March 25, 2023

” ഡാ ഇക്കാ പുറത്ത് ചാറ്റൽ മഴ ഉണ്ട് മ്മക്ക് ഒരു റൈഡ് പോയാലോ …? രാത്രി ഒന്നര മണി കഴിഞ്ഞു നല്ല ഉറക്കിലായിരുന്ന തന്നെ

രചന: സൽമാൻ സാലി ..

” ഡാ ഇക്കാ പുറത്ത് ചാറ്റൽ മഴ ഉണ്ട് മ്മക്ക് ഒരു റൈഡ് പോയാലോ …?രാത്രി ഒന്നര മണി കഴിഞ്ഞു നല്ല ഉറക്കിലായിരുന്ന തന്നെ വിളിച്ചുണർത്തി റൈഡിന് പോവാൻ റെഡി എന്ന മട്ടിൽ നിൽക്കുന്ന കെട്യോളേ ചേർത്ത് പിടിച്ചു ഫൈസി ..

” നിനക്ക് ഈ മഴയത്ത് യാത്ര ചെയ്തിട്ട് ഇതുവരെ മതിയായില്ലെടി ..?” ന്റെ ഇക്കാ ഈ മഴയും പിന്നെ ഇക്കയും ഒപ്പം ഉണ്ടേൽ എത്ര യാത്ര ചെയ്താലും എനിക്ക് മതിയാവില്ല …!!

ശരിയാണ് ഓൾക് മഴ നനഞ്ഞു ബൈക്കിൽ പോകുന്നത് അത്രക്ക് ഇഷ്ടമാണെന്ന് മനസിലായത് കല്യാണം കഴിഞ്ഞു പിറ്റേ ദിവസം രാത്രി മഴ പെയ്യുമ്പോൾ നമുക്ക് ഒരു റൈഡ് പോയാലോ എന്ന ചോദ്യം ആയിരുന്നു .. അവളോടൊപ്പം മഴ നനഞ്ഞു പനിപിടിച്ചു നാല് ദിവസമാണ് കിടന്നത് …
” ഉം പോവാം ..

ഉമ്മയെ ഉണർത്താതെ ബൈക്ക് തള്ളി റോഡിൽ എത്തിച്ചു സ്റ്റാർട്ട് ചെയ്തപ്പോ മഴ അല്പം ശക്തിയിൽ പെയ്യാൻ തുടങ്ങി .. അകത്ത് കേറി രണ്ട് റൈൻ കോട്ടും എടുത്തോണ്ട് വന്നു ഫൈസിയും അവളും യാത്ര തുടങ്ങി …

നിശബ്ദമായ രാത്രിയുടെ അന്ധ്യയാമത്തിൽ അവൾ അവന്റെ അരകെട്ടിലൂടെ കൈ ചേർത്ത് പിടിച്ചു ചുമലിൽ അവളുടെ മുഖം ചേർത്ത് വെച്ച് യാത്ര തുടർന്നു ..

നിലാവെളിച്ചത്തിൽ പെയ്തിറങ്ങുന്ന മഴത്തുള്ളികളുടെ തിളക്കം കണ്ടുകൊണ്ട് മുഖത്ത് വന്നു പതിക്കുന്ന മഴത്തുള്ളികളുടെ കുളിരേറ്റുകൊണ്ട് ആകാശത്ത് വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങൾ നോക്കികൊണ്ട് രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഫൈസിയുടെ ബുള്ളറ്റ് ചുരം റോഡിലേക്ക് കേറി ..

നേരം പുലർന്നുവരുന്നതേ ഉള്ളൂ നല്ല കോടയിറങ്ങിയിരിക്കുന്നു …” ഇക്കാ നമ്മുക്കൊരു കട്ടൻ കുടിച്ചാലോ ..?

റോഡരികിലെ പെട്ടിക്കടയുടെ മുന്നിൽ ഫൈസി ബൈക്ക് നിർത്തി ..” ചേട്ടാ രണ്ട് കട്ടൻ .. ഒന്നിൽ മധുരം കൂടുതൽ വേണം ട്ടോ ..?

ആവി പറക്കുന്ന ചൂട് കട്ടനും കയ്യിലെടുത്തു ഫൈസി അവളുടെ നേരെ നടന്നു …” എന്തൊക്കെ വട്ടന്മാരാ അല്ലെ ചേട്ടാ .. ഈ ചൂടിന് ആരേലും റൈൻ കോട്ടും ഇട്ടോണ്ട് വണ്ടി ഓടിക്കുമോ .. എന്നിട്ട് ഒരുത്തൻ വന്നിട്ട് രണ്ട് ചായയുംമേടിക്കുന്നു കടയിൽ ചായകുടിച്ചോണ്ടിരുന്നവൻ ഫൈസിയെ നോക്കികൊണ്ട് പിന്നേം എന്തൊക്കെയോ പറഞ്ഞു …
കടക്കാരൻ ചേട്ടൻ അയാളെ ഒന്ന് നോക്കി …

അവൻ ഇത്പൊലെ കോട്ടും ഇട്ടോണ്ട് വന്നു രണ്ട് ചായ കുടിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല .. നാല് മാസം മുൻപ് നല്ല മഴയുള്ള ഒരു ദിവസമാണ് ആദ്യമായി അവൻ വന്നത് കൂടെ അവന്റെ ഭാര്യയും .. അന്ന് ആ മോള് ഇവിടെ ഇരുന്നു ചായ കുടിക്കുമ്പോൾ എന്നോട് ഒരുപാട് സംസാരിച്ചിരുന്നു ..

ചായകുടി കഴിഞ്ഞു ഇനിയും വരുമെന്ന് പറഞ്ഞു പോയതാണ് .. അടുത്ത വളവിൽ വെച്ച് മീനുമായി ബാംഗ്ലൂരിൽ നിന്ന് വന്ന ലോറിയുമായി ഇവരുടെ ബൈക്ക് ആക്സിഡന്റ് ആവുന്നത് .. അവിടെ വചുതന്നെ ആ കുട്ടി മരിക്കുകയും ചെയ്തു …

അതിന് ശേഷം നാലാമത്തെ വട്ടമാണ് ഇവൻ ഇതുപോലെ ബൈക്കുമയി വരുന്നത് രണ്ട് ചായ വാങ്ങി ആ കോണിൽ പോയി നില്ക്കും കുറെ നേരം ചായയും കുടിച്ചോണ്ട് അവിടെ നിന്ന് പിന്നെ ഒന്നും മിണ്ടാതെ പൈസയും തന്ന് തിരിച്ചു പോകും ..

കടക്കാരന്റെ സംസാരം കേട്ടപ്പോഴാണ് അവിടെ ഉള്ളവർ എല്ലാം ഫൈസിയെ ശ്രദ്ധിച്ചത് …
ഫൈസി ആരോടെന്നില്ലാതെ തനിച്ചു സംസാരിക്കുകയാണ് ..

” ഇക്കാ ഞമ്മക്ക് പോവാം .. അവന് മാത്രം കേൾക്കാവുന്ന അവളുടെ ചോദ്യത്തിന് മറുപടി എന്നോണം മധുരക്കൂടുതലുള്ള ആ കട്ടൻ അവിടെ ബാക്കിയാക്കി ഫൈസി ബൈകും എടുത്തോണ്ട് ചുരമിറങ്ങി ….

Leave a Reply

Your email address will not be published.