(രചന:(രഘു കുന്നുമ്മക്കര പുതുക്കാട്)
വാർത്താചാനലിലെ അന്തിച്ചർച്ചകൾ പൂർത്തിയായപ്പോൾ,രാത്രി ഒൻപതര കഴിഞ്ഞു.അശോകൻ ടെലിവിഷൻ ഓഫ് ചെയ്ത് എഴുന്നേറ്റു.ഷീജ, അത്താഴമൊരുക്കി ഊണുമേശയിൽ വച്ചിരുന്നു.ഭർത്താവിന്, ചോറും കറികളും വിളമ്പിക്കൊടുത്ത ശേഷം അവൾ വീണ്ടും അടുക്കളയിലേക്കു പോയി.
നാളെ, രാവിലെക്കുള്ള പുട്ടിനു കറിയായി അൽപ്പം കടലയെടുത്ത് വെള്ളത്തിൽ കുതിർത്താനിടണം.
അതു കഴിഞ്ഞ്, സിങ്കിൽ ചിതറിക്കിടന്ന പാത്രങ്ങൾ കഴുകി വച്ച് വീണ്ടും തീൻമേശക്കരികിലെത്തിയപ്പോൾ, അശോകൻ്റെ ഊണു പൂർത്തിയാകാറായിരുന്നു.
ഷീജ, ഇത്തിരിയോളം ചോറെടുത്ത് ഉച്ചക്കലേ മാങ്ങാക്കറി ശേഷിച്ചതിൽ നിന്നും അൽപ്പമെടുത്തൊഴിച്ചു പതിയേ ഭക്ഷണം കഴിക്കാനാരംഭിച്ചു അശോകൻ, ഭക്ഷണം കഴിച്ചെഴുന്നേറ്റു.ആ സ്റ്റീൽ പ്ലേറ്റിനു ചുറ്റും, വറ്റു വൃത്താകൃതിയിൽ ചിതറിക്കിടന്നു.ഹാളിലെ, കോമൺ ബാത്ത്റൂമിൻ്റെയരികിലുള്ള വാഷ്ബേസനിൽ അയാൾ കൈകൾ കഴുകി.വായിൽ നിറയേ ജലമെടുത്ത്,
വലിയ ശബ്ദത്തിൽ കുലുക്കുഴിഞ്ഞു തുപ്പി.അതോടൊപ്പം, ഉച്ചത്തിൽ കാർക്കിച്ചു.കഴിഞ്ഞ ആറു വർഷങ്ങളായി അനുഭവിക്കുന്ന സുപരിചിത രംഗങ്ങളെങ്കിലും, ഷീജക്കു മനംപുരട്ടൽ വന്നു.അവൾ, ഭക്ഷണം അവസാനിപ്പിച്ചു, കൈ കുടഞ്ഞെഴുന്നേറ്റു.
അശോകൻ, കിടപ്പറയിലേക്കു നടന്നു.വാതിലുകളെല്ലാം തഴുതിട്ട്,അടുക്കള വൃത്തിയാക്കി ഷീജ കിടപ്പുമുറിയിലേക്കെത്തി.വലിയ കട്ടിലിൽ മലർന്നു കിടന്ന്, അശോകനങ്ങനേ കാൽപ്പാദങ്ങൾ ചലിപ്പിച്ചു കൊണ്ടേയിരുന്നു.
അരക്കു താഴേ ചേർത്തുടുത്ത കൈലിക്കു മുകളിലായി ചെറിയൊരു കുംഭ സുവ്യക്തമാണ്.മധ്യവേനലവധിയായതിനാൽ, മകൾ അനുപമ ഷീജയുടെ വീട്ടിൽ പോയിരിക്കുകയാണ്.പത്തുവയസ്സുകാരി, അമ്മ വീട്ടിൽ തനിച്ചു നിൽക്കാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല.ഷീജക്കു സഹോദരങ്ങളില്ല.അച്ഛനും, അമ്മയും ജീവിത സായന്തനത്തിലെത്തി നിൽക്കുന്നു.
