March 25, 2023

സുരേന്ദ്രന്റെ ഫോണിൽ തുണിയില്ലാത്ത സായിപ്പിനേയും മദാമ്മയേയും കണ്ട മാണിക്ക്യൻ ചെട്ടിയാർ ആദ്യമൊന്ന് പകച്ചു.

രചന:-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

“ചെട്ടിയാരുടെ സ്മാർട്ട്‌ ഫോണും ഒരു വീഡിയോ കോളും”

. സുരേന്ദ്രന്റെ ഫോണിൽ തുണിയില്ലാത്ത സായിപ്പിനേയും മദാമ്മയേയും കണ്ട മാണിക്ക്യൻ ചെട്ടിയാർ ആദ്യമൊന്ന് പകച്ചു.

വീഡിയോ മുറുകി തുടങ്ങിയപ്പോൾ ചെട്ടിയാരുടെ വായിലെ വെള്ളം വറ്റി നാക്കിറങ്ങി. പിന്നെ പിന്നെ സംഗതി മനസ്സിലായ ചെട്ടിയാർ അവിടെ ശ്വാസം പതുക്കെ വലിച്ചു വിട്ടു ഒച്ചയുണ്ടാക്കാതെ അനങ്ങാതെ രസം പിടിച്ചു നിന്നു.

“ഹയ്യട..ഹയ്യ”.ചെട്ടിയാരുടെ മനസ്സ് താളം പിടിച്ചു. വറ്റിയ വായിൽ വീണ്ടും വെള്ളമൂറി. ചെട്ടിയാർ പുറകിൽ വന്നു നിന്നതറിയാതെ സുരേന്ദ്രൻ ഫോണിൽ പരിസരം മറന്നു നോക്കിയിരിക്കുകയാണ്.

“”സുരേന്ദ്രാ… ഒരു പൊതി മുറുക്കാൻ””.. ചെട്ടിയാർ സ്വതവേയുള്ള നിഷ്കളങ്ക ഭാവം മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു.

സുരേന്ദ്രൻ ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കി.ഫോണിന്റെ എവിടെയോ ഞെക്കി താഴെ വെച്ചു. ഒരു പച്ചചിരി ചിരിച്ചു.””ആഹാ… ചെ… ചെട്ടിയാരോ.. എപ്പൊ വന്നു?. പ പപ്പടമൊക്കെ വിറ്റ് തീർന്നോ?””..സുരേന്ദ്രൻ വാക്കുകൾ കിട്ടാതെ വിക്കി.

“”ഞാനിപ്പൊ വന്നിട്ടൊള്ളൂ സുരേ. ആൾക്കാരൊന്നും ഇപ്പൊ പഴേ പോലെ പപ്പടം തിന്നണില്ലാന്നു തോന്നണു. കച്ചോടൊക്കെ മോശാ””.. ചെട്ടിയാരും പറഞ്ഞു. മുറുക്കാൻ പൊതിഞ്ഞു വാങ്ങിയ ചെട്ടിയാർ വീട്ടിലേക്ക് നടന്നു.

വല്ലാത്തൊരു പൂതി മനസ്സിൽ നിറഞ്ഞു. “അയ്യയ്യേ.. ന്തൊക്കെയാ ആ ചെറുക്കൻ കാണുന്നത്. ഇങ്ങനെക്കെണ്ട്ലേ ഈ ലോകത്ത്. ഞമ്മക്ക് ഫോണൂല്ല.ഒരു കുന്തോല്ല. ഇക്കും വേണം ഒരു ഫോൺ.ഒരു തോണ്ടണ ഫോണിന് എന്താ വെല വരുന്നാവോ?”. ചെട്ടിയാർ നടക്കും വഴി ഓർത്തു.

പിറ്റേന്ന് മാണിക്ക്യൻ ചെട്ടിയാരും കെട്ട്യോൾ ഭവാനി ചെട്ടിച്ചിയാരും കൂടി പപ്പടം പരത്തി അടുക്കി വെച്ചു കൊണ്ടിരിക്കേ അകത്തു നിന്നും ലാൻഡ് ഫോൺ ബെല്ലടിച്ചു.

“”എടീ… പെണ്ണുമ്പിള്ളേ.. അനക്ക് ആ പണ്ടാരം ബെല്ലടിക്കണത് കേക്കണില്ലേ. പോയി ആരാന്നു നോക്കെടീ””.. ചെട്ടിയാർ ഉറക്കെ അലറി. അയാൾ വായിലിരുന്ന മുറുക്കാൻ വലിച്ചു നീട്ടി തുപ്പി.

“”ദേ.. തന്തേ… ഞാനീ പലകമ്മേ കുന്തിച്ചിരിക്കണത് ഇങ്ങക്ക് കണ്ടൂടെ. ഊര വേദനിച്ചിട്ട്‌ നീക്കാൻ വയ്യ. ഇങ്ങള് പോയി നോക്കിൻ””.ഭവാനി ചെട്ടിച്ചിയാർ ഒന്ന് കൂടി നിവർന്നിരുന്നു കൊണ്ട് പറഞ്ഞു. അവർ കടുത്ത വേദന കൊണ്ട് ഊരയിൽ ഒന്നു തടവി.

ചെട്ടിയാർ എഴുന്നേറ്റ് പോവും വഴി ഭവാനിയെ തുറുപ്പിച്ചൊന്നു നോക്കി. അവർ കാണാതെ അയാൾ ചെട്ടിച്ചിയാർക്ക് നേരെ ചവിട്ടുന്ന പോലെ കാലോങ്ങി.”ഓളും.. ഓൾടെ ഒരു ഊര വേദനീം”. അയാൾ ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു.

“”ഹലോ… ആരാ””. ചെട്ടിയാർ പാറയിൽ ഉരക്കും പോലെയുള്ള ഒച്ചയോടെ ചോദിച്ചു..
“”ഹെലോ.. മാണിക്ക്യൻ ചെത്ത്യാരുടെ വീടല്ലെ””.. അപ്പുറത്തു നിന്നൊരു പെൺ കിളി നാദം. ചെട്ടിയാർ ഒന്നു പകച്ചു.

“”അതേയ്…ചെത്ത്യാർന്നല്ല..ചെട്ടിയാർന്ന് പറ പെണ്ണുമ്പിള്ളേ. ഈ പപ്പടൊക്കെ ഇണ്ടാക്കലാണ് പണി. ഇയ്യ് ഏതാ? എന്താ കാര്യം?””.. ചെട്ടിയാർ ചോദിച്ചു.

“”ഓ.. ഓക്കേ.. സാറൊരു ടീവി വാങ്ങിയിരുന്നില്ലേ ഞങ്ങളുടെ ഷോപ്പിൽ നിന്ന്. സമ്മാന കൂപ്പൺ നറുക്കെടുത്തപ്പോൾ നിങ്ങൾക്കാണ് സ്മാർട്ട്‌ ഫോൺ സമ്മാനം കിട്ടിയത്. നാളെ വന്നു വാങ്ങിക്കോളൂ. രാവിലെ പത്തു മണിക്കാണ് ഫങ്ഷൻ.. ക്ലിയർ ആയോ സാർ””.. ആ പെണ്ണ് ചോദിച്ചു.

