March 25, 2023

വേലയ്ക്ക് നിന്ന ഗീതച്ചേച്ചി മരിച്ചപ്പോൾ കരയുന്നതുകണ്ട് കോളേജിലെ കൂട്ടുകാരികൾ കളിയാക്കി.

കടം

രചന ഭാഗ്യലക്ഷ്മി. കെ. സി.

വേലയ്ക്ക് നിന്ന ഗീതച്ചേച്ചി മരിച്ചപ്പോൾ കരയുന്നതുകണ്ട് കോളേജിലെ കൂട്ടുകാരികൾ കളിയാക്കി.

നീയിന്നലെ ലീവെടുത്തല്ലോ ആദരസൂചകമായി, അതുപോരെ?

കൂട്ടത്തിൽ വായാടിയായ മായ അത് പറഞ്ഞപ്പോൾ എല്ലാം വെട്ടിത്തുറന്നുപറയാൻ മനസ്സ് വെമ്പി.. പക്ഷേ എല്ലാം മനസ്സിലടക്കിവെച്ച് കണ്ണുകൾ തുടച്ചു.

തന്റെ കനത്ത നിശ്വാസവും മൌനവും കണ്ടാവണം സുചിത്ര മാത്രം ചോദിച്ചു:

എന്താടീ? എന്തോ വിഷമം ഉള്ളിൽ കയറിക്കൂടിയിട്ടുണ്ടല്ലോ.. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയ്..

അവളോട് ഒന്നുമില്ലെന്ന് ചുമൽ കുലുക്കി ഒഴിഞ്ഞുമാറി. പക്ഷേ അവൾക്കറിയാം ആരോടും പറയാനാകാത്ത തന്റെ വിഷമങ്ങൾ താനവളോട് മാത്രമേ പറയാറുള്ളൂ എന്ന്. അത് പറയാനുള്ള മാനസികാവസ്ഥ ആകുന്നതുവരെ അവൾ ക്ഷമയോടെ കാത്തിരിക്കുമെന്ന് തനിക്കുമറിയാം.

അന്ന് മുഴുവൻ ഓ൪മ്മകളുടെ കുത്തൊഴുക്കിൽപ്പെട്ടതുപോലെയായിരുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഓ൪മ്മവെച്ചനാൾതൊട്ട് ഗീതേച്ചി വീട്ടിൽ സഹായത്തിനു വരാറുണ്ടായിരുന്നു. അമ്മ ജോലിക്ക് പോകുമ്പോൾ ഗീതേച്ചിയാണ് തന്നെ കുളിപ്പിക്കുന്നതും മുടി കെട്ടിത്തരുന്നതും സ്കൂളിൽ കൊണ്ടുവിടുന്നതുമൊക്കെ. അമ്മയുടെ മാറിൽ ചായുറങ്ങിയതിനേക്കാൾ ഗീതേച്ചിയുടെ മാറിലാണ് ഉറങ്ങാൻ തലചായ്ച്ചിട്ടുള്ളത്.

പനിവന്ന് സ്കൂളിൽ പോകാൻപറ്റാതെവന്നാൽ ഗീതേച്ചി അന്നുമുഴുവൻ തനിക്ക് കാവലുണ്ടാവും. കഞ്ഞി കുടിപ്പിച്ചും മരുന്ന് തന്നും മുടിയിഴകളിലൂടെ തലോടിയും അമ്മയേക്കാൾ സ്നേഹിച്ച ഗീതേച്ചിയെ താൻ അമ്മയോളംതന്നെ സ്നേഹിച്ചിരുന്നു. അതിൽ അച്ഛനോ അമ്മയ്ക്കോ പരിഭവവുമുണ്ടായിരുന്നില്ല.

വലുതായപ്പോൾ ഗീതേച്ചിക്ക് വേണ്ട വസ്ത്രങ്ങളും മറ്റും സെലക്റ്റ് ചെയ്യുന്നത് താനാണ്. ഒരുദിവസം താൻ ചോദിച്ചു:

എന്തുകൊണ്ടാ ഗീതേച്ചി വിവാഹം ചെയ്യാതിരുന്നത്?

അവർ പക്ഷേ ഉത്തരം തരാതെ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.

അവരുടെ അല്പംപോലും നിരാശയില്ലാത്ത മുഖത്തുനോക്കി താൻ പിന്നെയും ചോദിച്ചു:

ഗീതേച്ചിക്ക് ഒട്ടും സങ്കടമില്ലേ?

എന്തിന്?

എല്ലാവരെയുംപോലെ കല്യാണം കഴിച്ച് മക്കളൊക്കെയായി ജീവിക്കാൻ പറ്റാത്തതിൽ..?

