March 25, 2023

സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ‘വിമുക്തി’ ഡി അഡിക്ഷൻ സെൻ്ററിൽ നിന്നും ഇറങ്ങുമ്പോൾ, സൈക്യാട്രിസ്റ്റ് രാധാകൃഷ്ണമേനോൻ വി

ഇരുൾ

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ‘വിമുക്തി’ ഡി അഡിക്ഷൻ സെൻ്ററിൽ നിന്നും ഇറങ്ങുമ്പോൾ, സൈക്യാട്രിസ്റ്റ് രാധാകൃഷ്ണമേനോൻ വിമലയ്ക്കു ധൈര്യം പകർന്നു.”വിമല ധൈര്യമായി പൊയ്ക്കോളൂ,

വിമലയുടെ മകൻ, ഒരു പുതിയ ജന്മത്തിലേക്കെന്ന പോലെയാകും ഈ സ്ഥാപനത്തിൻ്റെ പടികളിറങ്ങുന്നത്.ഈ സെൻ്ററിൽ പല വിഭാഗം ചികിത്സകളിലൂടെയും മാർഗ്ഗങ്ങളിലൂടെയുമാണ് ദിക്കു തെറ്റിയ പുതുതലമുറയേ നേർവഴിയിലെത്തിക്കുന്നത്.

ഇവിടെ വിവിധ ഡോക്ടർമാരുടേയും, മനശ്ശാസ്ത്ര വിദഗ്ധരുടേയും സേവനങ്ങൾക്കു പുറമേ,
യോഗാ, ധ്യാനം തുടങ്ങിയ കർമ്മപദ്ധതികളുമുണ്ട്.തിരിച്ചറിവിൻ്റെ വെള്ളിവെളിച്ചത്തിലേക്ക് വിമലയുടെ മകൻ തീർച്ചയായുമെത്തും.ആ ശുഭദിനത്തിനായി കാത്തിരിക്കൂ”ഓഫീസിൽ നിന്നുമിറങ്ങി,

സർക്കാർ സ്ഥാപനത്തിൻ്റെ മഞ്ഞച്ച ചുവരുകളുള്ള നീണ്ട ഇടനാഴിയിലൂടെ സഞ്ചരിച്ച്,
പടിക്കെട്ടുകളിറങ്ങി വിമല പുറത്തേ നിരത്തിലേക്കെത്തി.ടൗണിലേക്കു പോകാൻ ഓട്ടോ തിരയുന്നതിനിടയിൽ, അവൾ വെറുതേ പിന്തിരിഞ്ഞു നോക്കി.
അടച്ച ഗേറ്റിനുമപ്പുറത്ത്,

ലഹരി വിമോചന കേന്ദ്രം മൗനമുറഞ്ഞു നിന്നു.ചുവരുകൾക്കപ്പുറത്തേ യാതൊരനക്കവും പുറമേയറിയാതേ.ഓട്ടോ പിടിച്ച്, അവൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി.നിറയേ ഒഴിഞ്ഞ സീറ്റുകളുളള,

ഒരു തൃശൂർ ബസ്സിൽ, ജാലകത്തിനരികിലായി അവളിരുന്നു.ബസ് സ്റ്റാൻഡ് തിരക്കിൽ മുങ്ങി നിന്നു.ലോട്ടറി ടിക്കറ്റു വിൽപ്പനക്കാരും,

സഹായം വേണമെന്നഭ്യർത്ഥിച്ചു കാർഡുമായി അലയുന്നവരും, ഇഞ്ചിമിഠായി മുതൽ സേഫ്റ്റി പിൻ വിൽപ്പനക്കാരും ബസ്സിൽ കയറിയിറങ്ങിക്കൊണ്ടിരുന്നു.അവരുടെ തിരക്കുകൾ ഒന്നു ചേർന്ന് ബസ്സുകളുടെ മുരൾച്ചയിലും, ക്ലീനർമാരുടെ ഉറക്കേയുള്ള സ്ഥലം തെര്യപ്പെടുത്തലിലും അലിഞ്ഞു ചേർന്നു.

തൃശൂർക്ക്, മൂന്നു മണിക്കൂറിലധികം സമയം യാത്രയുണ്ട്.അവൾ മനസ്സിലോർത്തു.എപ്പോളോ ബസ് ചലിക്കാൻ തുടങ്ങി.

