March 24, 2023

“”ശരത്….എന്തിനാ എന്നെ ഇങ്ങനെ കണ്ണീര് കുടിപ്പിക്കുന്നത്..ദയവ് ചെയ്ത് എനിക്ക് അവസാനമായി നിന്നെ ഒന്ന് കാണാൻ പറ്റുമോ.. “”.

ഉരുകുമീ ഉള്ളം.

രചന:-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

“”ശരത്….എന്തിനാ എന്നെ ഇങ്ങനെ കണ്ണീര് കുടിപ്പിക്കുന്നത്..ദയവ് ചെയ്ത് എനിക്ക് അവസാനമായി നിന്നെ ഒന്ന് കാണാൻ പറ്റുമോ.. “”. ശരത് കുറേ നാളുകൾക്ക് ശേഷം തന്റെ ഫോണെടുത്ത സന്തോഷവും അകൽച്ചയുടെ ദു:ഖവും ഇടകലർത്തി മയൂഖ ചോദിച്ചു. സ്വരം വല്ലാതെ പതിഞ്ഞിരുന്നു. കണ്ണുനീർ ഇറ്റിറ്റു വീണു കൊണ്ടിരുന്നു.

“”നാളെ വൈകീട്ട് അഞ്ചു മണിക്ക് ഗാന്ധി പാർക്കിൽ വാ””. അവൻ പെട്ടെന്ന് പറഞ്ഞു. മയൂഖ വീണ്ടും എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും ശരത് ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് വൈകീട്ട് ആദ്യം പാർക്കിൽ എത്തിയത് ശരത്താണ്. അവൻ മയൂഖയെ കാത്ത് പ്രവേശന കവാടത്തിൽ കാത്തു നിന്നു. അവൾ നടന്നു വരുന്നത് അവൻ കണ്ടു. അവനെ അവളും കണ്ടു. മയൂഖയുടെ മനസ്സിലും മുഖത്തും തന്റെ പ്രിയനെ കണ്ട ആഹ്ലാദം അല തല്ലി. അവൾ അവനെ നോക്കി മുഖം വിടർത്തി ചിരിച്ചു.

ശരത് അത് കാണാത്ത ഭാവത്തിൽ അലസമായി ചുറ്റും നോക്കി. വെറുതേ ശരീരം കുലുക്കി കൊണ്ടൊരു മൂളി പാട്ട് പാടി പാർക്കിനകത്തേക്ക് നടന്നു.ഇത് കണ്ട മയൂഖയുടെ ചിരി മാഞ്ഞു. മുഖം മങ്ങി. സങ്കടം തുളുമ്പി നിന്നെങ്കിലും അവൾ ശരത്തിന്റെ പുറകിൽ നടന്നു.

“”എന്താണ് ശരത് നിനക്കു പറ്റിയത്. എന്താണെങ്കിലും എന്നോട് പറ. ഒരു മാസം ആയില്ലേ ഇങ്ങനെ. ഇനിയെങ്കിലും “”… അവളുടെ ശബ്ദം മാറാൻ തുടങ്ങി. അപേക്ഷയുടെ ഭാവം മുഖത്തു വിളങ്ങി.

ശരത് അതും കേട്ടതായി ഭാവിച്ചില്ല. അവന്റെ ആ ഉദാസീന മനോഭാവം അവളിൽ ഇരച്ചു കയറിയ കോപത്തെ ഇളക്കി വിട്ടു.

“”ശരത്….നിന്നോടാണ് ചോദിക്കുന്നത്. എന്തിനാ എന്നോടീ അകൽച്ച എന്ന്?””. മയൂഖ ഉറക്കെ അലറി. ശരത് ഞെട്ടി. പാർക്കിൽ അങ്ങിങ്ങായി തങ്ങി നിന്നവർ അവളെ നോക്കി.

