March 25, 2023

തന്വി സോഫ്റ്റ് വേർ എഞ്ചിനീയറാണ്. ഭ൪ത്താവ് സുകേഷ് ഡോക്ടറും. ഒരു മകൻ, പ്രണവ്. അവന്റെ ജനനത്തോടെ അവൾ അല്പം തടിച്ചു.

ചോദിക്കാതെ പറയാതെ

രചന: ഭാഗ്യലക്ഷ്മി. കെ. സി.

തന്വി സോഫ്റ്റ് വേർ എഞ്ചിനീയറാണ്. ഭ൪ത്താവ് സുകേഷ് ഡോക്ടറും. ഒരു മകൻ, പ്രണവ്. അവന്റെ ജനനത്തോടെ അവൾ അല്പം തടിച്ചു.

വീണ്ടും ജോലിക്ക് ജോയിൻ ചെയ്തതോടെ തന്വി വീട്ടുകാര്യങ്ങളും ജോലിയും പ്രണവിനെ നോക്കലും എല്ലാം കൂടി വലഞ്ഞു.

രണ്ടുപേരുടെയും അമ്മമാ൪ക്ക് സിറ്റിയിൽ വന്ന് നിൽക്കാൻ താല്പര്യമില്ല. എന്നാലോ നാട്ടിൽ പോയാൽ മോനെ ജീവനാണ് താനും.

അവരെ പറഞ്ഞിട്ടും കാര്യമില്ല, ഫ്ലാറ്റിൽ പകൽ മുഴുവൻ തനിച്ച് മോനെയും നോക്കി സ്ഥിരമായി നിൽക്കുക എന്നുപറയുന്നത് അമ്പലത്തിൽ കുളിച്ചുതൊഴുകയും അയൽവക്കക്കാരോട് രണ്ട് വ൪ത്തമാനം പറയുകയും തൊടിയിൽ ഇറങ്ങി നടക്കുകയും ചെയ്ത് സുഖമായി ജീവിച്ചവ൪ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണല്ലോ..

അതുകൊണ്ടുതന്നെ തന്വി അവരെ നി൪ബ്ബന്ധിക്കാറില്ല. പക്ഷേ അത്യാവശ്യംവന്നാൽ അവ൪ രണ്ടുപേരും രണ്ട്മൂന്നുദിവസമൊക്കെ വന്നുനിൽക്കാറും ഉണ്ട്.

അങ്ങനെയിരിക്കെ തന്വി ഓഫീസിലെ ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് പോയപ്പോഴാണ് അവളുടെ വേറെയും രണ്ട് സുഹൃത്തുക്കളെ പരിചയപ്പെടുന്നത്. അവരും കൊച്ചുപിള്ളേരുടെ കുസൃതിയും വികൃതിയും ശാഠ്യവും കാരണം പൊറുതിമുട്ടുന്നതു കണ്ടപ്പോൾ തന്വി അവരുമായി കുട്ടികളുടെ പൊതുവായ കാര്യങ്ങൾ ച൪ച്ച ചെയ്തു.

അത് അവരുടെ കോമണായ പ്രശ്നങ്ങൾ പറയാൻ ഒരവസരമായി. മൂന്നുപേരും തടിച്ചിരിക്കുന്നു. മെലിയാൻ വലിയ ആഗ്രഹമുണ്ട്. ഒന്നിനും സമയം തികയുന്നില്ല. എന്താണൊരു മാർഗ്ഗം?
വല്ല ജിമ്മിലും ജോയിൻ ചെയ്താലോ? തന്വി തുടക്കമിട്ടു.

ജ്യോതിർമയി പറഞ്ഞു:ഏയ്, അനാവശ്യച്ചിലവ്…മാത്രമല്ല, പിള്ളാരെ ആ സമയം ആര് നോക്കും?
പിന്നെ? വേറെന്താണൊരു പോംവഴി..?

ദീപിക പറഞ്ഞു: ഞാനൊരു ഐഡിയ പറയാം..നമുക്ക് നമ്മുടെ മറ്റ് ഇതുപോലുള്ള കൂട്ടുകാരികളെക്കൂടി സംഘടിപ്പിക്കാം. എന്നിട്ട് അവധിദിവസങ്ങളിൽ ഓരോരുത്തരുടെയും വീട്ടിൽ ഒത്തുകൂടാം. പാട്ടുവെച്ച് ഡാൻസ് പ്രാക്ടീസ് ചെയ്യാം.

അതുശരിയാ.. യൂട്യൂബിൽ സെർച്ച് ചെയ്താൽ കുറേ സ്റ്റെപ്സ് കിട്ടും, അത് നോക്കി പഠിക്കാം. നല്ല റിലാക്സേഷനും ആകും.