വഴിയോരക്കാഴ്ച്ചകൾ പതിയേ പിന്നോട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു.ഒപ്പം വിമലയുടെ ചിന്തകളും.
……………………………………………………………..
വിഷ്ണു ഉറങ്ങിയെഴുന്നേറ്റപ്പോൾ, രാവിലെ പത്തര കഴിഞ്ഞിരുന്നു.എണീറ്റപാടെ അവൻ ഉമ്മറത്തേ സോഫായിൽ കൂനിക്കൂടി അലസനായിരുന്നു.ഉമ്മറത്തേ ചലനം ശ്രദ്ധിച്ച്,

വിമല അങ്ങോട്ടെത്തി നോക്കി.മോനുണർന്നിട്ടുണ്ട്.അവൾ, അടുക്കളയിൽ നിന്നും ഒരു കപ്പ് ചുടുകാപ്പിയുമായി അവനരികിലേക്കെത്തി.കാപ്പി കൈനീട്ടി വാങ്ങി,

അവനത് അലക്ഷ്യമായി ടീപ്പോയിൽ വച്ചു.അവൻ്റെ കണ്ണുകളിൽ വല്ലാത്തൊരു വിളർച്ചയും ക്ഷീണവും തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.ഏറെക്കാലം നിദ്ര നഷ്ടപ്പെട്ട കണക്കേ ജീവനറ്റ മിഴികൾ.

വളർന്നു പന്തലിച്ച മുടിയിഴകൾ തലയുടെ ആകൃതി തന്നെ വ്യത്യാസപ്പെടുത്തിയിരിക്കുന്നു.
ഇരുളിമ പടർന്ന ചുണ്ടുകൾ, വരണ്ടുണങ്ങിയിരിക്കുന്നു.
എത്ര മിടുക്കനായിരുന്നു വിഷ്ണു.അവൾ വേദനയോടെയോർത്തു.

പ്ലസ് ടു വരേ, ക്ലാസ്സിലെ ഏറ്റവും മികച്ച പത്തുപേരിലൊരാൾ.
പ്ലസ് ടു അവധിക്കാലങ്ങളിൽ അവൻ, കൂട്ടുകാർക്കൊപ്പം വൈകുന്നേരങ്ങളിൽ പന്തുകളിക്കാൻ പോകും.

അവനേ തിരക്കി വരുന്ന പല സമപ്രായക്കാരേയും പരിചയമില്ലായിരുന്നു.”വിഷ്ണൂ,നിനക്ക് ഇന്നാട്ടിലെ ആരുമായും സൗഹൃദമില്ലേ?ഇവരൊക്കെ ആരാണ്?

ഇങ്ങനെ കാടൻ മുടിയും, ഉലഞ്ഞ കുപ്പായങ്ങളുമൊക്കെ ധരിച്ച്,ഒന്നിനും ഒരു മനുക്ഷ്യഛായ തോന്നണില്ലല്ലോ?”അതു കേൾക്കുന്നതേ വിഷ്ണുവിനു കലിയാണ്.

അവൻ, അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ മുറുമുറുക്കും.”അവര് എൻ്റെ പ്ലസ് ടൂലെ കൂട്ടുകാരാണ്,

റെയിൽവേ സ്‌റ്റേഷനപ്പുറത്തേ ഗ്രൗണ്ടിലാണ് ഞങ്ങൾ ഫുട്ബോൾ കളിക്കണത്,
അമ്മയ്ക്ക് എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ ഞങ്ങളുടെ കൂടെ പോര്.
എന്നിട്ട്, ഞങ്ങൾ തിരിച്ചു വരുമ്പോൾ കൂടെ വന്നാൽ മതി.
അച്ഛൻ വിളിച്ചപ്പോൾ,

ഞാൻ പറഞ്ഞിരുന്നതാണ് കളിക്കാൻ പോണ കാര്യം.അച്ഛൻ സമ്മതിച്ചല്ലോ,പിന്നേ അമ്മയ്ക്കെന്താ?”

വെയിൽ മങ്ങിയ സായന്തനത്തിൽ, അവൻ കൂട്ടുകാർക്കൊപ്പം നടന്നു മറഞ്ഞു.
ഉമ്മറത്തേ കണിക്കൊന്നയിൽ നിന്നടർന്ന സ്വർണ്ണ നിറമുള്ള പൂക്കളെ, പോക്കുവെയിൽ, തിളക്കമുള്ളതാക്കി.

