March 25, 2023

എനിക്ക് പനിയാണെന്നറിഞ്ഞപ്പോ കൂട്ടുകാരി എന്റെ വീട്ടിലോട്ടൊരു സന്ദർശനം നടത്തി.. ഗൾഫീന്ന് വന്നപ്പോ ഞാനൊരു തേപ്പോട്ടീം

രചന: അബ്രാമിൻ്റെ പെണ്ണ്

എനിക്ക് പനിയാണെന്നറിഞ്ഞപ്പോ കൂട്ടുകാരി എന്റെ വീട്ടിലോട്ടൊരു സന്ദർശനം നടത്തി.. ഗൾഫീന്ന് വന്നപ്പോ ഞാനൊരു തേപ്പോട്ടീം മറ്റേ വെള്ളം തെളപ്പിക്കുന്ന സുനയും കൊടുത്ത കൂട്ടാരിയല്ലേ,, അവള്.. കൂട്ടത്തിൽ മണ്ണാറശ്ശാലയിൽ ഉരുളി കമത്തിയൊണ്ടായ അവള്ടെ കൊച്ചെർക്കനും കൂടെ വന്നപ്പോ എന്റെ കൊച്ചുങ്ങക്കും സന്തോഷം….

എണീക്കാൻ പോലും വയ്യാതെ കെടന്ന എനിക്ക് അവളുടെ വരവ് വലിയ അനുഗ്രഹമായിരുന്നു.. പണ്ടേയ്ക്ക് പണ്ടേ എന്റെ എല്ലാ വയ്യായ്കകളിലും കൂടെ നിന്നിട്ടുള്ളത് അവളാരുന്നു.. അവള്ടെ കല്യാണം കഴിഞ്ഞെപ്പിന്നെ ആ ബന്ധം ഒന്നൂടെ ശക്തമായി..തേപ്പോട്ടീം മറ്റേ സുനയും കൂടെ കൊടുത്തപ്പോ ആ സ്നേഹം പത്തെരട്ടിയായി..

ഐസിയുവിനുള്ളിലേയ്ക്ക് രോഗിയെ കേറ്റി കെടത്തുന്ന പോലെ, വീട്ടിലോട്ട് കേറി വന്നപ്പോളേ സിറ്റൗട്ടിലിരുന്ന എന്നെ താങ്ങിപ്പിടിച്ച് അവൾ കട്ടിലിൽ കൊണ്ടിട്ടു..

“അനങ്ങാതെ ഇവിടെ കെടക്ക്.. റെസ്റ്റെടുക്കാത്തത് കൊണ്ടാ പനി മാറാത്തെ…ആടിന്റെ കാര്യോം കൊച്ചുങ്ങടെ കാര്യമൊക്കെ രണ്ടൂസത്തേയ്ക്ക് ഞാൻ നോക്കിക്കോളാം…ഇയാക്ക് സുഖവായിട്ടേ ഞാൻ പോകുന്നുള്ളു..

അവള് പറഞ്ഞ കേട്ടപ്പോ മറുത്തൊന്നും പറയാനെനിക്ക് തോന്നിയില്ല.. ഇച്ചിരി നേരം കെടന്നാൽ നമ്മക്ക് വലിയ നഷ്ട്ടോന്നും വരാൻ പോകുന്നില്ലല്ലോ..

എന്റങ്ങേര് റോഡിൽ കേറിപ്പോയപ്പോ മീനും പാലും പാപ്പവുമൊക്കെ വാങ്ങിച്ചോണ്ട് വന്നു.. കൊച്ചുങ്ങക്ക് ചായയിട്ട് കൊടുത്തിട്ട് ലവള് അടുക്കളയിലോട്ട് കേറി…ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ പൊതപ്പെടുത്ത് ഞാൻ തലേലോട്ടിട്ടതും…

“തുദാമ്മച്ചിയെ… എനിക്കൊരു കഥ പറഞ്ഞ് തരാവോ…ഉരുളി കമത്തിയൊണ്ടായവനാണ്…. എളിയെടുത്ത് വളി വിടാൻ വയ്യാതെ കിടക്കുന്ന ഞാൻ ആ സമയം കഥ പറഞ്ഞു കൊടുക്കണം പോലും..

