March 25, 2023

പച്ചമാങ്ങ ഉപ്പും കൂട്ടി തിന്നുമ്പോൾ ഹരിയേട്ടനെ നോക്കി വെറുതെ ഞാനൊന്നു കണ്ണിറുക്കി… നിനക്കിതിനിപ്പോഴും ഒരു കുറവുമില്ലാ ല്ലേ…

രചന: സി കെ

പച്ചമാങ്ങ ഉപ്പും കൂട്ടി തിന്നുമ്പോൾ ഹരിയേട്ടനെ നോക്കി വെറുതെ ഞാനൊന്നു കണ്ണിറുക്കി…
നിനക്കിതിനിപ്പോഴും ഒരു കുറവുമില്ലാ ല്ലേ…

അയ്യടാ.. ഞാൻ മാങ്ങേടെ പുളികൊണ്ടു കണ്ണടച്ചതാ…ഉവ്വ്…ഞാനും അതുതന്നാ ഉദ്ദേശിച്ചത്‌….
ടാ നീ ചിണുങ്ങാതെ മോളേംകൊണ്ടു വേഗം ഡോക്ടറെടുത്തു പോകാൻ നോക്ക്.. ഇന്ന് ചെക്കപ്പിന് ചെല്ലാൻ പറഞ്ഞതല്ലേ ….

പറഞ്ഞുകൊടുക്കമ്മേ… ഹരിയേട്ടനോട് എത്ര നേരായി പറയണു ഞാനിവിടെ മാറ്റിയിരിക്കാന്ന്…കേൾക്കണ്ടേ……

ഓ… നമ്മളിപ്പോഴും പുറത്താണല്ലേ… അമ്മേടെ കുട്ടി ഞാനാണ് അല്ലാതെ ഇവളല്ലേ..
നിന്നെക്കൊണ്ടു വല്യ ഉപകാരൊന്നും ഇല്യാ ചെക്കാ…പിന്നെ ഇവള് വന്നോണ്ട് നേരത്തിനു ഇച്ചിരി കഞ്ഞിവെള്ളമെങ്കിലും കിട്ടുന്നുണ്ട്…

അതോണ്ട് കുറച്ചുകാലായിട്ടു ഇവളാണ് ന്റെ കുട്ടി… നീവേഗം മാറ്റിയിറങ്ങാൻ നോക്ക്..
അമ്മേടെ ചിരികലർന്ന സംസാരവും കേട്ട് അകത്തെക്കുപോകുന്ന ഹരിയേട്ടനെ ഒന്നുകൂടി കണ്ണിറുക്കിയിട്ടു പറഞ്ഞു ഇത് മാങ്ങേടെ പുളിയല്ലട്ടോ..

ഈ വീടെനിക്കിപ്പോൾ ഒരു സ്വർഗ്ഗാണ് …ചെറുപ്പംതൊട്ടേ അനുഭവിച്ചുപോന്ന പരിഹാസവും പരാതിയും എന്റെ വൈകല്യങ്ങളുടെ പേരിൽതന്നെയായിരുന്നു..

ഞാനടക്കം മൂന്നും പെണ്മക്കളായിരുന്നു …മൂത്തവൾ ഞാനായതുകൊണ്ട് എന്റെ താഴെയുള്ളവരുടെ ഭാവിവരെ പ്രശ്നത്തിലായിരുന്നു… മുടന്തിയായ ചേച്ചിയുടെ താഴെയായതിനാൽ ഞങ്ങൾക്കൊരു ജീവിതം ഉണ്ടാവില്ലെന്നവർ പറയാതെ പറഞ്ഞിരുന്നു…

ചിലസമയത്ത് എന്നെക്കുറിച്ചോർത്തുള്ള അമ്മയുടെ വേദനയൊക്കെ കുത്തു വാക്കായി പുറത്തുവരും…

പ്ലസ്ടു വരെ അടുത്തുള്ള സ്കൂളിലേക്ക് നടന്നുപോവാമായിരുന്നത്കൊണ്ട് എല്ലാ അവഗണനയും സഹിച്ചു പഠനം മുഴുവനാക്കി…

നല്ല മാർക്കുണ്ടായിട്ടും തുടർപഠനത്തിനു കോളേജിലേക്ക് ബസ്സുകയറിപ്പോകാണമെന്നോർത്തു ആ ആഗ്രഹവും മനസിൽ കുഴിച്ചുമൂടി…

