March 25, 2023

“”എടീ സാജിതാ. നായക്കുണ്ടായോളെ.. അന്റെ കെട്ട്യോനെ അന്റെ മറ്റോടത്ത് കൊണ്ടോയി ഒളിപ്പിച്ചാതെ ഓനെങ്ങ്ട്ട് അ

രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

“ഷമീറും കുടിയൻ മൂത്താപ്പയും”. “”എടീ സാജിതാ. നായക്കുണ്ടായോളെ..

അന്റെ കെട്ട്യോനെ അന്റെ മറ്റോടത്ത് കൊണ്ടോയി ഒളിപ്പിച്ചാതെ ഓനെങ്ങ്ട്ട് അറക്കി വുടെടി കൂത്തച്ചീ””..ഹൈദ്രോസ് കള്ളു കുടിച്ചു കലങ്ങിയ കണ്ണുകൾ തുറിപ്പിച്ചു കൊണ്ട് ചീറി.
“”ഓല് ഇബടല്ല”‘… സാജിത തേങ്ങി കൊണ്ട് വിളിച്ചു പറഞ്ഞു. ഇത് കേട്ടു കൊണ്ട് നിന്ന സാജിതയുടെ മകൻ ഷമീറിന്റെ ക്ഷമയറ്റു. ദേഷ്യം കൊണ്ട് നിന്ന് വിറച്ചു. അവനെ അടക്കി പിടിച്ചു നിന്ന ജേഷ്ഠത്തി ഷംനയെ അവൻ കുതറി മാറ്റി. അവൻ അടുക്കളയിൽ നിന്നും കറി കത്തിയെടുത്ത് പുറത്തേക്ക് ചാടിയിറങ്ങി ഹൈദ്രോസിന് നേരെ കുതിച്ചു.

“”മൂത്താപ്പാ… ഇങ്ങള് നിർത്തിക്കോളീം..ഇഞ്ഞി ന്റെ ഇമ്മാനെ വാണ്ടാത്ത തെറി പറഞ്ഞാ ഒറപ്പാണ് ഞാൻ കുത്തും””.ഷമീർ കറി കത്തി ചൂണ്ടി കൊണ്ട് അലറി.

“”ന്നാ കുത്തടാജ്ജ് ഉസിറുള്ള ആങ്കുട്ട്യാണെങ്കി.. അന്നീം അന്റെ വാപ്പാനീം കൊല്ലുഞ്ഞാൻ””..കള്ള് കുടിച്ചു മത്ത് പിടിച്ച ഷമീറിന്റെ മൂത്താപ്പ അവന് നേരെ ചീറി കൊണ്ട് പാഞ്ഞടുത്തു.

“”ഷമ്യേ… വാണ്ടടാ.. അന്റെ മൂത്താപ്പേണത്””. അവന്റെ ഉമ്മ സാജിത ഷമീറിനെ പുറകീന്നു പൂണ്ടടക്കം പിടിച്ചു കൊണ്ട് പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു.

“”ഷമ്യേ.. വാണ്ടാ””.. അവന്റെ മൂത്ത പെങ്ങൾ ഷംനയും ഓടി വന്നു അവനെ പിടിച്ചു വലിച്ചു.
“”മൂത്താപ്പേണെങ്കിയെന്താ.എന്തൊക്കെ തൊള്ളീതോന്നിയതാ ഇമ്മാനെ പറീണത്. കൊറേയി സഹിക്കുണു. ഇഞ്ഞി ഇച്ച് പറ്റൂല””.. ഷമീറിന്റെ തൊണ്ട ഇടറി.

“”എട നായേ.. ഇജ്ജിന്റെ നേര്ക്ക് കയ്യോങ്ങി ല്ലേ. നാളെ അന്റെ വാപ്പാനെ കുത്തി മലർത്തും ഞാൻ. ഇജ്ജ് നോക്കിക്കോ””.മൂത്താപ്പ ഉറക്കെ അലറി.

ഓടി കൂടിയ അയൽ വാസികൾക്ക് ഇത് എന്നും വൈകുന്നേരത്തെ കാഴ്ച്ചയാണ്. എങ്കിലും അവരിൽ ചിലർ മൂത്താപ്പാനെ പിടിച്ചു അയാളുടെ വീട്ടിൽ കൊണ്ട് പോയി. ഷമീർ കത്തി വലിച്ചെറിഞ്ഞു കണ്ണ് തുടച്ചു കൊണ്ട് വീടിനകത്തേക്ക് ഓടി കയറി. പിന്നാലെ കരഞ്ഞു കൊണ്ട് സജിതയും ചെന്നു.

