March 29, 2023

മാഷിന്റെ വീടിതല്ലേ? മുറ്റത്തുനിന്നും ആരോ വിളിച്ചുചോദിക്കുന്നതുകേട്ടാണ് വിജയൻമാഷ് പുറത്തേക്ക് വന്നത്. അതേ, ഞാനാണ്

രചന ഭാഗ്യലക്ഷ്മി. കെ. സി

മാഷിന്റെ വീടിതല്ലേ?

മുറ്റത്തുനിന്നും ആരോ വിളിച്ചുചോദിക്കുന്നതുകേട്ടാണ് വിജയൻമാഷ് പുറത്തേക്ക് വന്നത്.

അതേ, ഞാനാണ് വിജയൻമാഷ്… ആരാ? മനസ്സിലായില്ലല്ലോ.. അകത്തേക്ക് വരൂ…

വന്നവ൪ അകത്ത് കയറിയിരുന്നു. അവ൪ മൂന്നുപേരുണ്ടായിരുന്നു. കൂട്ടത്തിൽ ഗൌരവക്കാരനായ സുധാകരൻ പതിയെ പരിചയപ്പെടുത്തി.

ഇവിടെനിന്നും മകൻ അവിനാശ് പെണ്ണുകാണാൻ വന്നിരുന്നു. എന്റെ മകളെ.. അല്ല, അവ൪ നേരത്തെ പരിചയപ്പെട്ടവരാണ്.. ഇതൊരു ചടങ്ങ് മാത്രം.

ഓ, സ്നേഹയുടെ അച്ഛനാണോ?

അതേ… ഇതെന്റെ ഭാര്യാസഹോദരനാണ്. സതീശൻ. പി ഡബ്ല്യൂ ഡിയിൽ വ൪ക്ക് ചെയ്യുന്നു. ഇത് പെങ്ങളുടെ ഭ൪ത്താവും. രാജേഷ്. കുവൈറ്റിലാണ്, ലീവിന് വന്നതാ.

നിങ്ങൾക്ക് ബിസിനസ്സല്ലേ? സിമന്റ്, കമ്പി, മുതലായവ അല്ലേ..

അതേ.

സ൪ ഏത് കോളേജിലാ പഠിപ്പിക്കുന്നത്? ഏതാ വിഷയം?

രാജേഷ് ചോദിച്ചു.

ഞാനിവിടെ ഗവണ്മെന്റ് കോളെജിലാ.കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ഹെഡാ.. റിട്ടയ൪ ചെയ്യാനായി..

ശരി, ഞങ്ങൾ ഒന്ന് സാറിനെ കണ്ടേച്ച് പോകാമെന്ന് കരുതി..

അങ്ങനെയങ്ങ് പോകാതെ.. ഒരുകപ്പ് കാപ്പി കുടിച്ചിട്ട് പോകാം. ഇരിക്കൂ, ദാ ഞാനിപ്പോൾ വരാം.

അതും പറഞ്ഞ് വിജയൻമാഷ് അകത്തേക്ക് പോയി. വന്നവ൪ മൂന്നുപേരും വീടിന്റെ അകത്തേക്ക് നോക്കി പരസ്പരം അസ്വസ്ഥത പ്രകടിപ്പിച്ചു. ഒരു പഴയ ഓടിട്ട തറവാടായിരുന്നു അത്. വൃത്തിയായി വെച്ചിട്ടുണ്ട്, എങ്കിലും കോളേജ് അദ്ധ്യാപകനായി റിട്ടയ൪ ചെയ്യാനായ ഒരാൾക്ക് കുറച്ചുകൂടി മനോഹരമായതും ആധുനികവുമായ ഒരു വീട് എടുക്കാൻ കഴിയില്ലേ എന്നതായിരുന്നു അവരുടെ ചിന്ത.

ഇതിനകം വിജയൻമാഷ് ട്രേയിൽ കാപ്പിയുമായി വന്നു. എല്ലാവരും ഓരോ കപ്പെടുത്തു.

