writher: Sivadasan Vadama
ദേ!അണ്ണാച്ചി വരുന്നു, നീ അകത്തു കയറി വാതിൽ അടച്ചേ?സുനിൽ രാജിയോട് വിളിച്ചു പറഞ്ഞു അകത്തേക്ക് ഓടിക്കയറി.അവൾക്കു ലജ്ജ തോന്നി.
അവൾ മുറ്റത്തു തന്നെ നിന്നു.അമ്മാ!പണം കൊട്?ചേട്ടന് പണി ഇതുവരെ ആയിട്ടില്ല ഇത്തവണ കൂടി ക്ഷമിക്ക്!അടുത്താഴ്ച തരാം?
ഇതു ശരിയാവില്ല അമ്മാ!മൂന്നു വാരം പണം തരാതെ പറഞ്ചു ബിട്ടൂ!ഇന്ത വാരം പണം കിട്ടാതെ ഞാൻ പോകക്കൂടത്?
അയൽ വീട്ടുകാർ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു കരച്ചിൽ വന്നു.അവളുടെ മുഖത്തെ ദൈന്യത കണ്ടത് കൊണ്ടാകാം അയാൾ പറഞ്ഞു.ശരി ഇന്ത വാരം കൂടി ഞാൻ പോകാം അടുത്ത ആഴ്ച ഉറപ്പായിട്ടും തരണം.
*** *******
കുടുംബശ്രീയുടെ മീറ്റിങ്ങിനു പോയപ്പോൾ പഴയ ലോൺ പുതുക്കി വെക്കാൻ വല്ല മാർഗവും ഉണ്ടോ എന്ന് നോക്കി.
വരിസംഖ്യ പോലും അടച്ചിട്ടു ആഴ്ചകൾ ആയി.ശാന്ത പരിഹാസത്തോടെ അതു പരസ്യമായി പറഞ്ഞപ്പോൾ രാജിയുടെ തൊലി ഉരിഞ്ഞു.
ലോൺ പുതുക്കേണ്ട കാര്യം പിന്നെ പറയാൻ തോന്നിയില്ല.സുനിക്ക് പണി ഒന്നും ആയില്ലേ?ഒരുമിച്ചു ഇറങ്ങാൻ നേരം ഷീബ ചോദിച്ചു.ഇല്ല!
ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ എന്നോട് കെറുവിക്കരുത്?എന്താ!
തോമസ്സ് ചേട്ടന്റെ വീട്ടിൽ കുറച്ചു ദിവസത്തെ പണി ഉണ്ട്. നീ പോരുന്നോ?
അതു കേട്ടപ്പോൾ അവൾ ആദ്യം ഒന്ന് പകച്ചു.ഞാൻ വൈകുന്നേരം പറയാം?അവൾ ഒരുവിധം അവളിൽ നിന്ന് രക്ഷപെട്ടു.
***** ***** *****
സുനിച്ചേട്ടാ!മഴ ഇപ്പോൾ കുറവായില്ലേ.കൊണ്ട്രാക്റ്ററെ വിളിച്ചു പണിയുടെ കാര്യം തിരക്കിയോ?രണ്ടാഴ്ച കൂടി കഴിയും എന്നാണ് പറഞ്ഞത്?പുതിയ പണി ഒന്നും കിട്ടിയിട്ടില്ലത്രേ!
എന്നാൽ മറ്റെവിടെ എങ്കിലും ശ്രമിക്കാമായിരുന്നില്ലേ?ഹേയ്!എല്ലായിടത്തും പണി കുറവാണ്.ഇതു ഓഫ് സീസൺ അല്ലെ?
എങ്കിൽ ഞാൻ ഷീബയുടെ കൂടെ നാളെ തോമസ് ചേട്ടന്റെ വീട്ടിൽ ജോലിക്ക് പൊയ്ക്കോട്ടേ?
അയാൾ അത്ഭുധത്തോടെ അവളെ നോക്കി.
വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി. ഇതിനിടയിൽ മൂന്നു പെൺകുട്ടികൾ പിറന്നു.