””എന്താടാ.. ഇന്നനക്ക് പറ്റ്യേത്. മൂത്താപ്പാന്റെ കുടിച്ചു വന്ന്ട്ട്ള്ള പിരാന്ത് എന്നൂള്ളതല്ലേ. ഇന്നെന്താ അനക്ക് പിരാന്തായോ?””.. സാജിത ചോദിച്ചു.

“”അല്ലമ്മ.. ഇമ്മാക്കറ്യോ.ഷംനാനെ പെണ്ണ് കാണാൻ ഒരു കൂട്ടര് വന്നീന്നു. ഓല് അങ്ങാടീന്നെന്നേ തിരിച്ചു പോയിത്രേ. പെണ്ണിന്റെ മൂത്താപ്പ കള്ള് കുടിച്ചുന്ന് ആരോ ഓല്ക്ക് പറഞ്ഞൊടുത്തു””.. ഷമീർ വിതുമ്പി കൊണ്ട് പറഞ്ഞു.

സാജിത ഒരു നെടുവീർപ്പിട്ടു. പുറകേ വന്ന ഷംന ഇത് കേട്ടു.””ഷമ്യേ.. ഓല് മൂത്താപ്പാനെല്ലല്ലോ കാണാം വന്നത്. ഇന്നെല്ലേ.. ഞാങ്കള്ള് കുടിക്കൂലല്ലോ. പിന്നെ ഇജ്ജെന്തിനാ ബേജാറാക്ണത്””.. ഷംന കണ്ണീരിൽ കുതിർന്നൊരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഷമീറും സാജിതയും അവളെ നോക്കി. ഷമീർ ചെറുതായൊന്ന് പുഞ്ചിരിച്ചു. സാജിത താടിക്ക് കൈ കൊടുത്തു വീണ്ടും നെടുവീർപ്പിട്ടു. “ന്റെ കുട്ടിന്റൊരു വിധി റബ്ബേ”.. അവർ സ്വയം പറഞ്ഞു.
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ഷമീറിന്റെ വാപ്പ മായീൻ കുട്ടിയേക്കാൾ സാമ്പത്തികമായി ഉന്നതിയിൽ ആയിരുന്നു അവന്റെ മൂത്താപ്പ ഹൈദ്രോസ്. സ്ഥല കച്ചവടത്തിന്റെ ബ്രോക്കർ ആയിരുന്ന മൂപ്പർ കിട്ടുന്ന പണം മുഴുവൻ ദൂർത്തടിച്ചു.

ദിവസം എന്ന പോലെ മുവ്വായിരത്തിന്റെയും അയ്യായിരത്തിന്റെയും ബാറിലെ ബില്ലുകൾ ഭാര്യ ആയിച്ചകുട്ടിക്ക് മൂപ്പരുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കിട്ടി. ചില ദിവസങ്ങളിൽ ഹൈദ്രോസിനെ നട്ട പാതിരാക്ക് കള്ള് കുടി സംഘത്തിലെ മറ്റു അംഗങ്ങൾ ഓട്ടോറിക്ഷയിൽ കൊണ്ട് വന്നാക്കും. മൂപ്പരുടെ വീർത്ത പേഴ്സ് ആയിച്ചകുട്ടിയുടെ കയ്യിൽ കൊടുക്കും. “”ഇതാ.. മൂപ്പരെ പേഴ്സാണ്””… അതിൽ നിന്നും നല്ലൊരു സംഖ്യ അവർ മോഷ്ടിച്ചിട്ടുണ്ടാകും.

പുറമേ പതിനായിരങ്ങൾ വെച്ചുള്ള ചീട്ടുകളിയും പെണ്ണ് പിടിയുമുണ്ട് മൂപ്പർക്ക്. അങ്ങനെ പണ്ടൊരു രഹസ്യ ബന്ധത്തിൽ അകലെയുള്ള ഒരു പെണ്ണൊരുത്തിക്ക് വയറ്റിലുണ്ടായി.നാട്ടുക്കാർ പിടിച്ചു കെട്ടിയിട്ടു തല്ലി. അവസാനം മൂപ്പർക്ക് അവരെ കെട്ടിക്കോളാമെന്ന് സമ്മതിക്കേണ്ടി വന്നു. അവരെ കെട്ടി ഇപ്പൊ അവർക്ക് കൂടി ചെലവിന് കൊടുക്കുന്നുണ്ട് ഹൈദ്രോസ്.

ആ സംഗതി ഈ നാട്ടിൽ അറിഞ്ഞു. ആയിച്ചകുട്ടി കുറേ കരഞ്ഞു. വേറെ വഴിയില്ലാത്തോണ്ടും മൂപ്പരോടും മൂപ്പർക്ക് തിരിച്ചുമുള്ള മുഹബ്ബത്തും കാരണം ആയിച്ചകുട്ടി എല്ലാം പൊറുത്തു.. മറന്നു. നാട്ടുകാർക്ക് മുഖം കൊടുക്കാതിരിക്കാൻ ഹൈദ്രോസ് കുടിയുടെ അളവ് കൂട്ടി. സ്ഥല കച്ചവടങ്ങൾക്ക് മങ്ങലേറ്റപ്പോൾ മൂപ്പർക്ക് ക്ഷീണമായി. കുടിക്കാൻ കാശൊന്നും കിട്ടാതായി.

