March 25, 2023

“അല്ല ചങ്ങായി, ഇങ്ങക്കൊരു ബുള്ളറ്റ് വാങ്ങിച്ചൂടെ ഒരുപാട് നാളായില്ലെ ഈ പോത്തിന്റെ പുറത്ത് യാത്ര….. “കാലന്റെ കൂടെ പോത്തിന്റെ

രചന: സുനിൽ തൃശ്ശൂർ

“അല്ല ചങ്ങായി, ഇങ്ങക്കൊരു ബുള്ളറ്റ് വാങ്ങിച്ചൂടെ ഒരുപാട് നാളായില്ലെ ഈ പോത്തിന്റെ പുറത്ത് യാത്ര…..

“കാലന്റെ കൂടെ പോത്തിന്റെ പുറകിലിരുന്നുള്ള യാത്രയിൽ ശ്യാമിന്റെ ചോദ്യം കേട്ട കാലന് കലിപ്പിളകി ബുള്ളറ്റ് വാങ്ങിച്ചാ അതിൽ പെട്രോൾ നിന്റെ അപ്പനടിക്കോ മുണ്ടാണ്ട് അവിടിരുന്നോണം അല്ലെ ചവിട്ടി കൂട്ടി താഴെക്കിടും ഞാൻ ങ്ങാ..

“രംഗം പന്തിയല്ലെന്ന് കണ്ട് മിണ്ടാതിരുന്നു ശ്യാം …ദൂരെ നിന്ന് കണ്ടു പരലോകം എന്ന വലിയ ബോർഡ് …

“നാട്ടിലെ സന്ധ്യനേരത്തെ ബീവറേജിനെ വെല്ലുന്ന വലിയ ക്യൂവും ഉണ്ടായിരുന്നവിടെ ശ്യാമിനെ അവിടിറക്കി തന്റെ അടുത്ത ഇരയെ തേടി വീണ്ടും യാത്ര തിരിച്ചു കാലൻ…..

“ക്യൂവിനടുത്ത് ചെന്ന് എന്ത് ചെയ്യണം എങ്ങോട്ട് പോവണം എന്നറിയാതെ പകച്ച് പണ്ടാരടങ്ങിനിൽക്കുന്ന നേരത്താണ് വീടിനടുത്തുള്ള കാദറിക്ക നിൽക്കുന്നത് കണ്ടത് …
“അല്ല ഹിമാറെ നീയെപ്പ മരിച്ച് എങ്ങനെ മ,രി,ച്ചെ,ന്ന” ചോദ്യമായിവന്ന ഇക്കയോട് ചോദിച്ചു “അല്ല ഇങ്ങളെന്താ ഇക്കാ ഇവിടെ ഇങ്ങടെ സ്വർഗ്ഗം വേറെയല്ലെ…..”??

“ദൈവവും സ്വർഗ്ഗവും നരകവും എല്ലാർക്കും ഒന്നാണ് മോനെ ഭൂമിയിലെ ചില ശെയ്ത്താന്മാർ ദൈവത്തിന്റെയും പാർട്ടിയുടെയും പേര് പറഞ്ഞ് മനുഷ്യനെ തമ്മിൽ തല്ലിക്കാൻ വേണ്ടി പറഞ്ഞ് ഉണ്ടാക്കണതാ പലതും…..

“മോൻ ദേ ഇബടെ കേറിനിന്നോ തിരക്കിനിടയിലും ഇക്കാന്റെ അടുത്ത് ഒരു ഗ്യാപ്പുണ്ടാക്കി ലാലേട്ടന്റെ പടത്തിന്റെ ക്യൂവിൽ ഇടിച്ച് കയറ്റുന്ന ചങ്ക്കളെ പോലെ തന്നെയും ഇടിച്ച് കയറ്റി…
“തൊട്ട് മുൻപിൽ നിന്ന ചേട്ടനെ നോക്കി ഒരു ചിരി ചിരിച്ചു.

തന്നെ രൂക്ഷമായി നോക്കിയ അയ്യാളുടെ നോട്ടം കണ്ടാൽ മൂപ്പരുടെ മോളെ താൻ അടിച്ച് കൊണ്ടോയ പോലെയുണ്ട് അത്രയും ദേഷ്യമുണ്ടാമുഖത്ത്. ഒന്ന് ചമ്മിയെങ്കിലും മനസ്സിൽ പറഞ്ഞു മ,രി,ച്ചി,ട്ടും അഹങ്കാരത്തിനൊരു കുറവുമില്ല ഈ പന്നിക്ക്…

“ഓരോരുത്തരുടെയും വിചാരണ കഴിഞ്ഞ് അവരവരുടെ സൽപ്രവൃത്തിയും ദുഷ്ട പ്രവൃത്തിയും അനുസരിച്ച് തരംതിരിച്ച് സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ഉള്ള വഴികളിലേക്ക് തിരിച്ച് വിടുന്നുണ്ടായിരുന്നു ..