നാട്ടുവഴി വളഞ്ഞുപുളഞ്ഞു നീണ്ടുകിടന്നു.ഉമ്മറത്ത്, എന്തോ ചിന്തയിൽ നിമഗ്നയായി വിമല തെല്ലുനേരം നിന്നു.വിഷ്ണു പറഞ്ഞത് ശരിയാണ്.

മോൻ്റെ കൂട്ടും, പന്തുകളിക്കാൻ പോക്കും, തെല്ലു വൈകിയുള്ള വരവുകളും പരാതിയായി അവതരിപ്പിക്കുമ്പോൾ, ഹരിയേട്ടനു തമാശയാണ്.”എൻ്റെ വിമലേ,

മക്കളെ കൂട്ടിലടച്ചു വളർത്തിയാൽ അവർ ഒരു കാര്യത്തിനും കൊള്ളാത്തവരാകും.
അവർ ലോകം കാണട്ടേ,

വിഷ്ണൂന് പതിനെട്ടു തികയാറായി.അവൻ്റെ പ്രായത്തിൽ, എന്നെ അച്ഛനമ്മമാർ ഒരു സ്ഥലത്തേക്കും വിടുമായിരുന്നില്ല.ആ പ്രായത്തിലുള്ള സൗഹൃദങ്ങളും, കളികളുമെല്ലാം എനിക്കു നഷ്ടമായിരുന്നു.
പഠിച്ച കാരണം ഗൾഫിൽ നല്ലൊരു ജോലി കിട്ടി.ഇല്ലെന്നു പറയുന്നില്ല.

അവൻ, കളിച്ചും കൂട്ടുകൂടിയുമൊക്കെ ജീവിക്കട്ടേ,കാലം എന്തായാലും മുന്നോട്ടു പോകും.
കൂടുതൽ ഉത്തരവാദിത്വങ്ങളും മറ്റും നിറഞ്ഞ ഒരു കുടുംബജീവിതം അവനിൽ അടിച്ചേൽപ്പിക്കപ്പെടാം.

അന്ന്, അവനോർക്കാൻ ഇന്നിൻ്റെ ഈ സന്തോഷങ്ങളേ കാണൂ.അല്ലെങ്കിൽ എന്നെപ്പോലെ,
ഈ നാൽപ്പത്തിയഞ്ചാം വയസ്സുകാലത്ത്,നാൽപ്പതു തികയാൻ പോണ എൻ്റെ വിമലക്കുഞ്ഞിനേയോർത്ത് വിഷമിക്കല് മാത്രമാകും.ഒരു വർഷം കൂടി കഴിയണം,

രണ്ടു മാസം ലീവിന്,എൻ്റെ കഷ്ടകാലം…”പക്ഷേ,

ആഴ്ച്ചകൾ കഴിയുംതോറും തൻ്റെ ആശങ്കകൾ വെറുതെയല്ലെന്ന് അവൾക്കു തോന്നി.
വിഷ്ണു, തീർത്തും മാറുകയായിരുന്നു.അവൻ്റെ പകലുറക്കങ്ങളുടെ ദൈർഘ്യം വർദ്ധിച്ചു വന്നു.
അന്തിയിലേ പോക്കുകളിലേ മടങ്ങിവരവ് പിന്നേയും വൈകാൻ തുടങ്ങി.പണത്തിന് അനുദിനം ആവശ്യങ്ങൾ വന്നു കൊണ്ടേയിരുന്നു.തുടക്കത്തിൽ പണം നൽകിയെങ്കിലും,പിന്നീട് അതിൻ്റെ അളവു കുറച്ചു.

അതിലവനു വല്ലാത്ത അമർഷമുണ്ടായിരുന്നു.അവൻ പൊടുന്നനേ ദേഷ്യപ്പെടാനും,
എന്തും പറയാൻ മടിക്കാത്തവനുമായി.

അവൻ്റെ മിഴികൾ, ജീവനറ്റ മത്സ്യങ്ങൾ കണക്കേ വിളറി.മുടിയിഴകൾ വളർന്നു നീണ്ടു ചിതറി.
ഒരു പ്രഭാതം.