ഇത് കേട്ട ചെട്ടിയാരുടെ ഉള്ളിൽ ആയിരം പപ്പടം ഒന്നിച്ചു പൊട്ടി. “തേടിയ വള്ളി കാലിൽ ചുറ്റി”. മനം ഇങ്ങനെ പറഞ്ഞു തുള്ളിച്ചാടി. അയാൾക്ക് മാത്രേ ആ കുഗ്രാമത്തിൽ സ്മാർട്ട്‌ ഫോൺ ഇല്ലാതുള്ളൂ. അയാൾ മറുപടി ഒന്നും പറയാതെ ഫോൺ വെച്ചു. മുഴുവൻ മനസ്സിലായില്ലെങ്കിലും ഒരു മൊബൈൽ ഫോൺ സമ്മാനം കിട്ടിയെന്ന് ചെട്ടിയാർക്ക് ബോധ്യമായി.

“”എടീ.. തള്ളച്ച്യേ… ഇക്കൊരു തോണ്ടണ ഫോൺ സമ്മാനം കിട്ടിയെടി””..ചെട്ടിയാർ ഉറക്കെ വിളിച്ചു പറഞ്ഞു..

ഇത് കേട്ട ഭവാനി ചെട്ടിച്ചിയാർ വായും പിളർന്നു കുറച്ചു നേരം ഇരുന്നു. വളരെ പണിപ്പെട്ടു ഊരക്ക് കൈ താങ്ങി എഴുന്നേറ്റു. ചെട്ടിച്ചിയാരുടെ മുഖത്ത് ഒരു പുച്ഛം..

“”ഇങ്ങക്ക് തോണ്ടണ ഫോൺ കിട്ടീട്ട് എന്തിനാ.കൊരങ്ങന്റെ കയ്യില് തേങ്ങ കിട്ടിയ പോലാവും. ഇങ്ങളത് തോണ്ടി പൊട്ടിക്കും””. ഭവാനി പൊട്ടി ചിരിച്ചു.

“”ഇയ്യ് പോടീ.. അതൊക്കെ ഞാൻ പഠിക്കും. ഇയ്യ് കണ്ടോ.. ഇനി ഞാൻ ആരാ””.. ചെട്ടിയാർ ചിരിച്ചു കൊണ്ട് പറഞ്ഞു.

പിറ്റേന്ന് രാവിലേ അറുപതു വയസ്സ് കഴിഞ്ഞ മാണിക്ക്യൻ ചെട്ടിയാർ തന്റെ പകുതി പ്രായമുള്ള പഴയ ഓട്ടോറിക്ഷയും എടുത്തു പുറത്തിറങ്ങി.””എടീ… ആ പപ്പടമൊക്കെ കടയിൽ കൊണ്ട് പോയി കൊടുക്ക്. ഞാൻ പോയിട്ട് വരാം””.. ചെട്ടിയാർ പോകും വഴി ഉറക്കെ വിളിച്ചു പറഞ്ഞു. മുരണ്ട ശബ്ദത്തോടെ വണ്ടിയും പഴയൊരു തമിഴ് പാട്ടോടെ ചെട്ടിയാരും കുന്നിറങ്ങി തുടങ്ങി.

അടിവാരത്തുള്ള തന്റെ മുപ്പത്തഞ്ചുകാരൻ യുവ സുഹൃത്ത് സുരേന്ദ്രന്റെ മുറുക്കാൻ കടയുടെ മുമ്പിൽ വണ്ടി നിർത്തി.

“”സുരേന്ദ്രാ.. പീടിക പൂട്ട്.. ഒരു കോളുണ്ട്. ഇയ്യ് വാ. ഒരു പൊതി മുറുക്കാനും എടുത്തോ.കിഴക്കൻ മലയിൽ ഒരു കൂട്ടര് നല്ല കൈതച്ചക്ക ഇട്ടു വാറ്റുന്നുണ്ട്. നല്ല പട്ട ചാരായം. വൈകീട്ട് വാങ്ങി തരാം””.ചെട്ടിയാർ അടക്കി പിടിച്ചു പറഞ്ഞു.

പട്ട ചാരായം എന്നു കേട്ട സുരേന്ദ്രൻ ഒന്നും മിണ്ടാതെ മുറുക്കാനും എടുത്തു കട പൂട്ടി പാഞ്ഞു വണ്ടിയിൽ കയറി. വർണ്ണാഭമായ ചടങ്ങിൽ ചെട്ടിയാർ വേറിട്ടു നിന്നു. പതിനയ്യായിരം രൂപ വിലയുള്ള നല്ലൊരു സ്മാർട്ട് ഫോൺ ചെട്ടിയാർ വെളുക്കെ ചിരിച്ചു കൊണ്ട് ഏറ്റു വാങ്ങി. ചടങ്ങിന് വന്ന യുവാക്കൾ “വയസ്സ് കാലത്ത് കിഴവന്റെ ഒരു ഭാഗ്യം” എന്ന് അടക്കം പറഞ്ഞു ചിരിച്ചു. ചിലർ കുശുമ്പോടെ നോക്കി.

“”ചെട്ടിയാരേ… ഇതിൽ സിം ഇടണം. എന്നാലേ വിളിക്കാൻ പറ്റൂ. നമ്മടെ വാസുവേട്ടന്റെ മോനൊരു കടയുണ്ട് ഇവിടെ. അവിടെ പോവാം””.. മടങ്ങും വഴി സുരേന്ദ്രൻ പറഞ്ഞു. ചെട്ടിയാർ തലക്കുലുക്കി മൂളി.

“”ചെട്ടിയാരേ… ഫോൺ വിൽക്കുന്നോ. പതിനായിരം രൂപ തരാം. നിങ്ങൾക്കെന്തിനാ സ്മാർട്ട്‌ ഫോണൊക്കെ. നിങ്ങൾക്ക് വിളിക്കാൻ ഒരു ഫോണും ഞാൻ തരാം. അത് പോരെ””.വാസുവേട്ടന്റെ മോൻ ഫോൺ തലങ്ങും വിലങ്ങും നോക്കി കൊണ്ട് ചോദിച്ചു..

“”വേണ്ട മോനെ. കാശ് കൊടുത്തിട്ട് ഇങ്ങനത്തെ ഒരു ഫോൺ വാങ്ങാൻ ഇക്ക് കഴിയൂല. ഇയ്യ് ആ സിമ്മും കാർഡ് അതീക്ക് ഇട്ടിട്ട് ഇങ്ങട് താ””..

ചെട്ടിയാര് സിമ്മിട്ട് ഫോൺ തിരികെ വാങ്ങി. “ഇങ്ങേർക്ക് ഈ വയസ്സ്കാലത്ത് എന്തിനാണാവോ ഈ ഫോണൊക്കെ”.. വാസുവേട്ടന്റെ മോൻ അടുത്തുള്ളയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
പോകും വഴി സുരേന്ദ്രൻ ഫോട്ടോ എടുക്കാനും ഫോൺ വിളിക്കാനുമൊക്കെ ചെട്ടിയാരെ പഠിപ്പിച്ചു. വീട്ടിലെത്തിയ ചെട്ടിയാരും ചെട്ടിച്ചിയാരും കൂടി ഫോട്ടോയെടുത്തു കളിയോട് കളി.