“സ്വർഗ്ഗത്തിന്റെ വാതിലിലേക്ക് പോകുന്നവർ നരകത്തിലേക്ക് പോകുന്നവരെ നോക്കി കൊഞ്ഞനം കുത്തി ചാടിതുള്ളി പോകുമ്പോൾ കൊടികുത്തി Ac കാറിലും വലിയ ബംഗ്ലാവിലുമൊക്കെ താമസിച്ചിരുന്ന, മറ്റുള്ള പാവങ്ങൾക്ക് ദ്രോഹം മാത്രം ചെയ്യ്തിട്ടുള്ള കണ്ണിൽ ചോരയിലാത്ത വർഗ്ഗങ്ങൾ നരക വാതിലിലേക്ക് തലയും കുമ്പിട്ട് നടക്കുന്നുണ്ടായിരുന്നു…..

“ഒടുവിൽ തന്റെയും കൂടെ മൂന്നു പേരുടെയും ഊഴം വന്നു കൂടെ ഉണ്ടായ ഒരു പലിശക്കാരൻ മറ്റെയാളോട് പറയുന്നുണ്ടായിരുന്നു നീ നരകത്തിലേക്കായിരക്കും ഞാൻ പലിശ വാങ്ങിയിട്ടുണ്ടെങ്കിലും അമ്പലത്തിലേക്കും പള്ളികളിലേക്കും ഒരു പാട് സംഭാവനയും നേർച്ചയും നൽകിയിട്ടുണ്ട് അതോണ്ട് എനിക്ക് സ്വർഗ്ഗം കിട്ടും ഹോയ് ഹോയ്…..

“ഒടുവിൽ അയാളുടെ വിചാരണയിൽ അയാൾക്ക് കിട്ടിയത് നരകം അതിനയാൾ അവിടെ നിന്ന് കലിപ്പുണ്ടാക്കി കാര്യം തിരക്കി ….

ആളുകളുടെ നന്മയും തിന്മയും നോക്കുന്ന ഭൂതഗണങ്ങളിൽ ഒരാൾ തൊട്ടടുത്ത വെളുത്ത ചുമരിലേക്ക് തന്റെ പ്രൊജക്റ്റർ ഓണാക്കി അയാളുടെ കഴിഞ്ഞ കാലങ്ങൾ കാട്ടി അതിൽ….
പലിശ കിട്ടാത്തതിന് ഭീക്ഷണിപ്പെടുത്തി സ്വത്തുക്കൾ തട്ടിയെടുത്ത പാവങ്ങളെയും, അതിൽ അയാളെ പേടിച്ച് ആത്മഹത്യ ചെയ്യ്ത ഒരുപാടാളുകളെയും കണ്ടു….

ഇതെല്ലാം കണ്ടയ്യാൾ തല താഴ്ത്തിയപ്പോൾ ഭൂതഗണം പറഞ്ഞു മറ്റുള്ളവർക്ക് നന്മ ചെയ്യാതെ പള്ളിക്കും അമ്പലത്തിനും നേർച്ചയിട്ടിട്ട് ഒരു കാര്യവുമില്ല വിശക്കുന്നവയറിന് ഭക്ഷണം കൊടുക്കുക സഹജീവികളെയും മനുഷ്യരായി കാണുക..

അല്ലാത്ത നീയൊക്കെ നരകത്തിൽ തന്നെ കുറെനാൾ ഭൂമിയിൽ സുഖിച്ചില്ലെ.. . പലിശ തരാത്തതിന് എത്ര പെണ്ണുങ്ങളുടെ മാനം കവർന്നു നീ അതിവിടെ ഞാൻ കാണിച്ചില്ല ഇവിടെയും ചിലത് സെൻസർ ചെയ്യ്തിട്ടാ ഞങ്ങൾ കാണിക്കാറ് നിനക്ക് നിർബദ്ധമാണെ ഞാൻ കാണിക്കാം….
വേണ്ട ഞാൻ പോയ്കോളാം എന്ന് പറഞ്ഞയാൾ നരകവാതിലിലേക്ക് തലയും കുമ്പിട്ട് നടന്നു നീങ്ങി…..