“”മയൂഖാ.. ഇത് നിന്റെ വീടല്ല. ഇങ്ങനെ നിന്നൊച്ചയിടാൻ. പൊതു സ്ഥലമാണ്””. ഇതും പറഞ്ഞു ശരത് കുറച്ചു മുന്നോട്ട് നടന്നു. മയൂഖ മോഹഭംഗവും നിരാശയും കൂടി കലർന്ന മനസ്സോടെ നടന്നു അവന്റെ ഒപ്പമെത്തി. യാതൊരു ഭവമാറ്റവും ഇല്ലാത്ത ശരത്തിന്റെ അലസമായ നടത്തം അവളിലെ കോപം ശമിപ്പിച്ചു സങ്കടമായി മാറി. കുനിഞ്ഞ ശിരസ്സും തിളയ്ക്കുന്ന നെഞ്ചുമായി അവന്റെ ഒപ്പം നടന്നു.

ശരത് ഒരു കോൺക്രീറ്റ് ബെഞ്ചിൽ ഇരുന്നു. ചുറ്റുപാടും മിഴികൾ പായിച്ചു അല്പം ഭയത്തോടെ മയൂഖയും ഇരുന്നു. എങ്കിലും അവളുടെ നിതംബം എന്തോ അവിടെ ശരിക്കും ഉറച്ചില്ല. അവൾ ശരത്തിനെ നോക്കി പുഞ്ചിരിച്ചു. പക്ഷെ..അവനത് കണ്ടതായി നടിച്ചില്ല. അവളുടെ നനുത്ത ചുണ്ടിലെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു. മുഖം മങ്ങി. കണ്ണുകൾ വീണ്ടും നിറഞ്ഞു.

“ഒരു പാടിഷ്ടമായിരുന്നു എന്റെ ചിരി ശരത്തിന്. ചിരിക്കുന്നത് കാണാൻ വേണ്ടി മാത്രം വെറുതേ ചിരിപ്പിക്കുമായിരുന്നു അവൻ. ചിരിയിൽ ഒരു മാസ്മരികത ഉണ്ടെന്നു അവൻ ഇടയ്ക്കിടെ പറയുമായിരുന്നു. അവനിപ്പൊ കുറച്ചു ദിവസങ്ങളായി എന്നെ കാണേണ്ട. എന്നോട് മിണ്ടേണ്ട. എന്റെ ചിരിയും മൊഴിയും ഒന്നും കേൾക്കേണ്ട”.. മയൂഖ ഓർമ്മകൾക്കൊടുവിൽ തേങ്ങാൻ തുടങ്ങി.

ഏങ്ങലടികൾക്കൊപ്പം മെലിഞ്ഞ കഴുത്തിലെ ഞരമ്പുകൾ ഇടക്കിടെ തെളിഞ്ഞു കാണപ്പെട്ടു.
എവിടേക്കോ മിഴികൾ പായിച്ചു കൊണ്ടിരുന്ന ശരത് കരച്ചിൽ കേട്ട് അമ്പരപ്പോടെ അവളെ നോക്കി. അവൾ ശിരസ്സ് താഴ്ത്തിയിരുന്നു വിതുമ്പുകയാണ്. ശരത് ചുറ്റും നോക്കി.

“”മയൂഖാ… നിർത്ത്.. നീയെന്താണീ കാണിക്കുന്നത്. ആളുകൾ ശ്രദ്ധിക്കുന്നു””. ശരത് ദേഷ്യത്തോടെ പറഞ്ഞു.

അവൾ ദയനീയമായി അവനെ നോക്കി. ശരത്തിന്റെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.
“”ശരത്… ഇനിയെങ്കിലും ഒന്ന് പറ. എന്താ നീ എന്നോട് സംസാരിക്കാത്തത്. എന്നെ എന്തിന് അകറ്റി നിർത്തുന്നു. എന്താ പറ്റിയത് നിനക്ക്. അളവില്ലാതെ നീ എന്നെ സ്നേഹിച്ചിരുന്നില്ലേ.

എന്നിട്ടിപ്പോ….എനിക്കിതൊന്നും സഹിക്കാൻ പറ്റില്ല കെട്ടോ””. മയൂഖ കണ്ണുകൾ തുടച്ചു.
“”ഞാൻ മിണ്ടുന്നുണ്ടല്ലോ. പിന്നെ ഈ സംസാരിക്കുന്നതൊക്കെ എന്റെ ചെകുത്താനാണോ. നീ അവസാനമായി കാണണം എന്ന് പറഞ്ഞു വിളിച്ചപ്പോ വരുകേം ചെയ്തു. ഇനി എന്താ വേണ്ടത്?””. ശരത് അല്പം ഉറക്കെ തന്നെ പറഞ്ഞു.

