March 24, 2023

കെട്ടും കഴിഞ്ഞു മൂന്നാല് പെങ്ങമ്മാരെ ഇടയിൽ നിന്നും കൗസൂനേം പൊക്കി മണിയറയിൽ പോകാനിരുന്നതാ…പക്ഷേ അവളെ കിന്നാരംപറച്ചില് കഴിയണ്ടേ.

രചന: സി കെ

കെട്ടും കഴിഞ്ഞു മൂന്നാല് പെങ്ങമ്മാരെ ഇടയിൽ നിന്നും കൗസൂനേം പൊക്കി മണിയറയിൽ പോകാനിരുന്നതാ…പക്ഷേ അവളെ കിന്നാരംപറച്ചില് കഴിയണ്ടേ…

നിക്കാഹ് കഴിഞ്ഞു സൗദീക്കു പോകുന്നതിന്റെന്റെ രണ്ടുദിവസം മുന്നേ അവളെക്കാണാനും യാത്ര ചോദിക്കാനും ചെന്നപ്പോഴ് അമ്മായാക്കാ ആവുന്നത്ര പറഞ്ഞതാ
ഹമീദേ … ഇന്ന് ഇവടെ നിന്നിട്ട് നാളെ രാവിലേ പോയാപ്പോരെ….

മനസ്സില് പൂത്യോക്കെ ഉണ്ടായിരുന്നു പക്ഷേ മൂത്ത താത്ത ഇമ്മാന്റെ മുന്നിൽവെച്ച് ആദ്യേ പറഞ്ഞതാ…

ഹമീദേ പോണതൊക്കെ നന്ന് തെറ്റുപറയൂല…അന്റെ പെണ്ണുങ്ങള് അന്റെ ഇഷ്ടം എന്നു കരുതി അന്റെ അമ്മായിക്കാക്ക അവിടെ നിക്കാം പറഞ്ഞാ ഇജ്ജ് അവിടേക്കെറി നിക്കേതെ…
രണ്ടീസം കയ്ഞ്ഞ ഇജ്ജ് പ്ലൈൻ കേറിപ്പോകും പിന്നെ വല്ലതും പറ്റ്യ നാട്ടിലുള്ള ഞമ്മളൊക്കെ മാനം കെടാ…

അതിനിപ്പൊ ഞാനെന്താ കാട്ടി റംലാത്ത… ഇജ്ജൊന്നും കാട്ടീട്ടില്ല കാട്ടാതിരിക്കാനാ പറയണത്….
അല്ല മ്മക്കു ഒരു വിലേം ല്ല്യേ ഈ പെരേല്…

അനക്ക് അത്ര വെല മതി… ഉള്ളിലൂടെ സെയ്താൻ ബിജ്ജാത്തൂന്റെ മുഖംപോലെ റംലാത്തനേം ഈ കാര്യോം ഇങ്ങനെ മിന്നിമറിയണോണ്ട്

ഉള്ളിലുള്ള സിംഹത്തേം കിടത്തി ഉറക്കി ഇല്ല ഇനി വന്നിട്ടക്കാന്ന് പറഞ്ഞു കൗസൂനോട് യാത്രേം പറഞ്ഞുപോരുമ്പോൾ
അവളുടെമുഖം ദാ ഇത്രണ്ടാർന്നു..ഇത്രന്നുപറഞ്ഞ ഏകദേശം നമ്മളെ വരിക്കച്ചക്കെന്റെ അത്ര…
അവളാ കല്യാണം കയ്ഞ് വീട്ടിലേക്കെത്തീട്ടു കളിച്ചോണ്ട് നിക്കണത്…

ഇതിങ്ങനെ വിട്ടാ പറ്റൂലന്ന് മനസ്സില് കരുതി പുള്ളിതുണീം മടക്കിക്കുത്തി പുറത്തേക്കിറങ്യേപ്പോ
ദാ കടക്കണു അളിയാക്ക….

അല്ലാ ഇജ്‌ജിതെവടേന്നു…. ആ കിട്ടിയ കാവറൊക്കെ ഒന്നു പൊട്ടിച്ചു കൂട്ടി നോക്കാൻ ഒരാളില്യ…. ഇജ്ജുങ്ങട് വന്നാ കൊലായീക്ക്..