ചെട്ടിയാരുടെ കറപ്പിടിച്ച പല്ലുകൾ കാട്ടി ഇളിച്ചുള്ള സെൽഫികൾ ഫോണിൽ ആദ്യം സ്ഥാനം പിടിച്ചു.പപ്പട കെട്ടുകൾ,വീട്ടിലെ കോഴികൾ, ആട്, പശു എന്നു വേണ്ട തൊടിയിലെ മാങ്ങയും കപ്പയും വരെ ചെട്ടിയാരുടെ ഫോണിൽ നിറഞ്ഞു. ചെട്ടിയാർ ചിരിച്ചു. മനസ്സ് നിറഞ്ഞു. ഭവാനി ചെട്ടിച്ചിയാർ “ഇതിയാന് പിരാന്തായോ” എന്നോർത്ത് മൂക്കത്തു വിരൽ വെച്ചു. അയൽ വക്കത്തുള്ളവർ അസൂയയും കുശുമ്പും നിറഞ്ഞ നോട്ടം നോക്കി. ചിലരൊക്കെ “ആ സാധനം താഴേ വീണു പൊട്ടേണമേ” എന്ന് അകമേ പ്രാർത്ഥിച്ചു.

ചെട്ടിയാർക്ക് ഫോൺ കിട്ടിയതറിഞ്ഞു പട്ടണത്തിലെ ഒരു യോഗ്യനുമായി ഒളിച്ചോടിയ മകൾ രണ്ടു കിലോ കോഴിയിറച്ചിയുമായി പാഞ്ഞെത്തി.

“”അച്ഛാ.. അച്ഛൻ വല്ലാതെ ക്ഷീണിച്ചു ട്ടോ””.മകൾ ചെട്ടിയാരുടെ അടുത്ത് വന്നിരുന്നു പറഞ്ഞു. ചെട്ടിയാർ അവളെ ഒന്നു നോക്കി. പിന്നെ ഒന്നും മിണ്ടാതെ ഫോണിൽ വെറുതേ തോണ്ടി കൊണ്ടിരുന്നു “അമ്മേ.. ആ കോഴി നല്ല മുളകിട്ടങ്ങു വറുക്കണേ””… മകൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“”ഇയ്യ് ഇങ്ങോട്ട് വന്നിട്ട് കൊറേ ആയല്ലോ ഇപ്പൊ എന്ത്യേ പോന്നത്. സ്ഥലം ഭാഗം വെക്കാനാണെങ്കി പറയണ്ട. ഒരു തരി മണ്ണ് അനക്കിവിടെ ഇല്ല””.. ചെട്ടിയാർ ഫോണിൽ നിന്ന് കണ്ണെടുക്കാതെ അല്പം ദേഷ്യത്തോടെ പറഞ്ഞു.

“”അയ്യോ അച്ഛന്റെ കെറുവ് ഇനീം മാറിയില്ലേ.. ഞാൻ അതിനൊന്നും വന്നതല്ല എന്റെ പൊന്നച്ഛ… എന്റെ ഫോൺ നോക്ക്. വീണു ആകെ ചില്ലൊക്കെ പൊട്ടി മാറാല കൂട് പോലായി””.. മകൾ സങ്കടത്തോടെ പറഞ്ഞു ചെട്ടിയാരെ ഇടങ്കണ്ണിട്ട് നോക്കി.

“”അയിന്?””. ചെട്ടിയാർ അവളെ ഏതോ സംശയത്തോടെ നോക്കി.
“”അച്ഛനെന്തിനാ ഈ നല്ല സ്മാർട്ട്‌ ഫോണൊക്കെ.. അത്… അതെനിക്ക് തന്നിട്ട് അച്ഛൻ ഈ ഫോണെടുത്തോ””.. മകൾ ചിരിച്ചു കൊണ്ട് ഫോൺ നീട്ടി.

ഇത് കേട്ട ചെട്ടിയാർക്ക് ദേഷ്യം കാലിൽ നിന്ന് ഇരച്ചു കയറി.. മകളെ രൂക്ഷമായി കണ്ണ് തുറിപ്പിച്ചു നോക്കി.

“”നീച്ച് പോടി പട്ടിച്ചി അവിടുന്ന്. ഇയ്യ് എന്ന് വന്നതാ ഇങ്ങട്ട്.. ഒരു യോഗ്യൻ കൊണാണ്ടറെ കെട്ട്യോനായി കിട്ടീപ്പോ ഈ വയസ്സായ തന്തനേം തള്ളനേം ഇട്ടിട്ട് പോയതല്ലേ.. എന്നിട്ടിപ്പോ വന്നിരിക്കുന്നു ഫോൺ വാങ്ങാൻ. നാണോം മാനോം അവുസാന്യോം ണ്ടോ അനക്ക്””. ചെട്ടിയാർ തൊള്ള പൊളിച്ചലറി.

മകൾ ഞെട്ടി വിറച്ചു. കണ്ണുകൾ നിറഞ്ഞു. അവൾ വേഗം എഴുന്നേറ്റു നടന്നു..””എടീ ഈ കോഴി പൊരിച്ചതും ചോറും തിന്നിട്ട് പോടീ””.. ഭവാനി ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു.””വേണ്ട. നിങ്ങൾ രണ്ടാളും കൂടി ഇരുന്നു വിഴുങ്ങിക്കോ””.. മകൾ പറയുന്നത് കേട്ട് ചെട്ടിയാർ ഫോണിൽ നിന്ന് കണ്ണെടുക്കാതെ ഊറി ചിരിച്ചു.

ചെട്ടിയാര് വൈകുന്നേരം ഫോണും കൊണ്ട് സുരേന്ദ്രന്റെ കടയിലെത്തി.. “”എങ്ങനെണ്ട് ചെട്ടിയാരെ ഫോൺ?””. സുരേന്ദ്രൻ ചോദിച്ചു.. “”ഫോണൊക്കെ സൂപ്പറാ””..

“”ചെട്ടിയാരെ നമുക്കിതിൽ പല സംഗതികളും കാണാട്ടോ. പെണ്ണുങ്ങളുടെ വീഡിയോ ഒക്കെ.. ചെട്ടിയാർക്ക് മനസ്സിലായോ?””.. സുരേന്ദ്രന്റെ വഷളൻ ചിരിയിൽ നിന്ന്‌ ചെട്ടിയാർക്ക് കാര്യം മനസ്സിലായി.

“”അതോ… അത് ന്റെ നല്ല പ്രായത്തിൽ ഞാൻ സംഗം തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട്. തലേ കൂടി മുണ്ടൊക്കെ ഇട്ടിട്ട്. രാത്രി സെക്കന്റ് ഷോക്ക്””. ചെട്ടിയാർ മനസ്സിനെ പുറകോട്ട് പായിച്ചു ഒരേ വഷളൻ ചിരിയോടെ പറഞ്ഞു.