“”ഇങ്ങനെയാണോ നീ മിണ്ടാറ്. ഈ പറഞ്ഞതൊക്കെ കുറേ വാക്കുകൾ മാത്രമല്ലാതെ ഇതിൽ സ്നേഹമുണ്ടോ?. പ്രേമമുണ്ടോ?. പ്രണയം ചാലിച്ച വാക്കുകളാൽ എന്നെ അലങ്കരിക്കാറുള്ളതല്ലേ നീ””. മയൂഖ വാടിയ മുഖത്ത് മന്ദസ്മിതം വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. കുറച്ചു ശക്തി കിട്ടിയ പോലെ അവൾ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.

“”ഓഹ്.. തുടങ്ങി അവളുടെ സാഹിത്യം””… ശരത് ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ് നടന്നു. ഒരു നിമിഷം പകച്ച മയൂഖ പ്രതീക്ഷ കൈവിടാതെ എഴുന്നേറ്റ് അല്പം വേഗത്തിൽ നടന്നു ശരത്തിന്റെ ഒപ്പമെത്തി.

“”ഇങ്ങനെ നടന്നാൽ കൂടുതൽ ആരുടേയും കണ്ണിൽ പെടില്ല.. അല്ലേ””. മയൂഖ ചിരിച്ചു കൊണ്ട് വിഷയം മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

ശരത് ഒന്നും മിണ്ടിയില്ല. മയൂഖയുടെ ഉള്ളിൽ വീണ്ടും വിഷാദം നിറഞ്ഞു. ചിരി പൊടുന്നനെ മങ്ങി.

സായംകാലം ആയത് കൊണ്ടാകാം പാർക്കിൽ നിറയേ ആളുകളുണ്ട് . ശരത്തും മയൂഖയും അവിടെ പുതിയതൊന്നുമല്ല. അഞ്ചു വർഷം പിന്നിട്ട അവരുടെ അനുരാഗത്തിന്റെ അത്ര തന്നെ പഴക്കം ആ ഉദ്യാനത്തിൽ പതിഞ്ഞ അവരുടെ കാലടിപാടുകൾക്കുമുണ്ട്…പക്ഷെ…ഇന്നവർ പരിചിതരെങ്കിലും അപരിചിതരാണ്. കിന്നരിച്ചു മാത്രം നടക്കാറുള്ള, ചിലപ്പോഴൊക്കെ ചുറ്റുപാടും കണ്ണെറിഞ്ഞു കൈകൾ കോർത്തു പിടിച്ചു നടക്കാറുള്ള അവരുടെ ഈ അപരിചിതത്വം കണ്ടു ഉദ്യാനത്തിലെ പൂക്കൾ പോലും കണ്ണീർ വാർത്തു.

ശരത്തിന്റെ കണ്ണുകൾ ആരെയോ തിരയും പോലെ പാഞ്ഞു കൊണ്ടിരുന്നു. ഒരു മൂളി പാട്ട് അവന്റെ ചുണ്ടിൽ തത്തി കളിച്ചു. മയൂഖ മനോഹരമായ റോസാ പൂക്കളെ വിങ്ങുന്ന മനസ്സോടെ നോക്കി നടന്നു. മനസ്സ് ഇരുളടഞ്ഞു പോവുന്ന പോലെ അവൾക്ക് തോന്നി. മൗനം അകമ്പടി സേവിച്ച ആ നടപ്പാതയിലൂടെ അവർ കുറേ നിമിഷങ്ങൾ നടന്നു. ഇടക്കിടെ അവൾ ശരത്തിനെ പാളി നോക്കിയെങ്കിലും അവൻ വേറെ ഏതോ ലോകത്താണെന്നു അവൾക്ക് തോന്നി. “എന്റെ നെഞ്ചുരുകുന്നത് നീ കാണുന്നില്ലേടാ”. എന്നവൾക്ക് പറയണമെന്നുണ്ട്. എങ്കിലും അവൾ പറഞ്ഞത് അതല്ല..