പൊന്നാരെന്റെ ആളിയാക്കോ ഇങ്ങക്ക്‌ ഇന്ന്തന്നെ ഈ കണക്ക് കൂട്ടാണോ…
ഇജ്ജ് കെട്ടിക്കൊടുന്ന പെണ്ണ് ഞങ്ങടെ അടുത്ത് ഇരിക്കാണ്‌..ഇജ്ജ് ഇപ്പോതന്നെ മണിയറെ പോയി വെറുതെ ഇരിക്കണ്ട… ഞങ്ങക്കോളോട് ചോയ്ക്കാനും പറയാനൊക്കെണ്ട്…

അപ്പോ നമ്മക്കു ആരും ചോയ്ക്കാനും പറയാനും ല്യാ ല്ലേ എന്നും പറഞ്ഞു
മൂത്ത താത്തനേം നോക്കി അളിയാക്കാന്റെ കൂടെ കണക്കും കൂട്ടി കോലായിലിങ്ങനെ ഇരുന്നു….
ഒരുവിധത്തില് മൂപ്പരെ ബഡായീം കേട്ട് എല്ലാവരും ഉറങ്ങോളം ഉമ്മറത്ത് ഒപ്പിച്ചു…
ഒച്ചേം അനക്കോം കുറഞ്ഞപ്പോൾ ഉറക്കം വരണുണ്ടെന്നു പറഞ്ഞു മണിയറേക്കു ഒറ്റയപ്പോക്കാ…
റൂമിലെത്തിയപ്പോ കൗസൂന്റെ വക അടുത്തതും “ഇങ്ങളെ ഫോൺ വിളീം ധിർത്യൊയൊക്കെ കണ്ടപ്പോ ഞാൻ കരുതി കല്യാണം കൈഞ്ഞാൽ മ്മളെ സ്നേഹിച്ചുകൊല്ലുംന്ന്…

ഇതൊപ്പോ എത്ര നേരം ഞാനിങ്ങനെ ഒറ്റക്കിരിക്കണം…”
ന്റെ പൊന്നാരെ എത്ര നേരം ഞാൻ നിന്നേം കാത്തു ഈ കട്ടിലിൽ മുണ്ടും ചൂടാക്കി ഇരുന്നു…
അവസാനം നിന്നെ വിളിക്കാം വേണ്ടി പുറത്തിക്കു ഇറങ്യേപ്പോ ആ കള്ള ഹിമാറും പിടിച്ചു…ഓന് റിസർവ് ബാങ്കിന്റെ കണക്ക് നോക്കണത്രേ…

എനിക്ക്‌ അവിടന്നു അത്ര പെട്ടെന്ന് പോരാൻ പൂതിണ്ടായിട്ടു കാര്യല്യല്ലോ താത്താരൊക്കെ എന്താ കരുതാ….

എന്ത് ഒലക്ക വേണേലും കരുതിക്കോട്ടെ..രണ്ടു രണ്ടര ലക്ഷം ഉർപ്പ്യ ചെലവായിട്ടുണ്ട് നിന്നെ ഇങ്ങട്ട് കൂട്ടിക്കൊണ്ടുവരാൻ.. നമ്മളെ പൈസക്കും ഒരു വില ല്ല്യേ…നിന്റെ പിണകൊക്കെ മാറാൻ ഒരു സാധനം ഞാൻ വാങ്ങീട്ടുണ്ട്…

എനിക്ക്‌ കുപ്പായം എടുക്കാൻ പോയപ്പോൾ പൂത്യോണ്ട് അനക്കൊരു ചുരിദാറും വാങ്ങി…
താത്താരൊന്നും കണ്ടിട്ടില്ല… നീയിതൊന്നു ഇട്ടിട്ടു വാ ഇപ്പത്തെന്നെ ഞാനൊന്നു നോക്കട്ടെ…
നാളെ ഇട്ടാപ്പോരേ…

അല്ല വല്ല ലൂസോ ടൈറ്റോ ഇണ്ടങ്കില് നാളെ പോയി മാറ്റാന്ന്‌ കരുതീട്ടാ…
അങ്ങനെ കട്ടിലിന്റെ അടീന്നു ഒളിപ്പിച്ച ചുരിദാറിന്റെ കവറു പുറത്തിക്കു എടുത്തുകൊടുത്തതെ ഓർമയൊള്ളു

ഒരൊറ്റ ആർക്കല അവള് …എന്താന്ന് എനിക്കൊരു പിടീം കിട്ടീലാ …ന്തായാലും ഇവടെ ലൈറ്റ് ഇടുന്നതിന്റെ മുന്നേ വാതിലിൽ വന്നു മുട്ടൻ തുടങ്ങി.. ലൈറ്റിട്ട് വാതില് തുറന്നുനോക്കുമ്പോൾ താത്താരും ഉമ്മേം പിന്നില് പട്ടാളക്കാരനെപ്പോലെ അളിയാക്കേം….
എല്ലാരും എന്നെ അടിമുടി ഒന്നു നോക്കി…..