“”അയ്യോ എന്റെ ചെട്ടിയാരെ ഇത് അങ്ങനെയല്ല””. സുരേന്ദ്രൻ ചെട്ടിയാരുടെ അടുത്തേക്ക് നീങ്ങിയിരുന്നു.””തുണി തീരെ ഉണ്ടാവില്ല.. സായിപ്പും മദാമ്മയും കൂടി കാട്ടിക്കൂട്ടുന്നത്..എന്റെ ചെട്ടിയാരെ എനിക്ക് പറയാൻ വയ്യ..ഞാൻ വേണങ്കിൽ കാണിച്ചു തരാം. ആ ഫോണിങ്ങ് തന്നേ””…

ചെട്ടിയാർ അല്പം നാണം കുണുങ്ങി മടിയോടെ ഫോൺ നീട്ടി.ചെട്ടിയാർ എല്ലാം മനസ്സിലാക്കി വീട്ടിൽ പോയി. രാത്രി ഭവാനി ചെട്ടിച്ചിയാർ ഉറങ്ങും വരെ കാത്തു തിരിഞ്ഞും മറിഞ്ഞും കിടന്നു.ഭാര്യയുടെ സ്വതസിദ്ധമായ കൂർക്കം വലി കേട്ടപ്പോൾ സുരേന്ദ്രൻ പറഞ്ഞത് പോലെ ഫോണിൽ സൈറ്റ് തുറന്നു നോക്കി..

ചെട്ടിയാരുടെ കണ്ണ് തുറിച്ചു.. “ന്റമ്മോ.. എന്തൊക്കെയാ ഞാനീ കാണുന്നേ. ഒരു ഫോൺ എന്നേ വാങ്ങേണ്ടതായിരുന്നു. ചേയ്”.. ചെട്ടിയാർ ഉള്ളിൽ മന്ത്രിച്ചു. നാവ് വരണ്ടുണങ്ങി. സീനുകൾ മാറുന്നതിനനുസരിച്ചു ചെട്ടിയാരുടെ നെഞ്ചിടിപ്പ് കൂടി.കൈകൾ വിറച്ചു. ശ്വാസം വലിച്ചു വിട്ടു.

വേറെയും എന്തൊക്കെയോ രാസമാറ്റങ്ങൾ ശരീരത്തിൽ വന്നപ്പോൾ ചെട്ടിയാർ തിരിഞ്ഞു ഭവാനിയെ നോക്കി.. അവർ കൂർക്കം വലിച്ചു മലർന്നു കിടക്കുന്നു..””ശവം””.. ചെട്ടിയാർ പതുക്കെ പറഞ്ഞു.
പിറ്റേന്ന് രാവിലെ വീണ്ടും ചെട്ടിയാർ തന്റെ മാഷ് സുരേന്ദ്രന്റെ അടുത്ത് പോയി. വിസ്തരിച്ചൊന്നു മുറുക്കി തുപ്പി ചെട്ടിയാർ വെളുക്കെ ചിരിച്ചു. ആ ചിരിയുടെ അർത്ഥം മനസ്സിലായ സുരേന്ദ്രൻ തലയാട്ടി. ചെട്ടിയാർ നാണിച്ചു കണ്ണിറുക്കി.

“”ചെട്ടിയാരെ.. ഫേസ് ബുക്ക്‌ എന്നൊരു സംഗതിയുണ്ട്. നമുക്ക് ലോകത്തുള്ള എല്ലാരേം കാണാം. വർത്താനം പറയാം.നോക്കണോ?””… സുരേന്ദ്രൻ ചോദിച്ചു.

””ആ… അങ്ങനേം ഒരു കുന്ത്രാണ്ടം ഇണ്ടോ.. എന്നാ അതൊന്ന് ശരിയാക്കി തന്നേ. ഞാനും ഒന്നു നോക്കട്ടെ””.. ചെട്ടിയാർ കൗതുകത്തോടെ ഫോൺ കൊടുത്തു..

ഫേസ്ബുക്കെടുത്ത ചെട്ടിയാർ വീട്ടിലെത്തി. പഴയ പെട്ടി തുറന്നു തന്റെ നല്ല കാലത്തെ ഫോട്ടോ എടുത്തു പ്രൊഫൈൽ പിക്ചർ ആക്കി.. ചെട്ടിയാർ കുത്തിയിരുന്നു പഠിപ്പ് തുടർന്നു. മലയാളം എഴുതാൻ പഠിച്ചു.തരുണീ മണികളെ കണ്ട ചെട്ടിയാരുടെ നെഞ്ചിടിച്ചു. അവരെ എല്ലാം ഫ്രണ്ടാക്കി.

ഒരു മൂലക്ക് ചടഞ്ഞിരുന്നു ചാറ്റിങ്ങും മറ്റുമായി ഒതുങ്ങി കൂടി. പപ്പടം ഉണ്ടാക്കാൻ ചെട്ടിച്ചിയാർ ഒറ്റക്കായി.”ഇങ്ങേർക്കീ വയസ്സ് കാലത്ത് എന്തിന്റെ കേടാ”എന്നവർ പിറുപിറുത്തു. ചെട്ടിയാർ ആകെ പൂത്തുലഞ്ഞു. ഉള്ളം കുളിർത്തു. ഉൾ പുളകങ്ങൾ വിരിഞ്ഞു പൊട്ടി.ചെട്ടിയാർ കുഴി മടിയനായി.

“ചെട്ടിയാരെ ഇപ്പൊ അങ്ങാടിയിലേക്കൊന്നും കാണാനില്ലല്ലോ” എന്നൊരു സംസാരം നാട്ടിൽ ഉടലെത്തു. അത് പറഞ്ഞവർ തന്നെ “ആ തന്തക്കൊരു ഫോൺ കിട്ടി. അതിന്മേൽ മല്ലികെട്ടുന്നുണ്ടാവും.

പാവം ഭവാനി ചേച്ചി” എന്നുള്ള ഉത്തരവും സ്വയം പറഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ ചെട്ടിയാർ ചാറ്റിങ് തുടർന്നു.ചെട്ടിയാർക്കൊത്ത നാൽപത്കാരിയൊരു പെണ്ണൊരുത്തി മറുവശത്തു ഒരിക്കൽ സ്ഥാനം പിടിച്ചു. തേനും പാലും ഒഴുകി. ഇല്ലാ പ്രണയം സ്ഥാനം പിടിച്ചു. ചെട്ടിയാർ വീണ്ടും പൂത്തുലഞ്ഞു. ഉള്ളിൽ എന്തൊക്കെയോ രസ കുടുക്കകൾ വീണുടഞ്ഞു. ചെട്ടിയാർ വീണ്ടും ആ പഴയ ഇരുപത്തഞ്ചുകാരനിലേക്ക് മനസ്സിനെ കൊണ്ട് പോയി. ശരീരം ഒപ്പം ഓടിയെത്താൻ നന്നേ ബുദ്ധിമുട്ടി.