“”അവസാനമായി കാണണം എന്ന് ഞാൻ പറഞ്ഞത് വെറുതെയാട്ടോ ശരത്… നിന്നെ ഒന്നു കാണാൻ. അങ്ങനെ പറഞ്ഞാൽ നീ വരുമല്ലോ . എത്ര വിളിച്ചു ഞാൻ. എത്ര ദിവസായി നമ്മളിങ്ങനെ നടന്നിട്ട്..അല്ലേടാ””. മയൂഖ മുഖത്തൊരു കാതര ഭാവം വരുത്തി കൊണ്ട് അവനെ നോക്കി. അവന്റെ വലതു കരം കവർന്നെടുക്കാൻ അവൾ ശ്രമിച്ചു.

ശരത് അവളുടെ കൈകൾ ബലമായി വിടുവിപ്പിച്ചു വീണ്ടും മുന്നോട്ട് നടന്നു. മയൂഖയിൽ വീണ്ടും കൊടിയ നിരാശ കൂടു കൂട്ടി. ഒരു നിമിഷം നിന്ന അവൾ വീണ്ടും വേഗത്തിൽ നടന്ന് അവന്റെ ഒപ്പമെത്തി. അവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു.

“”നീ പറഞ്ഞത് പോലെ തന്നെയാണ് മയൂഖാ..ഇത് നമ്മുടെ അവസാന സംഗമമാണ്. നീ തമാശ പറഞ്ഞതാകാം. പക്ഷേ””…ശരത് ഒന്ന് നിർത്തി. അവളെ കൂർത്ത കണ്ണുകളോടെ നോക്കിയൊരു നെടുവീർപ്പിട്ടു.

“”പക്ഷെ””?… മയൂഖ വിറക്കുന്നുണ്ടായിരുന്നു. കയ്യിൽ കരുതിയ ചെറിയ കുടയിലും മൊബൈൽ ഫോണിലും അവൾ അമർത്തി പിടിച്ചു.

“”നമ്മൾ പിരിയുന്നു. പ്രണയപൂർവ്വം ഒരു കണ്ടു മുട്ടൽ ഇനി നമ്മൾ തമ്മിൽ ഉണ്ടാവില്ല. എന്റെ മനസ്സിൽ നിന്നും പ്രണയിനിയായ നീ ഇല്ലാണ്ടായിട്ട് കുറച്ചു ദിവസങ്ങളായി””. അതേ നോട്ടം മയൂഖയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ടവൻ ഇമ വെട്ടാതെ പറഞ്ഞു. എന്നിട്ട് തിരിഞ്ഞു നടന്നു.

മയൂഖയുടെ അടിവയറ്റിൽ നിന്നും ഒരു ആന്തൽ മുകളിലേക്ക് കയറി.നെഞ്ചും കടന്ന് അത് തലയിലേക്ക് കയറി ചൂടു പരത്തി. കയ്യിലെ കുട താഴെ വീണു. ഹൃദയം വിറച്ചു ആടി ഉലയും പോലെ അവൾക്ക് തോന്നി. വായിലെ ഉമിനീർ വറ്റി നാക്ക് താഴോട്ടിറങ്ങിയോ എന്നവൾ സംശയിച്ചു. ഒന്നും മിണ്ടാൻ കഴിയുന്നില്ല.

കരയാൻ കണ്ണീരും വന്നില്ല.തല കറങ്ങുന്നു. ഉദ്യാനത്തിലെ ആളുകളും പൂക്കളും നിന്ന് തിരിയുന്നു. അവൾ വേച്ചു വേച്ചു അടുത്തുള്ള പുൽ തകിടിയിൽ ഇരുന്നു. വൈകാതെ മലർന്നു കിടന്നു. “സ്വയം മുറിവേൽപ്പിക്കാൻ എന്തെങ്കിലും കിട്ടിയെങ്കിൽ.. ചോര വാർന്നു മ,രി,ക്ക,ട്ടെ”.

