അവൻ അവളെ കാണാൻ തുടങ്ങിയിട്ട് ഒരു പാട് നാളുകളായി…. പക്ഷെ അവളുടെ

അവനും അവളും ..

രചന: സിയാദ് ചിലങ്ക

അവൻ അവളെ കാണാൻ തുടങ്ങിയിട്ട് ഒരു പാട് നാളുകളായി…. പക്ഷെ അവളുടെ വിവാഹദിനത്തിന്റെ അന്നാണ് അവന് അവളോട് പ്രണയം തോന്നിയത്…. അന്ന് കണ്ടപ്പോൾ അവന് എന്തോ പ്രത്യേകത തോന്നി…അങ്ങിനെ ആണല്ലൊ ആരോടും ചോദിച്ചിട്ടല്ലല്ലൊ പ്രണയവും മരണവും വിരുന്ന് വരുന്നത്.

അതെ അവൾ എന്ത് നിഷ്കളങ്കയാണ്… അവളുടെ പുഞ്ചിരിയും സംസാരവും അവൻ ഏറെ ഇഷ്ടപ്പെട്ടു…. അവൾ മറ്റൊരാളുടെ ആണെങ്കിലും… ആരുമറിയാതെ അവൾ പോലും അറിയാതെ അവൻ അവളെ പ്രണയിച്ചു….

ഒരു ദിവസം അവൻ അവളോടത് തുറന്ന് പറഞ്ഞു… അവൾ അവനോട് ദേഷ്യപ്പെട്ടെങ്കിലും …. അവന്റെ നല്ല പെരുമാറ്റം കൊണ്ട് വീണ്ടും അവർ പഴയ പോലെ തുടർന്നു…
നിഷ്കളങ്കയും സ്നേഹിക്കാൻ മാത്രമറിയുന്ന അവളെ…. വിടർന്ന പുഷ്പത്തെ ചവിട്ടി അരച്ചത് പോലെ അവളുടെ ഭർത്താവ് ക്രൂരമായി പെരുമാറി… ദുഷ്ടനാണെങ്കിലും അയാളെ അവൾ സ്നേഹിച്ചിരുന്നു…. അയാൾ സ്നേഹിക്കും എന്ന് സ്വപ്നം കണ്ട് അവൾ കഴിഞ്ഞു..

അവളുടെ അവസ്ഥ മനസ്സിലാക്കി അവൻ ഒരു പാട് സ്നേഹിച്ചു… അവളും ഭർത്താവും സ്നേഹത്തോടെ ജീവിക്കുന്നത് കാണാൻ അവൻ ആഗ്രഹിച്ചു… പക്ഷെ അവർ വേർപിരിഞ്ഞു…. മനസ്സാക്ഷി ഇല്ലാത്തവന്റെ കുടെ ജീവിക്കുന്നതിനേക്കാൾ നല്ലത് തനിച്ച് ജീവിക്കുന്നതാണ്…

അവൾ തനിച്ചായപ്പോഴും അവൻ സ്നേഹിച്ചു കൊണ്ടിരുന്നു… ഇടക്കെപ്പോഴോ അവളും അവന്റെ സ്നേഹം തിരിച്ചറിഞ്ഞു. അവൾക്ക് ആശ്വാസമായിരുന്നു അവന്റെ ഒരോ വാക്കുകളും…. ഒരിക്കലും അവളുടെ ശരീരത്തെ മാത്രം അവൻ സ്നേഹിച്ചിട്ടില്ല…. ചില നിമിഷങ്ങളിൽ അറിയാതെ പ്രണയം ശരീരത്തിന്റെ ഭാഷയിൽ സംസാരിച്ച് പോയിട്ടുണ്ട്……
.
അവൻ അവളുടെ ഒരു നല്ല ഭാവിക്കായി ആശിച്ചു… അവൾ സ്വയംപര്യാപ്തത നേടുന്നതും… എല്ലാവരുടെ മുമ്പിലും വിജയിച്ച് കണാനും അവൻ ആഗ്രഹിച്ചു…..

ഇടുങ്ങിയ ചാലിലൂടെയുള്ള ജീവിതത്തിന്റെ കുത്തൊഴുക്കിൽ അവരുടെ ജീവിതവും ഒഴുകി കൊണ്ടിരുന്നു… അവന്റെ ഹൃദയം എന്നും അവളെ പ്രണയിച്ച് കൊണ്ടേ ഇരുന്നു…..
അവൾ ജോലിയും ജീവിതവും കരുപ്പിടിപ്പിക്കാനുള്ള തിരക്കുകളിൽ മുഴുകി… അവൻ അകലെ ഇരുന്നാണെങ്കിലും അവൾക്കരികിൽ ഇരുന്ന് അവളെ കാണുകയും അറിയുകയും ചെയ്യുന്നുണ്ടായിരുന്നു….