ഇതുവരെ അവളെ ജോലിക്ക് പറഞ്ഞയക്കുന്ന കാര്യം ചിന്തിച്ചിട്ടില്ല.ഇളയ കുഞ്ഞിന് മൂന്നു വയസ്സ് തികയുന്നതേയുള്ളൂ.
നീ പോയാൽ കുഞ്ഞുങ്ങളുടെ കാര്യം ആരു നോക്കും?ചേട്ടൻ ഇവിടെ ഉണ്ടല്ലോ?ഉം!നിന്റെ ഇഷ്ടം പോലെ ചെയ്യു. ഇപ്പോഴത്തെ അവസ്ഥയിൽ വേണ്ടെന്നു പറയാൻ അയാൾക്ക് ധൈര്യം വന്നില്ല.
***** ***** *****
പിറ്റേന്ന് വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോൾ അവളുടെ കൈയിൽ അത്യാവശ്യം കുറച്ചു വീട്ടു സാധനങ്ങൾ ഉണ്ടായിരുന്നു.
ഇറയത്തു അവളെയും കാത്തു നിൽക്കുന്ന കുട്ടികൾക്കു പലഹാരപൊതി എടുത്തു നീട്ടി.
അവർ ആർത്തിയോടെ അതു പൊട്ടിച്ചു കഴിക്കുന്നത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
എത്ര കൂലി കിട്ടി?
അയാൾക്ക് അതറിയാൻ ആയിരുന്നു തിടുക്കം.600അവൾ പറഞ്ഞു.ബാക്കി എത്ര ഉണ്ട്?350.
അതു ഇങ്ങോട്ടു താ!എത്ര ദിവസം ആയി വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ട്?ഇതു നാളെ ഇസാഫ് അടക്കാൻ ഉള്ളതാ!അതും പറഞ്ഞു അവൾ അകത്തേക്കു പോയി.
അന്ന് അവൾക്കു നല്ല ഉത്സാഹം ആയിരുന്നു. ആദ്യമായി സ്കൂളിൽ പോയി വന്ന കുട്ടിയുടെ മനസ്സ്.
തിടുക്കത്തിൽ ജോലി തീർത്തു അവൾ മുറിയിലേക്ക് ചെന്നപ്പോൾ അയാൾ കിടന്നിരുന്നു.
അവൾക്കു കടുത്ത നിരാശ തോന്നി.
അവൾ അയാളുടെ അരികിൽ കിടന്നു മാറിടത്തിൽ വിരലുകൾ ഓടിച്ചു.എന്തൊരു നാറ്റം ആണ് നീ കുളിച്ചില്ലേ?അയാൾ അവളെ തട്ടിയകറ്റി.
താൻ പണി കഴിഞ്ഞു വന്നു നല്ലത് പോലെ സോപ്പിട്ടു കുളിച്ചതാണല്ലോ?ചാണകം ചുമക്കുകയായിരുന്നു രാവിലെ മുതൽ വൈകുന്നേരം വരെ.അതിന്റെ മണം ആയിരിക്കും.
തനിക്കു അതു അനുഭവപ്പെടുന്നില്ലല്ലോ?മ,ദ്യ,വും പുകയിലയും ഉപയോഗിച്ച് അയാളുടെ ശരീരം തന്റെ ശരീരത്തിൽ അമരുമ്പോൾ ഇഷ്ടമില്ലാതിരുന്നിട്ടും താൻ ഒരിക്കലും വെറുപ്പ് കാണിച്ചിട്ടില്ല. ഇപ്പോൾ അയാളുടെ പെരുമാറ്റം കണ്ടപ്പോൾ അവളുടെ മനസ്സ് നൊന്തു.
***** **** *****
ദിവസങ്ങൾ നീങ്ങി. വീട്ടു ചിലവുകൾ കുഴപ്പമില്ലാത്ത രീതിയിൽ മുമ്പോട്ട് പോയി. കടക്കാരെ സമാധാനിപ്പിച്ചു നിറുത്താൻ സാധിച്ചു തുടങ്ങി.അന്ന് വൈകുന്നേരം അവളുടെ തലയിൽ വലിയൊരു ചാക്കുക്കെട്ട് ഉണ്ടായിരുന്നു.എന്തായിത്?