“അമ്മച്ചിയ്ക്ക് വയ്യാതെ കിടക്കുവല്ലിയോ.. മോനിങ്ങോട്ട് വാ.. ചേട്ടൻ കൊച്ചു ടീവി വെച്ചു തരാം..
വാവ് മുഖാന്തിരം ജന്മം കൊണ്ട എന്റെ കൊച്ചെർക്കൻ വന്ന് ലവന്റെ കാലിൽ പിടിച്ചു കട്ടിലിൽ നിന്ന് വലിച്ചു താഴെയിറക്കാൻ ഒരു ശ്രമം നടത്തി…എന്റെ കഥകൾ കേട്ട് തഴക്കവും പഴക്കവും വന്ന് കിടക്കുന്നോണ്ട് ഒരു തവണ കൂടെ ആ കഥകൾ കേൾക്കാൻ ത്രാണിയില്ലാത്തോണ്ടാവും അവൻ ലവന്റെ കാല് പിടിക്കുന്നത്..

കൂട്ടാരിയും എന്റെ കൊച്ചുങ്ങളും കൂടെ എന്തൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചിട്ടും കൊച്ചെർക്കൻ കഥ കേൾക്കണമെന്ന വാശിയിലിരിക്കുവാ… എന്റെ ദേഹത്ത് വലിഞ്ഞു കേറുന്നു… പൊതപ്പെടുത്ത് മാറ്റുന്നു… കാലിൽ ചവിട്ടുന്നു.. അറിയാത്ത ഭാവത്തിൽ മോന്തയ്ക്കൊക്കെ ഒരു താങ്ങും തരുന്നുണ്ട്…

ഇവൻ ഉരുളി കമത്തി തന്നെയൊണ്ടായതാന്നോ… എന്തൊരു കുരുത്തക്കേടാണ് തമ്പുരാനേ……
“മക്കളിങ്ങു വാ.. കുരുത്തക്കേട് കാണിക്കാതെ അടങ്ങിയിരിക്കണം കേട്ടോ.. ന്നാ കഥ പറഞ്ഞു തരാം…

ലവന്റെ രണ്ട് കയ്യും രണ്ടു കാലും കൂടെ കൂട്ടിപ്പിടിച്ച് കട്ടിലിന്റെ മൂലയിലേയ്ക്ക് ഒതുക്കിയിട്ടോണ്ട് ഞാൻ പറഞ്ഞു…

“ആം.. ഞാം കുരുത്തക്കേട് കാണിക്കത്തില്ല.. ചേട്ടൻ പോയി ചേച്ചിയെ വീച്ചോണ്ട് വാ.. തുദാമ്മച്ചി കഥ പറയാമ്പോവുവാ..

ഞാൻ കഥ പറയാൻ പോകുന്നെന്ന് കേട്ടതും എന്റെ കൊച്ചെർക്കൻ എന്നെയൊന്നു നോക്കി..
“അമ്മച്ചീ,, ഞാൻ ബുക്കെടുത്ത് എഴുതി പഠിച്ചോട്ടെ.. നാളെ കേട്ടെഴുത്ത് ഇടുവെന്ന് ചീച്ചറു പറഞ്ഞാരുന്നു..

എനിക്കറിയാം പെട്ടെന്നുണ്ടായ കേട്ടെഴുത്ത് എങ്ങനെ വന്നെന്ന്… കൊച്ചിനെ വെഷമിപ്പിക്കേണ്ടെന്ന് കരുതി ഞാനവനോട് പൊക്കോളാൻ പറഞ്ഞു… കഥ കേൾക്കാൻ മുട്ടിയിരിക്കുന്ന ലവനെ നോക്കി ലോകത്തിലെ ഏറ്റവും വലിയ സഹതാപം നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചിട്ട് അവനങ്ങു പോയി..
“പണ്ട് പണ്ടൊരിടത്തെ,, ഒരു അപ്പൂപ്പനും അമ്മൂമ്മേം ഒണ്ടാരുന്നു കേട്ടോ… ഒരു കുശുമ്പിയായ അമ്മൂമ്മയും പാവം പിടിച്ചൊരു അപ്പൂപ്പനും…