പാവം ചെട്ടിച്ചിയാർ..ആകെ വിഷമത്തിലായി. ഈ ഫോണിൽ കുത്തിയിരിപ്പ് ചോദിക്കാൻ ചെന്നപ്പോഴൊക്കെ അടിക്കാൻ കയ്യോങ്ങി. പിന്നേം ചെന്നപ്പോ കരണകുറ്റി നോക്കി ചെട്ടിയാർ ഒന്നു പൊട്ടിച്ചു.. “അയ്യോ.. പൊത്തോന്നും..

ഈ തന്ത എന്നെ കൊല്ലുന്നേ എന്നും ഇതിയാന് ഭ്രാന്താണേ” എന്നും നിലവിളിച്ചു. പിന്നെ ഉപദേശിക്കാൻ ഒന്നും പോവാണ്ട് മിസ്സിസ് ചെട്ടിച്ചിയാർ അടങ്ങി ഒതുങ്ങി പപ്പടമുണ്ടാക്കി കൊണ്ട് പോയി വിറ്റു. ചെട്ടിയാർ തന്തക്ക് നേരത്തും കാലത്തും വെച്ചുണ്ടാക്കി തിന്നാൻ കൊടുത്തു. ചെട്ടിയാർ ഫോണിൽ ഒതുങ്ങിയപ്പൊ ചെട്ടിച്ചിയാരുടെ ഊര വേദനയും എങ്ങോട്ടോ പോയി പമ്പ കടന്നു. “അമ്പടി കള്ളീ”.. ചെട്ടിയാർ ഉള്ളിൽ പറഞ്ഞു..

ദിവസങ്ങൾ കടന്നു പോയി. ചെട്ടിയാരും ഫോണും മല്ലിക്കെട്ട് തുടർന്നു.””ചെട്ടിയാർ തൂറാൻ പോവുമ്പോഴും ഫോണും കൊണ്ടാ പോവുന്നേ എന്നാ ഭവാനി ചേച്ചി പറയുന്നത്””. “”ഈ വയസ്സ് കാലത്ത് അങ്ങേരുടെ ഞരമ്പ് കൊളുത്തി പിടിക്കുമോ ആവോ””.അടിവാരത്തെ യുവാക്കൾ അടക്കം പറഞ്ഞു ചിരിച്ചു.

വല്ലപ്പോഴും പുറത്തേയ്ക്കിറങ്ങുന്ന ചെട്ടിയാർ ഒരു ദിവസം യുവ സുഹൃത്ത് സുരേന്ദ്രന്റെ കടയിൽ ഒന്നു കയറി. ഒരു പൊതി മുറുക്കാൻ വാങ്ങി.

“”എന്താ ചെട്ടിയാരെ ഫോണിൽ നിന്ന് ഇറങ്ങാറില്ലേ. ഇങ്ങോട്ടൊന്നും കാണാനില്ല””.. സുരേന്ദ്രൻ ചോദിച്ചു.

“”കമ്പം തീരുന്നില്ലടോ.. നല്ല രസല്ലേ. ഇയ്യ് ഇണ്ടാക്കി തന്ന ആ ബുക്ക്.. എടാ.. ഇയ്യ് ആരോടും പറയൂലെങ്കി ഒരു കാര്യം കാണിച്ചേരാം””. ചെട്ടിയാരുടെ മുഖത്ത് നാണം..
“”നിങ്ങളുടെ എന്തേലും രഹസ്യം ഞാൻ പുറത്ത് പറഞ്ഞിട്ടുണ്ടോ.. ഇല്ലല്ലോ.. നിങ്ങള് കാര്യം പറ””…

“”ദാ.. നോക്ക്””.. ചെട്ടിയാർ നാല് പാടും നോക്കി ഫോൺ സുരേന്ദ്രനെ കാണിച്ചു.
അമ്പമ്പോ… സുരേന്ദ്രൻ ഞെട്ടി.. നല്ല ലക്ഷണമൊത്ത ഒരു പെണ്ണുമ്പിള്ള അരക്ക് മേലെ തുണിയില്ലാതെ നിൽക്കുന്നു.സുരേന്ദ്രന്റെ പിളർന്ന വായ അടക്കാൻ കുറച്ചു സമയമെടുത്തു.
“” ചെട്ടിയാരെ.. മാണിക്ക്യൻ ചെട്ടിയാരെ.. നിങ്ങൾ കൊള്ളാലോ. എങ്ങനെ ഒപ്പിച്ചു””.. സുരേന്ദ്രൻ വായിൽ വെള്ളമൂറിയത് കുടിച്ചിറക്കി കൊണ്ട് ചോദിച്ചു.

“”അതൊക്കെണ്ടടാ സുരേ… എനിക്കറിയേണ്ടത് അതല്ല.. ഇവള് വീഡിയോ കാൾ വേണോന്ന് ചോദിക്കുന്നു. പൈസ കൊടുക്കണംത്രെ. ഇക്കാണെങ്കി ബാങ്ക് അക്കൗണ്ടും തേങ്ങടെ മൂടും ഒന്നൂല്ല.അതിന് ന്താ ചെയ്യാ?””. ചെട്ടിയാർ ചോദിച്ചു. “”അത് വേണോ ചെട്ടിയാരെ””..

“”വേണം..ഇതൊക്കൊരു രസല്ലേ.. ഇയ്യ് പറ എന്താ ചെയ്യാ””. ചെട്ടിയാര് ചോദിച്ചു.
സുരേന്ദ്രൻ ഫോൺ വാങ്ങി. പിന്നെ സ്വന്തം ഫോൺ കയ്യിലെടുത്തു എന്തൊക്കെയോ ചെയ്യുന്നത് ചെട്ടിയാർ വായും പൊളിച്ചു നോക്കി നിന്നു. കുറച്ചു കഴിഞ്ഞു ചെട്ടിയാരുടെ ഫോൺ തിരികെ കൊടുത്തു.

“”ചെട്ടിയാരെ….അവൾ പറഞ്ഞ അക്കൗണ്ടിലേക്ക് ആയിരം രൂപ എന്റെ അക്കൗണ്ടിൽ നിന്നും ഞാൻ ഇട്ടിട്ടുണ്ട്. ആദ്യം ആ കാശ് ഇങ്ങു തന്നെ””. സുരേന്ദ്രൻ പറഞ്ഞു.
“”അങ്ങനൊക്കെ പറ്റോ ഈ കുന്ത്രാണ്ടം കൊണ്ട്. ഇതൊരു വല്ലാത്തൊരു സാധനം തന്നെ ഇത്””.. ചെട്ടിയാർ രണ്ട് അഞ്ഞൂറിന്റെ പുത്തൻ നോട്ടുകൾ നീട്ടി കൊണ്ട് പറഞ്ഞു.