പിന്നെ വിളിച്ചത് ഒരു കർഷകനെയാണ്…നീ എന്തിനാണ് ആ,ത്മ,ഹ,ത്യ ചെയ്യ്തത് ?? ഭൂതഗണത്തിന്റെ ചോദ്യത്തിനയ്യാൾ ഉത്തരം പറഞ്ഞ് തുടങ്ങി…

“എന്റെ വീടിന് ചുറ്റുമുള്ളവർക്ക് വലിയ വീടും വില കൂടിയ കാറും എല്ലാം ഉണ്ട് അവരുടെ ജീവിതം എത്ര സുന്ദരം പക്ഷെ ഞാനോ എന്നും കഷ്ടപ്പെടാൻ മാത്രം വിധിക്കപ്പെട്ടവൻ എന്നും പരീക്ഷണങ്ങൾ മാത്രം അതിനിടക്ക് വന്ന മഴയിൽ എന്റെ കൃഷിയും നശിച്ച് കടക്കെണിയിലായി അതാ മരിച്ചത്….
“നീ മരിച്ചതിന് ശേഷം നിന്റെ ഭാര്യയുടെയും മക്കളുടെയും ദുഖം എന്താണെന്ന് നിനക്കറിയോ അവരെങ്ങനെ ജീവിക്കുമെന്ന് നീ ചിന്തിച്ചോ???

“വീണ്ടും ഭൂതഗണത്തിൽ ഒരാൾതന്റെ പ്രൊജക്റ്റർ ഓണാക്കി അയാൾ പറഞ്ഞ പണക്കാരുടെ ജീവിതം കാട്ടി തുടങ്ങി എന്നും വീട്ടിൽ വന്നാൽ ഭാര്യയോട് വഴക്കും തല്ലും മാത്രം അയാളില്ലാത്ത സമയം കാമുകനുമായി സല്ലപിക്കുന്ന ഭാര്യ ..

ഭാര്യ അറിയാതെ മറ്റു സ്ത്രീകളെ പ്രാപിക്കുന്ന ആ പണക്കാരൻ. പണമുണ്ടായിട്ടും സമാധാനം എന്തെന്നറിയാത്ത കുടുംബം …..

പിന്നെ അയാളുടെ ജീവിതം കാട്ടി തുടങ്ങി അതിൽ തന്റെ ഭാര്യയെയും മക്കളെയും കണ്ടയാൾ പൊട്ടിക്കരഞ്ഞു ..

എന്നും പാടത്തെ പണി കഴിഞ്ഞ് വരുമ്പോൾസ്നേത്തോടെ വന്ന് ചായ തരുന്ന ഭാര്യ അച്ഛാ എന്നും വിളിച്ച് ദേഹത്തേക്ക് ഓടിക്കയറുന്ന മക്കൾ സന്തോഷകരമായ ജീവിതം ….

“ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന ഈ സന്തോഷകരമായ ജീവിതമാണ് നീ നഷ്ടപ്പെടുത്തിയത് ലോകത്ത് എല്ലാവരും പണക്കാരായാൽ മനുഷ്യർ നോട്ട് കെട്ട് വിഴുങ്ങി ജീവിക്കുമോ ???
“അതിനാണ് പാവപ്പെട്ടവരെയും പണക്കാരെയും സൃഷ്ടിക്കുന്നത് പണക്കാർക്ക് കിട്ടാത്ത സന്തോഷം നിങ്ങളുടെ ജീവിതത്തിൽ കിട്ടുന്നുണ്ട് ….

“ഉം താൻ ഒരു പത്ത് വർഷം അലഞ്ഞ് തിരിഞ്ഞ് നടക്ക് തന്റെ ആയുസ്സ് അത്രനാളു കൂടെ ഉണ്ടായിരുന്നു അത് തീരും വരെ സ്വർഗ്ഗത്തിലേക്ക് കടക്കാനാവില്ല കാലാവധി തീരുമ്പോൾ സ്വർഗ്ഗത്തിലേക്ക് പോകാം….

“അടുത്ത ഉഴം തന്റെയായതിനാൽ ശ്യാം വേഗം കടന്ന് നിന്നു….”നിനക്ക് നരകമാണ് …

പെട്ടന്നുള്ള ഭൂതഗണത്തിന്റെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി….ഞാൻ പാപം ഒന്നും ചെയ്യ്തിട്ടില്ല പിന്നെ എന്തിന് നരകം….”വീണ്ടും പ്രൊജക്ടർ ഓണാക്കി…

വിവാഹം കഴിച്ച് നേർച്ചക്കും വഴിപാടുകൾക്കു മൊടുവിൽ പത്ത് വർഷങ്ങൾക്ക് ശേഷം തന്റെ അച്ഛനും അമ്മക്കും ഉണ്ടായ തന്റെ കുഞ്ഞുനാളിലെ ദൃശ്യങ്ങൾ അവരുടെ സന്തോഷങ്ങൾ തന്നെ കുറിച്ചുള്ള പ്രതീക്ഷകൾ എല്ലാം കാണുന്നു അതിൽ….