വാഡ്റോബിൽ നിന്നും രാവുടുപ്പുകളെടുത്ത് അവൾ കുളിമുറിയിലേക്കു കയറി.
എത്ര കുളിച്ചാലും, ഗ്രീഷ്മം പകരുന്ന പുകച്ചിലുകൾക്ക് അറുതി വരുന്നില്ല.കുളിമുറിക്കകത്ത് സിഗരറ്റുഗന്ധം അതിരൂക്ഷമായി തങ്ങി നിന്നു.അവൾക്കു സങ്കടവും ദേഷ്യവും ഒരുപോലെ വന്നു.എത്ര പറഞ്ഞാലാണ് ഒരാളുടെ കാതുകളിൽ കയറുക.ഈ ബാത്ത്റൂമിൽ സിഗരറ്റു വലിക്കരുതെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടുള്ളതാണ്.
അശോകൻ, അനുസരിക്കാറില്ലെങ്കിലും.
ഷീജക്കു, മനോജിനേ ഓർമ്മ വന്നു.ഏറെ വർഷങ്ങൾക്കപ്പുറവും, ഒരു മറവിക്കും പിടികൊടുക്കാതെ ആ രൂപമിന്നും ഹൃദയത്തിലുണ്ട്.സിവിൽ പോലീസ് ഓഫീസറായിരുന്നു മനോജ്.കേമമായിരുന്നു വിവാഹം.
മൂന്നു വർഷത്തേ ദാമ്പത്യത്തിന് അന്ത്യം കുറിച്ചത് ഒരു ബൈക്കപകടമാണ്.അനുപമക്കന്ന്, രണ്ടു വയസ്സു തികഞ്ഞിരുന്നില്ല.കമ്മീഷണർ ഓഫീസിൽ ക്ലർക്ക് ആയി ഉദ്യോഗം ലഭിച്ചു, മനോജിൻ്റെ ജീവൻ്റെ വിലയായി.ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും നിർബ്ബന്ധത്തേക്കാളേറെ മാതാപിതാക്കളുടെ അവശതകളാണ് മറ്റൊരു വിവാഹത്തിന് സമ്മതം മൂളാൻ പ്രേരണയായത്.
അശോകനും, രണ്ടാം വിവാഹമായിരുന്നു.
ആദ്യഭാര്യ, വിവാഹത്തിനു രണ്ടു വർഷങ്ങൾക്കു ശേഷം ആരുടേയോ കൂടെ ഒളിച്ചോടിയത്രേ.
ആ ബന്ധത്തിൽ കുട്ടികളുമില്ലായിരുന്നു.അത്യാവശ്യം സമ്പത്തുള്ള അശോകനു കൃഷിയെന്നത് ബിസിനസ് തന്നെയായിരുന്നു.മാതാപിതാക്കൾ നേരത്തേ മരിച്ചു പോയതിനാൽ അശോകൻ, തത്വത്തിൽ അനാഥനായിരുന്നു.
ആറു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.അശോകൻ്റെ ഭാര്യയായിട്ട്.
കുളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ, ചുവരിലെ ക്ലോക്കിൽ സമയം പതിനൊന്നു കഴിഞ്ഞെന്നു കാണിച്ചു.
കട്ടിലിലെ കാലനക്കങ്ങൾ നിലച്ചിരുന്നില്ല.ഉറങ്ങിയിട്ടില്ല ല്ലോ,ഉദ്ദേശം വേറെയാണ്.തല വേദനിക്കുന്നുണ്ട്.
നാളെ രാവിലെ ഓഫീസിൽ പോകേണ്ടതാണ്.പോലിസ് ഡിപ്പാർട്ടുമെൻ്റിനു ലോക്ഡൗൺ ബാധകമല്ലല്ലോ.അവൾ, അയാൾക്കരികിൽ വന്നു കിടന്നു.കിടപ്പറയിലേ വെളിച്ചത്തിനു പ്രകാശം ഏറിയേറി വരുന്നതായി അവൾക്കു തോന്നി.ഉടുപുടവകൾ അനാവൃതമായി.സിഗരറ്റു മണമുള്ള അയാളുടെ ചുണ്ടുകൾ അവളുടെ നാഭിക്കു താഴെ വന്നു നിന്നു.