ഇന്നു വിഷ്ണു പതിവില്ലാതെ നേരത്തേ ഉണർന്നിട്ടുണ്ടായിരുന്നു.ജോലികളെല്ലാം കഴിഞ്ഞ്,
വിമല കുളിക്കുവാൻ ബാത്ത് റൂമിലേക്കു കയറി.ദേഹത്തു വീണു ചിതറിയ ജലശബ്ദങ്ങൾക്കിടയിലെപ്പോഴോ മുറിയിലൊരനക്കം കേട്ടതായി തോന്നി.
ടാപ്പ് ഓഫ് ചെയ്ത്,

അവൾ കാതോർത്തു.ഇല്ല, തോന്നലായിരിക്കും.കുളിച്ച് അവൾ പുറത്തിറങ്ങി.

മുറിയുടെ വാതിൽ കുറ്റിയിട്ട് തിരികേ വന്നു.അരയിൽ ചുറ്റിയ എത്താ തോർത്ത് ഉരിഞ്ഞു മാറ്റി അവൾ നിലക്കണ്ണാടിക്കു മുന്നിൽ നിന്നു.സമൃദ്ധ ഭംഗികളുടെ ഉടലഴകുകളിൽ സ്വയം തൃപ്തി നേടി,
വിരഹത്തിൻ്റെ തീഷ്ണതകളിലേക്കു, ഹരിയുടെ ഓർമ്മകളേ കൂട്ടിക്കൊണ്ടുവന്നു. അവൾ പുടവകൾ ധരിക്കാനൊരുങ്ങി.

നഗ്നതകളേ മൂടി അതതു വസ്ത്രങ്ങൾ ഉടലിനേ പൊതിഞ്ഞു.നിലക്കണ്ണാടിയിൽ നോക്കി, ആത്മവിശ്വാസങ്ങളുടെ ഒരു പുഞ്ചിരിയുതിർത്ത് പിന്തിരിയാൻ ഭാവിക്കുമ്പോളാണ് ആ കാഴ്ച്ച ശ്രദ്ധയിൽപ്പെടുന്നത്.ചരിച്ചു വച്ച നിലക്കണ്ണാടിയുടെ പുറകിലായി കാമറ മാത്രം കാണത്തക്ക വിധത്തിൽ, ഒരു മൊബൈൽ ഫോൺ തയ്യാറാക്കി വച്ചിരിക്കുന്നു.

അവൾ, ഉദ്വേഗത്തോടെ ആ ഫോൺ കയ്യിലെടുത്തു.വീഡിയോ റെക്കോർഡിംഗ് ഓൺ ചെയ്തു വച്ചിരിക്കുന്നു.വിഷ്ണുവിൻ്റെ ഫോൺ.

അവൻ, ഹരിയോടു കെഞ്ചിപ്പറഞ്ഞ് വാങ്ങിച്ചെടുത്ത വിലയേറിയ കാമറാഫോൺ.അവൾ റെക്കോർഡിംഗ് സേവ് ചെയ്തു.ഓട്ടോ ലോക്ക് ആകും മുൻപേ, വീഡിയോ ഫോർഡർ തുറന്നു.
താൻ കുളിക്കാൻ കയറിയ ഉടൻ,

വിഷ്ണു ഫോൺ സെറ്റ് ചെയ്തു വച്ചിട്ടുണ്ട്.വീഡിയോയിൽ അവനേ വ്യക്തമായി കാണാം.
തെല്ലു നേരത്തേ ശാന്തതക്കു ശേഷം,വാതിൽ തുറന്നു പുറത്തു വരുന്ന തന്നേക്കാണാം.ഊർന്നു വീഴുന്ന ഉടയാടകൾ.

പൂർണ്ണ ന,ഗ്നശ,രീരം,അവൾ ഞെട്ടിവിറച്ചു.അവളുടെ വിരലുകൾ അവൻ്റെ ഫോണിലാകെ പരതി.