മായീൻ കുട്ടി ഒരു പാവമാണ്. മൂപ്പർക്ക് മൂന്ന് മക്കൾ. മൂത്തത് പെണ്ണ് ഷംന. ഡിഗ്രി കഴിഞ്ഞു. രണ്ടാമൻ ഷമീർ. ഡിഗ്രിക്ക് പഠിക്കുന്നു. ഇളയവൻ അനീസ്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഹൈദ്രോസിനും ആയിച്ചകുട്ടിക്കും രണ്ട് പെൺ മക്കളാണ് ഉണ്ടായത്. രണ്ടിനെയും കെട്ടിച്ചു വിട്ടു.

മായീൻ കുട്ടിക്ക് ചെറിയൊരു മലഞ്ചരക്ക് കടയുണ്ട്. നല്ല കച്ചവടമുണ്ട്. സാമ്പത്തികമായി നല്ല നിലയിലെത്തി. കഠിനാധ്വാനിയായ മായീൻ കുട്ടി വീട് പുതുക്കി പണിതു വാർത്തു. ഇതൊക്കെ ഇയ്യിടെയായി ഹൈദ്രോസിൽ അസൂയയും അനിയനോടുള്ള ദേഷ്യവും വർധിപ്പിച്ചു. അങ്ങനെ മിക്ക ദിവസവും കുടിച്ചു വന്നു സാജിതയേയും മക്കളെയും തെറി വിളിക്കും. അയൽക്കാർ ചിലർ നോക്കി കാഴ്ച്ച കണ്ടു രസിക്കും. ചിലർ പിടിച്ചു മാറ്റും.
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
“”ഇമ്മാ.. മൂത്താപ്പ ഇന്നും കുടിച്ച്ട്ട് വന്ന്ട്ട് ഇപ്പാനെ കൊല്ല്വോ?””..അനീസ് സ്കൂൾ വിട്ട് വന്ന വഴി ചോദിച്ചത് ഇതാണ്. ഇത് കേട്ട അവന്റെ ഉമ്മ സാജിത സങ്കടത്തോടെ അവനെ നോക്കി. അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന ഭയം അറിയാതെ മുഖത്ത് സ്ഫുരിച്ചു.

“”ഇജ്ജെന്തിനാ മനേ അതാലോയിച്ചു എടങ്ങേറാക്ണത്. ഓല് വെള്ള തുണീം കുപ്പായോക്കെ മാറ്റി പോയിക്കുണു. ഇന്നും കുടിച്ചിട്ടെന്നാവും വരാ””.. സാജിത അനീസിന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു. അനീസിന്റെ ഇളം മനസ്സ് വിങ്ങി. “”ഞമ്മക്കിത് എന്തെടാങ്ങേറാണ് ഇമ്മാ ഇത്. ഒരു സമാധാനോല്ല. ഇച്ച് ആകെ പേടിയാവുണു””. അനീസ് കണ്ണ് നിറച്ചു.

ഇത് കേട്ട് കൊണ്ട് വന്ന ഷംനയുടെയും ഷമീറിന്റെയും കണ്ണുകൾ നിറഞ്ഞു. ഷമീർ അനീസിനെ ചേർത്തു പിടിച്ചു. “”എടാ.. ഓല് ഇപ്പാനെ ഒന്നും കാട്ടൂല. കള്ളുങ്കുടിച്ചു വന്നു വല്ല്യേ വർത്താനം പറയ്‌ണതാ. ഇജ്ജ് പേടിച്ചാതെ പോയി പന്തൾച്ചോ. ഗ്രൗണ്ടില് അന്റെ തൊണക്കാരൊക്കെ വന്നുക്കുണു””..ഷമീർ ചിരിച്ചു കൊണ്ടു പറഞ്ഞു.

“”തൊടൂലന്റെ വാപ്പാനെ മൂപ്പര്. അയിന് ഞാന് സമ്മയ്ക്കൂല ?””.. ഷമീർ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു. “”ഷമ്യേ.. ഇജ്ജ് വണ്ടാത്തീനൊന്നും പോണ്ടട്ടോ””.. ഷംന പറഞ്ഞു.