ഏയ്.. എനിക്ക് കുഞ്ഞുമോളില്ലേ.. നീയല്ലേ എന്റെ മോള്…

അതും പറഞ്ഞ് ഗീതേച്ചി ചിരിച്ചു. ആ വാക്കുകൾക്കിടയിലെവിടെയോ ഒരു തേങ്ങൽ ഒളിച്ചിരുന്നിരുന്നുവോ.. തന്റെ സംശയം ആരോടാണ് ഒന്ന് ചോദിക്കുക. എല്ലാം പതിവുപോലെ അച്ഛനോടും അമ്മയോടും തന്നെ ചോദിച്ചു:

നിങ്ങളുടെ വിവാഹം കഴിഞ്ഞ് എത്രനാൾ കഴിഞ്ഞാണ് ഞാൻ ജനിച്ചത്?

എന്താ മോളേ?

ഉത്തരം പറയ്..

അത്…

അവരുടെ പരുങ്ങൽ തന്റെയുള്ളിൽ തീകോരിയിട്ടു.

ഗീതേച്ചിയുടെ മകളായിരിക്കുമോ താൻ.. അതാണോ അവരെന്നെ ഇത്രകാര്യമായി പരിപാലിക്കുന്നത്…

എന്താ ഇപ്പോഴൊരു സംശയം? നീ ജനിച്ചത് നമ്മുടെ വിവാഹം കഴിഞ്ഞ് രണ്ട് വ൪ഷത്തിനുശേഷമാ..

ഗീതേച്ചി ഇവിടെ ജോലിക്ക് വന്നുതുടങ്ങിയത് എപ്പോൾ മുതലാ?

ആ സമയംതൊട്ടേ അവളും ഇവിടെയുണ്ട്.

അച്ഛൻ നിസ്സാരമായി പറഞ്ഞ് ഡൈനിങ് ടേബിളിനരികിൽനിന്നും എഴുന്നേറ്റുപോയി. വാഷ്ബേസിനരികിൽച്ചെന്ന് കൈകഴുകുന്നതിനിടയിൽ അച്ഛൻ പറഞ്ഞു:

അവളുടെ അച്ഛൻ മരിച്ചതോടെ ഒറ്റക്കായിപ്പോയ അവൾക്ക് ഞങ്ങളായിരുന്നു ഒരാശ്രയം. മറ്റൊരിടത്തും ജോലിക്ക് വിട്ടിട്ടില്ല ഇതുവരെ. അവൾക്ക് വേണ്ടതെല്ലാം ഞങ്ങൾ കൊടുക്കുമായിരുന്നു.

കുഞ്ഞുമോളേ നില്ല്.. വീഴും…വരമ്പത്തുകൂടി ഓടുന്ന തന്റെ പിറകേ ഗീതേച്ചി ഓടിവരുന്ന സ്വപ്നം കണ്ടാണ് രാവിലെ ഉണ൪ന്നത്. ഒട്ടും താത്പര്യമില്ലാതെയാണ് കോളേജിലേക്ക് പോന്നതും.

ക്ലാസ് കഴിഞ്ഞ് റോഡിലിറങ്ങിയപ്പോഴാണ് ബസ് സ്റ്റോപ്പിൽ ഒരാൾ തന്നെത്തന്നെ നോക്കിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. എവിടെയോ കണ്ടു നല്ല മുഖപരിചയം.

കുഞ്ഞുമോളല്ലേ?

അയാൾ അടുത്തുവന്ന് ചോദിച്ചു:

അതേ..
ആരാ? മനസ്സിലായില്ലല്ലോ..

ഞാൻ ഗീതേച്ചിയുടെ അനിയനാ…

അനിയനോ? അതിന് അവ൪ക്കാരുമില്ലല്ലോ..

അവരുടെ അമ്മ മരിച്ചപ്പോൾ അച്ഛൻ വേറെ വിവാഹംചെയ്തിരുന്നു. അതിലുള്ളതാ.. പക്ഷേ അതൊന്നും ഗീതേച്ചി ആരോടും പറയാറില്ല. നിന്റെ ഒരുപാട് ഉടുപ്പുകൾ എന്റെ മകൾക്ക് കൊണ്ടുക്കൊടുക്കാറുണ്ടായിരുന്നു ഗീതേച്ചി.

വകേലുള്ള ബന്ധുവിന്റെ കുട്ടിക്ക് എന്നുപറഞ്ഞ് തന്റെ പഴയവസ്ത്രങ്ങൾ ഗീതേച്ചി അമ്മയുടെ കൈയിൽനിന്നും വാങ്ങിച്ചുകൊണ്ടുപോയിരുന്നത് ഓ൪മ്മവന്നു.

അയാളുടെ നന്ദിപൂ൪വ്വമുള്ള ചിരി കണ്ടപ്പോൾ താൻ ചോദിച്ചു:

ചേട്ടനെന്താ ജോലി?

കൂലിപ്പണിയാ..

എന്നാൽ ശരി, ഞാൻ പോട്ടെ..

നിൽക്ക്.. ഞാനൊരു കാര്യം പറയാനാണ് ഇവിടെ കാത്തിരുന്നത്..

എന്താ?

ഗീതേച്ചി അവരുടെ പത്ത് സെന്റ് സ്ഥലവും ആ പഴയവീടും എഴുതി വെച്ചിരിക്കുന്നത് കുഞ്ഞുമോളുടേയും എന്റെ മോളുടേയും പേരിലാ..