ഒന്നല്ല, അനേകം തവണ അവൻ തൻ്റെ നഗ്നത പകർത്തിയിട്ടുണ്ട്.അത്, കൂട്ടുകാർക്ക് എക്സ് സെൻഡർ വഴി പകർത്തി കൊടുത്തിട്ടുമുണ്ട്.പകരം,

അവരുടേ വീട്ടിലേ വീഡിയോകൾ അവനും ലഭിച്ചിരിക്കുന്നു.അമ്മമാരുടെ, ചേച്ചിമാരുടെ, അനുജത്തിമാരുടെ, ചേട്ടത്തിമാരുടെഅനേകം പൂർണ്ണ ന,ഗ്ന,മാ,യ പെണ്ണുടലുകളേ അവർ കൈമാറിയിരിക്കുന്നു.തല പെരുക്കുന്നതു പോലെ വിമലയ്ക്കു തോന്നി.അവൾ, വീഡിയോ ഡിലിറ്റു ചെയ്യാൻ പോയില്ല.

ഇനിയെന്തിനാണ് ഒരു ഡിലിറ്റ്.അവൾ ഉമ്മറത്തേക്കു ചെന്നു.സോഫായിൽ വിഷ്ണു ചാരിക്കിടപ്പുണ്ട്.
മോനേ എന്ന വാക്കിനേ അവൾ മറന്നു പോയിരുന്നു.

“എടാ, എല്ലാം കൃത്യമായി കിട്ടിയിട്ടുണ്ട്.ഇനിയും നിനക്ക് എന്തൊക്കെ വേണം.നീ പറഞ്ഞാൽ മതി.ഞാൻ അഭിനയിക്കാം.

ചെകുത്താൻ്റെ സന്തതി.നിൻ്റെ അച്ഛനിതറിഞ്ഞാൽ ഹൃദയം പൊട്ടി മരിക്കും.”വിഷ്ണു, ഫോൺ പിടിച്ചു വാങ്ങി.മുറ്റത്തേക്കിറങ്ങി.പോകും വഴി അവൻ,

അവൾ കേൾക്കേ പുലമ്പി.”ഞങ്ങൾക്കു പണം വേണം.ഇപ്പോൾ ഇത്തരം വീഡിയോകൾക്കാ ഡിമാൻ്റ്..
കാശിനു കാശു തന്നേ വേണം,ചോദിച്ചാൽ തരാറില്ലല്ലോ…”

അവൻ പടി കടന്നു മറഞ്ഞു.എന്തു ചെയ്യണമെന്ന് വിമലക്കു നിശ്ചയമുണ്ടായിരുന്നു.രണ്ടു ദിവസത്തിനുള്ളിൽ,

റെയിൽവേ സ്‌റ്റേഷനരികിലേ ഗ്രൗണ്ട് താവളമാക്കിയ കഞ്ചാവു സംഘത്തേ പോലീസ് – എക്സൈസ് ടീം, സംയുക്ത റെയ്ഡിൽ പിടികൂടി.

വൻ മയക്കുമരുന്നു ശൃംഖലയുടെ ഇരകളായ ചെറുപ്പക്കാരിൽ, പലർക്കും പിടികൂടുന്ന നേരത്ത് സ്വബോധമില്ലായിരുന്നു.

ലഹരിയുടെ നീരാളിപ്പിടുത്തത്തിലമർന്ന തലച്ചോറുമായി, അവർ പോലീസ് വാഹനങ്ങളിൽ കയറി.
വീട്ടിലെത്തിയപ്പോൾ, വെയിലാറാൻ തുടങ്ങിയിരുന്നു.നാട്ടിടവഴികളിലേ പരിചിതരുടെ സഹതാപവും പരിഹാസ്യവും യോജിച്ച നോട്ടങ്ങളേ അവഗണിച്ച് അവൾ ഗേറ്റു തുറന്നു ഉമ്മറത്തെത്തി.

മൗനമുറഞ്ഞ വീടിൻ്റെ അകത്തളത്തിൽ അവൾ വെറുതേയിരുന്നു.പൊടുന്നന്നേ സെൽഫോൺ ശബ്ദിക്കാൻ തുടങ്ങി.

അവൾ, ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പറിലേക്കു നോക്കി.പിന്നെ ഫോൺ എടുത്തു കാതോടു ചേർത്തു.

വിറക്കുന്ന ശബ്ദത്തിൽ പറഞ്ഞു.”ഹരിയേട്ടാ….. നമ്മുടെ മോൻ….”അന്തിമാനം, അപ്പോൾ ചുവക്കാൻ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published.