ഒരു മകരമാസത്തിന്റെ പാതിയിലായിരുന്നു ഞാൻ ഈ പടിവാതിലിൽ വലതു കാൽ വെച്ച് കയറി വന്നത് .
തൊടികൾ നിറയെ പൂക്കൾ വിടർന്ന കാഴ്ച പാതിചെടികളിൽ വിടരാൻ വെമ്പി നിൽക്കുന്ന നറു പൂമൊട്ടുകൾ .മരങ്ങൾ മിക്കതും ഇല പൊഴിച്ച് പുതിയ നാമ്പുകൾ പിറവി കൊള്ളാൻ തയ്യാറായി നിൽക്കുന്നതുപോലെ .
പ്രഭാതങ്ങളും വർഷങ്ങളും കടന്നുപോയതറിഞ്ഞില്ല .പരാഗണങ്ങൾ സംഭവിച്ച് വീണ്ടും വീണ്ടും മുറ്റവും ഉദ്യാനങ്ങളും ചെടികൾ വിത്തുകൾ വിതച്ച് മുളവന്ന് പൂത്തുല്ലസിച്ചു .
പക്ഷെ ….. ,നെടു വീർപ്പുകളുടെ നിശ്ബ്ദതയിൽ എത്രയോ രാവുകൾ കൊഴിഞ്ഞു തീർന്നുവെന്ന് ഇന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല .എവിടെ ചെന്നാലും ആലില പോലെ ഒട്ടിയ വയറിലേയ്ക്കാണ് ബന്ധുജനങ്ങളുടേയും പരിചയക്കാരുടേയും നോട്ടം.
പിന്നെ അടക്കിപിടിച്ച സംസാരവും അവർ തമ്മിൽതമ്മിൽ .അതൊക്കെ സഹിക്കാം .
കുത്തുവാക്കുകളാണ് എവിടെ ചെന്നാലും അത് സഹിക്കാൻ വയ്യാ .പലരും അടക്കിപിടിച്ച് സംസാരിക്കുന്ന വാക്കുകൾ കേട്ടിട്ടുണ്ട് .ഓള് പ്രസവിക്കില്ല മച്ചിയാന്ന് .
പലപ്പോഴും ഇതൊക്കെ കേൾക്കുമ്പോൾ ജീവിക്കാൻ തന്നെ ആശ നഷ്ടപ്പെട്ടവളാകും .
മരണത്തോട് ഭയമായിരുന്നു .പിന്നെ തോറ്റ് കൊടുക്കാനുള്ളതല്ലല്ലോ ജീവിതം .എല്ലാം സഹിച്ചു .
സാവധാനം പുതിയ തീരുമാനങ്ങളെ മനസ്സിൽ പാകപ്പെടുത്തി എടുക്കാൻ ശ്രമിച്ചു .അതുകൊണ്ട് തന്നെയാണ് കുറച്ച് വർഷങ്ങളായി ഈ പടിപ്പുര കടന്ന് പുറത്ത് പോകാൻ ഞാൻ മടിക്കുന്നത് .
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ കുറേ എതിർപ്പുകളെ അവഗണിച്ചും
പല മുഖം കറുപ്പിക്കൽ കണ്ടില്ല എന്നുവെച്ചുമായിരുന്നു ശ്രീയേട്ടന്റെ കൈ പിടിച്ച് ഈ വീട്ടിലേയ്ക്ക് കടന്നുവന്നത് .തറവാട്ടിൽ ആകെ ഒരു ആൺ തരിയാണ് ശ്രീഹരി .ഒരേ ഒരു മകൻ മാത്രം .
സൗമ്യനാണ് .ശാന്ത സ്വഭാവവും .അതൊക്കെയായിരുന്നല്ലോ കേളേജ് കാലം തൊട്ട് എന്നിൽ ശ്രീയേട്ടനോട് ഇഷ്ടം കൂടി പ്രണയം പങ്കിടാൻ തോന്നിച്ചതും .
പക്ഷെ സൗഭാഗ്യങ്ങൾ എല്ലാ ഒണ്ടായിട്ടും എന്റെ ഗർഭപാത്രത്തിൽ ഒരു ജീവന്റെ തുടിപ്പ് പിറവി കൊണ്ടില്ല .
പോകാത്ത വഴികളും കാണാത്ത ഭിക്ഷഗ്വരൻമ്മാരും ഇല്ല .പാരമ്പര്യം അന്യംനിന്നു പോകുമെന്ന ചിന്തയാണ് തറവാട്ട് കാർന്നോൻമ്മാർക്ക് .സാരമില്ല .ഇതൊക്കെ എന്റെ വിധിയെന്ന് കരുതാം .
ചിലപ്പോഴൊക്കെ ദൈവവും ക്രൂരമാകാറുണ്ടല്ലോ .ദൈവങ്ങളുടെ മുമ്പിലെ തിരിയിട്ട വിളക്കുകൾ കത്തി അണഞ്ഞു തീർന്നതല്ലാതെ എന്റെ പ്രതീക്ഷയിൽ ഒരു തിരിവെട്ടം തെളിയാതെ പോയി.
