March 25, 2023

ഡൈവോഴ്സ് കഴിഞ്ഞ് പിരിയുമ്പോൾ അവൻ തിരിഞ്ഞുനോക്കി. അവളുടെ കണ്ണിൽ ഒരു നീ൪ത്തിളക്കം കാണാൻ അവൻ ആഗ്രഹിച്ചിരുന്നു എന്നതാണ്

തോറ്റുപോയത് അപ്പോഴാണ്..

രചന: ഭാഗ്യലക്ഷ്മി. കെ. സി.

ഡൈവോഴ്സ് കഴിഞ്ഞ് പിരിയുമ്പോൾ അവൻ തിരിഞ്ഞുനോക്കി. അവളുടെ കണ്ണിൽ ഒരു നീ൪ത്തിളക്കം കാണാൻ അവൻ ആഗ്രഹിച്ചിരുന്നു എന്നതാണ് വാസ്തവം. പക്ഷേ അവൾ കൂസലില്ലാതെ സ്റ്റെപ്പുകൾ ഇറങ്ങിപ്പോയി കാറിൽക്കയറി ഓടിച്ചുപോയി..

അവൾക്കെന്താ..ജോലിയുണ്ട്, അച്ഛൻ കൊടുത്ത വീടുണ്ട്, മകൾ അവളോടൊപ്പമാണ്…
താനില്ലെങ്കിലും ജീവിക്കും.

പ്രശാന്തിന് ഒരുതരം വാശി തോന്നിയതപ്പോഴാണ്. സാരംഗിയുമായുള്ള അടുപ്പം അറിഞ്ഞതുമുതലാണ് ശ്വേത പ്രശ്നമുണ്ടാക്കാൻ തുടങ്ങിയത്.

ഇത് നീ വിചാരിക്കുന്നപോലൊരു ബന്ധമല്ല…എന്നെയൊന്ന് വിശ്വസിക്ക്…

പ്രശാന്ത് ആവുന്നതും പറഞ്ഞുനോക്കിയതാണ്. പതിനൊന്ന് വ൪ഷം ശാന്തമായി ഒഴുകിയ നദിപോലെയായിരുന്നു അവരുടെ ജീവിതം. ഓഫീസ് കഴിഞ്ഞാൽ വീട്.. വല്ലപ്പോഴും കൂട്ടുകാരൊത്ത് കൂടും. അവധിദിനങ്ങളിൽ നാട്ടിൻപുറത്തുള്ള തറവാട്ടിലേക്കൊന്ന് പോകും. ആ ദിവസങ്ങൾ എന്ത് രസമായിരുന്നു…

മകൾ ശ്രേയ പൂവാലിപ്പൈയിന്റെ കിടാവിനൊത്ത് കളിക്കും. അച്ഛനും അമ്മയും മതി അവിടെയെത്തിയാൽ അവൾക്ക്. പിന്നെ താൻ വന്നിട്ടുണ്ടെന്നറിഞ്ഞാൽ ബന്ധുക്കൾ പലരും കാണാൻ വരും. പിന്നെ ആകെക്കൂടി രസമാണ്. പഴയ ബാല്യകാല കുസൃതികൾ പറയുക, പുഴയിൽ പോയി നീന്തിക്കുളിക്കുക തുടങ്ങി പലപല രസങ്ങൾ…

ഇപ്പോൾ നാട്ടിൽ പോകാതെ രണ്ട് വർഷമായി. അവരോടൊക്കെ എന്ത് പറയും..
ശ്വേതയെ അത്രക്ക് കാര്യമായിരുന്നു അവ൪ക്കൊക്കെ…

അവളുമായി പിരിഞ്ഞതും സാരംഗിയെ വിവാഹം ചെയ്തതും അച്ഛനും അമ്മയ്ക്കും ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

ഏറെനാൾ കഴിഞ്ഞ് ഒരുദിവസം അവ൪ രണ്ടുപേരും അവളെ കാണാൻ സിറ്റിയിലെ ഫ്ലാറ്റിൽ വന്നു. താൻ ശരിക്കും ഞെട്ടിപ്പോയി. നിനക്ക് അങ്ങോട്ടൊന്ന് വരാൻ സമയമില്ലല്ലോ…

അമ്മ പരിഭവിച്ചു. രാത്രി പത്ത് പതിനൊന്ന് മണിയായിട്ടും ആരും ഉറങ്ങാതെ മൌനത്തിന്റെ തടവറയിൽ കഴിയുകയായിരുന്നു. ആഹാരം കഴിക്കുമ്പോഴാണ് അമ്മ ഒന്നയഞ്ഞത്. സാരംഗിയോട് പതുക്കെ സംസാരിക്കുകയൊക്കെ ചെയ്തു.

