രചന: സി കെ
തലചുറ്റൽ പതിവായപ്പോൾ കലി തുള്ളി അമ്മയെ ഡോക്ടറെ അടുത്തേക്ക് കൊണ്ടുപോയത് ഞാനാ….
എനിക്ക് മുകളിലുണ്ടായിരുന്ന ചേച്ചീടെ വിവാഹശേഷം വന്ന ബാധ്യതയിൽ അച്ഛന് കൈത്താങ്ങായി ജോലിക്കിറങ്ങിയതാ അമ്മ…
ആദ്യം പൊള്ളുന്ന വെയിലിനെ വകവെക്കാതെ പാടത്തു പണിയെടുത്തും ചുവടെടുത്തും കടങ്ങളൊക്കെ വീട്ടിയെടുക്കാൻ ഒന്നരവർഷം കാത്തിരിക്കേണ്ടിവന്നു…
അതിനിടയിൽ എന്റെ ഇഷ്ടങ്ങളെ തിരഞ്ഞു നേടിത്തരാനും അമ്മയുടെ ആഗ്രഹങ്ങളെ മാറ്റിനിർത്താനും ശ്രമിച്ചിരുന്ന കാര്യം ആരോർക്കാൻ….
ദേഷ്യപ്പെടുമ്പോൾ പൊള്ളുന്ന വെയിലിനെക്കാൾ വേദനയുണ്ട് അമ്മേടെ കുട്ടീന്റെ വാക്കിനെന്നു കണ്ണുനിറഞ്ഞാലും പുഞ്ചിരിച്ചുകൊണ്ട് ഓരോ തവണ പറയുമ്പോഴും തെല്ലൊന്നു മനസിലാക്കാൻ പോലും ശ്രമിക്കാതെ ഓരോ തവണയും എന്റെ തീരുമാനങ്ങളിൽ മാത്രം ഞാൻ ശരികണ്ടിരുന്നു…
പതിനഞ്ചു വർഷമായി അമ്മ പുറത്തു ജോലിക്കിറങ്ങുന്നു…ഇതുവരെ അമ്മയുടെ മുഖത്ത് ഇങ്ങനെയൊരു ക്ഷീണവും തളർച്ചയും ഞാൻ ശ്രദ്ദിച്ചിട്ടുണ്ടാവില്ല…
അല്ലങ്കിൽ അതിനായി ശ്രമിച്ചിട്ടുമുണ്ടാവില്ല….ആശുപത്രിയിലെത്തി ഡോക്ടറുടെ ചികിത്സയും കഴിഞ് കാര്യങ്ങൾ തിരക്കുന്നതിനിടക്ക് ഡോക്ടർ ചോദിച്ചൊരു ചോദ്യമുണ്ട്….
ഇത്രയേറെ പ്രഷർ ഹൈ ആവന്മാത്രം അമ്മക്കെന്ത തീർത്താൽ തീരാത്ത കടബാധ്യതയോ മറ്റോ ഉണ്ടോ…? ഇല്ല….
അതോ കല്യാണപ്രായാമെത്തിയ പെണ്കുട്ടികളുണ്ടോ….?എനിക്ക് ആകെ രണ്ടുമക്കളാ ഡോക്ടർ മൂത്തവളുടെ കല്യാണം കഴിഞ്ഞു.. ഇനിയുള്ളത് ഇവനാ ഡോക്ടർ ..ഈ പ്രായത്തിലുള്ള മക്കളൊക്കെ ഓരോ കരക്കെത്തി നിക്കാ….ഇവന് മാത്രം ഒരു ഉയർച്ചയുമില്ല…വിദേശത്ത് ജോലി കിട്ടി പോയതാ …എന്റെ കുട്ടി ആകെ പൊള്ളിയാ തിരിച്ചുവന്നത്….
മറ്റുള്ളവർക്കെല്ലാം ആരെങ്കിലുമായിട്ടു സഹായിക്കാനുണ്ട്…പക്ഷെ ന്റെ കാലം കഴിഞ്ഞാൽ എന്റെകുട്ടിക്ക് ആരുമില്ല…ആ ഒരു ചിന്ത മാത്രാണ് എന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം….ചിന്തിച്ചിട്ടു ഒരു എത്തും പിടിയും ഇല്ല ഡോക്ടർ…
അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട.. അവനും ഒരു നല്ല കാലം വരും ട്ടോ…അന്ന് അമ്മേടെ ടെൻഷൻ ഒക്കെ മാറ്റി ഇവൻ അമ്മയെ പൊന്നുപോലെ നോക്കിക്കോളും എന്ന് പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞപ്പോൾ ഞാനും കൂടെ ഒരു ചിരി പാസ്സാക്കി….