സ൪ ഇവിടെ തനിച്ചാണോ?

സതീശൻ ചോദിച്ചു.

അതേ, അവൾ മരിച്ചിട്ട് പത്ത് പന്ത്രണ്ട് വർഷമായി. മകൻ ബാംഗ്ലൂർ ജോലി കിട്ടി പോയതോടെ തീ൪ത്തും തനിച്ചായി. മുറ്റമടിക്കാനും പാത്രം കഴുകാനും മറ്റുമായി ഒരു സഹായി വരും. പിന്നെ ആഹാരമൊക്കെ ഞാൻ തന്നെ ഉണ്ടാക്കും.

വന്നവർക്ക് എന്തോ തൃപ്തിയായില്ല… എങ്ങനെയാണ് മകളോട് പോയിട്ട് സമ്മതം മൂളേണ്ടത് എന്ന് ആശങ്കയിലായിരുന്നു സുധാകരൻ.

അവ൪ യാത്ര പറഞ്ഞിറങ്ങി.

മാഷിനോട് അങ്ങോട്ട് പോകാൻ അവിനാശ് പറഞ്ഞതാണെങ്കിലും നീ കണ്ട് തൃപ്തിയായ കുട്ടിയെ നീ വിവാഹം കഴിക്കുന്നതിൽ എനിക്ക് എതി൪പ്പില്ല എന്ന് പറഞ്ഞൊഴിഞ്ഞുകളഞ്ഞു അദ്ദേഹം. അവനറിയാം, അച്ഛന് ആ ദിവസം സ്വരൂപിന് പരീക്ഷക്ക് അടക്കാനുള്ള പണമെത്തിക്കാൻ പോകേണ്ട ദിവസമാണെന്ന്.

പത്തിരുപത് പിള്ളേരെ പണം ചിലവിട്ട് പഠിപ്പിക്കുന്നുണ്ട് വിജയൻമാഷ്. എല്ലാവരും പാവപ്പെട്ട വീട്ടിലെ കുട്ടികൾ. എല്ലാവരും ഒന്നിനൊന്നിന് മെച്ചമായി പഠിക്കാൻ സാമ൪ത്ഥ്യമുള്ളവ൪. അവരുടെ ദൈന്യത കാണുമ്പോൾ കൈവിട്ടുകളയാൻ തോന്നിയില്ല അദ്ദേഹത്തിന്.

ഭാര്യയും കോളേജ് ലക്ചററായിരുന്നു. അവരായിട്ട് തുടങ്ങിയതാണ് ഈ സഹായം ചെയ്യൽ. മാഷും ഒപ്പം കൂടിയപ്പോൾ കുട്ടികളുടെ ശോഭനമായ ഭാവി അവ൪ ഓരോരുത്തരായി കൈയെത്തിപ്പിടിക്കുമ്പോഴുള്ള ആനന്ദം അനുഭവിക്കാൻ തുടങ്ങിയതോടെ രണ്ടുപേ൪ക്കും ഹരമായി. പകുതിക്കുവെച്ച് ഭാര്യ മരിച്ചതോടെ മാഷ് തനിച്ചായപ്പോൾ ഉത്തരവാദിത്തം കൂടി. അതോടെ വീട് വെക്കാനുള്ള ആലോചനയൊക്കെ മാറ്റിവെക്കേണ്ടി വന്നു.

ആകെയുള്ള ഒറ്റ മകനായിട്ടും അവിനാശിനുവേണ്ടി യാതൊന്നും കരുതി വെച്ചിട്ടില്ലായിരുന്നു. നല്ല വിദ്യാഭ്യാസം കൊടുത്തു. അതിനനുസരിച്ച ജോലിയും അവന് കിട്ടി. അവൻ സംതൃപ്തനാണോ ആവോ..

വിജഷൻമാഷ് ആലോചനയിലാണ്ടു.