കഥയുടെ തുടക്കം ലവനങ്ങു ബോധിച്ചെന്ന് തോന്നുന്ന്.. കട്ടിലിലിരുന്നവൻ എന്റെ മടീലോട്ട് കേറിയിരുന്ന്…

“അവരൊണ്ടായിട്ട് എന്തോ ചെയ്തമ്മച്യേ.. ഒണ്ടായിട്ട് പിന്നെ..
സംശയം തുടങ്ങിയിരിക്കുന്നു… കഥ തുടർന്നു പറയാൻ നമുക്ക് വേണ്ടുന്നത് ഈ സംശയമാണ്..
“അപ്പൂപ്പനും അമ്മൂമ്മയും കാടിന്റെ അടുത്താ താമയ്ച്ചിരുന്നത്…

അപ്പൂപ്പൻ എന്നും രാവിലെ ചന്തേൽ പോകും.. അമ്മൂമ്മയ്ക്ക് കറി വെക്കാൻ മീൻ വാങ്ങിക്കാൻ.. മീനില്ലാതെ അമ്മൂമ്മ ചോറ് തിന്നത്തില്ല..അപ്പൂപ്പൻ ചന്തേ പോകുന്ന സമയം അമ്മൂമ്മ വീട്ടിലെ ജോലികളൊക്കെ തീർക്കും.. അപ്പൂപ്പൻ വരുമ്പം വലിയ മീൻ കൊണ്ടു വരും കേട്ടോ.. എന്നിട്ടത് തേച്ച് കഴുവി അമ്മൂമ്മേടെ കയ്യിൽ കൊടുക്കും.. അമ്മൂമ്മ കറി വെക്കും.. എന്നിട്ട് രണ്ട് പേരും കൂടെ ചോറ് തിന്നും…

കഥ കേൾക്കുന്ന ആകാംക്ഷയിൽ ലവന്റെ രണ്ട് കൃഷ്ണമണിയും എന്റെ ചുണ്ടിൽ ഒട്ടിപ്പിടിച്ചിരിക്കുവാ.. വായും ചെറുതായി തുറന്നു വരുന്നുണ്ട്…

“എന്റെ സതീശനപ്പൂപ്പനും അമ്മൂമ്മയ്ക്ക് മീങ്കൊണ്ട് കൊടുക്കും. എന്നിട്ട് കൂട്ടാനും വെക്കും.. ഞങ്ങക്ക് തരത്തില്ല…ഞാൻ ചോയ്ക്കുമ്പം പറയും മീൻ പൂച്ച കൊണ്ടോയെന്ന്..

ലവനും നൊസ്റ്റാൾജിയ അയവിറക്കി..അത് കേട്ട് അടുക്കളയിൽ നിന്ന അവന്റെ അമ്മച്ചി ചിരിച്ചു…
“ഈ അമ്മൂമ്മയും കാശിക്കുട്ടന്റെ അമ്മൂമ്മയെപ്പോലെയാരുന്നു കേട്ടോ.. വല്യ മുട്ടൻ കഷ്ണമൊക്കെ അപ്പൂപ്പൻ കാണാതെ കട്ട് തിന്നിട്ട് പൂച്ചയെടുത്തോണ്ട് പോയെന്ന് പറയും.. പാവം അപ്പൂപ്പൻ.. അതങ്ങു വിശ്വസിയ്ക്കും..

മടിയിലിരുന്ന അവന്റെ മുടിയിൽ ഞാൻ തടവി…”അങ്ങനെയിരിക്കെ ഒരൂസം.. അമ്മൂമ്മയ്ക്ക് പായസം കുടിയ്ക്കാൻ കൊതിയായി.. അപ്പൂപ്പന് കൊടുക്കാതെ കഴിക്കണമെന്നാ അമ്മൂമ്മക്കള്ളിയുടെ മനസിലിരിപ്പ്…”പന്നമ്മൂമ്മ.. കുടുക്കി.. കമ്പുടുക്കിയമ്മൂമ്മ…