ഷമീർ അന്ന് പുറത്ത് പോയില്ല. വൈകുന്നേരം മൂത്താപ്പ കുടിച്ചിട്ട് വരും. ഉമ്മാനെ തെറി വിളിക്കും. അവൻ മൂത്താപ്പാനെ കാത്തു വീട്ടിലിരുന്നു. സമയം ആറു മണിയിലേക്ക് അടുക്കുന്തോറും സാജിതക്കും, ഷംനക്കും,അനീസിനും ബേജാർ കൂടി വന്നു. അവരുടെ നെഞ്ചും മനസ്സും പേടിയിൽ കൂട്ടിയിടിച്ചു.

ഒന്നിനും ഒരു താല്പര്യവും ഇല്ലാതെ ഭയന്ന മനസ്സുമായി നാൽവരും ഒരു മുറിയിൽ ഇരുന്നു. ഷമീർ മാത്രം ധൈര്യം സംഭരിച്ചു. സമയം ആറു മണിയും ഏഴുമണിയും കഴിഞ്ഞു. മൂത്താപ്പാനെ കാണാനില്ല. ഷംനയും സാജിതയും ആശ്വാസത്തിന്റെ നെടു വീർപ്പിട്ടു. അവർ പരസ്പരം നോക്കി ചിരിച്ചു. സാജിത ചിരിച്ചു കൊണ്ടു അടുക്കളയിലേക്ക്‌ പോയി അരി കഴുകി അടുപ്പത്തിട്ടു. ഷംന അഴയിൽ നിന്ന് എടുത്തു കൊണ്ടു വന്നിട്ട വസ്ത്രങ്ങൾ മടക്കി വെക്കാൻ തുടങ്ങി. അനീസ് പഠിക്കാനിരുന്നു. അപൂർവ്വം ചില ദിവസങ്ങൾ ഇങ്ങനെ സമാധാനത്തിന്റെതായി

അവർക്കുണ്ടാവാറുണ്ട്. അന്നവർ ആഘോഷിക്കും. ഷമീർ അങ്ങാടിയിൽ പോയി കുറച്ചു കോഴിയിറച്ചി വാങ്ങി. അരക്കിലോ അയക്കൂറ മീനും വാങ്ങി. കാരണം ഉപ്പ മായീൻ കുട്ടി കോഴിയിറച്ചി കഴിക്കില്ല. മടങ്ങും വഴി ഉപ്പാന്റെ മലഞ്ചരക്ക് കടയിലും ഷമീർ കയറി.

“”എന്താ ഷമ്യേ.. ഇന്ന് പന്തൾച്ചാനും തൊണക്കാര്ടെ ഒപ്പൊന്നും പോയിലെജ്ജ്?””. അവനെ കണ്ട മായീൻ കുട്ടി ചോദിച്ചു.

“”ഇല്ലപ്പാ.. ഞ്ഞാന്ന് പോയില. മൂത്താപ്പ വരോന്നു ഓല്ക്കൊക്കെ പേടി. ഇങ്ങളെ കൊല്ലുന്നൊക്കെ പറഞ്ഞ്ട്ടല്ലേ മൂപ്പര് ഇന്നലെ പോയത്””..

“”ഓ.. പിന്നേ.. ഓന് ഇന്നെങ്ങട്ട് കൊല്ലല്ലേ. ഓന്റെ ചോരല്ലേ ഇച്ചും. ഓന് ഒന്നും ചെയ്യൂല. കള്ളുങ്കുടിച്ചു വെർതെ വല്ല്യർത്താനം പറയാ ഓന്.അയിനൊക്കെ പേടിച്ചാൻ ഇജ്ജും അന്റമമീം പെങ്ങളും അൻജനും””..മായീൻ കുട്ടി കളിയാക്കും പോലെ ചിരിച്ചു.

“”അയിന് ഇങ്ങള് കേട്ട്ക്കുണോ എന്തേലും. എന്തേലും കണ്ട്ക്കുണോ. ഇങ്ങള് ഒമ്പതണിക്ക് പീടിയടച്ചു വരുമ്പോൾക്കും എല്ലാം കയ്യും. ഏന്തൊക്കേ തെറിയാ ഇമ്മാനെ പറയാറിയോ മൂത്താപ്പ. അരക്ക് കീപ്പോട്ട്ള്ള എല്ലാം തെറീം പറീം””.. ഷമീറിന്റെ മുഖം വാടി.

“”ന്തായാലും ഇന്ന് മൂത്താപ്പ കുടിച്ചിട്ട് ഇത് വരെ വന്ന്ട്ടില്ല. ഞാങ്കുറച്ചു കോയി വാങ്ങി. ഇങ്ങക്ക് മീനും വാങ്ങീക്കുണു. ഇങ്ങള് വേഗം പീടിയടച്ചിട്ട് വരൂലേ?””… ഷമീർ ചിരിച്ചു കൊണ്ടു ഉത്സാഹത്തോടെ പറഞ്ഞു.