അവൾ പെട്ടെന്ന് എഴുന്നേറ്റിരുന്നു ഒരു ബ്ലേഡിന്റെ പൊട്ടിനായി ചുറ്റും തിരഞ്ഞു. കണ്ടില്ല. എന്തോ ഓർത്തിട്ടെന്ന പോലെ കൈ തണ്ടകളിലേക്ക് നോക്കി…ഇല്ല… കുപ്പിവളകൾ ഇന്നണിഞ്ഞിട്ടില്ല. അവന് അതിന്റെ കിലുക്കം അലോസരമാണെന്ന് പറഞ്ഞതോർത്തപ്പോൾ ഊരി വെച്ചു. അവൾ കൈകൾ നിലത്തു ആഞ്ഞടിച്ചു കൊണ്ട് വീണ്ടും കിടന്നു.

മനസ്സിൽ അനുരാഗത്തിന്റെ വർണ്ണരാജികളിൽ മുങ്ങി നിവർന്ന നിമിഷങ്ങൾ പാഞ്ഞെത്തി. ശരത്തിന്റെ ചിരികളും മൊഴികളും ഭാവങ്ങളും മാറി മാറി മിന്നി മറഞ്ഞു. നല്ല നാളുകളിലെ ഓർമ്മകൾ അവക്ക് അകമ്പടി സേവിച്ചു. “എന്താ അവൻ പറഞ്ഞത്.

ഇനി കാണില്ലെന്നോ. പിരിയുകയാണെന്നോ. കളിയായി പറഞ്ഞതാകുമോ അവൻ… അല്ല.. കളിയല്ല. അത് പറയുമ്പോൾ ആ കൺ കോണിൽ വെറുപ്പിന്റെ തീപ്പൊരി ചിതറിയത് ഞാൻ കണ്ടു”.. അവൾ ഒരു ഭ്രാന്തിയെ പോലെ പിറുപിറുത്തു.

അവൾ എഴുന്നേറ്റിരുന്നു. കാൽമുട്ടുകൾ കൂട്ടി വെച്ചു മുഖം അതിലേക്കമർത്തി വെച്ചു. പെട്ടെന്ന് കണ്ണീർ ഒഴുകിയെത്തി. തേങ്ങി തേങ്ങി കരഞ്ഞു. വിതുമ്പൽ ശബ്ദമുഖരിതമായ ജനസംസാരത്തിൽ ലയിച്ചു. വിരഹ വേദനയുടെ ആഴം തേടിയുള്ള അവളുടെ മനസ്സിന്റെ സഞ്ചാരം നിലയില്ലാ സമുദ്രത്തിൽ വെറുതേ മുങ്ങി തപ്പി.

നിമിഷങ്ങൾ കടന്നു പോയി. നേരം സായന്തനത്തെ പുൽകാൻ തുടങ്ങി സൂര്യൻ ചുവന്നു തുടുത്തു മഴ മേഘകുടകൾക്ക് പിന്നിൽ പിൻവാങ്ങാൻ ഒരുങ്ങിയ പോലെ ഒളിച്ചു കളിച്ചു. കടും നിറമാർന്ന വാടിയ റോസാ പൂവ് പോലെ തോന്നിച്ച മയൂഖയുടെ മുഖം അവൾ പതിയെ ഉയർത്തി നോക്കി. ഒരു കൈയകലത്തിൽ എപ്പോഴോ വന്ന് ഇരിപ്പുറപ്പിച്ച ശരത്തിനെ കണ്ട അവളുടെ മുഖത്ത് നിർവികാരത തത്തി കളിച്ചു. അവൻ അവളെ നോക്കി.

“”പാർക്ക് അടക്കാറായി മയൂഖാ… വീട്ടിൽ പൊയ്ക്കോ””. ശരത് പറഞ്ഞു. മയൂഖ മറുപടി പറഞ്ഞില്ല. അവൾ ഒന്ന് കൂടി നിരങ്ങി അവന്റെ അടുത്തേക്കിരുന്നു. “”അല്ലെന്ന് എനിക്കറിയാമെങ്കിലും ഒന്ന് ചോദിച്ചോട്ടെ ശരത്. നീ തമാശ പറഞ്ഞതാണോ?””. മയൂഖ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“”അല്ല””. അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. “ഉം”.. അവൾ മൂളി.
“”എനിക്ക് നിന്നെ വെറുക്കാനാവില്ല ശരത്. ഞാൻ പൊയ്ക്കോളാം. പക്ഷെ.. എന്നോടുള്ള വെറുപ്പിന്റെ കാരണം ഒന്നു പറയുമോ?… ഒന്നിനുമല്ല.. എനിക്കൊരുമനഃസമാധാനത്തിന്””.അത്രക്കും അശക്തമായിരുന്നു അവളുടെ ഭാവം. കരൾ പിളർത്ത വിരഹ വേദന മുഖത്ത് ദയനീയത വീഴ്ത്തി.

