ഇരുൾവിളി
രചന: അനിൽ ഇരിട്ടി
കരഞ്ഞുറങ്ങിയ മക്കളുടെ മുഖം ഇനിയും കണ്ട്നിൽക്കാൻ വയ്യ .എന്നിൽ വിശപ്പിന്റെ വേദന വയറ്റിൽ ആന്തുമ്പോഴും അത് പലപ്പോഴും മറക്കുന്നത് മക്കളുടെ വിശന്ന മുഖംകാണുമ്പോഴാ .
കുഴിഞ്ഞുതാണ കണ്ണിൽ നിന്നും കണ്ണീരൊഴുകി തീർന്നതുകൊണ്ടാവണം അവൾ മുഖംതാഴ്ത്തി ഇരിക്കുന്നത് .
ഇടയ്ക്ക് മുണ്ടിന്റെ കോന്താല കൊണ്ട് കണ്ണ് തുടയ്ക്കുന്നത് ഞാൻ കാണാതിരിക്കാൻ വേണ്ടിയാവണം അവൾ തിരിഞ്ഞിരുന്നത് .
ചാരം മൂടിയ അടുപ്പിൽ നിന്നും പുറത്തു നിന്ന് ഊതിയ കാറ്റു കൊണ്ട് ചെറുതായി അടുപ്പിലെത്തീക്കനൽ മിന്നിതിളങ്ങാൻ തുടങ്ങി .
കരിപിടിച്ച കലത്തിൽ വെള്ളം ചൂടായി ആവിയായി പൊങ്ങുന്നുണ്ടായിരുന്നു .നന്നായി ഇരുളുവീഴാൻ ഇനിയും രണ്ട് നാഴികകഴിയണം .പുരയുടെ ഇറയിൽ തിരുകിവെച്ച പിച്ചാത്തിയിലേയ്ക്ക് ഇടയ്ക്കിടയ്നോട്ടം ചെന്നെത്തി ഞാനറിയാതേതന്നെ .
അത് രാവിലേതന്നെ തേച്ച് മിനുക്കിയതാണ് പാറപ്പൊടി ഇട്ട് .അത് അവിടെതന്നെ ഇരിപ്പുണ്ടെന്ന് ഉറപ്പു വരുത്തി ഒരാവർത്തികൂടി .മൺ ഭിത്തിയിൽ ആണിയിൽ തൂക്കിയിട്ട ദൈവങ്ങളുടെ ഫോട്ടോയ്ക്ക് പലതിനും പാതിചില്ല് മാത്രമേ ഒണ്ടായിരുന്നുള്ളു .
ചില്ലുള്ള ഭാഗത്തിന് നല്ലതെളിച്ചമാണ് ബാക്കിഭാഗം കരി പിടിച്ച് തെളിച്ചംകുറഞ്ഞു കാലപ്പഴക്കത്താൽ .
അറിയാതേ തന്നെ പലവുരി അവരിലേയ്ക്ക് നോട്ടം ചെന്നെത്തി കൈവിടരുതേ കാക്കണേ എന്ന പ്രാർത്ഥനയോടെ .
വറുതിയുടെ മാസമായതു കൊണ്ടാവണം ആകാശവും കറുത്തിരുണ്ട് കാർമേഘം മൂടി കിടക്കുന്നത് .
എന്റെ ഇരിപ്പിലും നടപ്പിലും ചിന്തിച്ചുള്ള മുഖഭാവവും കണ്ടിട്ടാവണം അവളുടെ മുഖത്ത് തെല്ല് ആശങ്ക പടർന്നത് .
പതിവില്ലാത്ത പിരിമുറുക്കം ഒണ്ടാകണം എന്റെ മുഖത്ത് .രാവിലേ തൊട്ട് പലവട്ടം ആലോചിച്ച് ഉറപ്പിച്ചിട്ടുംമുഖത്തേ ഭാവം മറച്ച് വെക്കാൻ പറ്റുന്നുമില്ല .