“”ആ ഷമ്യേ.. ഇജ്ജ് പൊയ്ക്കോ. ഞാംവരാം””..മായീൻ കുട്ടി പറഞ്ഞു.
തിരികെ മടങ്ങുമ്പോൾ മൂത്തപ്പയെങ്ങാനും ഇപ്പൊ വീട്ടിൽ എത്തിയിട്ടുണ്ടാവുമോയെന്ന് ഷമീർ ചെറുതായി ഭയന്നു. അവൻ ബൈക്ക് വേഗത്തിൽ ഓടിച്ചു വിട്ടു. പോകും വഴി പള്ളിയിൽ നിന്നും ഇഷാ ബാങ്കൊലി മുഴങ്ങുന്നുണ്ടായിരുന്നു.

വീട്ടിലെത്തിയപ്പോഴാണ് ഷമീറിന് ശ്വാസം നേരെ വീണത്. വീട്ടിൽ എല്ലാരും സന്തോഷായിട്ട് ഇരിക്കുന്നു. ചിരിക്കുന്നു. തമാശകൾ പറയുന്നു. അടുക്കളയിൽ ആകെ മേളം. അനീസ് വീതന തിണ്ണയിലിരുന്നു പാട്ട് പാടുന്നു..””ഒട്ടകങ്ങൾ വരി വരിയായി..

കാരക്ക മരങ്ങൾ നിര നിരയായി””…അടുക്കളയിലൂടെ കയറി വന്ന ഷമീർ അതിന്റെ ബാക്കി ഈണത്തിൽ പാടി.””ഒട്ടിടവിട്ടുയരത്തിൽ മലയുള്ള മരുഭൂമി വിലസിടുന്നു””..

ഷംന കയ്യടിച്ചു.. അവൾ അതിന്റെ ബാക്കി പാടി. “”തുടുത്തസി പൂ മരത്തിന്റെ കനികളും ജറാദെന്ന കിളികളും മണൽ കാറ്റിൻ ഒലികളും””… ഷംന മധുരമൂറുന്ന ശബ്ദത്തിൽ മുഴുവൻ പാടി അവസാനിപ്പിച്ചു.

സാജിത കോഴിയും മീനും വാങ്ങി കഴുകാനിരുന്നു. ഷമീർ പള്ളിയിലേക്ക് ഇഷാ നിസ്കരിക്കാൻ പോയി. നിസ്കാരം കഴിഞ്ഞവൻ പ്രാർത്ഥിച്ചു..””റബ്ബേ.. ന്റെ മൂത്താപ്പാക്ക് നല്ല ബുദ്ധി കൊട്ക്കണമേ. കള്ള് കുടി നിറ്ത്താനുള്ള മനസ്സ് കൊടുക്കേണമേ. ഞങ്ങൾക്കെല്ലാർക്കും റഹ്മത്തും ബർക്കത്തും പ്രധാനം ചെയ്യണമേ. ന്റുപ്പാക്കും ഇമ്മാക്കും പെങ്ങൾക്കും അനുജനും എല്ലാർക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽക്കണമേ… ആമീൻ””..

ഭക്ഷണം പാകമായി.എല്ലാരും മായീൻ കുട്ടി വരാൻ വേണ്ടി കാത്തിരുന്നു. “”ടാ… മായീനെ.. നായിന്റെ മോനെ..അറങ്ങി വാടാങ്ങട്ട്. അന്റെ ചെർക്കനീം വുളിച്ചോ. രണ്ടിനീം ഞ്ഞാങ്കൊല്ലും””.. ഹൈദ്രോസിന്റെ ലഹരിയിൽ കുഴഞ്ഞ വാക്കുകൾ പെട്ടെന്ന് അവരുടെ ചെവിയിൽ മുഴങ്ങി.എല്ലാരും ഒന്നിച്ചു ഞെട്ടി ശ്വാസം വലിച്ചു.

“”പടച്ചോനെ.. മൂത്താപ്പ വന്നലോ””.. അനീസ് പേടിച്ചിറുകി കൊണ്ടു പറഞ്ഞു. എല്ലാരുടെയും മുഖം പെട്ടെന്ന് വാടി. നിർബന്ധിത മൗനം അവരെ കൂട്ടി കെട്ടി. നിരാശ തളം കെട്ടി. സാജിതയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. കുറച്ചു നേരം നിരാശയിലാണ്ട ഷമീറിന്റെ മുഖഭാവം വൈകാതെ ദേഷ്യത്താൽ അലങ്കരിച്ചു. കണ്ണുകൾ ശൂര ഭാവത്തിൽ തിളങ്ങി. അവനെ തന്നെ ശ്രദ്ധിച്ചിരുന്ന ഷംന ഓടി പോയി മുന്നിലെ വാതിൽ പൂട്ടി താക്കോൽ ഒളിപ്പിച്ചു. “”ഇപ്പ വന്ന്ട്ടില്ല മൂത്താപ്പാ””.. ഷംന അകത്ത് നിന്ന് വിളിച്ചു പറഞ്ഞു.