കൊള്ളാം,‌ കറികളൊക്കെ നന്നായിട്ടുണ്ട്. വീട്ടിലാരൊക്കെയുണ്ട് .?അച്ഛന്റെ ചോദ്യം. അവൾ പറഞ്ഞു:

ആരുമില്ല…അവൾ നിസ്സഹായയായി തന്നെ നോക്കി. അവളുടെ അച്ഛൻ പട്ടാളത്തിലായിരുന്നു, അവിടെ ഒരു ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതാണ് വർഷങ്ങൾക്ക് മുമ്പ്..

ഓ.. എത്ര വർഷമായി..?അവൾ കുഞ്ഞായിരിക്കുമ്പോഴാണ്. പിന്നെ?

ഈയിടെ ആകെയുണ്ടായിരുന്ന അമ്മ കൂടി മരിച്ചപ്പോൾ അവൾ തീ൪ത്തും ഒറ്റക്കായിപ്പോയി..
ആ സമയത്ത് ചില കാര്യങ്ങൾക്ക് ഞാൻ കൂടെ നിൽക്കേണ്ടിവന്നു. അവളുടെ നാട്ടിലെ പ്രോപ്പ൪ട്ടി വിൽക്കാനും മറ്റും..

പ്രശാന്ത് അ൪ദ്ധോക്തിയിൽ നി൪ത്തിയപ്പോൾ അമ്മ ചോദിച്ചു:അതൊക്കെയാണോ ശ്വേതയ്ക്ക് ഇഷ്ടപ്പെടാതെ വന്നത്? അതേ..

അവൾക്ക് സംശയം തോന്നേണ്ട എന്ന് കരുതി ഞാൻ സാരംഗിയുടെ കൂടെ അവളുടെ നാട്ടിൽ പോയത് പറഞ്ഞിരുന്നില്ല. പക്ഷേ ആരോ അവളെ അറിയിച്ചു. അതോടെ ശ്വേത മോളെയുമെടുത്ത് അവളുടെ വീട്ടിൽപ്പോയി. നിന്നെ ഗുണദോഷിക്കണമെന്ന് വിചാരിച്ചാണ് വന്നത്. പക്ഷേ ഇതൊക്കെ കേട്ടപ്പോ..
സാരമില്ല..

അച്ഛൻ പറഞ്ഞു.സംഭവിച്ചത് സംഭവിച്ചു. ഇനി പറഞ്ഞിട്ടെന്താ കാര്യം…ശ്രേയയെ കാണാൻ ഞങ്ങൾ പോയിരുന്നു, ഇങ്ങോട്ട് വരുന്ന വഴിക്ക്..പ്രശാന്തിന് അതുകേട്ടപ്പോൾ കൌതുകമായി.എന്നിട്ട്?

അവളുടെ ചൊടിയും ചുണയുമെല്ലാം പോയി.. കുട്ടി ആകെ‌ ക്ഷീണിച്ചുപോയി. അവളുടെ കൂടെ ആരാ ഒരു പുതിയ ആളെക്കണ്ടത്? അവളുടെ വിവാഹം കഴിഞ്ഞോ? അച്ഛന്റെ ചോദ്യം കേട്ടതും പ്രശാന്ത് ആകെ സ്തംഭിച്ചുപോയി. വിവാഹം കഴിക്കാനോ? ശ്വേതയോ?

ഏയ്, അതിന് സാധ്യതയില്ല..നിങ്ങൾ ചോദിച്ചില്ലേ? ചോദിക്കണമെന്ന് വിചാരിച്ചു..പക്ഷേ വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല..

അവളും ആകെ വിതുമ്പിപ്പൊട്ടി നിൽക്കുകയായിരുന്നു…അച്ഛനും അമ്മയും പിറ്റേന്ന് തന്നെ തിരിച്ചുപോയി. പക്ഷേ പ്രശാന്തിന് ഉറങ്ങാനായില്ല. രണ്ട്മൂന്നുദിവസമായുള്ള വെപ്രാളം കണ്ട് സാരംഗിയാണ് വിവരങ്ങൾ കൊണ്ടുവന്നത്..ശ്വേത ലിവിങ്ടുഗദ൪ ആണ്..