ഇടങ്ങഴി അരിവെച്ച് കഞ്ഞി വെള്ളത്തോടെ വിളമ്പിയ കഞ്ഞി മക്കൾക്ക് എവിടെ വിശപ്പ്മാറാൻ .
ഒരു തവികഞ്ഞി എനിക്കും പിഞ്ഞാണത്തിൽ വിളമ്പിവെച്ചിരുന്നെങ്കിലും അവളുടെ മുഖം കണ്ടപ്പോ കുടിക്കാൻ തോന്നിയില്ല .
അതെടുത്ത് അവൾക്ക് നീട്ടിക്കൊണ്ട് കണ്ണിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീര് തുടച്ചുമാറ്റി ഞാൻ നുണപറഞ്ഞു .പീടികേന്ന് ചായ കുടിച്ചുവെന്ന് .
എനിക്ക് വേണ്ടാഇത് നീ കഴിച്ചോയെന്ന് പറഞ്ഞപ്പോഴും അവൾക്ക് മനസ്സു വന്നില്ല
കഞ്ഞി വെള്ളത്തിനടിയിൽ കിടക്കുന്ന വറ്റ് വാരി തിന്നാൻ .
എണ്ണ വരണ്ടകുപ്പി വിളക്കിൽനിന്നും കരിന്തിരി കത്തി മണംപടരാൻ തുടങ്ങി .
കുപ്പിയുടെ അടിയിൽ ഊറി കിടക്കുന്ന മണ്ണെണ്ണ കുപ്പി ചെരിച്ച് തിരിയിലേയ്ക്ക് നനവ് പടർത്തിയപ്പോൾ തീയൊന്ന് ആളികത്തി .
പരസ്പ്പരം എന്തൊക്കയോ പറയണമെന്ന് അവളും ഞാനും ആഗ്രഹിക്കുന്നുണ്ട് .
പക്ഷേ പരസ്പ്പരം നോക്കുമ്പോൾ അപരിചിതരേപ്പോലേ മുഖം താഴ്ത്തുകയാണ് .
അവളുടെ മുഖത്തേ വേദന എന്നേ കാട്ടേണ്ടാന്ന് കരുതിയാവണം മുഖം തിരിക്കുന്നത് .
ചെറു ദീർഘനിശ്വാസങ്ങൾ ഞങ്ങൾക്കിടയിൽ ഉയരുന്നതൊഴിച്ചാൽ വീടും പരസരങ്ങളും നിശ്ബദമാണ് .
ചീവീടുകളുടെ ശബ്ദത്തിന് ഇത്രമാത്രം അസ്വസ്ഥത നിറയ്ക്കുമെന്ന് ഇന്നാണ് മനസിലാകുന്നത് .
ഇല്ലായ്മയിലും പരസ്പ്പരം ഒരിക്കലും ഇങ്ങനെ മൗനമായി ഇരുന്നിട്ടില്ല .നാളേകളുടെ സ്വപ്നങ്ങൾ ആണ് അവളുടെ മനസു നിറയേ .മൈലുകൾ കുറച്ച് നടക്കണമെങ്കിലും
മക്കളേ പള്ളിക്കൂടത്തിൽ ചേർക്കുന്ന ഓരോ കാര്യങ്ങളും ഇപ്പോഴേ മനസിൽ ഉറപ്പിച്ചിട്ടുണ്ട് .
ആ കാര്യങ്ങൾ വാതോരാതെ അതേക്കുറിച്ച് പറയാറുണ്ട് ഞങ്ങളുടെ ഇടയിലേ പല നിമിഷങ്ങളിലും.
പായയുടെ ഒരറ്റത്തുനിന്ന് ചെറുതായ് ഉയർന്ന കൂർക്കം വലിയിൽ ഒന്നൂടെ ഉറപ്പു വരുത്തി അവളുടെ ഉറക്കം .