ഒരിക്കലും അവളെ ബുദ്ധിമുട്ടിക്കാനൊ ശല്യപ്പെടുത്താനൊ അവൻ ആഗ്രഹിച്ചിരുന്നില്ല….
പക്ഷെ അവൾ അവന് നേരെ മൗനത്തിൽ തീർത്ത അമ്പുകൾ എയ്തപ്പോൾ… അവന്റെ ഹൃദയത്തിലാണ് തറച്ചത്….

അവൻ അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്നു…. ആ സ്നേഹം എന്നും ആ നെഞ്ചിൽ എന്നും ഉണ്ടാകും അവളോടുള്ള പ്രണയം…. കാരണം പ്രണയം സത്യമാണ്…

അവളെ അവന്റെ മാറിലേക്ക് ചേർത്ത് പിടിക്കാൻ അവൻ ആഗ്രഹിക്കുന്നു…. പക്ഷെ അവൾ അവനിൽ നിന്ന് ഒരുപാട് അകലത്തിലേക്ക് തെന്നിമാറിയിരുന്നു… .. എങ്കിലും മനസ്സ് തുറന്ന പുഞ്ചിരി അവന് നൽകും എന്നവൻ ആശിച്ചു. അവൻ ഒരിക്കലും അവളുടെ ജീവിതത്തിലേക്ക് ഒരു കരടായി വരില്ല എന്ന് അവന്റെ മനസ്സിൽ അവൻ ഉറപ്പിച്ചു…

അവളുടെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ അവൾ തനിച്ചാണെന്ന് അവൻ അറിഞ്ഞിരുന്നില്ല. അവളോട് ചേർന്നിരുന്ന് ഒന്ന് സംസാരിക്കാൻ ആഗ്രഹിച്ച അവനെ അവൾ തെറ്റിദ്ധരിച്ചു…..
അവന്റെ മുമ്പിൽ വാതിലടച്ച് മറഞ്ഞിരുന്ന അവളെ ഓർത്ത് മനസ്സ് തേങ്ങിയാണ് ആ വീട്ടിൽ നിന്നവൻ ഇറങ്ങിയത്.

അവന്റെ മുമ്പിൽ വാതിൽ കൊട്ടിയടച്ചപ്പോൾ അവൻ ഉരുകിപ്പോയി…. ഒരു പെണ്ണിന്റെയും മാനം കവരുന്നവനല്ല അവൻ… അവൻ സ്ത്രീയെ ബഹുമാനിക്കുന്നവനാണ്…..അവന്റെ മനസ്സിന്റെ താളം നഷ്ടപ്പെട്ടത് പോലെ വാഹനത്തിന്റെ നിയന്ത്രണവും നഷ്ടമായി.. അവന്റെ ഹൃദയത്തിലെ അവസാന തുള്ളി രക്തവും വറ്റിയപ്പോഴും അവളുടെ മുഖം അവിടെ പ്രകാശിച്ചിരുന്നു…
ഇനിയൊരിക്കലും മുറിയാത്ത മൗനവുമായി ശാന്തനായി ഉറങ്ങുന്ന അവന്റെ മുഖത്തേക്ക് നോക്കിയ അവളുടെ മൗനത്തിന് കണ്ണുനീർ വിരാമമിട്ടു……

അവളുടെ മനസ്സ് മന്ത്രിച്ചു…. ” നിന്നെ ഞാൻ സ്നേഹിക്കുന്നു..മറ്റെന്തിനേക്കാളും….എന്നേക്കാളും…”

[ പ്രണയം ആർക്കും ആരോടും തോന്നാം…. മനസ്സിന്റെ ദിവ്യമായ അതിർവരമ്പുകളില്ലാത്ത വികാരമാണ് പ്രണയം.. പ്രണയിക്കാത്തവർ മനുഷ്യരല്ല…… പ്രണയിക്കുന്നത് സുഖങ്ങൾക്കോ…. അഹങ്കാരത്തിനോ…കാമത്തിനോ വേണ്ടിയല്ല….. പ്രണയിക്കുന്നവർ തമ്മിൽ ഉള്ള ഒരു നോട്ടവും പുഞ്ചിരിയും മാത്രം മതിയാവും അവരുടെ ആത്മനിർവൃതിക്ക്.. .. പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കുമായ്….]

Leave a Reply

Your email address will not be published. Required fields are marked *