“”ഒന്നൂല്ല… എനിക്കിനി നിന്നെ വേണ്ട””. ശരത് വീണ്ടും അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

ഓരോ തവണ “വേണ്ട” എന്ന് കേൾക്കുമ്പോഴും അവളുടെ ഉൾ പൂവിന്റെ ഇതളുകൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. എങ്കിലും അപ്പോഴുമവൾ പൂർണ്ണമായി പ്രതീക്ഷ കൈയ് വിട്ടില്ല.
“”നീ പലപ്പോഴും ചോദിച്ചിരുന്നില്ലേ എന്റെ ദേഹം. അത് ഞാൻ പങ്ക് വെക്കാത്തതാണ് വെറുപ്പിന്റെ കാരണമെങ്കിൽ… വാ.. നമുക്കൊരു ലോഡ്ജിൽ മുറിയെടുക്കാം””. മയൂഖ പറഞ്ഞു.

“”എനിക്കത് അന്ന് വേണമായിരുന്നു. ഇനിയിപ്പോ അതിന്റെ ആവശ്യമില്ല””. ശരത് ഒന്ന് നിർത്തി .””ഞാൻ… ഞാൻ… വേറെ ഒരു പെണ്ണുമായി ഇഷ്ടത്തിലായിട്ട് കുറച്ചായി””.. ശരത് വീണ്ടും അവളുടെ മുഖത്തു നോക്കിയില്ല.

ഇനി ആ ഒരു ഉത്തരം മാത്രമേ ശരത്തിൽ നിന്നും കേൾക്കാൻ ഉണ്ടായിരുന്നുള്ളൂ എന്നവൾ പ്രതീക്ഷിച്ചിരുന്നു. അവളിൽ ചെറിയൊരു ഞെട്ടൽ മാത്രമുള്ളവാക്കി ആ മറുപടി കടന്നു പോയി.
“”കുറച്ചു ദിവസത്തെ സ്നേഹത്തിന് എന്റെ അഞ്ചു വർഷങ്ങൾ നീണ്ട ജീവിതം കൊണ്ട് നീ വിലയിടുകയാണോ?.. അല്ല ശരത്.. ഒന്ന് ചോദിച്ചോട്ടെ..

ഇങ്ങനെയൊക്കെ കഴിയുമോ ഹൃദയമുള്ളവർക്ക്?.നിന്റെ സ്നേഹം വെറും നാട്യമായിരുന്നോ?. അതോ പാഴ്ച്ചെടിക്കാണോ ഞാൻ വെള്ളമൊഴിച്ചതും വളമിട്ടതും?””. അവൾ നിറഞ്ഞ കണ്ണുകളോടെ ചോദ്യങ്ങൾ ശരങ്ങളായി എയ്തു. ശരത് അവളെ ഒന്ന് നോക്കി. പിന്നേ ദൂരേക്ക് നോക്കി “”അറിയില്ല””എന്നൊരു വാക്കിൽ മറുപടി ഒതുക്കി.

ആ വാക്കിന് “ഉത്തരമില്ല” എന്നാണർത്ഥം എന്നവൾക്ക് അറിയാമെങ്കിലും അവൾ മൗനിയായി.
“”അവൾ എന്നേക്കാൾ സുന്ദരിയാണോ?””.. മയൂഖ വീണ്ടും ചോദിച്ചു. “”അതേ… കുറച്ചു കൂടി മിടുക്കിയാണ്””..ശരത് പറഞ്ഞു.

