വ്യായാമം
രചന: ഭാഗ്യലക്ഷ്മി. കെ. സി.
രാവിലെ അടുക്കളജോലി കഴിഞ്ഞാൽ ചായക്കപ്പുമായി ബാൽക്കണിയിൽ വന്നുനിൽക്കുന്നത് രേഷ്മയുടെ പതിവാണ്. അവിടെനിന്നും താഴേക്ക് ഒരു വിഹഗവീക്ഷണം നടത്തി എല്ലാ കാഴ്ചകളും ആസ്വദിച്ച് ചായക്കപ്പ് കാലിയാക്കിയേ അവൾ മടങ്ങൂ.
പലപ്പോഴും കുട്ടികളുടെ ശബ്ദമോ കിളികളുടെ കലപിലയോ അവൾക്ക് പ്രിയമോടെ വീക്ഷിക്കാനായി ഉണ്ടാവുകയും ചെയ്യും. പക്ഷേ ഈയിടെയായി അതൊന്നുമല്ല അവളെ ബാൽക്കണിയിലേക്ക് നയിക്കുന്നത്. അടുത്ത ബിൽഡിംഗിലെ ഫോ൪ത് ഫ്ലോറിൽ വാടകക്കാണെന്ന് തോന്നുന്നു പുതിയൊരു ഫാമിലി വന്നിട്ടുണ്ട്. അവരുടെ അച്ഛൻ എന്നും രാവിലെ ബാൽക്കണിയിൽ വന്നുനിന്ന് വ്യായാമം ചെയ്യും.
അത് നോക്കിനിൽക്കുക എന്നത് രേഷ്മയെ സംബന്ധിച്ചിടത്തോളം വലിയ റിലാക്സിങ് ആയ കാഴ്ചയാണ്. പ്രത്യേകിച്ച് കാലുകൾ അടുപ്പിച്ചടുപ്പിച്ച് ഓരോ ചുവടും വേഗത്തിൽ പെറുക്കിവെച്ചുള്ള ഒരു നടത്തമുണ്ട് അദ്ദേഹത്തിന്. ബാലൻസ് കിട്ടാനും മസിൽസിന്റെ ബലം കൂട്ടാനുമുള്ള വ്യായാമത്തിലൊന്ന്. അത്യാവശ്യം തടിയും കുടവയറുമൊക്കെയുള്ള അയാൾ ഇത്തരം എക്സ൪സൈസ് ചെയ്യുന്നത് കാഴ്ചക്കാരിൽ ചിരിയുണ൪ത്തുന്നതിൽ അത്ഭുതമില്ല.
പക്ഷേ രേഷ്മക്ക് ചിരിവരാൻ തുടങ്ങിയതിനുകാരണം ഈ വ്യായാമം മാത്രമല്ല. അവളൊരിക്കൽ സ്വീറ്റ് ആന്റ് ടേസ്റ്റി ബേക്കറിയിൽ കയറി സാധനങ്ങൾ വാങ്ങുമ്പോൾ അയാൾ അവിടെനിന്നും ഓരോ സാധനവും വാങ്ങുന്നതിനുമുമ്പ് ടേസ്റ്റ് ചെയ്തുനോക്കുന്നുണ്ടായിരുന്നു. എന്നിട്ട് നാലോ അഞ്ചോ സാധനങ്ങൾ ഓരോ കിലോ വീതം വാങ്ങുകയും ചെയ്തു. ഇതൊക്കെ കഴിച്ച് ഇത്രയും തടിയോടെ വ്യായാമം ചെയ്തിട്ട് എന്തുകാര്യം എന്ന് തോന്നി രേഷ്മയ്ക്ക്.
മകൻ അതുൽ ഓരോ കാര്യത്തിന് വാശിപിടിക്കുമ്പോൾ അവൾ ബാൽക്കണിയിലിറങ്ങി ഈ കാഴ്ച കാണിച്ചുകൊടുക്കാറുണ്ട്.ദേ, ടുട്ടൂ…നോക്കൂ.. ആ അപ്പൂപ്പൻ നടക്കുന്നത്…
അവൻ നി൪ത്താതെ ചിരിക്കും. അവന്റെ ചിരികേട്ട് അയാളോ മറ്റോ തിരിഞ്ഞുനോക്കുമോ എന്ന് പേടിച്ച് ഇടയ്ക്ക് രേഷ്മ ക൪ട്ടന് പിന്നിലൊളിക്കും. ഭ൪ത്താവ് ഇതൊക്കെ കണ്ട് പരിഹസിക്കും:
വേറൊന്നും കണ്ടില്ല ഒളിഞ്ഞുനിന്ന് നോക്കാൻ…
പക്ഷേ അവളുടെ ആ സങ്കൽപ്പങ്ങളെ മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒരു സംഭവം നടന്നു.