ലവന് ദേഷ്യം വന്ന് തുടങ്ങി.. അവന്റെ വർത്താനം കേട്ട് എനിക്ക് അതിശയം തോന്നി..ഇതേതു ഭാഷ..ഇമ്മായിരി ചീത്തയൊന്നും നമ്മുടെ നാട്ടിലില്ല..”ആന്ന് മോനേ.. പന്നമ്മൂമ്മയാ.. നമ്മക്ക് ഒരൂസം അപ്പൂപ്പന് പായസം വെച്ചു കൊടുക്കാം.. അന്നേരം കാശിക്കുട്ടൻ അമ്മൂമ്മയ്ക്ക് കൂടെ കൊടുക്കുവോ…ഞാനവന്റെ മുഖത്തോട്ട് നോക്കി..

“ഉണ്ടപപ്പടം കൊടുക്കും.. പന്നമ്മൂമ്മയ്ക്ക് ഒന്നും കൊടുക്കത്തില്ല..അവനെന്റെ മടിയിലിരുന്ന് ഉറഞ്ഞു തുള്ളി…”ന്നാ പോട്ടെ,, നമ്മക്ക് കൊടുക്കണ്ട..അത് കേട്ടപ്പോ അവനിച്ചിരി ആശ്വാസം..”ന്നിട്ട് അമ്മൂമ്മ പായസമൊണ്ടാക്കിയോ അമ്മച്യേ..അവന് വെപ്രാളം…

“അതല്ലിയോ അമ്മച്ചി പറയാൻ വന്നേ.. അപ്പൂപ്പൻ ചന്തേല് പോയ ഒരൂസം അമ്മൂമ്മ കടേൽ പോയി പായസം വെക്കാനൊള്ള സാനം മൊത്തം വാങ്ങിച്ചോണ്ട് വന്നു.. പാല് കാച്ചി.. തേങ്ങാ ചെരവി തേങ്ങാപാലെടുത്ത് വേറെ വെച്ച്..

നല്ല നെയ്യിൽ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും മുന്തിരിങ്ങയും കപ്പലണ്ടികുരുവുമൊക്കെ വറത്തു കോരി വെച്ച്.ശർക്കര ചൂട് വെള്ളത്തിൽ കലക്കി വെച്ച്. .വെള്ളം തെളച്ചപ്പോ പച്ചരി കഴുവി വെള്ളത്തിലോട്ടിട്ട് വേവിച്ചു..ശർക്കരയും ചവ്വരിയും വറത്തു വെച്ചിരുന്ന സാനങ്ങളും കൂടെ അരി വെന്തതിലോട്ട് തട്ടിയിട്ട് എളക്കുവാ.. നെയ്യൊക്കെ ഒഴിച്ചപ്പം എന്തൊരു മണവാണെന്നറിയാവോ കാശിക്കുട്ടാ..

പായസം വെച്ചോണ്ടിരിക്കുന്ന എന്റെ ചോദ്യം കേട്ട് അവൻ ചിരിച്ചു…
“നല്ല മണവൊണ്ടമ്മച്യേ… എന്നിട്ട് അപ്പൂപ്പൻ ചന്തേ പോയിട്ട് വന്നാരുന്നോ..അപ്പൂപ്പന് അമ്മൂമ്മ പായസം കൊടുത്തോ..

വേവുന്നേനു മുന്നേ അപ്പൂപ്പന് പായസം കോക്കാഞ്ഞിട്ടാണ് ഇവന് വെപ്രാളം..
“അപ്പൂപ്പൻ ചന്തേ പോകാൻ ചെന്നപ്പോ നാട്ടിലൊക്കെ ഹർത്താൽ.. ഒറ്റ വണ്ടിയില്ല.. സമരവാ.. അപ്പൂപ്പന് സങ്കടം വന്ന്.. മീങ്കറി കൂട്ടാതെ അമ്മൂമ്മ ചോറ് തിന്നത്തില്ല.. സങ്കടം കൂടി വന്നപ്പോ അപ്പൂപ്പൻ എന്തോ ചെയ്‌തെന്നറിയാവോ….??