ഒന്ന് പരീക്ഷിച്ചുനോക്കാമെന്ന് എല്ലാവരും ഉറച്ചു. അധികം താമസിയാതെ അവരുടെ കൂട്ടത്തിൽ ഗായത്രിയും വീണയും വന്നുചേ൪ന്നു. വീണ ക്ലാസ്സിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട്. പക്ഷേ പ്രസവത്തോടെ രണ്ട് വർഷമായി എല്ലാം നി൪ത്തിയിരിക്കുകയാണ്. ഗായത്രി അത്യാവശ്യം സുംബാ ഡാൻസ് കളിക്കും.
പ്രാക്ടീസ് തുടങ്ങിയതോടെ രണ്ട്മൂന്നുപേ൪ കൂടി അവരുടെ കൂട്ടത്തിൽ കൂടി.

ആകെ രസമായി. കുട്ടികളുടെ കാര്യം ഊഴമിട്ട് ഓരോരുത്തരും നോക്കുകയും മാറിമാറി എല്ലാവരും പ്രാക്ടീസ് ചെയ്യുകയും തമാശ പറയുകയും ചിരിക്കുകയും ഒക്കെയായി അവരുടെ അവധിദിനങ്ങൾക്ക് ചിറക് വെച്ചു.

അങ്ങനെയിരിക്കെ അവരുടെ ഗ്രൂപ്പ് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ഗായത്രി എടുത്തത് യൂട്യൂബിൽ അപ് ലോഡ് ചെയ്തു. അത് വൈറലായി. അതോടെ അവരത് സീരിയസായി ചെയ്യാൻ തുടങ്ങി. ഒരേ വേഷം, ചിലപ്പോൾ ഒരേ കള൪, അതുമല്ലെങ്കിൽ എല്ലാവരും സാരിയിൽ എന്നിങ്ങനെ ഹാളിൽനിന്നും ബാൽക്കണിയിൽനിന്നും ഔട്ഡോറിൽ ഷൂട്ട് ചെയ്തും റോഡിൽവെച്ചുമൊക്കെ എടുത്ത വീഡിയോസ് എഡിറ്റ് ചെയ്ത് നല്ല പാട്ടുകളോടെ അപ് ലോഡ് ചെയ്യാൻ തുടങ്ങിയതോടെ അവരുടെ വ്യൂവ൪ഷിപ്പ് വ൪ദ്ധിച്ചു.

സുകേഷ് തിരക്കുള്ള ഒരു ഡോക്ടറാണ്. എപ്പോഴും ഏതുസമയത്തും ഹോസ്പിറ്റലിൽനിന്നുള്ള ഒരു വിളിക്ക് റെഡിയായി നിൽക്കുന്നവൻ. അതുകൊണ്ടുതന്നെ മറ്റെല്ലാവരും അറിഞ്ഞിട്ടും സുകേഷ് മാത്രം ഈ വിവരങ്ങളെല്ലാം അറിയാൻ വൈകി.

യദൃശ്ചയാ ഡ്യൂട്ടിറൂമിലെ തിരക്കൊഴിഞ്ഞ ഒരു വേളയിലാണ് സുകേഷ് ഇതാദ്യമായി കാണുന്നത്. അവൻ ശരിക്കും അത്ഭുതപ്പെട്ടു.

തന്വി എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രാപ്തിയുള്ളവളാണ് എന്നതുകൊണ്ടാണ് തന്റെ തിരക്കുകളിലലിയാൻ സുകേഷിന് സാധിച്ചിരുന്നത്. തിരിച്ച് വീട്ടിലെത്തിയാൽ പ്രണവിന്റെ കൂടെ അല്പനേരം കളി, പിന്നെ അവനുറങ്ങിയാൽ കുറച്ചുനേരം വായന, അല്ലെങ്കിൽ പാട്ട് കേൾക്കൽ. അതും കഴിഞ്ഞ് ഉറങ്ങാൻ പോകുമ്പോഴേക്കും പ്രണവിനെ ചേ൪ത്തുപിടിച്ച് തന്വിയും നല്ല ഉറക്കമായിരിക്കും.

എത്രനാളായി നല്ല ക്വാളിറ്റി ടൈം അവരൊപ്പം സ്പെന്റ് ചെയ്തിട്ട് എന്ന് സുകേഷ് പശ്ചാത്തപിച്ചു. പ്രണവ് വരുന്നതിനുമുമ്പ് ഇടയ്ക്കിടെ ബീച്ചിൽ പോകുന്നതും തന്വിയുമൊത്ത് എല്ലാ രാത്രിയും ആഹാരം ഒരുമിച്ചിരുന്ന് കഴിച്ചിരുന്നതും അടുക്കളയിൽ വല്ലതും മിണ്ടിയും പറഞ്ഞും കുക്ക് ചെയ്യുന്നതുമൊക്കെ ഓ൪ത്ത് സുകേഷ് വല്ലാതായി..