ചേർത്തടച്ച ഇല്ലി മെടഞ്ഞ് ഉറപ്പിച്ച വാതിൽ ഒച്ചയുണ്ടാക്കാതെ തുറന്ന് തിണ്ണയിലേയ്ക്ക് ഇറങ്ങുമ്പോൾ ചങ്കിടിപ്പ് കൂടുന്നത് പുറത്ത് കേൾക്കാമെന്ന് തോന്നുകയാണ് .
എറയിൽ തിരുകിയ കത്തി വലിച്ചെടുക്കുമ്പോൾ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു .
പരിസരമാകേ ഉരുൾകൊണ്ട് മൂടി പതിവില്ലാത്ത ഭയം ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങും പോലേ .
മുറ്റത്തേ മാവിൽ ചില്ലയിൽ ഇരുന്ന കൂമൻ ശബ്ദമുണ്ടാക്കി ചിറകടിച്ച് പറന്നു പോയി എന്റെ നിഴലനക്കം കണ്ടിട്ടെന്ന പോലേ .
അരയിൽ തിരുകിയ പിച്ചാത്തി ചുട്ടുപഴുക്കുമ്പോലേ ചൂടുപിടിക്കുന്നു .തോന്നലാകാം അത് .
പകലുകളിൽ പലവട്ടം പറഞ്ഞുറപ്പിച്ച മനസ്സായിരുന്നിട്ടും പെരുമ്പറ കൊട്ടുകയാണ് .
മുണ്ട്മടക്കി കുത്തി വാതിലിനരുകിലേയ്ക്ക് നടന്നടുക്കുമ്പോൾ അറിയാതേ ഒരു തുള്ളി കണ്ണീർ അടർന്നു വീണു ചാണകം മെഴുകിയ തറയിലേയ്ക്ക് .വാതിൽ വിടവിലൂടെ അകത്തേയ്ക്ക്നോക്കി എങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല .തിരികേനടന്ന് മുറ്റത്തേയ്ക്ക് ക്കിറങ്ങി .
ചെറിയ നാട്ടു വെളിച്ചമുണ്ട് ചെറിയ നടവഴിയിൽ .ചെറുപ്പം മുതലേ നടന്നതു കൊണ്ട് കണ്ണ് കെട്ടി വിട്ടാലും നടക്കാം അത്ര പരിചയം ഒണ്ട് .ഇട വഴികൾതീർന്ന് റോഡിലേയ്ക്ക് കയറാതേ വീണ്ടും നടന്നു ഇടവഴിയിലൂടെ തന്നെ .ഇത്തിരി ചുറ്റി വളയണമെന്നു മാത്രം അമ്പലത്തിന്റെ മുറ്റത്ത് എത്താൻ .
വിജനമായ കാട്ടുപാതകളിലൂടെനടക്കുമ്പോൾ ദൈവത്തേ മനസിൽ കണ്ട് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു
ഇല പോലും എനങ്ങാതേ ഉറക്കത്തിലായി ആൽമരം പോലും .ശ്രീകോവിൽ അടച്ച് പൂജാരി പോകും അന്ത്യപൂജ കഴിയുമ്പോഴേ .
ഭണ്ടാരത്തിനരികിലേയ്ക്ക് നടക്കുമ്പോൾ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു .ഈ വിജനമായ അമ്പലപ്പറമ്പിൽ ആരും ഇല്ലേലും തിരിഞ്ഞു നോക്കി നാലുപാടും .നേരം വെളുക്കാൻ ഇനിയുമുണ്ട് അരനാഴിക കൂടി .
പായയിൽ എഴുന്നേറ്റിരുന്ന് മുടി വാരികെട്ടുന്നതിനിടയിൽ പിള്ളേരുടെ അച്ഛനേയാണ് ആദ്യം നോക്കിയത് .