“ഈ വരയും, കുറികളും കൂടി വരികയാണല്ലോ?പ്രസവിച്ചിട്ട് ഇത്ര കാലം കഴിഞ്ഞിട്ടും ഇതിനൊരു മാറ്റവുമില്ലല്ലോ?വയറിനു താഴെയുള്ള, വരഞ്ഞ മുറിപ്പാടു കാണുമ്പോൾ ഉള്ള ജ്വരം കൂടി പോകുന്നു.വേനലിൽ, പച്ചമണ്ണിൽ പതിഞ്ഞ വിള്ളലുകൾ പോലുണ്ട് നിൻ്റെ വയറ്റിലെ
സ്ട്രെച്ച് മാർക്കുകൾ”
അശോകൻ്റെ സ്വരത്തിൽ പരിഹാസവും, അസഹ്യതയും ദ്യോതിച്ചു.അവൾക്ക് പതിവില്ലാതെ അരിശം വന്നു.വസ്ത്രങ്ങൾ നേരെയിട്ട്, അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.അയാളുടെ മുഖത്തേക്ക് മിഴിയുറപ്പിച്ചു കൊണ്ട്, അവൾ ഉറക്കേ ശബ്ദിച്ചു.
“ഞാൻ വന്ന കാലം മുതൽക്കേ കേൾക്കുന്നതാണ് നിങ്ങളുടെ പരിഹാസം.ഇതു ഞാൻ അമ്മയായതിൻ്റെ തിരുശേഷിപ്പുകളാണ്.പ്രസവത്തേക്കുറിച്ചും, സിസേറിയനെക്കുറിച്ചും, വയറ്റിലെ പാടുകളേക്കുറിച്ചും എന്തു ധാരണയാണു നിങ്ങൾക്കുള്ളത്.
ആറു വർഷം ഞാൻ നിങ്ങൾക്കൊപ്പമുണ്ടായിരുന്നു.ഞാൻ വീണ്ടും ഗർഭിണിയാകാഞ്ഞത് ആരുടെ കുറ്റമാണ്.എൻ്റെ വയറിനേക്കുറിച്ച്, പുലിക്കളിയെന്നൊക്കെ പറ്റി എത്രയാണ് പരിഹാസം.വെറുതെയല്ല നിങ്ങളുടെ പെണ്ണ് ഓടിപ്പോയത്.അവളുടെ വയറ്റിലിപ്പോൾ നിറയേ വരയും കുറികളുമായിരിക്കും.
തീർച്ച.
ഞാൻ, താഴെ കിടക്കുന്നു.എനിക്കു രാവിലെ ഓഫീസിൽ പോകേണ്ടതാണ്.മറ്റൊരു വിവാഹം വേണ്ടെന്ന് ഞാനെല്ലാവരോടും പറഞ്ഞതാണ്,എൻ്റെ വിധി”
അവൾ, താഴെ വിരിപ്പെടുത്തു നിവർത്തി അതിൽ കിടന്നു.കിടപ്പുമുറിയിലെ വിളക്കണഞ്ഞു.നാലുപുറവും ഇരുളിൽ പൊതിഞ്ഞു.സങ്കടപ്പെട്ട്, എപ്പോളാണു മയങ്ങിയതെന്നറിയില്ല.ദേഹത്തു പടർന്ന കൈവിരലുകളും,കവിളിലും കഴുത്തിലും വന്നെത്തിയ ഉഷ്ണച്ചൂടുള്ള നിശ്വാസങ്ങളിലെ സിഗരറ്റു ഗന്ധവുമാണ് അവളെയുണർത്തിയത്.
അതേ,അയാൾ ഔചിത്യങ്ങളില്ലാത്ത ആവശ്യക്കാരനായിരുന്നു.അവളുടെ ദേഹത്തേ ഭാരമൊഴിവായപ്പോഴേക്കും, പുലരിയെത്താറായിരുന്നു.വിരസമായൊരു പുലരിയിലേക്കവൾ ഉറക്കച്ചടവുകളോടെ, ജീവിതച്ചുവടു വച്ചു