അപ്പോഴാണ് എനിക്കുതന്നെ എന്റെ മുടന്തൊരു ബാധ്യതയായി തോന്നാൻ തുടങ്ങിയത്…
വിവാഹപ്രായമായപ്പോൾ എന്റെ കുറവുകണ്ട്‌ പലരും വന്നിരുന്നു…

വന്നവർക്കൊന്നുംപെണ്ണിനെവേണ്ടാ ഒരാളുപോലും മുഖത്തുനോക്കിയിട്ടില്ല ആ മുടന്തുള്ള കാലിനുപകരം പണക്കെട്ടുകൾ ചോദിച്ചപ്പോൾ അമ്മക്കുതന്നെ തോന്നിയിട്ടുണ്ടാവും വളർത്തേണ്ടിയിരുന്നില്ല എന്നു….

ഒരുമിച്ചു പഠിച്ച പലരുടെയും വിവാഹത്തിനുപോകുമ്പോഴും പലരും ചോദിക്കും കല്യാണമൊന്നും കഴിക്കുന്നില്ല..എന്നിട്ട് ഒരു നോട്ടമാണ് ആ കാലിലേക്കും… മറുപടിപറഞ്ഞു തോറ്റു പിന്നീട് ആളുകൾ കൂടുന്ന പരിപാടിക്കൊക്കെ പോകാൻ മടിയായിതുടങ്ങി….

എനിക്ക് താഴെയുള്ളവളും ഏകദേശം വിവാഹപ്രായമായിതുടങ്ങിയതോടെ അവർക്കൊക്കെ ഇടയിൽ ഞാനൊരു ഒഴിയാബാധയായി….

അങ്ങനെയിരിക്കെ ഒരുദിവസം വീടിനടുത്തുള്ള ദാസേട്ടനാണ് പുതിയൊരു വിവാഹലോചനയുമായി വീട്ടിൽ വന്നത്…

ലക്ഷ്മിയേടത്തി നമ്മുടെ ഉണ്ണിമായയെ കാണാനിതാ ഒരു കൂട്ടര് വന്നിരിക്കുണു…
കവലയിലിരുന്നു അഡ്രസ്സ് ചോദിക്കുന്നതിനിടെ എന്റെ അടുത്തുവന്നു… ഞാനിങ്ങട് കയ്യോടെ കൂട്ടിക്കൊണ്ടുവന്നു…

അതിപ്പോ ദാസാ….നിങ്ങളൊന്നോണ്ടും പേടിക്കണ്ട എല്ലാകാര്യങ്ങളും ഞാനവരോട് തുറന്നുപറഞ്ഞിട്ടെന്നാ ഇങ്ങട് കൂട്ടിക്കൊണ്ടുവന്നത്…

ന്നാ അവിടെത്തന്നെ നിൽക്കാതെ ഇങ്ങടുകയറിയിരിക്കു…അങ്ങനെ ആദ്യായിട്ടു പെണ്ണിനെ വേണമെന്ന് പറഞ്ഞുകൊണ്ടൊരാൾ വീട്ടിലേക്കു കയറിവന്നിട്ടുണ്ടെങ്കിൽ അതെന്റെ ഹരിയേട്ടനാണ്

എന്തോ അന്നാദ്യമായി പതിവിലും വിപരീതമായി ഞാനൊന്നാണിഞ്ഞൊരുങ്ങി…
മുടന്തുള്ള കാലുമായി അമ്മയുടെ കയ്യില്നിന്നുംചായയുടെ പാത്രം വാങ്ങിക്കൊണ്ടു ഞാൻ ഹരിയേട്ടന്റെ മുന്നിലേക്ക് നടന്നു…

ചായയെടുത്തുകുടിക്കും നേരം എന്റെ മുഖത്തേക്ക് മാറിമാറി നോക്കുന്നുണ്ടായിരുന്നു… ഒരിക്കലും എന്റെ കുറവിനദ്ദേഹം വിലയിട്ടില്ല…ചായകുടിയും കഴിഞ്ഞു അമ്മ ഹരിയേട്ടനോട് പറഞ്ഞു…. മക്കൾക്ക് അച്ഛനായും അമ്മയായും ഞാനെയുള്ളൂ…

ഉണ്ണിക്കാണെങ്കിൽ ഇടതുകാലിനൊരു ചെറിയ മുടന്തുമുണ്ട്…പലരും ആലോചനയുമായി വന്നിട്ടുണ്ട്…എല്ലാവർക്കും പണമാണ് വേണ്ടത് മോളെയല്ല…മോനും അതുപോലെയാണോ എന്നൊന്നും അറിയില്ല…എല്ലാവരും വല്യ തുകയൊക്കയ ചോദിക്കുന്നത്… അത്രയൊന്നും പണം ഞങ്ങൾക്ക് സ്ത്രീധനയമായി കൊടുക്കാൻ കഴിയാത്തതുകൊണ്ടാ പലതും നടക്കാതെ പോയത്….