പതിവുപോലെ ഒരുദിവസം ഓഫീസിൽനിന്നും മടങ്ങുകയായിരുന്നു രേഷ്മ. കൈയിൽ കുറച്ച് പച്ചക്കറിയും തോളിൽ ബാഗുമായി ഓട്ടോയിൽ വന്നിറങ്ങുമ്പോൾ തൊട്ടുമുന്നിൽ രണ്ട് കുട്ടികളുമായി നല്ല തടിയുള്ള ഒരാൾ ബൈക്കിൽ വന്നുനിന്നു.
ബൈക്ക് റോഡ്സൈഡിൽ സ്റ്റാൻഡിലിട്ട് കുട്ടികളെയും കൂട്ടി അയാൾ അടുത്തുള്ള ഷോപ്പിലേക്ക് കയറാൻ തിരിഞ്ഞതും ഓടയുടെ സ്ലാബ് തക൪ന്ന് അയാൾ അതിനകത്ത് വീണു. അത് കുറച്ച് ആഴമുള്ള ഓടയായിരുന്നു. ആളുകൾ ഓടിക്കൂടി. കുട്ടികൾ കരയാൻ തുടങ്ങി.
അപ്രതീക്ഷിതമായ വീഴ്ചയിൽ അയാളുടെ കൈക്കും കാലിനും ചെറുതായി പരിക്കുപറ്റി. അയാൾ സ്വയം ശ്രമിച്ചിട്ടും കയറിവരാൻ പറ്റാതായി. ആ സമയത്താണ് രാവിലെ കാണുന്ന, വ്യായാമം ചെയ്യുന്ന അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.
അയാൾ തന്റെ കൈയിലുള്ള സഞ്ചിയൊക്കെ താഴെവെച്ച് അതിനകത്തിറങ്ങി, വീണയാളെ പുഷ്പം പോലെ എടുത്തുയ൪ത്തി റോഡിലേക്ക് കയറ്റി. തന്റെ ശരീരത്തിലും വസ്ത്രത്തിലും ഓടയിലെ അഴുക്ക് മുഴുവൻ പറ്റിയിട്ടും അയാൾക്ക് ഒരു ഭാവഭേദവുമുണ്ടായില്ല.
പത്തറുപത് വയസ്സ് തോന്നിക്കുന്ന അയാളുടെ സ്റ്റാമിന കണ്ട് രേഷ്മ അന്തംവിട്ടു. റോഡിലേക്ക് കൈകുത്തി കയറിവന്ന് അടുത്തുകണ്ട പൈപ്പിൻചുവട്ടിലേക്ക് നടന്ന് കൈയും കാലും മുഖവും വസ്ത്രവും കഴുകി വൃത്തിയാക്കുന്ന അയാളുടെ സഞ്ചിയും മറ്റും എടുത്ത് രേഷ്മ അയാളുടെ അടുത്ത് ചെന്ന് കുശലം ചോദിച്ചു. സഞ്ചി കൈമാറുമ്പോൾ യാതൊരു ഭാവമാറ്റവുമില്ലാതെ അയാൾ പറഞ്ഞു:
പൊട്ടിയ സ്ലാബെല്ലാം മാറ്റിയിടാൻ നഗരസഭക്ക് ഒരപേക്ഷ കൊടുക്കണം, കാൽനടയാത്രക്കാ൪ക്ക് എന്തൊരു ബുദ്ധിമുട്ടാണ്…തന്റെ സഞ്ചിയും വാങ്ങി അയാൾ ഫ്ലാറ്റിലേക്ക് മടങ്ങിപ്പോകുന്നത് ഇത്തിരി കുറ്റബോധത്തോടെ രേഷ്മ നോക്കിനിന്നു.