അയാൾ ചോദിച്ചു.കൂവ!ഇതു എന്തു ചെയ്യാൻ?ഇതു ഉരച്ചു അരിച്ചു എടുത്തു ഉണക്കിയാൽ കിട്ടുന്ന പൊടിക്ക് ആയിരം രൂപ വില ഉണ്ടത്രേ?ഇതാര് ചെയ്യും?
നമുക്ക് എല്ലാവർക്കും കൂടി ചെയ്യാം ഉത്സാഹത്തോടെ അവൾ പറഞ്ഞു.പിറ്റേന്ന് വന്നപ്പോൾ അവളുടെ തലയിൽ ചാണകം ഒരു ചാക്ക് ഉണ്ടായിരുന്നു.നിങ്ങൾ ഇതു നാളെ പച്ചക്കറിക്ക് വളം ഇടണം.
അവളുടെ സ്വരത്തിൽ ഒരു ആജ്ഞ ഉണ്ടെന്ന് തോന്നി.അയാൾ മറുപടി ഒന്നും പറഞ്ഞില്ല.പിറ്റേന്ന് വന്നപ്പോൾ വ്യത്യസ്ത ഇനം പച്ചില മരുന്നുകളുടെ ചെടിയുമായി ആണ് അവൾ വന്നത്.
കടയിൽ നിന്ന് കുറച്ചധികം എണ്ണയുമായി വന്നു അതു കാച്ചി വെക്കുന്നത് കണ്ടപ്പോൾ അയാൾ ചോദിച്ചു, എന്തിനാ!ഇത്രയും അധികം എണ്ണ കാച്ചുന്നത്?
ഇതു ഞായറാഴ്ച അയൽക്കൂട്ടത്തിന് പോകുമ്പോൾ കൊണ്ടു പോകാം.മുടി വളരുന്നതിനുള്ള ഔഷദ്ധം ആണ്. ആവശ്യക്കാർ ഉണ്ടാകാതിരിക്കില്ല.പറഞ്ഞത് പോലെ അതെല്ലാം വിറ്റഴിച്ചു എന്നു മാത്രമല്ല ധാരാളം ഓർഡറുകൾ പിന്നെയും വന്നു.
***** ***** *****
അയാൾക്ക് ജോലി വീണ്ടും ശരിയായി.വൈകുന്നേരം പറ്റുകാശ് വാങ്ങേണ്ട?ഇറങ്ങുമ്പോൾ അവൾ വിളിച്ചു പറഞ്ഞു.
ആഴ്ചവസാനം കൂലി കിട്ടിയപ്പോൾ അയാൾക്ക് അതിൽ നിന്ന് പൈസ ചിലവഴിക്കാൻ ധൈര്യം വന്നില്ല.
അതു മുഴുവൻ അവളെ ഏൽപ്പിച്ചു.
അതും അവളുടെ കൈവശം ഉണ്ടായിരുന്ന പൈസയും ചേർത്ത് ബാങ്കിൽ അടച്ചു.
കടങ്ങൾ പതിയെ ഒഴിഞ്ഞു പോകുന്നത് അയാൾ അറിഞ്ഞു.ചെറിയ ചിട്ടികൾ ചേർന്നു വട്ടം എത്തിയപ്പോൾ വീടിന്റെ പണികൾ പൂർത്തിയാക്കാൻ ഉത്സാഹം കാണിക്കുന്നതുമെല്ലാം അയാൾ ഒരു കാഴ്ചക്കാരനെ പോലെ നോക്കി നിന്നു.
ഇവളെ ആണല്ലോ അകത്തളങ്ങളിൽ അടച്ചിടാൻ ശ്രമിച്ചത് എന്നോർത്ത് അയാൾക്ക് കുറ്റബോധം തോന്നി.രണ്ടുപേരും കൂടി കൈകോർത്താൽ ഇനിയും ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയുമെന്ന് അയാൾ ഉറപ്പിച്ചു.
നാരി ഭരിച്ചിടം നാരകം വെച്ചിടം നാശം എന്ന് ആരോ എഴുതി വെച്ചത് എത്ര വിഡ്ഢിത്തം എന്ന് അയാൾ മനസ്സിൽ ഓർത്തു.