“”അവള് ഉച്ചക്ക് രണ്ട് മണിക്ക് വിളിക്കുന്ന് ഇപ്പോ പറഞ്ഞു.നിങ്ങൾ ചേച്ചി അറിയാതെ കൈകാര്യം ചെയ്യണേ. അവരറിഞ്ഞാൽ വീട്ടിൽ അയ്യപ്പൻ വിളക്ക് ഉണ്ടാക്കും””.. സുരേന്ദ്രൻ പറഞ്ഞു.
“”അയിന് ഓള്ക്ക് വല്ല വിവരോണ്ടോ. പപ്പടണ്ടാക്കണം തിന്നണം ഒറങ്ങണം എന്നല്ലാതെ..അതൊക്കെ ഞാൻ നോക്കിക്കോളാ””.. ചെട്ടിയാർ സന്തോഷത്തോടെ ഓട്ടോ വലിച്ചു വിട്ടു.

വീട്ടിലെത്തിയ ചെട്ടിയാർ ചെട്ടിച്ചിയാരെ കണ്ടില്ല. അകത്ത് പപ്പട കെട്ടുകളും കണ്ടില്ല. അവര് പപ്പടം കൊണ്ടു കൊടുക്കാൻ പോയി എന്നും ഇനി മൂന്ന് മണിക്കേ വരൂ എന്നും ചെട്ടിയാർക്ക് മനസ്സിലായി. നിലത്തു കിടന്നൊരു പപ്പട പാക്കറ്റ് ചെട്ടിയാർ വെറുതേ എടുത്തു നോക്കി. കുറേ ആയല്ലോ കൈ കൊണ്ട് തൊട്ടിട്ട്. ഉള്ളിൽ ഒട്ടിച്ച സ്റ്റിക്കർ കണ്ട് ചെട്ടിയാർ ഞെട്ടി.””മാണിക്ക്യൻ ചെട്ടിയാർ പപ്പടം” എന്നത്. “ഭവാനി പപ്പടം”എന്നും. പ്രൊപൈറ്റർ “മാണിക്ക്യൻ” എന്നത് “ഭവാനി” എന്നും ആക്കിയിരിക്കുന്നു.

“”അമ്പടി കേമീ..പെമ്പിറന്നോളേ. ഇയ്യ് ആള് കൊള്ളാലോ””.. അയാൾ അകമേ പറഞ്ഞു ചിരിച്ചു. “ശരിയാ.. ഇപ്പൊ അവളല്ലേ എല്ലാം നോക്കുന്നത്. ഭവാനി പപ്പടമെങ്കിൽ ഭവാനി പപ്പടം”..

ചെട്ടിയാർക്കിപ്പോ അതൊന്നും പ്രശ്നമില്ല. വേഗമൊന്ന് രണ്ട് മണി ആയി കിട്ടിയാൽ മതി.. ചെട്ടിയാർ തല ചൊറിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടന്നു. രണ്ട് മണി ആയപ്പോൾ ചെട്ടിയാർ ചുറ്റും നോക്കി കുളിമുറിയിൽ കയറി.

കൃത്യം രണ്ട് മണിക്ക് ആ പെണ്ണൊരുത്തി വീഡിയോ കാൾ വിളിച്ചു. കണ്ട് ചെട്ടിയാരുടെ കണ്ണ് തള്ളി. പന്തം കണ്ട പെരുച്ചാഴിയെ പോലെ അയാൾ നോക്കി വെള്ളമിറക്കി. അവൾ തിരിഞ്ഞും മറിഞ്ഞും നിന്നു കാണിച്ചു. ചെട്ടിയാരുടെ ചോരയോട്ടം കൂടി. ആകെ പുളകിതനായി രോമാഞ്ചം കൊണ്ടു നിൽക്കവേ അവൾ അടക്കി പിടിച്ചു സംസാരിച്ചു. ചെട്ടിയാരും ശ്രിങ്കാരം തുടങ്ങി. അടക്കി പിടിച്ച മൊഴിമുത്തുകൾ തലങ്ങും വിലങ്ങും വീണുരുളവേ ഇടയ്ക്കവൾ മൊഴിഞ്ഞു.

“”നിങ്ങളും കുപ്പായം ഊരണം””… ചെട്ടിയാർ ഒന്നും നോക്കിയില്ല. ആവേശം മൂത്തു അതങ്ങു ചെയ്തു.. ഇതൊന്നുമറിയാതെ ഭവാനി ബാക്കി വന്ന പപ്പട സഞ്ചിയുമായി വീട്ടിലെത്തി. മുറ്റത്തു ഓട്ടോറിക്ഷ കണ്ട ഭവാനിക്ക് കെട്ട്യോൻ വന്നെന്ന് മനസ്സിലായി.

വീട്ടിലേക്ക് കയറിയ അവർ ചെട്ടിയാരെ കണ്ടില്ല. എല്ലായിടത്തും നോക്കി. “”ഇങ്ങേരിത് എവിടെ പോയി””. എന്നും മൊഴിഞ്ഞു വീടിന്റെ പുറകിലേക്ക് നടക്കവേ പഴയ തകര വാതിൽ വെച്ച കുളിമുറിയിൽ നിന്നും ചെട്ടിയാരുടെ അടക്കി പിടിച്ച പഞ്ചാര വാക്കുകൾ കേട്ടു.

അവർ ഒച്ചയുണ്ടാക്കാതെ പോയി നിന്ന് ചെവിയോർത്തു. സംസാരം കേട്ട ചെട്ടിച്ചിയാരുടെ തൊലിയുരിഞ്ഞു താഴെ വീണു. അവർ ദേഷ്യത്തോടെ ആ തകര വാതിലിൽ ഒറ്റ വലി. വീഡിയോ കാളിൽ മുൻപരിചയം ഇല്ലാതിരുന്ന ഭവാനി കരുതിയത് വേറെ ഏതോ പെണ്ണിനെ ചെട്ടിയാർ വിളിച്ചു കുളിമുറിയിൽ കയറ്റി എന്നതാണ്. വാതിൽ കുറ്റി സഹിതം പൊളിഞ്ഞു വീണപ്പോൾ ദാ നിൽക്കുന്നു തന്റെ കെട്ട്യോൻ പിറന്ന പടി. ഞെട്ടി വിറച്ച് തിരിഞ്ഞു നോക്കിയ ചെട്ടിയാർ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കവേ ഫോൺ താഴെ വീണു.