“”ആ നായ്‌ വന്ന്ട്ടില്ലേ.. ന്നാ ഓൻ വരട്ടെ. ഓന്റെ കൊടല് ഞാൻ പൊറത്തിടും. ഇന്റെ കജ്ജില് പത്തു പൈസല്ല. അങ്ങനെ ഓനും ഓന്റെ കുട്ട്യോളും മാത്രം സുഖിച്ചണ്ട””..ഹൈദ്രോസ് ഉമ്മറ പടിയിൽ ഇരിപ്പുറപ്പിച്ചു. അയാൾ എന്തൊക്കെയോ തെറികൾ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. പതിവ് പോലെ അയൽക്കാരും നാട്ടുകാരും മതിലിനപ്പുറത്ത് കാഴ്ച്ച കാണാൻ തല പൊക്കി.

“”ഷംനേ… ആ വാതിൽന്റെ താക്കോലിങ്ങട്ട് തന്നാ””..ഷമീർ ഷംനയോട് ദേഷ്യത്തിൽ ചോദിച്ചു. അവൾ ഇല്ല എന്ന് തല കൊണ്ടു ആംഗ്യം കാട്ടി. “”ഷമ്യേ.. ഇജ്ജ് വടക്കിണീക്കുടി പൊയ്ക്കോ.. ഉപ്പ വരാന്നേരായി. പോയി കൂട്ടി കൊണ്ടര്. മൊബൈലില് വുളിച്ച്ട്ട് കിട്ട്ണില്ല. ധാരണല്ലാതെ മൂത്താപ്പാന്റെ മുന്നിക്ക് വന്നാ മൂപ്പര് കുത്ത്യാലൊടാ””.. സാജിത കരഞ്ഞു കൊണ്ട് പറഞ്ഞു. അനീസ് ഉമ്മാന്റെ മാക്സിയിൽ പിടിച്ചു പുറകിൽ നിന്നു. അവൻ തേങ്ങുന്നുണ്ടായിരുന്നു.

ഷമീർ അല്പം ചിന്തിച്ചു. പിന്നേ അടുക്കള വാതിലിനു നേരെ നടന്നു. സാജിത പുറകേ ചെന്നു. “”പടച്ചോനെ വിചാരിച്ച്‌ ഇജ്ജ് മൂത്താപ്പാന്റെ അട്ത്ത്ക്ക് പൂവ്വരുത്””. ഷമീർ “”ഇല്ല””.. എന്ന് മാത്രം പറഞ്ഞു കൊണ്ട് പുറത്തിറങ്ങി. മതില് ചാടി അവൻ വേറെ വഴിയിലൂടെ ഉപ്പാന്റെ കടയിലെത്തി. മായീൻ കുട്ടി അപ്പൊ കട അടച്ച് ഇറങ്ങാൻ നിൽക്കുകയായിരുന്നു.

ഉപ്പാനെ പിന്നിൽ നടത്തി അവൻ മുന്നിൽ നടന്നു. നേരെ ഗേറ്റ് തുറന്നു മുറ്റത്തേക്ക് കയറി. ഇത് കണ്ട ഹൈദ്രോസ് അവന്റെ നേർക്ക് കത്തിയുമായി ചീറിയടുത്തു. “”ഉപ്പാ…മാറിക്കോളീം””.. അവൻ ഇങ്ങനെ പറഞ്ഞതും ഹൈദ്രോസിന്റെ കത്തി പിടിച്ച കയ്യിലേക്ക് ചാടി ചവിട്ടിയതും ഒന്നിച്ചായിരുന്നു. ഹൈദ്രോസ് മലർന്നടിച്ചു വീണു. കണ്ടു നിന്ന നാട്ടുക്കാർ ഓടി കൂടി. വാതിൽ തുറന്നു സാജിതയും മക്കളും നിലവിളിച്ചു കൊണ്ട് ഓടി വന്നു.

“”ഷമ്യേ… വാണ്ടടാ.. അന്റെ മൂത്താപ്പേണത്. ഒന്നും കാട്ടണ്ട””..മായീൻ കുട്ടി പുറകിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി വന്നു. “”ആണ്പ്പാ.. ന്റെ മൂത്തപ്പേണ്. അത് ഇച്ചറിയാം. ന്നാലും ഇത്‌നൊരു അവസാനം വാണ്ടേ. ഞമ്മക്ക് സമാധാനായി ജീവിക്കണ്ടേ. സഹിക്ക്ണീനും ഒരാതിരില്ലെപ്പാ.. ആരും പേടിച്ചണ്ട. ഞാനൊന്നും ന്റെ മൂത്താപ്പാനെ കാട്ടൂല””.. അവൻ നിലത്ത് വീണ ഹൈദ്രോസിന്റെ അടുത്ത് മുട്ടു കുത്തിയിരുന്നു.