കിടന്ന പായ ചുരുട്ടി മൂലയിൽ വെച്ചിരിക്കുന്നതാണ് കണ്ടത് .പുറത്ത് പോയാതാവുമെന്ന് കരുതി കുറച്ച് നേരം കൂടി അങ്ങനേതന്നെ ഇരുന്നു പായയിൽതന്നെ .പതിവില്ലാത്തതാണ് ആ നേരത്ത് പുറത്തേയ്ക്ക് പോകൽ .
പറയാതേ പണി അന്വേഷിച്ച് പുറത്തേയ്ക്ക് പോകേണ്ട സമയവും ആയിട്ടില്ല .മക്കൾ പരസ്പ്പരം കെട്ടിപിടിച്ച് നല്ല ഉറക്കത്തിലാ .ഇളയ മോളുടെ മേൽ മൂത്തവൻ കാല് എടുത്തിട്ടിട്ടുണ്ട് .
പതിയേ ആ കാൽ എടുത്ത് മാറ്റി പുതപ്പ് എടുത്ത് പുതപ്പിച്ചു .ഇത്ര നേർത്തേ എണീറ്റിട്ടും പ്രത്യേകിച്ച് ഒരു പണിയുമില്ല .ഇത്തിരി നേരം കൂടെ കിടക്കാമെന്ന് വെച്ചാ മനസ് അനുവതിക്കുന്നില്ല .പിള്ളേരുടെ അച്ഛൻ എങ്ങ് പോയതാന്ന് കരുതി .
ചിലപ്പോൾ അങ്ങാടിയിൽ വല്ല പണിയും തിരക്കി പോയതാവും .പക്ഷേ അങ്ങനേയാണേൽ ന്നോട് പറയാതേ പോകില്ല .
പറമ്പിലേയ്ക്ക് ഇറങ്ങുമ്പോൾ പോലും രണ്ടാവർത്തി വിളിച്ച് പറഞ്ഞിട്ടേ പോകാറുള്ളു .ഇന്നലത്തേ ചിന്തയും ആ നടപ്പും ആണ് മനസിലേയ്ക്ക് ഓടി വന്നത് .ചങ്കിൽ നിന്നൊരാന്തൽ വന്നു .
വേഗം ചാടി എണീറ്റ് മുറ്റത്തിറങ്ങി നോക്കി പറമ്പിൽ എവിടേലുംഒണ്ടോന്നറിയാൻ .കാലിൽ നിന്ന് ഒരു പെരു പെരുപ്പ് അരിച്ച് കയറും പോലെ .
എത്ര വിഷമമുണ്ടേലും വാതോരാതെ സംസാരിക്കുന്ന ആളായിരുന്നു .പക്ഷേ ഇന്നലത്തേ പകലും രാത്രിയും ഒന്നും തന്നെ മിണ്ടാതേ ഒള്ള ആ നടപ്പാ മനസിൽ തെളിഞ്ഞ് വരുന്നേ .
കലത്തിൽ കോരി വെച്ച വെള്ളമെടുത്ത് മോറും വായും കഴുകി വീട്ടിലേയ്ക്ക് തിരിച്ച് കയറി .
കാൽപ്പെരുമ്മാറ്റം കേട്ട വണം മൂത്തവൻ ഒന്ന് തല ഉയർത്തി നോക്കി വീണ്ടും കിടന്നു .
അടുപ്പിലേ ചാരം കോരി മാറ്റി വിറക് വെച്ച് കത്തിച്ചു .
ഒരു ഗ്ലാസ് വെള്ളം ചായക്കലത്തിൽ ഒഴിച്ച് തിളപ്പിച്ചു .ഇത്തിരി തേയില പൊടി ഒണ്ടാരുന്നത് അതിൽ ഇട്ട് തിളപ്പിച്ച് ഗ്ലാസിലൊഴിച്ച് പിടിച്ച് ഉമ്മറപടിയിൽ വന്നിരുന്നു .