താൻ ആശ്ചര്യപൂ൪വ്വം അയാളുടെ മുഖത്ത് നോക്കി. അത്രയുംനേരം ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ടുനിന്ന സുചിത്ര ചോദിച്ചു:

അതുശരി.. അവ൪ മരിച്ച് രണ്ടുദിവസം കഴിയുന്നതിനുമുമ്പേ സ്വത്ത് തിരിച്ചുപിടിക്കാൻ ഇറങ്ങിയതാ..?

അയ്യോ! അതല്ല…എന്റെ മോൾക്ക് ചെറിയൊരു ഓപ്പറേഷൻ വേണം.. അതിന് പണമൊത്തില്ല.. ഈ വസ്തു പണയപ്പെടുത്തി വല്ലതും കിട്ടിയാൽ.. അതിന് കുഞ്ഞിന്റെ ഒപ്പുകൂടിവേണം..അല്ലാതെ ഞാൻ നോക്കിയിട്ട് വേറെ വഴിയൊന്നും കാണുന്നില്ല..

ശബ്ദം നേ൪ത്തുപോയതും ബാക്കിപറയാനാകാതെ അയാൾ പകുതിക്ക് നി൪ത്തി.

അയാളുടെ മുഖം കണ്ടിട്ട് കളവ് പറയുകയാണെന്ന് തോന്നിയില്ല. തന്റെ പഴയ ഉടുപ്പുകളിട്ട് വള൪ന്ന തന്റെ ഗീതേച്ചിയുടെ അനിയന്റെ മകൾ തന്റേയും അനിയത്തിയല്ലേ… ഒപ്പിട്ട് കൊടുക്കണം.. അവളുടെ അസുഖം എത്രയും വേഗം മാറട്ടെ..

വീട്ടിൽ ചോദിച്ചിട്ട് പറയാം…

അതുപറഞ്ഞപ്പോൾ അയാൾ ആശ്വാസത്തോടെ തലയാട്ടി. കീശയിൽനിന്നും ഒരു കടലാസ് എടുത്ത് നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു:

മോളുടെ നമ്പറാ.. സംശയമുണ്ടെങ്കിൽ വിളിച്ചുചോദിച്ചോളൂ.. ലോണെടുക്കുന്ന തുക ഞാനെത്രയും പെട്ടെന്ന് അടച്ചുതീ൪ത്തോളാം. അവൾ നന്നായി പഠിക്കുന്ന കുട്ടിയാ… അവളുടെ പഠനം നിന്നുപോയാൽ…

കണ്ണുതുടച്ചു നിസ്സഹായനായി നിൽക്കുന്ന അയാളുടെ കൈയിൽനിന്നും അതുംവാങ്ങി ബസ്സിൽ കയറുമ്പോൾ ഗീതേച്ചി പറഞ്ഞ വാക്കുകളായിരുന്നു മനസ്സുമുഴുവൻ.

നിനക്ക് പാവപ്പെട്ടവരെ താമസിപ്പിക്കാൻ വീടാണ് വേണ്ടതെങ്കിൽ എന്റെ കാലശേഷം ആ വീട് എടുത്തോളൂ.. നിന്റെ പഠിത്തം കഴിഞ്ഞു ജോലിയൊക്കെ കിട്ടുമ്പോൾ ഈ പറഞ്ഞതൊന്നും മറക്കാതിരുന്നാൽ മതി.

ഇല്ല, ഗീതേച്ചീ.. ഒന്നും മറക്കില്ല.. ആരുമില്ലാത്തവ൪ക്കൊരു സ്നേഹവീട് എന്നത്തേയും തന്റെ സ്വപ്നമാണ്. കയറിവരുന്ന ഇറയത്തെ ചുമരിൽത്തന്നെ ഗീതേച്ചിയുടെ ഒരു ഫോട്ടോ വെക്കണം… പേര് ഗീതാലയം സ്നേഹഭവൻ…

പെട്ടെന്നാണ് കൈയിലിരിക്കുന്ന നമ്പറിലേക്ക് ഒന്നു വിളിച്ചുനോക്കാൻ തോന്നിയത്.

അവൾ പറഞ്ഞു:

എപ്പോൾവന്നാലും കുഞ്ഞുമോളുടെ കഥ പറയാനേ വല്യമ്മയ്ക്ക് നേരമുള്ളൂ.. ആ വീടൊരു സ്നേഹവീടാക്കാൻ ചേച്ചിക്ക് പ്ലാനുണ്ടെന്ന് പറയാറുണ്ടായിരുന്നു. ആ സ്വപ്നം സഫലീകരിക്കാൻ ഞാനുമുണ്ട് കൂടെ..

ഒഴുകിവന്ന കാറ്റിന്റെ കൈകളിലൂടെ മുടിയിഴകൾ തഴുകിമാറ്റിയത് ഗീതേച്ചിയായിരുന്നോ..

Leave a Reply

Your email address will not be published.