“”മൂത്തപ്പാ.. ഞങ്ങള് എന്ത് തെറ്റീത്ട്ടാ ഇങ്ങള് ഇങ്ങനെ എടങ്ങേറാക്ക്ണത്. മുഴുവൻ ഇച്ചറീലെങ്കിലും ന്റെപ്പ ഈ നെലീലെത്താൻ നല്ലോണം കഷ്ടപ്പെട്ടുക്കുണൂന്ന് വെല്ലിപ്പ പണ്ട് പറഞ്ഞത് ഓർമ്മണ്ട്. ഇങ്ങളും വല്ല്യേ നെലീല് ആയിര്ന്നിലെ. കള്ളുടിച്ചും ചീട്ട് കൾച്ചും കൊണ്ടോയി കളഞ്ഞതല്ലേ മൊതലൊക്കെ.

അയിന്റെ ഈറ ഞങ്ങളോട് കാട്ട്ണത് എന്തിനാണ്. ഇച്ചറിയാം ന്റെപ്പ തൊള്ളീല് വിരല്ട്ടാ കടിക്കാത്ത പാവാണ്‌ന്ന്. അതോണ്ടാണ് ഇങ്ങള്ങ്ങനെ കാട്ട്ണത്. ഇഞ്ഞി എങ്ങാനും കള്ളുടിച്ചു വന്നിട്ട് ഇബടെ വന്നിട്ട് വേണ്ടാതീനം പറയോ കാട്ടോ ചെയ്താ ഒറപ്പാണ്. ഷമീറിന്റെ തനി കൊണം ഇങ്ങള് അറിയും””.ഷമീർ എഴുന്നേറ്റു. ഹൈദ്രോസ് കിടന്നു വായ പൊളിച്ചു അവനെ നോക്കി. പിന്നെ കണ്ണടച്ചു.

മായീൻ കുട്ടിയും അവന്റെ ഉമ്മയും അനിയനും പെങ്ങളുമെല്ലാം അവനെ അത്ഭുതത്തോടെ നോക്കി. “”ഓന് ആങ്കുട്ട്യാണ് ട്ടോ””..നാട്ടുക്കാർ പരസ്പരം നോക്കി പിറു പിറുത്തു. വിവരമറിഞ്ഞ ഹൈദ്രോസിന്റെ ഭാര്യ ആയിച്ച കുട്ടി കരഞ്ഞു കൊണ്ട് പാഞ്ഞു വന്നു. കണ്ണടച്ചു കിടക്കുന്ന ഹൈദ്രോസിനെ നോക്കി. “”അജ്ജ്യോ… ഇച്ച് വെജ്ജല്ലോ.. ഇജ്ജന്റെ മൂത്താപ്പാനെ കൊന്നോ.. ഇച്ചിനി ആര്ണ്ട് റബ്ബേ””.. ആയിച്ച കുട്ടി തൊണ്ട പൊട്ടി കാറി കരഞ്ഞു.

“”മൂപ്പര് മര്ച്ച്‌ട്ടൊന്നുല്ല മൂത്തമ്മാ..ഇട്ത്ത് കൊണ്ടോയിക്കോളീം. ഒരു കാര്യണ്ട്. ഇങ്ങള് ഇഞ്ഞി മൂത്താപ്പാനെ ഓരോന്ന് പറഞ്ഞ് പിരി കയറ്റി ഇങ്ങട്ട് വുട്ടാ…ഞാമ്പിന്നെ എന്താ ചെയ്യാന്ന് ഇച്ചറീല. നല്ല മൂത്തപ്പേയിട്ട് ഓല്ക്ക് എപ്പൊ വേണങ്കിലും ഇങ്ങട്ട് വരാം””..ഇതും പറഞ്ഞു ഷമീർ വീടിനകത്തേക്ക് കയറി പോയി. ആയിച്ച കുട്ടി ഹൈദ്രോസിനെ താങ്ങി പിടിച്ചു വീട്ടിലേക്ക് കൊണ്ട് പോയി..
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
പിന്നെ ഇരു വീട്ടുകാരും പരസ്പരം മിണ്ടിയില്ല. ഹൈദ്രോസ് പിന്നെ കള്ള് കുടിച്ചു മായീൻ കുട്ടിയുടെ വീട്ടിൽ വന്നതുമില്ല. ഇങ്ങനെ നാളുകൾ കടന്ന് പോയി. രണ്ട് വർഷങ്ങളും പിന്നിട്ടു. ഷംനയെ നല്ലൊരു ആൺ പിറന്നോൻ കെട്ടി അവളെയും കൊണ്ട് ദുബായിൽ പോയി. നാടൊട്ടുക്ക് വിളിച്ചു പറഞ്ഞ കല്യാണത്തിന് ഹൈദ്രോസിനെ ക്ഷണിച്ചെങ്കിലും മൂപ്പര് വന്നില്ല. ആയിച്ചകുട്ടിയും വന്നില്ല. രണ്ട് പെൺ മക്കളും വന്നു. കാലം വീണ്ടും ഉരുണ്ടു മറിഞ്ഞു. ഷമീർ പഠിച്ചു നല്ല ഉദ്യോഗം നേടി. അനീസ് പത്താം ക്ലാസ്സ്‌ ജയിച്ചു.