പുറത്തെ വിടേ യേലും പോയതാവും .ഇത്തിരി കഴിയുമ്പോൾ വരുമെന്ന് കരുതി .നാഴികകൾ കടന്ന് പോയതറിഞ്ഞില്ല .
പറമ്പിൽ നട്ട തുലാകപ്പയുടെ ചോട് മാന്തി രണ്ട് മൂന്ന് കിഴങ്ങ് പൊട്ടിച്ചെടുത്തു .അത് നുറുക്കി തിളപ്പിച്ച് മക്കൾക്ക് കൊടുക്കണം .പാതി വലുപ്പമായിട്ടില്ല കപ്പക്കിഴങ്ങിന് .അങ്ങേര് കണ്ടാൽ വഴക്ക് പറയാതിരിക്കില്ല .
പക്ഷേ ഇവരുടെ വിശന്നുള്ള ഇരിപ്പ് കാണാൻ വയ്യാ .വീടിന്റെ മുറ്റത്തേ മാവിന്റെ നിഴൽ ചെറുതായി വന്നു .ഉച്ചയോടടുക്കുകയാണ് .
മനസ്സിൽ പറയാൻ വയ്യാത്ത വിമ്മിഷ്ടം നിറയുകയാണ് .ആരോടാ ഒന്ന് പറയുക .
അടുത്ത വീട്ടിൽ പോയി ഒന്ന് പറയണമെന്ന് വെച്ചാ ഇത്തിരി ദൂരം നടന്ന് പോകണം . ഇതിറ്റുങ്ങളേ ഒറ്റയ്ക്ക് ഇട്ടിട്ട് പോകാനും വയ്യാ .വെന്താറിയ കപ്പ കലത്തിൽ ഇരിപ്പുണ്ട് അത് മക്കൾക്ക് എടുത്ത് കൊടുക്കാൻ കൂടിതോന്നുന്നില്ല .
എല്ലാ അമ്പലങ്ങളിലും നേർച്ചകൾ കൂട്ടി പ്രാർത്ഥിച്ചിട്ടും മനസിന് ഒരു സമാധാനം കിട്ടുന്നില്ല .
മക്കൾക്ക് ഭക്ഷണം കൊടുത്തിട്ട് അടുത്ത വീടുവരെ പോകാമെന്ന് കരുതി അടുക്കളയിൽ കയറി .
രണ്ട് പേരും കൈ കഴുകി ഇരുപ്പുണ്ട് .
എന്റെ മുഖത്തേ സങ്കടം കണ്ടാവണം മൂത്തവൻ ഇടയ്ക്കിടയ്ക്ക് നോക്കുന്നത് .അവരുടെ അരുകിൽ തന്നെ ഇരുന്നു കുറച്ചു നേരം .ഒരു കഷണം കപ്പ മുത്തവൻ എന്റെ നേരേ നീട്ടി ഇത് അമ്മ തിന്നോ എന്ന് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞ് തുളുമ്പിയിരുന്നു .
അത് കണ്ടിട്ടാവണം അവൻ ഓടി വന്ന് എന്നെ കെട്ടിപിടിച്ച് നിന്നു .അവൻ പതിയേ ചേദിച്ചു അച്ഛൻ എവിടെ പോയതാ അമ്മേ എന്ന് .കേട്ടപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു .
അവനെ ചേർത്ത് നിർത്തി വെറുതേ തലയിൽ തലോടി കുറച്ച് നേരം നിന്നു ഒന്നും പറയാതേ .
പുറത്ത് ആരുടേയോ കാൽപ്പെരുമാറ്റംകേട്ട പോലേ .
ഒന്ന് സംശയിച്ചു നിന്നെങ്കിലും ഒരോട്ടമായിരുന്നു ഇറയത്തേക്ക് .തലയിൽ നിന്നും ഒരു ചാക്ക് കെട്ട് ഇറയത്തേക്ക് ഇറക്കി വെക്കുന്ന പിള്ളേരുടെ അച്ഛനേയാണ് കണ്ടത് മുഖമുയർത്തി പതിയേ ചിരിക്കുന്നുണ്ട് .