അയ്യോ ഞാൻ പണം മോഹിച്ചല്ല ഈ പടികയറിയത്…. വരുമ്പോഴേ എനിക്കറിയാമായിരുന്നു ഇവിടത്തെ അവസ്ഥയൊക്കെ….

എന്റെ അമ്മക്ക് ഇതുപോലെ കാലിനു ചെറിയൊരു പ്രശ്നമുണ്ട്…എനിക്ക് ഓർമവെച്ചകാലത്തേ കാണാൻതുടങ്ങിയതാണ് ഞാനിതെല്ലാം..

അമ്മ ആ സുഖമില്ലാത്ത കാലുകൊണ്ട് ജോലിചെയ്തിട്ടാണ് ഞങ്ങളുടെ വീട്ടിൽ ചിലവുകഴിഞ്ഞിരുന്നത്… അതുകൊണ്ടു ഇതൊന്നും ഉണ്ണിമായക്കൊരു കുറവല്ല…

നിങ്ങൾ ദാ ഇവിടുന്നു കൈപിടിച്ച് എനിക്ക് ഏൽപ്പിക്കാൻ തയ്യാറാണേൽ അടുത്തയാഴ്ച വീട്ടിൽനിന്നും ഒന്നുകൂടി ഇങ്ങോട്ടുവരും… അമ്മേടെ മോളുടെ കയ്യിലൊരു വളയിടാൻ വേണ്ടി…ഇതൊന്നുറപ്പിക്കാൻ വേണ്ടി…

അന്നാണ് വൈകല്യം ബാധിച്ചത് കാണുന്നവരുടെ മനസ്സിനാണ് എന്റെ ശരീരത്തിനല്ല എന്ന് ഞാൻ മനസ്സിലാക്കിയത്…

ആർഭാടങ്ങളൊന്നുമില്ലാതെ ഒരു ചെറിയ വിവാഹം…ചെന്നുകയറിയതോ സ്വർഗ്ഗം പോലൊരു വീട്ടിലേക്കും…

ഇന്ന് ഞങ്ങൾക്കിടയിലേക്കു ഒരാൾക്കൂടി വരുന്നുണ്ട്…. വയറുകണ്ടിട്ടു ആൺകുട്ടിതന്നാ… അവന് അവിടെക്കിടന്നു കുത്തിമറിയുന്നുണ്ട്…ഹലോ ഇവിടെ എന്തോ വിചാരിച്ചിരിക്കാ…

ഞാൻ റെഡിയാവാഞ്ഞിട്ടണല്ലോ അമ്മക്കും മോൾക്കും പോകാൻ വൈകിയത്… വാ വന്നു ബൈക്കിൽ കയറാൻ നോക്ക്….ഡാ നിന്റെ വേഗപ്പാച്ചിലൊന്നും വേണ്ടട്ടോ സാവധാനം പോയാൽ മതി….വയറ്റിലുള്ളകുട്ട്യാ പിറകിലെന്നൊരു ഓർമവേണം…..

മോളെ വല്ല കുണ്ടിലും കുഴിയിലും ചാടിച്ചാൽ ന്നോട് പറയണേ വന്നിട്ട് …ബാക്കിയുള്ളതവന് ഞാൻ കൊടുത്തോളാം ….

Nb: വൈകല്യം ബാധിച്ച ശരീരവുമായും കളങ്കമില്ലാത്ത മനസ്സുമായും ഒരുപാട് ഉണ്ണിമായമാർ ഇന്നും ഒരു ജീവിതം സ്വപ്നംകണ്ടു കിടക്കുന്നുണ്ട്….അവരുടെ ജീവിതത്തിൽ ഹരിയെപ്പോലുള്ള ദൈവ ദൂതന്മാർ ഇനിയും വരട്ടെ….അവർക്കായിരിക്കട്ടെ എന്റെ തൂലികകൊണ്ടുള്ള ഈ സ്‌നേഹസമ്മാനം

Leave a Reply

Your email address will not be published.