ഞാനൊന്നു നിർത്തി..”എന്തോ ശെയ്തു…അപ്പൂപ്പൻ തോട്ടീ പോയി മീൻ പിടിച്ചു കൊടുത്തോ..
കുഞ്ഞിക്കണ്ണുകളിൽ ആകാംക്ഷ …

“അല്ലെടാ മുത്തേ.. അപ്പൂപ്പൻ വയലീ നിന്ന പയറും പറിച്ചോണ്ട് വീട്ടിലോട്ട് തിരിച്ചു പോന്നു… അപ്പൂപ്പൻ വരുന്നതറിയാതെ അമ്മൂമ്മ പായസം എളക്കലോട് എളക്കല്….ഞാനവനെ ഒന്ന് പാളി നോക്കി..

“അങ്ങോട്ട് ചെല്ലുമ്പം കാണാം…അമ്മൂമ്മയ്ക്ക് ഇപ്പം കിട്ടിക്കോളും..അവന് ആവേശം കേറീട്ട് സഹിക്കാൻ വയ്യ…

“അപ്പൂപ്പൻ മുറ്റത്തെത്തിയപ്പോൾ തന്നെ പായസത്തിന്റെ മണം കേട്ട്… താനില്ലാത്ത നേരത്ത് ഒറ്റയ്ക്ക് പായസം വെച്ച് മൂക്ക് മുട്ടെ കുടിക്കാനുള്ള അമ്മൂമ്മയുടെ പദ്ധതിയാണ് ഇതെന്ന് അപ്പൂപ്പന് മനസിലായി..അമ്മൂമ്മയ്ക്ക് നല്ലൊരു പണി കൊടുക്കണമെന്ന് അപ്പൂപ്പൻ തീരുമാനിച്ചു…ഒന്ന് നിർത്തിയിട്ട് ഞാനൊരു ദീർഘശ്വാസം വിട്ട്..

“ചേട്ടാ,, ചേച്ചീ,, ഓടി വാ.. അപ്പൂപ്പൻ അമ്മൂമ്മയ്ക്ക് പണി കൊടുക്കാൻ പോവാ.. കാണണോങ്കി ഓടി വാ…

അവൻ ഉറക്കെ വിളിച്ച് കൂവി.. അപ്പൂപ്പൻ അമ്മൂമ്മയ്ക്ക് കൊടുത്ത പണി മൂത്തവൾ ഒൻപതു വർഷമായും ഇളയവൻ ആറ് വർഷമായിട്ടും കേട്ടോണ്ടിരിക്കുന്നത് കൊണ്ട് അവര് രണ്ടാളും തിരിഞ്ഞു പോലും നോക്കീല..

“അവര് വരണ്ട,, മക്കള് കേക്ക്… അപ്പൂപ്പൻ അടുക്കളയിൽ ചെന്നപ്പോ അമ്മൂമ്മ പായസം എളക്കുവാ.. അപ്പൂപ്പനെ കണ്ടതും അമ്മൂമ്മ ഞെട്ടി…

“എന്തുവാടീ അമ്മൂമ്മേ ചരുവത്തിൽ തെളയ്ക്കുന്നത്… എന്ന് അപ്പൂപ്പൻ ചോദിച്ചു….”ഞാൻ മുണ്ട് പുഴുങ്ങുവാ അപ്പൂപ്പാ ന്ന്… അമ്മൂമ്മ പറഞ്ഞു…”ഏ….മുണ്ട് പുയിങ്ങി തിന്നുവോടെ .. മൊട്ടയല്ലേ പുയിങ്ങി തിന്നുന്നെ..

കേട്ട് കേഴ്‌വി പോലുമില്ലാത്ത കാര്യമായോണ്ട് അവന് വിശ്വസിയ്ക്കാൻ മടി.. അവനെ അതൊന്നു വിശ്വസിപ്പിക്കാൻ ഞാൻ പെട്ട പാട്…

“അപ്പൂപ്പന് കൊടുക്കാതെ അമ്മൂമ്മ പായസം കുടിക്കേണ്ടെന്ന് അപ്പൂപ്പൻ തീരുമാനിച്ചു.. അടുപ്പിന്റെ അടുത്തോട്ടു നീങ്ങി നിന്നിട്ട് ചന്തേ പോയപ്പോ ഉടുത്തോണ്ട് പോയ കോണകം അപ്പൂപ്പൻ അഴിച്ചെടുത്തു…