അപ്പൊ അളിയാക്കാൻറെ വക അടുത്ത പണി.റംല ആ കുട്ടി നിക്കണ നിപ്പുകണ്ടില്ലേ ഇതു അതെന്നെ…. ഓന്റെ ആക്രാന്തം കണ്ടപ്പോ ഞാൻ ഒറപ്പിച്ചതാ ഇത് ഇങ്ങനൊക്കെ നടക്കൂന്ന്

സത്യയിട്ട് ഞാൻ തൊട്ടിട്ടില്ല എന്നു അവക്കും എനിക്കും അറിയാം….
എന്നേം തട്ടിമാറ്റി ഉള്ളിൽക്കയറി കൗസൂനോട് കാര്യം ചോദിച്ചപ്പോഴാ ഞാനടക്കം കാര്യമറിയണത്…

കട്ടിലിന്റെ അടീന്നു അവളെ മേലേക്കൊരു തവളചാടീത്രേ…
കട്ടിലിന്റെ അടീന്നു ഈ നട്ടപ്പാതിരക്കു എന്ത് കവറ എടുത്തത് എന്ന വീട്ടരുടെ ചോദ്യത്തിനു ന്റെ കയ്യില് ഉത്തരല്യ…

ചുരിദാറിന്റെ കാര്യം പറഞ്ഞാൽ പണികിട്ടും എന്നുള്ളതോണ്ടു ഞാനും മിണ്ടീല അവളും മിണ്ടീല….
അതുകൊണ്ട് വീട്ടുകാരൊക്കെ വേറെന്തൊക്കെ ചിന്തിച്ചു…അങ്ങനെ ഉമ്മ ഒരു ചിരീം ചിരിച്ചു
ആ കടുകട്ടി തീരുമാനമങ്ങെടുത്തു…

കൗസൂ പേടിച്ചോണ്ടു ഇഞ്ഞി ഇവടക്കടത്തണ്ട പേടി മാറാൻ റംലാന്റെ അടുത്ത് കടത്താന്ന്…
കൗസൂന്റെ മുഖത്തിക്കോക്കി ഞാൻ ഇമ്മാനോട് ചോദിച്ചു…

അല്ല ഞാനിപ്പോ ഒറ്റക്ക് കിടക്കണോ ഇനി വന്നാല് ഞാൻ നോക്യാ പോരെ.
അതൊന്നും സരിയാവൂല… ഇജിന്നു അളിയാക്കൂന്റെ കൂടെ ഇവിടെക്കടന്നോ നാളെ ഇതിന്റെ അടിയൊക്കെ നല്ലോം അടിച്ചോരി സരിയാക്കീട്ടു ഓളെ ഇവിടെക്കടത്താം…
ഇഞ്ഞി പേടിച്ച് നെലോളിച്ചാൽ ആൾക്കാര് പറയും…

കണ്ണിന്റെ മുന്നിന്നു അവളേം വിളിച്ച് ഇത്താത്ത പോകുമ്പോ ഉള്ളില് കഠാര കുത്തിയിറക്കണ പോലെയായിരുന്നു……

അങ്ങനെ അത്തറ് പൂശിയ കിടക്കേല് ഞാനും അളിയാക്കേം നീണ്ടു നിവർന്നങ്ങനെ കടന്നു …
ഒന്നൊറങ്ങീട്ടു മൂപ്പര് നല്ല കൂർക്കം വല്യാ…നമ്മക്കാണേൽ കണ്ണടച്ചാല് കൗസൂന്റെ മുഖോം….
ന്നാലും വല്ലാത്തൊരു ചെയ്ത്തായിപ്പോയി

നിക്കാഹ് കഴിഞ്ഞപ്പോ പെങ്ങള് തോൽപ്പിച്ചു…കല്യാണം കഴിഞ്ഞപ്പോ ഒരു പീറത്തവളേം……ഒക്കെ നമ്മളെ വിധി… അല്ലാതെന്താ……

Leave a Reply

Your email address will not be published.