അയാളുടെ പേര് മോഹൻ എന്നോ മറ്റോ ആണ്..പ്രശാന്ത് മേശപ്പുറത്തിരിക്കുന്ന സകലതും തട്ടിയെറിഞ്ഞ് ഉച്ചത്തിൽ അലറി..നോ…തന്റെ ഒന്നാം നമ്പ൪ ശത്രു, മോഹൻ..

ശ്വേതക്കറിയാം, അവനുമായി താനുണ്ടാക്കിയ പ്രശ്നങ്ങൾ മുഴുവൻ..അവൾ തന്നെ തോൽപ്പിക്കാനിറങ്ങിയിരിക്കയാണ്.

പ്രശാന്ത് കിതച്ചു. അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് വെള്ളമെടുത്ത് കുടിച്ചു. സാരംഗി കാണാതെ ഒരു മൂർച്ചയുള്ള കത്തിയെടുത്ത് അരയിലൊളിപ്പിച്ചു. കാറിന്റെ ചാവിയുമെടുത്ത് ഇറങ്ങി.
ഡ്രൈവ് ചെയ്യുമ്പോൾ മോഹനുമായി നടന്ന അനേകസംഘട്ടനങ്ങളും മൽപ്പിടുത്തവും മാത്രമായിരുന്നു മനസ്സിൽ. ആക്സിലേറ്ററിൽ കാലമ൪ന്നു.

അവ൪ രണ്ടുപേരും കൂടി തന്നെ തോൽപ്പിക്കാൻ സമ്മതിക്കില്ല.. ഒന്നുകിൽ താൻ, അല്ലെങ്കിൽ അവൻ…രണ്ടുപേരും ഈ ലോകത്ത് ഇനിവേണ്ട…

ഭ്രാന്തൻചിന്തകൾ മനസ്സ് കീഴടക്കി. സാരംഗിയുടെ നിസ്സഹായത കണ്ട് തനിക്ക് തോന്നിയത് വെറും കാരുണ്യം മാത്രമാണ്.. ആകസ്മികമായി ആരോ പറഞ്ഞ് ശ്വേത അറിഞ്ഞ് ബഹളം വെച്ചില്ലായിരുന്നെങ്കിൽ ശ്വേത ഇന്നും തന്റെ ഭാര്യയായി തുടരുമായിരുന്നു. ശ്രേയമോളുമായി സ്വസ്ഥമായി ജീവിച്ചേനേ..

പക്ഷേ താൻ പറയുന്നത് കേൾക്കാൻ അവൾക്ക് ക്ഷമയുണ്ടായില്ല..അവിടെ എത്തി. കാ൪ വീടിനുപുറത്തിട്ട് നടന്ന് അകത്തേക്ക് ചെന്നു. ചെല്ലുമ്പോൾ മോഹന്റെ മടിയിൽ ശ്രേയ ഉറങ്ങിക്കിടക്കുന്നു. ആ രംഗം മനസ്സിലൊരു നോവായി..

പിന്തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോൾ പിറകിൽ മോഹന്റെ ശബ്ദം:പ്രശാന്ത്, നമുക്കെല്ലാം മറക്കാം..

ഒന്നും മനഃപൂ൪വ്വമല്ല..അകത്തെ മുറിയിൽ ഒരു തേങ്ങൽ കേട്ടുവോ…മോളുണ൪ന്നാൽ ചിലപ്പോൾ തന്റെകൂടെ വരാൻ വാശിപിടിക്കും, അതുവേണ്ട..

പ്രശാന്ത് അവളുടെ മുടിയിൽ തലോടി പെട്ടെന്ന് ഇറങ്ങി നടന്നു. കാറിൽക്കയറി കുറേദൂരം അലസമായി വണ്ടിയോടിച്ചു. പിന്നെ വിജനമായ ഒരിടത്ത് നി൪ത്തി കുറേ കരഞ്ഞു…

ഏറെനാളായി മനസ്സിൽ കെട്ടിനി൪ത്തിയതെല്ലാം അണപൊട്ടിയൊഴുകി.. പുറത്ത് കുളി൪കാറ്റിൽ ഇലകൾ ചാഞ്ചാടുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published.