“മുണ്ട് പുഴുങ്ങുന്ന കൂട്ടത്തിൽ എന്റെ കോണകം കൂടെ പുഴുങ്ങിക്കോന്ന്” പറഞ്ഞ് അപ്പൂപ്പൻ കോണകം വെന്ത പായസത്തിലോട്ടിട്ടിട്ട് അകത്തോട്ടു കേറിപ്പോയി. അപ്പൂപ്പന് കൊടുക്കാതെ തന്നത്താനേ പായസം കുടിക്കാമെന്ന് കരുതിയ അമ്മൂമ്മ ചമ്മിപ്പോയി… അപ്പൂപ്പനെ മനസ്സിൽ ചീത്ത വിളിച്ചോണ്ട് അമ്മൂമ്മ പായസം കൊണ്ട് ചെന്ന് അയ്യത്തു കളഞ്ഞു..

അങ്ങനെയാണ് കോണകപായസം ഉണ്ടായത്.. അതിൽ പിന്നെ അമ്മൂമ്മ, അപ്പൂപ്പന് കൊടുക്കാതെ ഒന്നും തിന്നിട്ടില്ല.. അവര് രണ്ട് പേരും ഒരുപാട് കാലം സന്തോഷത്തോടെ ജീവിച്ചു.. കാശിക്കുട്ടന് കഥ ഇഷ്ടപ്പെട്ടോ..

എന്റെ മുഖത്തോട്ട് നോക്കിയിരിക്കുവാ അവൻ…”കോണം എന്ന് പറഞ്ഞാ എന്തുവാമ്മച്യേ…എനിക്കും കാണണം അപ്പൂപ്പന്റെ കോണം..പകച്ചു പോയെന്റെ വാർദ്ധക്യം…

മരുന്നിനു പോലും കണ്ടെടുക്കാനില്ലാത്ത സാനമാണ്.. നിക്കറൊക്കെ വരുന്നേനു മുൻപ് കാരണോന്മാരൊക്കെ,, അതും ഇച്ചിരി കാശൊള്ള കുടുംബത്തിലെ കാരണോന്മാരൊക്കെ ഉടുത്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്..

ഇന്ന് പണക്കാരന്റെ വീട്ടിൽ മിനി സിനിമ തീയേറ്റർ ഉള്ള പോലെയാരുന്നത്രെ അന്ന് പാവപ്പെട്ടവന്റെ വീട്ടിൽ ഒരു കോണകമുള്ളത്.. അഴയിൽ കഴുകിയിട്ട കോണകം അന്നത്തെ അന്തസ്സിന്റെ പ്രതീകമായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..അതാണ് ഈ നരുന്തിന് കാണണമെന്ന് പറയുന്നത്…

“അത് വലിയൊരു സാനമാ മോനേ.. കൊച്ചുങ്ങള് കണ്ടൂടാ.. കണ്ടാൽ പേടിച്ചു പോവും… നമ്മക്കതു കാണണ്ട കേട്ടോ… അമ്മച്ചിക്കും പേടിയാ…ഞാനവനെ കെട്ടിപ്പിടിച്ചു പേടി അഭിനയിച്ചു..
“എനിക്ക് പേടിയില്ല… എനിക്ക് അപ്പൂപ്പന്റെ കോണം കാണണം… കാണിച്ചു താ അമ്മച്യേ…

എനിക്ക് പായസത്തിലിടുന്ന കോണം വേണേ.. കാണിച്ചു താ.. കോണം താ.. കോണം താ.. കോണം താടീ… പന്ന ——–സ്നേഹത്തോടെയുള്ള അവന്റെ ചോദ്യം പിന്നെ കരച്ചിലിലും വല്യ ചീത്ത വിളിയിലും അവസാനിക്കാതെ നീണ്ടു.. വേറെന്തൊക്കെ കാണിച്ചിട്ടും അവന് കോണകം കണ്ടാൽ മതി..

