രചന : അബ്രാമിൻ്റെ പെണ്ണ്
അടുത്തുള്ളൊരു കൊച്ചിന്റെ കല്യാണമാര്ന്നു..എന്റങ്ങേർക്ക് പനിയായതു അതിയാൻ വന്നില്ല..
മുഹൂർത്തം പതിനൊന്നരയ്ക്ക്..പതിനൊന്നു മണി കഴിഞ്ഞ് സ്വീകരണ സ്ഥലത്തേയ്ക്ക് ഓട്ടോയിൽ പുറപ്പെട്ടു..
ആഡിറ്റോറിയത്തിൽ എത്തിയപ്പോ താലി കെട്ട് നടക്കുന്നു…ഫോട്ടോഗ്രാഫറന്മാർ രണ്ട് പേരുടെ വയറിനിടയിൽ കൂടെ തലയിട്ട് കല്യാണം കണ്ടു…
നല്ലൊരു ചുന്ദരി പെണ്ണ്,,,ചിരിച്ചോണ്ട് മാത്രം നിക്കുന്ന ഐശ്വര്യമുള്ളൊരു ചെർക്കൻ..
നമ്മുടെ അടുത്തുന്ന് കല്യാണം കൂടാൻ പോയവർക്കൊക്കെ എന്നോട് മിണ്ടാനൊരു മടി പോലെ..
വേണ്ടെങ്കി വേണ്ടടെ…
അല്ല പിന്നെ…
കല്യാണം കഴിഞ്ഞ് സദ്യ ഉണ്ണാനിരുന്നു..
അടുത്തിരിക്കുന്നവരുടെ എലയിലൊക്കെ മൂന്ന് നാലും കഷ്ണം ഉപ്പേരി..
എന്റെലയിൽ ഒരു കഷ്ണം ഉപ്പേരിയും മുറിഞ്ഞു പൊടിഞ്ഞു പോയൊരു ശർക്കരവരട്ടിയും ഇച്ചിരിയുള്ളൊരു പഴവും..
നമ്മളും കൊടുക്കുന്നത് പൈസായല്ലിയോ…
ചെർക്കന്റെ വല്യച്ഛനാരുന്നു എന്റടുത്ത് ഉണ്ണാനിരുന്നത്..ഞങ്ങള് രണ്ടാളും പെട്ടെന്ന് കമ്പനിയായി..
ചെർക്കനെക്കുറിച്ച് അങ്ങേർക്കറിയുന്നത് അങ്ങേരും പെണ്ണിനെക്കുറിച്ച് എനിക്കറിയുന്നത് ഞാനും കീച്ചി..
നമ്മള് മോശക്കാരാവരുതലോ…??
സദ്യയുമുണ്ട് ആ മാമനോട് യാത്രയും പറഞ്ഞു പെണ്ണിന്റെ അമ്മയോട് കൊറേ കുശലം പറഞ്ഞു….
ആ ചേച്ചിയോട് “പോട്ടെ ചേച്ചീ..ന്ന് പറഞ്ഞിട്ടും മുഖത്തിനൊരു തെളിച്ചമില്ല..
ചെറുക്കന്റെ വീട്ടിൽ വയ്യിട്ട് വിരുന്ന് പോവാൻ വിളിക്കുന്നുമില്ല…
വിളിക്കുന്നില്ലെങ്കിൽ വേണ്ട..അല്ലെങ്കിൽ തന്നെ ആർക്കാ നേരം..
അപ്പൊ കണ്ടൊരു ഓട്ടോയിൽ കേറി വീടിന്റടുത്ത് വന്ന്..ഓട്ടോക്കാരന് കൊടുക്കാൻ പൈസ എടുക്കാൻ വേണ്ടി പേഴ്സ് തുറന്നതും…
“ദാണ്ടെടെ കല്യാണവീട്ടിൽ കൊടുക്കാൻ വെച്ചിരുന്ന പൈസ പേഴ്സിലിരുന്ന് ചിരിക്കുന്നു…”
മറന്ന് പോയതാ കേട്ടോ..
ഇനി ഇത് തിരിച്ചു കൊണ്ടോയി കൊടുക്കണോ വേണ്ടായോ എന്നുള്ള രണ്ട് ചിന്തകൾ തലയിൽ കിടന്നു വടം വലിക്കുന്നു…
രണ്ട് വട്ടം പ്രഥമൻ വാങ്ങിക്കുന്നത് പെണ്ണിന്റമ്മ കണ്ടതാണ്…
ചുമ്മാതല്ല യാത്ര ചോദിച്ചിട്ടും അവരുടെ മുഖം തെളിയാഞ്ഞത്…ഊ ച്ചിക്കെറു മൂത്താ ചെർക്കന്റെ വീട്ടിലോട്ട് പോകാൻ വിളിക്കാഞ്ഞേ…
പൈസ കൊണ്ട് കൊടുക്കണോ..? കൊണ്ടു കൊടുത്തില്ലെങ്കിൽ അവർ എന്റങ്ങേരോട് പറഞ്ഞാലോ..
അതേ ഓട്ടോയിൽ കേറി വീണ്ടും ആഡിറ്റോറിയത്തിലേയ്ക്ക്..
ആ ചേച്ചിയുടെ കയ്യിൽ പൈസ കൊടുത്ത്..
“വയ്യിട്ട് വിരുന്നിനു പോകാൻ വരണേ മക്കളേന്ന്…”
എന്തൊരു ച്നേഹം…..!!!
വീട്ടിൽ വന്നപ്പോ അങ്ങേർക്ക് തല വേദനിക്കുന്നെന്ന്..
മടീൽ കെടക്കണം പോലും…
എന്തൊരു ഊദ്രമാണെന്ന് പറ..
കെടത്താഞ്ഞിട്ട് വേദന പോകാതിരിക്കണ്ട..
മടിയങ്ങോട്ട് കാണിച്ചു..
തല വെക്കാൻ സ്ഥലം കൊടുത്തപ്പോ മസാജ് ചെയ്യണമെന്ന്…
മഴ,,തണുപ്പ്,,മസാജ്…ഉഫ്ഫ്ഫ്ഫ്ഫ്ഫ്….
തടവിന്റെ ഊക്ക് കാരണമാണോ വേദന കുറഞ്ഞിട്ടോ അങ്ങേര് പെട്ടെന്നുറങ്ങി..
പാവം..മീശ നരച്ചൊരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങുവാ…
ഞാനെന്റെ നെറ്റിയിൽ കിടന്ന ചുവന്ന പൊട്ട് അങ്ങേര്ടെ നെറ്റിയിലൊട്ടിച്ചു നോക്കി…
ചുന്ദരൻ…..
കൊച്ചിന്റെ തലയിലിടുന്ന ബണ്ണു രണ്ടെണ്ണം കട്ടിലിൽ കിടക്കുന്നു..അത് രണ്ടുമെടുത്ത് അങ്ങേരുടെ മുടിയിൽ രണ്ട് വശത്തുമായ് കൊമ്പ് കെട്ടി വെച്ചു..
യ്യോ…എന്തൊരു കോമഡി..
കൊച്ചുങ്ങൾ വരുമ്പം ചിരിച്ചു ചാവും….
തല പതുക്കെ കട്ടിലിലോട്ട് വെച്ചു..പാവം, ഉറങ്ങുവാ..
ഉറങ്ങിക്കോട്ടെ..
കല്യാണത്തിന് ഇട്ടോണ്ട് പോയ തുണിയൊക്കെ മാറി നൈറ്റിയും എടുത്തിട്ടിട്ട് ആടിനെ കെട്ടാൻ പോയി..
ആടിനെ തീറ്റിക്കൊണ്ട് നിക്കുമ്പോ കറന്റ് ചാർജ്ജിന്റെ ബില്ല് കൊടുക്കാൻ ഒരു ചെർക്കൻ വീട്ടിലോട്ട് പോകുന്ന്…
അവൻ ചെന്ന് റീഡിങ്ങെടുത്തിട്ട് ബില്ല് കൊടുക്കാൻ വേണ്ടി അങ്ങേരെ വിളിച്ച്..
അങ്ങേര്ടെ തലയിൽ ഞാൻ ബണ്ണിട്ട് മുറുക്കി നെറ്റിയിൽ പൊട്ടും കുത്തി വെച്ചേക്കുവല്ലേ..
അങ്ങേര്ടെ തലയെക്കുറിച്ചോർത്തതും എന്റെ വയറ്റിൽ നിന്നും തീയാളി..
ചെർക്കന്റെ വിളി കേട്ടതും ലങ്ങേര് “കീരിക്കാടന്റെ മുഖവും മാമാട്ടിക്കുട്ടിയമ്മയുടെ തലയുമായി കണ്ണും തിരുമ്മി ഇറങ്ങി വന്ന്..
അങ്ങേരെ എനിക്ക് തടയാനൊത്തില്ല..
കൃത്യ സമയത്തു തന്നെ കൊച്ചുങ്ങളും വന്നു..
ഉടുപ്പിടാതെ കൈലീമുടുത്ത് നിക്കുന്ന മാമാട്ടികുട്ടിയമ്മയെ നോക്കി വീട്ടിൽ വന്ന ലവനും വീട്ടിലൊണ്ടായ മറ്റേ ലതുങ്ങളും കൂടെ ചിരിച്ചു മരിക്കുന്നു..
ലവൻ ചിരിക്കുന്നതോ പോട്ടെ,,അവൻ അന്യനല്ലേ,,അവന് ചിരിക്കാവല്ലോ..
സ്വന്തം തന്തയുടെ മുഖത്ത് നോക്കി ചിരിക്കുന്ന ഈ കൊച്ചുങ്ങൾ പാപമൊക്കെ എവിടെ കൊണ്ട് തീർക്കും..
ചോ ര തോട്ടെടുക്കാൻ പോലുമില്ലാത്ത മുഖഭാവത്തോടെ മേക്കപ്പ് ആർട്ടിസ്റ്റായ ഞാൻ പകച്ചു നിന്നു..
“അച്ഛൻ പോയി കണ്ണാടി നോക്കെന്ന..” കൊച്ചിന്റെ നിർദ്ദേശം കേട്ട് അങ്ങേര് പോയി കണ്ണാടി നോക്കി..
അങ്ങേര് അകത്തോട്ടു പോയതും ലവൻ ബില്ലും തന്നിട്ട് ഇറങ്ങിപ്പോയി
ഞാനിവിടുന്നിറങ്ങണമെന്നാ അങ്ങേര് ഇപ്പൊ പറയുന്നേ…അങ്ങേരെ ഞാൻ നാണം കെടുത്തി പോലും.
ഞാനെങ്ങോട്ട് പോകാൻ..
ഇങ്ങേരെത്ര വട്ടം എനിക്ക് പൊട്ട് കുത്തിയിട്ടുണ്ട്..പെറ്റു കിടക്കുമ്പോ എത്ര തവണ എനിക്ക് കണ്ണെഴുതി തന്നിട്ടുണ്ട്..എത്ര വട്ടം ഏതെല്ലാം തരത്തിൽ എന്റെ മുടി കെട്ടിയിട്ടുണ്ട്..
ഞാനൊരു പരാതീം പറഞ്ഞിട്ടില്ല..മറിച്ച് അഭിമാനമാരുന്നു..
ഞാനൊരു തവണ തിരിച്ചു ചെയ്തപ്പോ നാണക്കേടായി പോലും..
ഇനി എന്റെ മടീൽ കെടക്കണോന്ന് പറഞ്ഞോണ്ട് വരട്ടെ…
കെടത്തുന്നൊണ്ട്…
അങ്ങേര് ഏതാണ്ടൊക്കെ കെടന്ന് ചെലച്ചു..ഞാനൊന്നും മിണ്ടാൻ പോയില്ല…
എത്രയായാലും എന്റങ്ങേരല്ലേ..
ഇവിടുന്ന് ഇറക്കി വിടത്തൊന്നുമില്ലായിരിക്കും..ല്ലേ…
T