ഭവാനി വേഗം ഫോൺ എടുത്തു നോക്കി.. ദാ.. പിറന്ന പടി നൂൽബന്ധമില്ലാതെ നല്ല മുഴുത്തൊരു പെണ്ണ്. ആ അവസരത്തിൽ ചെട്ടിയാർ മുണ്ട് എടുത്തു വാരി കുത്തി. ഭവാനിയെ കണ്ട അങ്ങേ തലക്കലെ പെണ്ണ് പെട്ടെന്ന് അപ്രത്യക്ഷമായി. “”ന്റെ കെട്ട്യോൻ പിഴച്ചു പോയി…

അയ്യോ… ഞാനിത് എങ്ങനെ സഹിക്കും. ഇങ്ങേരിങ്ങനെ ഒരു പുളുന്താൻ തന്ത ആയിരുന്നോ…ങ്ങീ.. ങ്ങീ.. എനിക്ക് വയ്യേ””.എന്നിങ്ങനെ ഭവാനി അലറി കരഞ്ഞു നിൽക്കെ ചെട്ടിയാർ ഫോണും തട്ടിപ്പറിച്ചോടി. ഓട്ടത്തിനിടയിൽ അഴലിൽ കിടന്ന ഷർട്ടും എടുത്തിട്ടു. ഓട്ടോയിൽ കയറി കുന്നിറങ്ങി പാഞ്ഞു. പുറകിൽ ഭവാനി കാറുന്നത് ചെട്ടിയാർ കേട്ടു.കവലയിൽ നിർത്താതെ ചെട്ടിയാരും ഓട്ടോയും പായുന്നത് കണ്ട് സുരേന്ദ്രൻ വാ പൊളിച്ചു നോക്കി.

ടൗണിലെ വാസുവേട്ടന്റെ മോന്റെ കടയിലേക്ക് ചെട്ടിയാർ മിനിറ്റുകൾക്കുള്ളിൽ എത്തി. “”മോനെ.. ഇക്കീ പണ്ടാര ഫോൺ വേണ്ട.. ഇയ്യ് അന്ന് പറഞ്ഞ പോലെ ചെറിയൊരു സ്വിച്ചുള്ള ഫോണും ആ പയിനായിരം രൂപയും ഇങ്ങട് തന്നിട്ട് ഇയ്യ് ഇത് എടുത്തോ””. ചെട്ടിയാർ പേടിയോടെ കിതച്ചു കൊണ്ടു പറഞ്ഞു. ചെട്ടിയാരുടെ വേവലാതി കണ്ട വാസുവേട്ടന്റെ മോൻ ആകെ അമ്പരന്നു.

“”ചെട്ടിയാരെ… അന്നാണെങ്കിൽ പതിനായിരം കിട്ടിയേനെ. ഇതിപ്പോ മാസം കുറേ ആയില്ലേ. പഴയതായി. ഇനിയിപ്പോ ഒരു അയ്യായിരം രൂപയും ഒരു പഴയ സ്വിച്ച് ഫോണും തരാം. പറ്റുമോ?””.. അവൻ പറഞ്ഞു.

“”അതേങ്കി അത്.. ഇയ്യ് ഈ ഒലക്കടെ മൂട് ഒന്ന് തടിമ്മന്നു ഒഴിവാക്കി താ.ഇക്കിതൊന്നും നടക്കൂല. വണ്ടീം വലീം””.. ചെട്ടിയാരുടെ കിതപ്പ് അപ്പോഴും മാറിയില്ല. അയാളുടെ ഉണ്ട കണ്ണുകൾ വല്ലാതെ പേടിച്ചു തുറിച്ചിരുന്നു.

ആവലാതി പൂണ്ട ചെട്ടിയാർ വീട്ടിലെത്തി. ചെട്ടിച്ചിയാർ അപ്പോഴും മോങ്ങി കൊണ്ടിരുന്നു. എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്. അയാൾ പതുക്കെ അടുത്തു കൂടി..

””എടീ… ഇക്കൊരു അബദ്ധം പറ്റിയതാ..ഇയ്യ് ക്ഷമിക്ക്.ആ സുരേന്ദ്രൻ നായ പറ്റിച്ചതാ. കണ്ടോ ഞാനാ പണ്ടാരം വിറ്റു. ഇക്കിനി ഫോണും വേണ്ട ഒരു ഒലക്ക പിണ്ണാക്കും വേണ്ട””.. ചെട്ടിയാർ കരഞ്ഞു പറഞ്ഞു.

“”ന്നാലും ന്റെ മനുഷ്യാ നിങ്ങള്.. എന്നോടീ കൊല ചതി ചെയ്തല്ലോ. വഴക്കും വക്കാണോം ഇണ്ടാക്കിയാലും നിങ്ങൾ എനിക്ക് പൊന്നല്ലായിരുന്നോ””. ചെട്ടിച്ചിയാർ തേങ്ങി മറിഞ്ഞു.

“”പണ്ട് ഞാൻ പപ്പടവും കൊണ്ട് പോവുമ്പോൾ ഇങ്ങള് പിന്നാലെ വന്നു അരക്കെട്ട് അയഞ്ഞതാണോ മുറുകിയതാണോ എന്ന് ചോദിച്ചില്ലേ. ആ വൃത്തികെട്ട സ്വഭാവം പിന്നെ എന്നെ പ്രേമിച്ചു കെട്ടിയപ്പോൾ നിങ്ങൾ നിർത്തി എന്നാണ് ഞാൻ കരുതിയത്””.ചെട്ടിച്ചിയാർ കഴിഞ്ഞ കാര്യങ്ങൾ ഓർത്തു നിലവിളി കൂടി കരഞ്ഞു.

“”അത് ഞാൻ പപ്പടക്കെട്ടിന്റെ കാര്യല്ലേ അന്ന് പറഞ്ഞത്.. എന്നിട്ട് ഇയ്യ് ന്റെ മുഖത്തടിച്ചില്ലേ അന്ന്. അത് പോലെ ഒന്നുങ്കൂടി അടിച്ചോ.. ഞാൻ നന്നാവും.. അറിയോ.. ഇയ്യ് ഒറ്റക്കാവും എന്നു കരുതിയിട്ടാ ഞാൻ തൂങ്ങി ചാവാത്തത്. അത്രക്ക് ദണ്ണണ്ട് ഇക്ക് “”.. ചെട്ടിയാരും വിതുമ്പി കൊണ്ട് പറഞ്ഞു.

“അങ്ങനൊന്നും പറയല്ലേ ന്റെ പൊന്നാര തന്തേ””.ചെട്ടിച്ചിയാർ കരഞ്ഞു. ഇരുവരും കുറേ നേരം കെട്ടിപിടിച്ചു കരഞ്ഞു. കരച്ചിലിനൊടുവിൽ ചെട്ടിച്ചിയാർ എല്ലാം പൊറുത്തു ചിരിച്ചു. ചെട്ടിയാരും എല്ലാം മറന്നു ഉമ്മ വെച്ചു.

സുരേന്ദ്രനും ചെട്ടിയാരും പിന്നെ കണ്ടാൽ മിണ്ടാതായി. സുരേന്ദ്രന് അതിന്റെ കാര്യം മനസ്സിലായില്ല..അങ്ങനെയിരിക്കെ ചെട്ടിയാരുടെ പ്രമാദമായ വീഡിയോ കാൾ വീഡിയോ ആ പെണ്ണുമ്പിള്ള പുറത്ത് വിട്ടു. നാട്ടിലെ യുവതീ യുവാക്കൾ എല്ലാരും ശ്വാസമടക്കി പിടിച്ചു വീഡിയോ കണ്ടു.””അങ്ങേര് വൈറലായി..എന്നാലും ഈ ചെട്ടിയാർ…..”” നാട്ടുകാർ പറഞ്ഞു ചിരിച്ചു.