എവിടെയോ എന്നോ പിന്നെ ദൈവങ്ങളോടും അകൽച്ച കൂടി കൂടിവന്നു .പൂജാമുറിയിൽ എന്റെ നിഴൽപോലും പതിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു .പിന്നെ പിന്നെ എന്നെ എല്ലാവരും വെറുക്കാൻ ഞാൻ തന്നെ മനപ്പൂർവ്വം ഓരോ കാരണങ്ങൾ സൃഷ്ടിക്കുകയായിരുന്നു ആ വീട്ടിൽ .
അത് കുറച്ച് വർഷങ്ങൾക്ക് മുമ്പേ എടുത്ത തീരുമാനം .ഞാൻ ഈ വീട് വിട്ട് ഇറങ്ങിപോരുമ്പോൾ ആരുടേയും കണ്ണുകൾ നിറയരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു .
ശ്രീയേട്ടനും എന്നെ വെറുക്കുമ്പോൾ വേർപിരിയൽ എളുപ്പമാകും .ഞാൻ ജീവിതത്തിൽ നിന്നും മാറി നിന്നാൽ സാവധാനം പുള്ളി വേറൊരു പെണ്ണിന് പുടവ കൊടുക്കും ഈ കുടുംബത്തിന്റെ പാരമ്പര്യവും പിൻ തുടർച്ചയും അവരിൽ പിറക്കുന്ന മക്കളിലൂടെ നിലനിൽക്കുകയും ചെയ്യും .
തൊട്ടതിനും പിടിച്ചതിനും പ്രശ്നങ്ങൾ ഒണ്ടാക്കി ഞാൻ സ്വയം തന്റേടിയായി തന്നിഷ്ടക്കാരിയും .
പല രാവുകളിലും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എന്റെ പെരുമാറ്റത്തിലെ കുറ്റബോധത്തിൽ .
കുറ്റബോധം മനസ്സിനെ മുറിപ്പെടുത്തി കൊണ്ടിരുന്നു .
മുറ്റത്തിന്റെ അപ്പുറം വണ്ടി എനിക്കായി കാത്തു കിടക്കുന്നു .
ശ്രീയേട്ടൻ കട്ടിലിൽ കിടന്ന് പൊട്ടികരയുകയാണോ ആവോ .ആയിരിക്കും .
അങ്ങനെയായിരുന്നല്ലോ പ്രേമിച്ചകാലത്തെ ജീവിതം .കൈയ്യിൽ കരുതിയ സൂട്ട്ക്കേസ് താഴെ വെച്ച് ഒന്നുകൂടെ തിരിഞ്ഞു നോക്കി .ഈ മുറ്റത്ത് ഇനി എന്റെ കാൽപ്പാടുകൾ കാണില്ല .
എന്നും വെള്ളം ഒഴിക്കാറുള്ള തുളസിത്തറയിലെ തുളസിച്ചെടിയിൽ നിന്നും ഒരു തളിർപ്പ് ഞാൻ ഒടിച്ചെടുത്തിരുന്നു .ഇത് സൂക്ഷിച്ച് വെക്കണം ഈ വീടിന്റെ ഗന്ധം എന്നിൽ എന്നും നിറഞ്ഞു നിൽക്കാൻ .എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ട് .
മുമ്പിലെ കാഴ്ചകൾ മങ്ങി തുടങ്ങി .ഹൃദയം ഇടിക്കുന്ന പട പട ഒച്ച ഒരു പെരുമ്പറ മുഴങ്ങും പോലെ ഉയർന്നു .നെഞ്ച് വിങ്ങി പൊട്ടും പോലെ ഉയർന്നു താഴുന്നു .
കാലുകൾ ചലിക്കാനാകാതെ ഒരു നിമിഷം അവിടെ തന്നെ നിന്നു .തിണ്ണയുടെ കോലായിയിൽ നിന്നും ശ്രീയേട്ടന്റെ അമ്മയുടെ ചെറുതേങ്ങൽ കേൾക്കാം .തിരിഞ്ഞു നോക്കാൻ കഴിയുന്നില്ല .
എന്റെ പോക്ക് കാണാൻ കഴിയാത്തതു കൊണ്ടാവാം അച്ഛൻ നേരത്തെ പാടത്തേയ്ക്ക് പോയത് .
പോകും മുൻപ് എന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു ഇത്തിരി നേരം .എന്തൊക്കയോ പറയാൻ വെമ്പും പോലെ .
ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ തിരിഞ്ഞു നടന്നകന്നു പാടത്തേയ്ക്കായി .
അപ്പോഴും ഞാൻ അച്ഛന് മുഖംകൊടുക്കാതെ എന്റെ ഡ്രസുകൾ എടുത്തു വെക്കുന്ന തിരക്ക് അഭിനയിക്കുകയായിരുന്നു .