ഒരു ദിവസം നട്ട പാതിരാക്ക് മായീൻ കുട്ടിയുടെ കാളിംഗ് ബെൽ ശബ്ദിച്ചു. വാതിൽ തുറന്ന മായീൻ കുട്ടി കണ്ടത് കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന ആയിച്ച കുട്ടിയെ ആണ്. “”മായീനേ… കാക്കാന്റെ മറ്റേ പെണ്ണ്ങ്ങളില് ഇണ്ടായ ആ ചെർക്കൻ വന്ന് ഓലോട് ചൂടാവുണ്‌ണ്ട്. ഓന്റമ്മാനെ നോക്ക്ണില്ല. ചെലവിന് കൊട്ക്ക്ണില്ലാന്നൊക്കെ പറഞ്ഞ് വക്കാണം..ഇജ്ജ് ഒന്ന് വരോ?””..

“”ഞാം വരാം മൂത്തമ്മാ. ഇങ്ങള് നടക്കിം””.. ശബ്ദം കേട്ട് എഴുന്നേറ്റു വന്ന ഷമീർ പറഞ്ഞു. ആയിച്ചകുട്ടി അവനെ നോക്കി. അവരുടെ ചുണ്ടുകൾ അലിവിൽ വിറച്ചു..””ന്നാ മൂത്തമ്മാന്റെ കുട്ടി വാ””.. അവർ മുന്നിൽ നടന്നു.

“”എടാ… മുജീബേ.. ഞാനന്നെ ആദ്യായിട്ട് കാണാണ്. മൂത്താപ്പാക്ക് ആവത്ള്ള കാലത്ത് ഇങ്ങളെ നോക്കീന്നിലെ. ഇപ്പൊ മൂപ്പര് കൊറച്ച് ക്ഷീണത്തിലാണ്. കച്ചോടൊക്കെ വീണ്ടും തൊടങ്ങി മൂപ്പരൊന്ന് നീർന്ന് നിക്കട്ടെ. ന്നിട്ട് മൂപ്പര് വെരും. ഇജ്ജ് ഇപ്പൊ പോ. ഇജ്ജ് പണിക്ക് പോണില്ലേ. ആ കായോണ്ട് അന്റമ്മാനെ തല്കാലം നോക്ക്. ഇഞ്ഞി ഇബടെ നിന്ന് തൊള്ളട്ടാ അനക്ക് കിട്ടും””.. ഷമീർ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. മുജീബ് ഒന്നും മിണ്ടാതെ ഇറങ്ങി പോയി.

പെട്ടെന്നു ഒരു മുരൾച്ചയോടെ മൂത്താപ്പ ഹൈദ്രോസ് നിലത്തു കുഴഞ്ഞു വീണു. ഷമീറും ആയിച്ചകുട്ടിയും കുലുക്കി വിളിച്ചു. അനക്കമില്ല. അവൻ താങ്ങിയെടുത്തു ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഹൃദയത്തിൽ ബ്ലോക്കാണ്. അടിയന്തിര സർജറിക്ക് ഓപ്പറേഷൻ തീയേറ്ററിലേക്ക് ഹൈദ്രോസിനെ കയറ്റി. രണ്ട് ലക്ഷം രൂപ ഷമീർ ഹോസ്പിറ്റലിൽ കെട്ടി വെച്ചു. വിവരമറിഞ്ഞെത്തിയ മായീൻ കുട്ടി മകനെ നോക്കി. “”നന്നായി ഷമ്യേ.. അനക്ക് പടച്ചോൻ തരും. ഇഞ്ഞി ഇക്കാക്ക നന്നാവും””…

“”ന്റെ മൂത്താപ്പെല്ലേ ഇപ്പാ.. അയിനെന്താ””.. ഷമീർ ചിരിച്ചു കൊണ്ട് പറഞ്ഞു നടന്നകന്നു. അവനെ നോക്കി മായീൻ കുട്ടി അഭിമാനത്താൽ കണ്ണുകൾ നിറച്ചു.
….ശുഭം… നന്ദി…

Leave a Reply

Your email address will not be published.