അതും പായസത്തിലിട്ട അപ്പൂപ്പന്റെ കോണകം.. ചെർക്കൻ വിചാരിച്ചു വെച്ചേക്കുന്നത് പായസത്തിന് രുചി കൂടാൻ വേണ്ടിയിടുന്ന എന്തോ വല്യ സംഭവമാണ് കോണകമെന്നാ.. ഹെന്തൊരു ഊദ്രമായിപ്പോയെന്നു പറ.. അവന്റെ കീറ്റല് കേട്ട് തലവേദനിച്ചിട്ട് വയ്യ…

കൊച്ചിന്റെ കരച്ചില് കേട്ട് എന്റങ്ങേര് വയലിൽ നിന്ന് കേറി വന്നു.”മോനെന്തിനാ കരയുന്നെ.. എന്തുവാ..അങ്ങേര് അവനെ നോക്കി..”ഇവള് കോണം തരുന്നില്ല മാമച്യേ…

അങ്ങേരെന്നെ അന്തംവിട്ട് നോക്കി.. കൊച്ചുങ്ങൾ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പൊ അതിയാൻ എന്നെയങ്ങു കൊല്ലുന്ന നോട്ടം നോക്കുവാ..ഞാനെന്തോ മഹാപാപം ചെയ്ത പോലെ…

അങ്ങേര് അവനെ സമാധാനിപ്പിക്കാൻ വേണ്ടിയെടുത്തു മുറ്റത്ത് കൊണ്ടോയി.. അങ്ങേരുടെ കയ്യിൽ കിടന്ന് അവൻ കാറിക്കൂവി…”പായസത്തിലിട്ട അപ്പൂപ്പന്റെ കോണം താടീ “ന്ന് എന്നെ നോക്കി അലറി വിളിച്ച്.. പറച്ചില് കേട്ടാൽ തോന്നും എന്റെ കയ്യിൽ വെച്ചിട്ട് ഞാൻ കൊടുക്കാത്തതാണെന്ന്.. ഒണ്ടെങ്കിൽ കയ്യിൽ വെച്ചിട്ട് കൊടുക്കാതിരിക്കുവോ..ഇതിനെയൊക്കെ ഉരുളി കമത്തിയൊണ്ടാക്കിയവരെ പറഞ്ഞാ മതിയല്ലോ…

കരഞ്ഞ് കരഞ്ഞ് അവന്റെ ഒച്ചയടഞ്ഞു… വൈകുന്നേരമായപ്പോ ചെറിയ ചൂടും തുടങ്ങി.. അവന്റെ ചാച്ചനെ കാണണമെന്ന് വാശിയിൽ കരയാൻ തുടങ്ങി.. അങ്ങനെ രണ്ടൂസം ഇവിടെ നിക്കാൻ വന്ന അവൾ എന്റപ്പൂപ്പന്റെ കോണകം കാരണം അന്ന് തന്നെ തിരിച്ചു പോയി….

കൊച്ചിന് പനിയാണെന്നും “പായസത്തിലിട്ട അപ്പൂപ്പന്റെ കോണം “എന്റെ കയ്യിൽ നിന്ന് വാങ്ങിച്ചോണ്ട് കൊടുക്കണമെന്ന് അവനവന്റെ ചാച്ചനോട് ചട്ടം കെട്ടിയിട്ടുണ്ടെന്നും അവളിന്ന് വിളിച്ചപ്പോ പറഞ്ഞു… എനിക്കത് കേട്ട് ഭയങ്കര സങ്കടമായി.. പാവം കുഞ്ഞ്..

ഇതൊക്കെ കേട്ടോണ്ട് നിന്ന എന്റെ മോള് പറയുവാ…”വല്ല കാര്യോണ്ടാരുന്നോ..അമ്മച്ചി ദൈവത്തെയോർത്ത് ഈ കോണകപ്പായസത്തിന്റെ കഥ ആരോടും പറയല്ലേ…കാലുപിടിക്കാം പോലും…അവള് പറഞ്ഞത് നേരാ.. ഇനിയിത് ആരോടും പറയുന്നില്ല.. എന്തിനാ വെറുതെ നമ്മളായിട്ട്… . അതല്ലേ അതിന്റെ ശരി..ല്ലേ….???

Leave a Reply

Your email address will not be published.