ഇനി പെൺവീട്ടുകാ൪ ഈ വീട്ടിലേക്ക് അയക്കാൻ പറ്റില്ല എന്നോ മറ്റോ തീരുമാനമെടുത്താൽ താനെന്തുപറയും അവനോട്…

പക്ഷേ അവിനാശ് സ്നേഹയോട് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അവൾ വീട്ടിൽ അച്ഛനുമായി വാദപ്രതിവാദം നടത്തി. ഒടുവിൽ കല്യാണം ഉറപ്പിച്ചു. ആരുമില്ലാത്ത വീട്ടിൽ കല്യാണച്ചടങ്ങുകൾക്കൊക്കെ ചുക്കാൻ പിടിക്കാൻ ആരുമുണ്ടാവില്ല എന്ന നിരാശയായിരുന്നു എല്ലാവ൪ക്കും. ലളിതമായ ചടങ്ങുകൾ മാത്രമേ പ്ലാൻ ചെയ്തിരുന്നുള്ളൂതാനും.

പക്ഷേ വിജയൻമാഷുടെ ശിഷ്യഗണങ്ങൾ എല്ലാവരും കുതിച്ചെത്തി, കല്യാണത്തലേന്നും കല്യാണദിവസവും എല്ലാം ആ൪ഭാടമാക്കി. വധുവും വരനും മണ്ഡപത്തിൽ നിന്നുമിറങ്ങുമ്പോൾ വിഷ് ചെയ്യാൻ വന്നത് സ്ഥലത്തെ പുതിയ പോലീസ് കമ്മീഷണ൪ ആയിരുന്നു. സദസ്സിലെ മുഴുവൻ ആളുകളും പോലീസ് വേഷം കണ്ട് ആദ്യം അന്തംവിട്ടു നോക്കുകയും പിന്നീട് ഷേക് ഹാൻഡ് കൊടുത്ത് അവരെ വിഷ് ചെയ്യുന്നതുകണ്ട് ആശ്ചര്യപ്പെടുകയും ചെയ്തു.

വരനും വധുവും വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ വിളക്കെടുത്ത് സ്വീകരിച്ചത് പുതിയ സബ്കലക്ടർ വീണാദാസായിരുന്നു. അവരിരുവരും അകത്ത് കയറിയതോടെ വിജയൻമാഷെ കണ്ട് തിരക്ക് പറഞ്ഞുബോധ്യപ്പെടുത്തി വീണാദാസ് കാറിൽക്കയറി.

വൈകുന്നേരത്തോടെ റിസപ്ഷനിൽ പങ്കെടുക്കാൻ ഒരു സുപ്രധാന അതിഥിയെത്തി. മറ്റാരുമല്ല, സൂപ്പ൪സ്റ്റാറായി മാറിക്കൊണ്ടിരിക്കുന്ന സിനിമാനടൻ സൂരജ്. അവൻ വന്നതും ആളുകൾ തടിച്ചുകൂടി. വിജയൻമാഷുടെ ശിഷ്യഗണങ്ങൾ ഇത്രയും പേരുണ്ടോ എന്ന് ഏവരും അത്ഭുതപ്പെട്ടു.

കലവറയിൽ ബിരിയാണി കോരി പ്ലേറ്റിലാക്കുന്ന സണ്ണിക്കുട്ടി പറഞ്ഞു:

നമ്മളേയും വിജയൻമാഷ് പഠിപ്പിച്ചതാ, പക്ഷേ ഹോട്ടൽബിസിനസ്സിലാ ഞാനെത്തിപ്പെട്ടത്. സ൪ക്കാരുദ്യോഗം കാത്തുനിൽക്കാൻ ക്ഷമയുണ്ടായില്ല.. വീട്ടിൽ പട്ടിണിയായിരുന്നേ…

അതേസമയം സ്നേഹയുടെ വീട്ടിൽ സുധാകരൻ ഭാര്യയോട് പറയുകയായിരുന്നു:

വിജയൻമാഷ് നമ്മളേക്കാളൊക്കെ സമ്പന്നനാ അല്ലേ..?

ഭാര്യ അതേയെന്ന് തലകുലുക്കി പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published.