ഓടി വന്ന മക്കള ചേർത്തു നിർത്തി മടികുത്തിൽ നിന്നും മിഠായി എടുത്ത് കൈകളിൽ കൊടുത്തു .
അവരുടെ കുഞ്ഞു കണ്ണുകളിൽ ഒരിക്കലും കാണാത്ത ഒരു സന്തോഷം നിറഞ്ഞു .
അവർ തുള്ളിച്ചാടി ആകത്തേയ്ക്ക് ഒരോട്ടമായിരുന്നു .
അവർ കളർ തിരിച്ച് നാരങ്ങാ മിഠായി വീതം വെക്കുമ്പോൾഅമ്പരപ്പോടെ പരസ്പ്പരം നോക്കി നിൽക്കാൻ അല്ലാതേ ഒന്നും ചോദിക്കാൻ തോന്നിയില്ല .പറയാതേ പോയ പരിഭവം രണ്ട് വാക്കിലെങ്കിലും പറയണമെന്ന് തീരുമാനിച്ചതായിരുന്നു നേർത്തേ .പക്ഷേ അമ്പരപ്പാണ് ഇപ്പോൾ മനസ്സു നിറയേ .
ചാക്കു കെട്ട് അടുക്കളയിലേയ്ക്ക് വെക്കുന്നിതിനിടയിൽ ഒരു ഗ്ലസ് വെള്ളം തരാൻ പറഞ്ഞതു കേട്ട് അവൾ അടുക്കളയിലേയ്ക്ക് പോയത് .മുഖാമുഖമുള്ള നോട്ടത്തേ നേരിടാൻ കഴിയുന്നില്ല .
ചെയ്ത പാപത്തിന്റെ കുറ്റബോധമല്ല എന്റെ മനസിനെ വേദനിപ്പിക്കുന്നത് .
ജീവിതത്തിൽ ആരും എന്നേ തിരിച്ചറിയില്ലെങ്കിലും ഇവരുടെ മുമ്പിൽ തല കുമ്പിട്ടു പോകുകയാണ് .
ഈ ചെയ്തിയേ പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും കൂട്ടുനിൽക്കുകയും ഇല്ല ഇവൾ .
ഭിത്തിയിൽ തൂക്കിയിട്ട ദൈവത്തിന്റെ മുമ്പിൽ തല കുമ്പിട്ട് ചെയ്ത പാപം ഏറ്റുപറഞ്ഞു .
മടിയിൽ സൂക്ഷിച്ച അൻപതു പൈസ നാണയം അമ്പലത്തിലേ ഭണ്ടാരത്തിൽ ഇട്ട് കരഞ്ഞ് പ്രാർത്ഥിച്ചതു കൊണ്ടാവും ആരും കാണാതേ എന്നെ ദൈവങ്ങൾ കാത്തതും .
വിശപ്പിന്റെ വിളിയിൽ ഞാൻ കള്ളനായതല്ല വിശപ്പ് കള്ള നാക്കിയതാണ് .
ഇനി ഒരിക്കലും ഈ കത്തി എടുക്കാതിരിക്കാൻ ദൈവങ്ങൾ കാത്തു കൊള്ളണേ എന്ന പ്രാർത്ഥനയാൽ അരയിൽ നിന്നും കറ പുരണ്ട പിച്ചാത്തി ഇറയിൽ തിരുകി തിരിഞ്ഞു നോക്കുമ്പോൾ അവൾ ഗ്ലാസിൽ വെള്ളവുമായി പുറകിൽ നിൽപ്പുണ്ടായിരുന്നു
എന്തൊക്കയോ സംശയങ്ങൾ ചോദിക്കാനെന്നവണ്ണം .