“”അത് കൊണ്ടാണോ എന്നെ ഒഴിവാക്കുന്നത്?””.. ശരത് ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. പാർക്കിൽ നിന്ന്‌ പുറത്തേക്ക് പോകുന്ന ആളുകളെ വെറുതേ നോക്കി അവൻ ഇരുന്നു.
“”എന്താ അവളുടെ പേര്?””.കുറച്ചു നിമിഷത്തെ മൗനത്തിന്റെ ഇടവേളക്ക് ശേഷം അവൾ വീണ്ടും ചോദിച്ചു.

“”അപർണ്ണ””. ഇരുവർക്കുമിടയിൽ കനത്ത നിശബ്ദത ചുറ്റി കളിച്ചു. ആ മൗനം മയൂഖക്ക് മാത്രം ഭീകരമായി തോന്നി.

പാർക്ക്‌ അടക്കാൻ പോകുന്നു എന്ന് ഒരു സെക്യൂരിറ്റി ഗാർഡ് വന്നു അവരോടു പറഞ്ഞു. ശരത് എഴുന്നേറ്റ് നടന്നു. മയൂഖയും എഴുന്നേറ്റു. വല്ലാതെ ക്ഷീണിതയായിരുന്ന അവളുടെ നടത്തത്തിൽ ഒരു ചാഞ്ചാട്ടം ഉള്ള പോലെ തോന്നി.

“”ശരത്””…അവൾ പതുക്കെ വിളിച്ചു.
അവൻ നിർവികരതയോടെ തിരിഞ്ഞു നോക്കി.
“”എനിക്ക് ചുണ്ടിലൊരു… വേണ്ട.. മൂർദ്ധാവിലെങ്കിലും ഒരു ചുമ്പനം തരുമോ?.. അവസാനമായിട്ട്. അല്ലെങ്കിൽ ഞാൻ””.. അവൾ പതുക്കെ ചോദിച്ചു. അവളുടെ മിഴികോണുകളിൽ രണ്ട് തുള്ളി കണ്ണീർ പൊടിഞ്ഞു.

ഇത് കേട്ട ശരത്തിന്റെ ചുണ്ടിൻ കോണുകളിൽ ഒരു പരിഹാസം നിറഞ്ഞ ചിരി വിരിഞ്ഞു.
“”ലജ്ജയില്ലേ പെണ്ണേ നിനക്ക്. ഉപേക്ഷിച്ചു പോകാൻ തയ്യാറായി നിൽക്കുന്ന ഒരു കാമുകനോട് ശരീരം വേണോ.. ചുമ്പനം തരുമോ എന്നൊക്കെ ചോദിക്കാൻ””.. ശരത് ചോദിച്ചു.
അവന്റെ ചുണ്ടിൽ വിരിഞ്ഞ അതേ പുച്ഛചിരി കുറച്ചു കൂടി മാറ്റ് കൂടി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

“”ശരത്…ആത്മാർത്ഥമായി പ്രണയിച്ച ഒരു പെണ്ണിനെ നീ കാണാത്തോണ്ടാണ് ഈ ചോദ്യം നീ ചോദിച്ചത്.മനസ്സിൽ ഒരു വടവൃക്ഷം കണക്കേ വേറുരച്ച പ്രണയത്തിന്റെ കടക്കൽ കോടാലി വെക്കുമ്പോൾ അവസാന പിടിവള്ളിയാണ് ഈ ചോദ്യങ്ങൾ.ഒരു വേള നിന്നെ എനിക്ക് തിരിച്ചു കിട്ടിയാലോ. അത്രമേൽ ഞാൻ നിന്നിൽ ആഴ്ന്നിറങ്ങിയിരുന്നു””.. മയൂഖ ഒന്ന് തേങ്ങി. ഷാൾ വലിച്ചെടുത്തു അവൾ പെട്ടെന്ന് കണ്ണ് തുടച്ചു.