“അതിന് ശേഷം സുന്ദരിയായ ഒരു പെണ്ണിനെയും അതിൽ രണ്ട് മക്കളോടും ഒപ്പം സന്തോഷത്തോടെ ഉള്ള ഒരാളെയും അയാളുടെ മുഖം ക്ലീയറല്ലാത്തോണ്ട് അതാരാ എന്ന് ചോദിക്കേണ്ടി വന്നു…
” അപ്പോഴാണ് മുഖം ക്ലീയറാക്കിയത് താനാണല്ലോ ഇത് …

“ഇത് കണ്ടാ ഇത്ര സന്തോഷകരമായിരുന്നെനെ നീ കല്യാണം കഴിച്ചിരുന്നെങ്കിൽ നിന്റെ ജീവിതം …
“അല്ല പോട്ടെ നീ മരിച്ചതെന്തിന് ???.

എങ്ങോ ഏതോ രാജ്യം ഒരു ഫുഡ്ബോൾ മാച്ചിൽ തോറ്റതിന് അല്ലെ ?? നേർച്ചയും വഴിപാടും ആയി ഉണ്ടായ നിന്നെ ഒരു കുറവും വരുത്താതെ നോക്കിയ വീട്ടുക്കാർക്ക് നീ കൊടുത്ത ശിക്ഷ …
“ഇത് കണ്ടാ നീ അടുത്തതായി മെന്റെൽ ഹോസ്പിറ്റലിലെ സെല്ലിൽ അലമുറയിട്ട് കരയുന്ന അമ്മയെയും പുറത്ത്തകർന്നിരിക്കുന്ന അച്ഛനെയും കാണിച്ചു അതിൽ….

അന്ന് ഫുഡ്ബോൾ മാച്ചിനിടക്ക് കറന്റ് പോയപ്പോൾ നീയൊക്കെ ഫോൺ വിളിച്ച് തെറി പറഞ്ഞിട്ട് പൊട്ടിയ ലൈൻ ശരിയാക്കാൻ കോരിച്ചൊരിയുന്ന മഴയത്തും പോയ ഒരു പാവം ലൈൻമാൻ ഇതാ അയാളാണിത് …

“താൻ വന്നപ്പോൾ ചിരിച്ചിട്ട് രൂക്ഷമായി നോക്കിയ ആളെ ചൂണ്ടി കാട്ടിയാണത് പറഞ്ഞത്…
“നീയൊക്കെ കളി കാണാനുള്ള തിരക്കിൽ ചെന്ന് ട്രാൻസ്ഫോമറിൽ ഓഫാക്കി ഇട്ടിരുന്ന മെയിൻ ഓണാക്കിയപ്പോൾ പിടഞ്ഞ് തീർന്ന ജീവനാണിയാൾ ….

“ആ കളി തോറ്റതിനാണല്ലോ നീയും ആത്മഹത്യ ചെയ്തത് ഒന്നുമറിയാത്ത നല്ല രീതിയിൽ സന്തോഷത്തോടെ കഴിഞ്ഞ ഇയാളുടെ ജീവിതവും നീ ഇല്ലാതാക്കി…

“നിനക്ക് നരകം തന്നെ നരകത്തിലേക്കുള്ളവർക്ക് അലഞ്ഞ് തിരിഞ്ഞ് നടക്കേണ്ടി വരില്ല…..
“ദുഖത്തോടെ ഒന്നെ ചോദിച്ചുള്ളു ശ്യാം ഇനി ഒരിക്കൽ കൂടെതരുമോ എനിക്കെന്റെ പഴയ ജീവിതം എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി ….

“ഭൂമിൽ എത്രയോ ജീവനുകൾ ഉണ്ട് പാമ്പായും പഴുതാരയായും പുഴുവായും ഉറുമ്പായും ഏറ്റവും മനോഹരമായ ജന്മമാണ് മനുഷ്യ ജന്മം അത് ഒരിക്കലെ കിട്ടു ആ ജന്മത്തിൽ സന്തോഷകരമായി മറ്റുള്ളവരെ സ്നേഹിച്ച് കഴിഞ്ഞാൽ അവിടമാണ് യാഥാർത്ഥ സ്വർഗ്ഗം അത് മനസ്സിലാക്കാതെ പരീക്ഷയിൽ തോറ്റതിനും തന്റെ ടീം തോറ്റതിനും സ്നേഹിച്ചവർ തേച്ചതിനും ആ,ത്മ,ഹ,ത്യ ചെയ്യുന്ന നിങ്ങളെ പോലുള്ളവർ ഭൂമിയിൽ ഇനിയൊരു ജന്മം ജീവിക്കാനർഹരല്ല…..

അത്രയും കേട്ട് നരകത്തിലേക്ക് നടക്കുമ്പോഴും ഒരു നിമിഷത്തെ തോന്നലിന് നല്ലൊരു ജീവിതം നഷ്ടപ്പെടുത്തിയതോർത്ത് കണ്ണീർ വാർക്കുന്നുണ്ടായിരുന്നു…
സുനിൽ തൃശ്ശൂർ…….

Leave a Reply

Your email address will not be published.