ഞാൻ തന്വിയെ അവോയ്ഡ് ചെയ്യുകയായിരുന്നോ..ഓഫീസിലെ കുഞ്ഞുവിശേഷങ്ങൾ വരെ പറഞ്ഞിരുന്ന തന്വി എപ്പോഴാണ് ഇത്രയും വലിയ കാര്യങ്ങൾവരെ തന്നോട് ഷെയർ ചെയ്യാതായത്…

സുകേഷ് ആത്മനിന്ദതോന്നി തലകുടഞ്ഞു. തന്റെ രോഗികളുടെ കാര്യത്തിൽ താനൊരു പ്രഗത്ഭനായിരിക്കാം. പക്ഷേ തന്റെ ഫാമിലിയുടെ കാര്യങ്ങളും താനറിയേണ്ടതല്ലേ…
തിരക്ക് കുറഞ്ഞപ്പോൾ സുകേഷ് വീട്ടിലേക്ക് വിളിച്ചു.ഇതെന്താ പതിവില്ലാതെ? മെസേജ് ചെയ്താൽമതി എന്ന് പറഞ്ഞിട്ടില്ലേ ഞാൻ..

പ്രണവ് ഉറങ്ങുന്ന സമയമാണ് എന്നറിഞ്ഞുകൂടെ? തന്വി ശബ്ദം താഴ്ത്തി സംസാരിച്ചു.
ശരിയാണ്, അവനുണ൪ന്നാൽ അവളുടെ പല ജോലികളും പെൻഡിങ്ങാകും. എങ്കിലും സുകേഷിന് അവളോട് എന്തൊക്കെയോ പറയാൻ തോന്നി.. പക്ഷേ പെട്ടെന്ന് ഒരു കനത്ത മൌനം അവർക്കിടയിൽ വന്നുനിറഞ്ഞു.എന്താ? എന്തുപറ്റി?

തന്വിയുടെ നേ൪ത്ത ശബ്ദം..ഒന്നുമില്ല, ഞാൻ മെസേജിടാം. അവൻ ഫോൺ വെച്ചു.
പ്രണവിന് പാസ്പോർട്ട് എടുക്കണം. അപ്ലൈ ചെയ്യാൻ വേണ്ടതൊക്കെ എടുത്ത് വെച്ചോളൂ…
അവന്റെ മെസേജ് കണ്ട് തന്വി ആശ്ചര്യപ്പെട്ടു. എന്തിനാ?

നമുക്ക് സിംഗപ്പൂർ മലേഷ്യ ടൂ൪ പോകണം, ഒരാഴ്ച…നമ്മുടെ സമയം ജോലിക്ക് വേണ്ടി മാത്രമല്ല, നമുക്കുകൂടി വേണ്ടിയാണ് എന്ന് തിരക്കുകൾ കാരണം ഞാൻ മറന്നുപോകുന്നു..

തന്വിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. മനഃപൂ൪വ്വമാണ് ഡാൻസ് പ്രാക്ടീസിനെക്കുറിച്ച് സുകേഷിനോട് ഒന്നും പറയാതിരുന്നത്. തന്നോടുള്ള അകൽച്ച പ്രസവശേഷം തടിച്ച് വിരൂപയായതുകൊണ്ടാണോ എന്നൊരു കോംപ്ലക്സ് എപ്പോഴോ മനസ്സിൽ കയറിപ്പറ്റിയിരുന്നു. മെലിഞ്ഞ് പഴയപോലെ സ്ലിംബ്യൂട്ടിയായി ഞെട്ടിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം.

പക്ഷേ ഡാൻസ് വീഡിയോ വൈറലായി സകലരും അനുമോദിച്ചിട്ടും സുകേഷ് മാത്രം ഇതൊന്നും അറിയാത്തതുകണ്ടപ്പോൾ എന്തോ ഒരു സങ്കടം ഉള്ളിൽ വന്നുവീണു. സുകേഷിന്റെ ജോലിത്തിരക്കിനെക്കുറിച്ച് തനിക്ക് ബോധ്യമുള്ളതിനാൽ ഒന്നും പറയാനും തോന്നിയില്ല.

പക്ഷേ ഇപ്പോൾ സുകേഷ് തന്റെ വീഡിയോ കണ്ടിട്ടുണ്ടെന്ന് ഉറപ്പായി. അവൾ വേഗം പ്രണവിന്റെ ബ൪ത് സ൪ട്ടിഫിക്കറ്റ് എടുത്ത് വെച്ചു. ഒപ്പം ഒരു മൂളിപ്പാട്ടോടെ സുകേഷിന് ഇഷ്ടമുള്ള ദം ബിരിയാണി ഉണ്ടാക്കാൻ സാധനങ്ങൾ ഒരുക്കാനും തുടങ്ങി.

Leave a Reply

Your email address will not be published.