“”നീ പറഞ്ഞ ആ സമയത്ത് ഒരു കഷ്ണം ബ്ലേഡിന് ഞാൻ വല്ലാതെ ആശിച്ചു. എന്നെ സ്വയം മുറിവേൽപ്പിച്ചു കൊല്ലാൻ ഒന്നും എനിക്ക് കിട്ടിയില്ല. ഇനി നീ പേടിക്കേണ്ട. ഞാൻ ആ നിമിഷം അതിജീവിച്ചു. വെറുക്കില്ല ഞാൻ ഒരിക്കലും. മറക്കുമോ എന്ന് അറിയാനും പാടില്ല. ഞാൻ പോവാണ് ശരത്. ഇനി നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ””…

അവൾ പാർക്കിന്റെ ഗേറ്റ് കടന്നു വേഗത്തിൽ നടന്നു. ശരത്തും കൈകൾ പുറകിൽ കെട്ടി അവളുടെ പുറകിൽ പതുക്കെ നടന്നു. അവൾ കാഴ്ച്ചക്കപ്പുറത്തേക്ക് മറഞ്ഞപ്പോൾ അവൻ ആരെയോ പ്രതീക്ഷിച്ച പോലെ തിരിഞ്ഞു നോക്കി.

“”അവൾ മറഞ്ഞോടാ””..പുറകിൽ നിന്ന് അപർണ്ണ നടന്നു അടുത്തേക്ക് വന്നു.
“”ഉം… കാണാമറയത്തേക്ക് അവളെ പറഞ്ഞയച്ചു””.. ശരത് ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
“”ഞാൻ എല്ലാം കണ്ടു. എന്തൊരു സ്നേഹമാടാ അവൾക്ക് നിന്നോട്. അങ്ങനെ നിന്നെ സ്നേഹിക്കാൻ എന്നെ കൊണ്ട് പറ്റുമോ?””അപർണ്ണ പറഞ്ഞു.

“”വാ””… ശരത് അപർണ്ണയുടെ കൈയിൽ പിടിച്ചു കൊണ്ട് പാർക്കിന്റെ പുറത്തേക്ക് നടന്നു..
“”നിന്നെ അവൾ ശ്രദ്ധിക്കുമോ എന്ന പേടിയിലായിരുന്നു ഞാൻ.. പക്ഷെ നീ വിദഗ്ദമായി കൈകാര്യം ചെയ്തു””.ശരത് ചിരിച്ചു കൊണ്ട് പറഞ്ഞു.

“”എനിക്ക് പാവം തോന്നുന്നു ശരത് അവളോട്. ഇങ്ങനെ നീ എന്നെയും ഒഴിവാക്കുമോ?. എന്താ അവളെ ഒഴിവാക്കാൻ കാരണം””.. അപർണ ചോദിച്ചു.

“”നിന്നോടുള്ള ഇഷ്ടം കൊണ്ട്….നിനക്കെന്നെ ഇഷ്ടമല്ലേ.അത് കൊണ്ട്””. ശരത് ചിരിച്ചു കൊണ്ട് പറഞ്ഞു.അവൻ പുറകിലൂടെ അപർണ്ണയുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു.. അവളും…

ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളാൽ അപർണ്ണയുടെ മനസ്സ് കലുഷിതമായി.
“എന്നെ പോലെ തന്നെ സുന്ദരിയാണ് മയൂഖയും.ആ സ്നേഹത്തിന്റെ ആഴവും ഞാൻ കണ്ടതാണ്. എന്നിട്ടും അവൻ അവളെ എന്തിന് ഒഴിവാക്കി. ആ സ്നേഹം കാണാൻ എന്തിനെന്നെ ഇവിടേക്ക് ക്ഷണിച്ചു?”…

അവൾ അങ്ങനെ ചിന്തിച്ചു നിൽക്കേ അവനൊരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തിച്ചു..””വാ.. കയറ്””. അവൻ അവളുടെ കൈയ് പിടിച്ചു വലിച്ചു. അവർ ഓട്ടോയിൽ കയറി.. ഓട്ടോ പതുക്കെ നീങ്ങി തുടങ്ങി.

ഇരുണ്ടു തുടങ്ങിയ ഓട്ടോക്കുള്ളിൽ അവന്റെ ഒരു കൈയ് അപർണ്ണയുടെ നെഞ്ചിലെ മുഴുപ്പിനെ പരതി. അവൾ കാമഭാവം പൂണ്ട് ചിരിച്ചു. ഒരു സീൽക്കാരത്തോടെ അവൻ അവളുടെ തോളിലേക്കും ചാഞ്ഞു..
….. ശുഭം… നന്ദി..

Leave a Reply

Your email address will not be published.