ഫോണില്ലാത്തോണ്ട് വിവരം അറിയാതിരുന്ന ചെട്ടിയാരുടെ വീട്ടിൽ പോയി സുരേന്ദ്രൻ കാര്യം പറഞ്ഞു.””ഇയ്യ് പോ നായേ””എന്നും പറഞ്ഞു ചെട്ടിയാർ കലി സുരേന്ദ്രനോട് തീർത്തു.””അങ്ങാടീ തോറ്റതിന് അമ്മയോടോ.. ഓരോന്ന് കാട്ടി കൂട്ടിയിട്ട് എന്നെ തല്ലാൻ വരുന്നോ പുഴുങ്ങിയ പുളുന്താൻ തന്തേ”” സുരേന്ദ്രനും മടങ്ങും വഴി വിളിച്ചു പറഞ്ഞു. “”ന്റെ കെട്ട്യോന്റെ എല്ലാം നാട്ടാര് കണ്ടേ””. എന്നും പറഞ്ഞു ഭവാനിയും അലമുറയിട്ടു.

പട്ടണത്തിലെ മകൾ വിവരമറിഞ്ഞു കലി തുള്ളി ഇൻക്വിലാബും വിളിച്ചു പറന്നെത്തി.
“”മനുഷ്യന്റെ തൊലിയുരിഞ്ഞിട്ട് പാടില്ല. ഏട്ടനോട് പറഞ്ഞു ന്യായീകരിച്ചു മടുത്തു. നിങ്ങളെ മോന്ത എന്തിനാ മനുഷ്യാ കാണിച്ചത്.. അയ്യേ… ഛെ.. ഛെ.. ഛെ.. എന്തൊരു നാണക്കേട്. ഏട്ടൻ എന്റെ തൊലിയുരിച്ചിട്ട് പാഞ്ഞു പോന്നതാ ഞാൻ””.. മകൾ കാറി കൂവി.

ചെട്ടിയാരും ഭാര്യയും പരസ്പരം നോക്കി. ചെട്ടിയാർ ഒരു പുളിച്ച ചിരിയുമായി ഭാര്യയെയും മോളെയും നോക്കി. പിന്നെ തല കുനിച്ചു മര്യാദ രാമനെ പോലെ നിന്നു. മനസ്സിൽ ആ നിമിഷത്തെ പിരാകി കൊണ്ടിരുന്നു.

“”സാരല്ല അച്ഛാ…ഏട്ടന് പോലീസിലൊക്കെ നല്ല പിടിപാടുണ്ട്. അതിയാൻ വിചാരിച്ചാൽ ആ വീഡിയോ ഒഴിവാക്കാൻ പറ്റും. പക്ഷെ… അതിയാൻ വിചാരിക്കണമെങ്കിൽ ഒരു കാര്യമുണ്ടെന്ന് പറയാൻ പറഞ്ഞു””.. മകള് ഒരു ചിരിയോടെ പറഞ്ഞു നിർത്തി ചെട്ടിയാരെ നോക്കി.

ചെട്ടിയാർ പ്രതീക്ഷയോടെയും അതിലുപരി സന്ദേഹത്തോടെയും മകളെ നോക്കി. മകൾ അടുത്തു കൂടി ചെട്ടിയാരുടെ തോളിൽ കയ്യിട്ടു താടിയിൽ പിടിച്ചുഴിഞ്ഞു.

“”ഫോൺ അച്ഛൻ വിറ്റ സ്ഥിതിക്ക് അങ്ങേര് പറയുവാ.. ഒരു അമ്പത് സെന്റ് സ്ഥലം എന്റെ പേരിൽ എഴുതി തരാൻ. എന്നാൽ വേണ്ടത് ചെയ്യാമെന്ന്””. ഒരു വഷള് ചിരി മകളുടെ മുഖത്ത് വിരിഞ്ഞു. എന്തോ പറയാൻ ആഞ്ഞ ഭവാനിയെ ചെട്ടിയാർ തടഞ്ഞു.

ചെട്ടിയാർ ഗതികേട് കൊണ്ട് തലയാട്ടി.നിൽക്കകള്ളിയില്ലാതെ ചെട്ടിയാർ പിറ്റേന്ന് തന്നെ വിങ്ങുന്ന നെഞ്ചുമായി തന്നെ ധിക്കരിച്ചു ഒരു യോഗ്യന്റെ കൂടെ ഓടി പോയ മകൾക്ക് അമ്പത് സെന്റ് സ്ഥലം പേരിലാക്കി കൊടുത്തു. ആകെ തകർന്ന ചെട്ടിയാർ വീട്ടിലെത്തി.

നാട്ടിൽ ഇറങ്ങാൻ ഭയന്നു വീടിൽ ചുരുണ്ടു കൂടി.. നാളുകൾ കൊഴിയവേ ഒരു നാൾ ചെട്ടിച്ചിയാർ ചെട്ടിയാരോട് പറഞ്ഞു.

“”ഇങ്ങള് ഇങ്ങനെ ഇരിക്കല്ലേ.. പുറത്തിറങ്ങി നടക്കണം. ഒരു തെറ്റൊക്കെ ആർക്കും പറ്റും. ആരും ഇങ്ങളെ മനസ്സിലാക്കിയില്ലെങ്കിലും ഞാൻ ഇങ്ങൾക്ക് പൊറുത്തു തന്നില്ലേ.. ഇറങ്ങ്..

ആ പപ്പടക്കെട്ടുകൾ അങ്ങ് കൊണ്ടു പോയി കടകളിൽ കൊടുത്തേ.. ദാ.. ഒരു പയിനായിരം ഉറുപികണ്ട്. ഞാൻ മിച്ഛം വെച്ചുണ്ടാക്കിയതാ. പോവുമ്പോ ടൗണില് പോയി ഒരു ഫോണും വാങ്ങിക്കോ.തോണ്ടണത്””..

ചെട്ടിച്ചിയാർ കണ്ണ് നിറച്ചു കൊണ്ട് ചെട്ടിയാർക്ക് നേരെ പണം നീട്ടി ചെട്ടിയാർക്ക് മനസ്സ് നിറഞ്ഞ പോലെ തോന്നി. പുത്തനുണർവ് കിട്ടിയ പോലെ അയാൾ എണീറ്റു..””ഭവാനീ.. ഇക്കീ ചെറിയ ഫോൺ മതി..

എല്ലാത്തിനേക്കാളും വലുത് മനഃശാന്തിയാണെന്ന് ഇക്ക് മനസ്സിലായി. കൊറേ പേരെ മനസ്സിലാക്കാനും പറ്റി. ഇനി അന്റെ പേര് തന്നെ മതി പപ്പടത്തിനും ട്ടോ. അനക്കാണ് അയിന് യോഗ്യത””.. ചെട്ടിയാർ പപ്പട കെട്ടുകളുമായി ഓട്ടോയിൽ കയറി പാഞ്ഞു. ചെട്ടിച്ചിയാർ ചിരിച്ചു കൊണ്ട് ആ പോക്ക് നോക്കി നിന്നു.

Leave a Reply

Your email address will not be published.