അത് എന്റെ അഭിനയം മാത്രമായിരുന്നു എന്ന് ആർക്കും തിരിഞ്ഞതുമില്ല .തിരിഞ്ഞു നടന്ന അച്ഛന്റെ കാൽപ്പാദങ്ങൾ പതിഞ്ഞ തറതൊട്ട് ഞാൻ മനസ്സുകൊണ്ട് മാപ്പുപറഞ്ഞു .അതേ എനിക്ക് കഴിയുമായിരുന്നുള്ളു .
തറവാട്ട് കാർന്നവൻമ്മാര് ആരും വന്നതുമില്ല .അവര് വരരുത് എന്ന് എനിക്ക് നിർബന്ധവും ഒണ്ടായിരുന്നു .ചെറുതായി തലകറങ്ങുമ്പോലെ ഭൂമി ഭാരമില്ലാതെ പൊങ്ങി പോകുന്നു എന്ന തോന്നാൽ .വേഗം കണ്ണുകൾ പൂട്ടി മതിലിൽ ചാരി നിന്നു .മനസ്സിന് ഞാൻ ധൈര്യം പകർന്നു .
ഇവിടെ നീ തോൽക്കരുത് തോറ്റാൽ നിനക്ക് തിരികേ ഈ പടിപ്പുര വീണ്ടും കടക്കേണ്ടിവരുമെന്ന് .
ശ്രീക്ക് താലി ഊരി നൽകുമ്പോൾ കൈകൾ വിറച്ചിരുന്നു .എന്റെ ചൂടും ചൂരും നിറഞ്ഞ ബെഡിൽ ഒരിക്കൽക്കൂടി ഒന്ന് കിടക്കണമെന്നുണ്ടായിരുന്നു അവസാനമായി .
കാച്ചെണ്ണയുടെ മണം ശ്രീയേട്ടന് ഇഷ്ട മില്ലാതിരുന്നിട്ടും എന്റെ കൈത്തണ്ടയിൽ മുഖം ചേർത്ത് ഉറങ്ങാനായിരുന്നു എന്നും ഇഷ്ടം .ശ്രീയേട്ടനെ അവസാനമായി ഈ കൈത്തണ്ടയിൽ ഒന്നൂടെ കിടത്തി ഉറക്കണമെന്നും .ശ്രീയേട്ടന്റെ വിയർപ്പിന്റെ ഗന്ധം ഇപ്പോഴും പോകാതെ എന്റെ കൈത്തണ്ടയിൽ പറ്റിച്ചേർന്ന് നിൽക്കും പോലെ .
വയ്യാ കാലുകൾ കുഴയുകയാണ് കണ്ണിൽ നിന്നും വെളിച്ചംമായുമ്പോലെ ചുറ്റും ഇരുൾ നിറഞ്ഞു .
പതിയെ നിലത്തേയ്ക്ക് ഇരുന്നു പോയി .കണ്ണുകൾ തുറക്കുമ്പോൾ വെളുത്ത കുപ്പായമിട്ട കുറച്ച് പെൺകുട്ടികൾ ചുറ്റും എന്നെതന്നെ നോക്കി നിൽക്കുന്നു .ആരേയും പരിചയമില്ല .
വേഗം ചാടി എണീക്കാൻ ശ്രമിച്ചു .അവർ തന്നെ എന്നെ സാവധാനം പിടിച്ചു കിടത്തി ബെഡിൽതന്നെ .ഒന്നും വ്യക്തമാകാത്ത കാഴ്ചകൾ ആണ് എന്റെ കണ്ണിൽ .
തലയ്ക്കരുകിൽ ആരോഇരുന്ന് തലയിൽ തഴുകുന്നുണ്ട് പതിയെ .ശ്രീയേട്ടന്റെ ശരീരഗന്ധം ആ മുറിയിൽ മുഴുവൻ വ്യാപിക്കുന്നതു പോലെ .ആ വിരലുകളിൽ തൊട്ട് ഞാൻ മുഖംതിരിക്കും മുൻപ് രണ്ട്തുള്ളി കണ്ണുനീർ എന്റെ മുഖത്തേയ്ക്ക് വീണു .
അറിയാതെ ഞാൻ വിതുമ്പിക്കരഞ്ഞു പോയി .എന്റെ കവിളിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീര് ആ കൈവിരലുകൾ തൂത്തെടുത്തു .പെട്ടന്ന് വയറിന്റെ ഉൾഭിത്തിയിൽ ചെറിയൊരു അനക്കം പോലെ .
ചിലപ്പോൾ തോന്നലാവും .
അറിയാതെ ഞാൻ വയറിൽ കൈകൾ അമർത്തി പരതുമ്പോൾ മുമ്പിൽ എന്നെതന്നെ നോക്കിനിന്ന ഡോക്ടറുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു .