March 25, 2023

ഞാൻ നിന്നെ ഇത്ര മാത്രം സ്നേഹിക്കാൻ നീ എന്തോന്നാടി എനിക്ക് കലക്കി തന്നത്… കേട്ടിട്ടും കേൾക്കാത്ത പോലെ അവൾ എന്നെ

രചന: നിലാവിനെ പ്രണയിച്ചവൻ

ഞാൻ നിന്നെ ഇത്ര മാത്രം സ്നേഹിക്കാൻ നീ എന്തോന്നാടി എനിക്ക് കലക്കി തന്നത്…
കേട്ടിട്ടും കേൾക്കാത്ത പോലെ അവൾ എന്നെ തട്ടിമാറ്റി കട്ടിലിലേക്ക് കിടന്നു….
പെണ്ണിന്റെ പരിഭവം മാറിയിട്ടില്ല ഒന്നുകൂടി പതപ്പിച്ചു നോക്കാം…

എന്റെ പെണ്ണെ നീ എന്നെ കെട്ടിപ്പിടിച്ചു കിടക്കുമ്പോളുണ്ടല്ലോ ഈ ലോകം തന്നെ എന്റെ കാൽക്കീഴിലാണെന്നു തോന്നിപ്പോകും…

ദേ മനുഷ്യാ കൂടുതൽ പതപ്പിച്ചുകൊണ്ട് എന്റടുത്ത് വരണ്ടാ… അല്ലെങ്കിലും രാത്രിയിൽ മാത്രമാണല്ലോ നിങ്ങൾക്ക് എന്നോട് സ്നേഹം… അല്ലാത്ത സമയം മുഴുവൻ ഫേസ്ബുക്കിലും വാട്സാപ്പിലും നിങ്ങൾക്ക് കിന്നാരം പറയാനും സുഖിക്കാനും കുറേ അവളുമാരുണ്ടല്ലോ…

എന്റെ പൊന്ന് ഹസ്ന നീയൊന്ന് അടങ്ങി കിടക്ക് ഉപ്പയും ഉമ്മയുമൊക്കെ എഴുന്നേൽക്കും…
എന്നെ ആരും അടക്കി കിടത്താൻ നോക്കണ്ടാ പിന്നെ ഈ രാത്രിയിലത്തെ സ്നേഹം ഇന്നത്തോടെ മതിയാക്കിക്കോ ഇനി അതിന് എന്നെ കിട്ടില്ല…

എന്റെ പടച്ചോനെ ഇതിനും വേണ്ടി ഞാൻ എന്ത് തെറ്റാ ചെയ്തേ…അതിന് നിങ്ങളിനി പടച്ചോനെ പഴി പറയണ്ടാ നിങ്ങളെന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നിങ്ങളെ വിശ്വസിച്ചു എന്റെ വീട്ടുകാരെ പോലും തള്ളി പറഞ് നിങ്ങടെ കൂടെ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…

ഇന്നിനി ഇവളുടെ ദേഷ്യം മാറ്റാൻ കഴിയില്ലന്ന് പറഞ് മനസ്സും എന്നെ മടുപ്പിച്ചു…
താഴെ ഒരു പായ വിരിച് അതിന് മേൽ കിടക്കുമ്പോൾ ഓർമ്മകൾ പലതും മനസ്സിലൂടെ മിന്നി മറഞ്ഞു…

യവ്വനത്തിന്റെ തുടക്കത്തിൽ എല്ലാ പയ്യന്മാർക്കും തോന്നുന്ന ഒരു ഇഷ്ടമായിരുന്നു എനിക്ക് അവളോട്… അല്ല കാണാൻ കൊള്ളാവുന്ന എല്ലാ അവളുമാരോടും… അങ്ങനെ പറയുന്നതാണ് ശരിക്കും ശരി….മലയാള ഭാഷയോട് വല്ലാത്ത സ്നേഹമായതിനാൽ അവളെ വീഴ്ത്താൻ എന്റെ കുറച്ചു വരികൾ കൊണ്ട് എനിക്ക് സാധിച്ചു…

മുഖപുസ്തകത്തിൽ ഇടക്കിടക്ക് നേരം പോക്കിന് വേണ്ടി ഞാൻ കുറിക്കുന്ന ചില വരികൾ മറ്റുപാലരുടെയും മനസ്സിലാണ് തറക്കുന്നത് എന്ന് ഹസ്‌നായെ പരിച്ചയപ്പെട്ടത്തിനു ശേഷമാണ് മനസ്സിലാക്കാൻ സാധിച്ചത്…

അതുകൊണ്ട് തന്നെ ഹസ്‌നായെ ഞാൻ വീഴ്ത്തി… പിന്നീട് അവൾക്ക് ഞാൻ ജീവനായി….അവൾക്ക് മാത്രമല്ല മറ്റ് പല അവളുമാർക്കും…

പക്ഷെ ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു എന്ന് പറയുന്നപോലെ അവളുടെ വീട്ടുകാർ അവളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഞാൻ വെറുതെ പറഞ്ഞ വാക്കുകൾ വിശ്വസിച്ചു അവൾ എന്നെ തേടി എന്റെ വീട്ടിൽ വന്നു…

രാവിലെ ഉറക്കമുണർന്നപ്പോൾ കണി കണ്ടത് അവളുടെ മുഖമായിരുന്നു…ഒരു പെണ്ണിന്റെ കണ്ണ്നീർ ഈ കുടുംബത്തെ ഇല്ലാതാക്കരുത് എന്ന് പറഞ് നാട്ടുകാരുടെ കളിയാക്കൽ കാര്യമാക്കാതെ ഉപ്പ അവളെ എന്നെ കൊണ്ട് കെട്ടിച്ചു…

അന്ന് മുതൽ ഉപ്പാക്കും ഉമ്മാക്കും ഒരു മരുമകൾ എന്നതിലുപരി അവൾ ഒരു മകൾ ആയിരുന്നു…
എനിക്ക് നല്ല ഒരു ഭാര്യയും…

പക്ഷെ ആ ദാമ്പത്യത്തിന് അധികം ആയുസ്സ് ഇല്ലായിരുന്നു…മറ്റൊരിക്കൽ ഉറക്കമുണർന്ന ഞാൻ കാണുന്നത് എന്റെ അരികിലിരുന്ന് പൊട്ടിക്കരയുന്ന ഹസ്‌നായെ ആയുരുന്നു…

കാര്യം ചോദിച്ചപ്പോൾ എന്റെ ഫോൺ എനിക്ക് നേരെ നീട്ടിയിട്ട് ദഹിപ്പിക്കുന്ന ഒരു നോട്ടവും…
അപ്പഴേ കാര്യം പിടികിട്ടി എന്റെ അക്കൗണ്ടിൽ ഞാൻ പല പെൺകുട്ടികളോടും വിവാഹത്തിന് ശേഷവും പ്രണയാഭ്യാർത്തന നടത്തിയ മെസ്സേജുകളായിരുന്നു…
കുറച്ചു നാളുകൾ എന്നെ ഒന്ന് നോക്കാതെ പോലും ഇരുന്ന അവളെ ഞാൻ പലതും പറഞ് മയക്കി പിണക്കം മാറ്റി…

ഞാൻ ഇനി ഒരു പെൺകുട്ടികൾക്കും മെസ്സേജ് അയക്കില്ലന്നും അവൾ ഇനി സംശയത്തിന്റെ പേരിൽ എന്റെ ഫോൺ നോക്കില്ലെന്നും ഞങ്ങൾ പരസ്പരം തലയിൽ തൊട്ട് സത്യം ചൊല്ലി…
വീണ്ടും സന്തോഷത്തോടെ ജീവിച്ചു…

അവളോട് കള്ള സത്യം പറഞ് ഞാൻ വീണ്ടും പഴേ പണി തുടർന്നു…പക്ഷെ പണി എട്ടിന്റെ രൂപത്തിൽ പിന്നെയും കിട്ടി….അവൾ എന്റെ ഫോൺ നോക്കിയില്ലെങ്കിലും അവൾ കണ്ടുപിടിച്ചു…
മായ എന്ന പെൺകുട്ടിക്ക് ഞാൻ അയക്കുന്ന മെസ്സേജുകൾ ചെന്നിരുന്നത് അവൾക്കാണ് കാരണം അവൾ എടുത്ത ഫേക് അക്കൗണ്ടായിരുന്നു മായ…

പിന്നീട് അവൾക്ക് എന്നോടുള്ള വിശ്വാസം പൂർണമായും ഇല്ലാണ്ടായി…..തെറ്റുകൾ തിരിച്ചറിഞ്ഞു ഞാൻ നന്നായി എങ്കിലും അവളുടെ പിണക്കം ഇത് വരെ മാറിയിട്ടില്ല… ഇപ്പോൾ ഓരോ ദിവസവും ഞാൻ അവളോട് കെഞ്ചുകയാണ് പഴയപോലെ ദുഃഖവും സന്തോഷവും പങ്കിട്ട് ജീവിക്കാൻ…

അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം തെറ്റ് മുഴുവൻ എന്റേതാണല്ലോ….
അവൾ എന്നോട് ചേരുന്ന ആ നല്ല നിമിഷങ്ങളും സ്വപ്നം കണ്ട് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു……

ഈ വട്ടം ഉറക്കമുണർന്നപ്പോൾ ഞാൻ കേട്ട് വാർത്ത എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതായിരുന്നു…

ഞാൻ ഒരു ഉപ്പയാകാൻ പോകുന്നു… എല്ലാ പിണക്കങ്ങളെയും ഇല്ലാതാക്കി എന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് ഹസ്ന ആയിരുന്നു…

അന്ന് ആദ്യമായി അവളുടെ വയറ്റിൽ തൊട്ട് ഞാൻ ആത്മാർത്ഥമായി സത്യം ചെയ്തു ഇനി ഞാൻ എന്നും അവളുടേത് മാത്രമായിരിക്കും…..

ഇന്ന് അവൾ എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങുകയാണ്… ഞാനും…. മറ്റൊരാൾ കൂടി ഞങ്ങളുടെ വീട്ടിലേക്ക് വരുന്നതും സ്വപ്നം കണ്ട്…..കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം…..

Leave a Reply

Your email address will not be published.