അമ്മ ചിരിക്കാറുള്ള അതേ ചിരി കണ്ണൊന്നു നിറഞ്ഞിട്ടുണ്ട്….എങ്കിലും എന്റെ ചുണ്ടിൽ ആ പുഞ്ചിരിയുമുണ്ട്…..
കഷ്ടപ്പാടിന്റെ അങ്ങേയറ്റത്തു എത്തിനിക്കുമ്പോഴും മക്കളെന്ന ചിന്തയിൽ മാത്രം മനസ്സുനീറി ജീവിക്കുന്ന എത്രയെത്ര മാതാപിതാക്കൾ….
ആശുപത്രി വരന്തയിറങ്ങി നടക്കുമ്പോഴും കണ്ണിലുമുഴുവൻ പഴയകാലങ്ങളും അമ്മയെ പഴിപറഞ്ഞ ചെറിയചെറിയകാര്യങ്ങൾപ്പോലും അലയടിച്ചുതുടങ്ങിയിരുന്നു….
നഷ്ടപ്പെടുത്തിയ ആ നിമിഷങ്ങളെയോർത്തു ഒരു നൂറാവർത്തി മനസ്സിൽ മാപ്പ് ചോദിച്ചുകൊണ്ട് തിരികെയിറങ്ങി നേരെ ഓട്ടോയിലേക്കു കയറ്റിയിരുത്തി . ഞാനാ മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നടന്നു..
ദൈവം നമ്മളിലേക്കു നന്മ ചൊരിയുന്നത് സ്നേഹമുള്ള ഒരമ്മയെ നല്കിക്കൊണ്ടാണെന്ന ചിന്ത വീണ്ടും വീണ്ടും എന്നെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു…
പ്രണയവിവാഹം കഴിച്ചതിന്റെ പേരിൽ വന്നുകയറിയ വീട്ടിൽ നിന്നും ഒരുപാട് ദുരിതങ്ങൾ എൽക്കേണ്ടിവന്നൊരളാണ് ഞാൻ…
നിന്നെ വയറ്റിലുള്ള കാലത്തു പട്ടിണിവരെ കിടന്നിട്ടുണ്ട് എന്നിട്ടും ഒരു കള്ളിക്കായ അരച്ചുകുടിച്ചു ജീവിതം അവസാനിപ്പിക്കാതെ പിടിച്ചുനിന്നത്
ജനിക്കുന്നത് ഒരാൺകുട്ടിയാണേൽ അവനിലൂടെ എന്റെ കഷ്ടപ്പാടുകൾ മാറ്റിയവടുക്കണം എന്നചിന്തകൊണ്ടു മാത്രമാണെന്ന് അമ്മ പറയുമ്പോൾ ആ ലക്ഷ്യത്തിനു ഒരു ജീവന്റെ വിലയുണ്ടെന്നു സ്വപ്നങ്ങളിൽപ്പോലും ഞാൻ ചിന്തിച്ചിരുന്നില്ല…
ഒരിക്കൽ അമ്മ പറഞ്ഞ ഓരോ വാക്കിനും മറ്റെന്തൊക്കെയോ അർത്ഥമുണ്ടെന്ന് തിരിച്ചറിവിന്റെ ഉറവിടം കണ്ടെത്തിയിരിക്കുന്നത് ഇന്ന് ഈ ആശുപത്രിയിൽ നിന്ന് തന്നെയാണ്…
എന്നെപ്പോലെ പലരും ചിന്തിക്കാത്ത ഒരുനിസാര കാര്യം..പക്ഷെ അത് നമ്മുടെ പ്രിയപ്പെട്ടവരുടെ വിലയേറിയസ്വപ്നങ്ങളിൽ ഒന്നുതന്നെയായിരിക്കും ഇത്..
നമുക്ക് വേണ്ടിജീവിക്കുന്നവരുടെ ഇഷ്ടങ്ങൾ എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അവയെ നമ്മുടെ ജീവിതത്തോടൊപ്പം അവർക്കരികിലെത്തിക്കുമ്പോൾ അതിൽനിന്നു ലഭിക്കുന്ന ആ സ്നേഹം കലർന്ന പുഞ്ചിരിക്കു സമമായി ഈ ലോകത്തിൽ മറ്റൊന്നും തന്നെയില്ല….
അവർക്കുവേണ്ടി ജീവിക്കുകയും അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയും ചെയ്യുമ്പോൾ ഭൂമിതന്നെ ഒരു സ്വർഗ്ഗമാവും നാമോരോരുത്തരും അവിടത്തെ പുണ്യാത്മാക്കളും….എന്ന് ഒരമ്മയെ ജീവനേക്കാളധികം സ്നേഹിക്കുന്ന ഒരുപാട് മക്കളിൽ ഒരാൾ….