March 25, 2023

അമ്മേ… ശ്രേയമോളുടെ ദേഷ്യവും വാശിയും കല൪ന്ന വിളികേട്ട് അടുക്കളയിൽനിന്നും സിനിയും പൂജാമുറിയിൽനിന്ന് അമ്മമ്മയും

ക്രൂരനായ മുത്തച്ഛൻ

രചന: ഭാഗ്യലക്ഷ്മി. കെ. സി.

അമ്മേ…ശ്രേയമോളുടെ ദേഷ്യവും വാശിയും കല൪ന്ന വിളികേട്ട് അടുക്കളയിൽനിന്നും സിനിയും പൂജാമുറിയിൽനിന്ന് അമ്മമ്മയും ബെഡ് റൂമിൽനിന്ന് കിരണും എത്തിനോക്കി. എന്താ മോളൂ..?

അപ്പൂപ്പൻ എന്നോട് ചെയ്യുന്ന ക്രൂരത വല്ലോം നിങ്ങളറിയുന്നുണ്ടോ? എന്താ.. എന്തുപറ്റി?
എന്റെ ക്രയോൺസിലെ റോസ് നിറമുള്ള ക്രയോൺ കഴിഞ്ഞ ഒരാഴ്ചയായി തപ്പിനടക്കാത്ത സ്ഥലമില്ല..

ദേ.. അപ്പൂപ്പന്റെ അലമാരയിൽ എടുത്ത് വെച്ചിരിക്കുന്നു..സിനി ചിരിച്ചുപോയി.
ഈ അച്ഛനെക്കൊണ്ട് തോറ്റു. അച്ഛാ..

ശ്രേയമോൾക്ക് റോസ് നിറമുള്ള ക്രയോൺ ഏറ്റവും ഇഷ്ടമുള്ളതാണെന്ന് എങ്ങനെ അറിയാം?
അതൊക്കെ എനിക്കറിയാം..മുത്തച്ഛൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

സിനി ദോശ ചുടുന്നത് നി൪ത്തി അച്ഛന്റെ അടുത്ത് വന്നിരുന്നു. നേപ്പാളിലേക്ക് ടൂ൪പോയ ചേട്ടൻ ഒരാക്സിഡന്റിൽ മ,രി,ച്ചു,പോയതോടെ മൌനത്തിലമ൪ന്നുപോയ അച്ഛൻ ഏഴെട്ടുമാസത്തിനുശേഷമാണ് ഇപ്പോൾ കുറച്ചായി ഇങ്ങനെ.. അയാളുടെ മുടിയിലൂടെ വിരലോടിച്ച് അവൾ പറഞ്ഞു:
അച്ഛാ..

ഇതിപ്പോ കുറച്ചായല്ലോ കുറുമ്പ് കൂടുതലായിത്തുടങ്ങിയിട്ട്.. എന്തിനാ വെറുതേ അവളെ ശുണ്ഠി പിടിപ്പിക്കുന്നത്? അവളേ… അവൾ പഠിച്ച കള്ളിയാണ്..കഴിഞ്ഞദിവസം എനിക്ക് ക്രീംബിസ്ക്കറ്റ് തന്നില്ല. അതിന്നലെയല്ലേ?

മിനിഞ്ഞാന്ന് എന്നെ നോക്കി അവൾ കൊഞ്ഞനം കു ത്തി…കുട്ടികളായാലേ അത്ര അഹങ്കാരം പാടില്ല. മുതി൪ന്നവരെ ഇത്തിരി ബഹുമാനമൊക്കെ ആവാം..

അച്ഛന്റെ വിറക്കുന്ന കൈകളെ തഴുകിക്കൊണ്ട് സിനി വീണ്ടും പറഞ്ഞു: അത് അച്ഛൻ അവൾക്കുണ്ടാക്കിവെച്ച നൂഡിൽസ് കട്ടുതിന്നിട്ടല്ലേ..അത് എനിക്ക് വേണമെന്ന് കരുതി തിന്നതൊന്നുമല്ല..

അവൾക്കേ ആഹാരത്തിന്റെ വിലയറിയില്ല..എന്തുണ്ടാക്കിക്കൊടുത്താലും അതിനൊന്നും രുചിയില്ല എന്നും പറഞ്ഞ് പാതികഴിച്ച് എഴുന്നേറ്റ് പോകും.

കുറച്ച് വിശക്കുമ്പോഴേ തനിയെ പഠിച്ചോളും..അച്ഛാ.. നമുക്ക് ഡോക്ടറെ കാണാൻ പോകാറായി..മരുന്നൊക്കെ മാറ്റിവാങ്ങണം.

ഉറക്കമൊക്കെ കിട്ടുന്നില്ലേ? മുത്തച്ഛൻ പുഞ്ചിരിച്ചതേയുള്ളൂ. ഉത്തരം പറഞ്ഞത് അമ്മമ്മയാണ്:
ഉറങ്ങുന്നുണ്ടോന്നോ…!

കൂ൪ക്കംവലി കാരണം എന്റെ ഉറക്കമാ പോയത്..ഇതുവരെയില്ലാത്ത ഓരോ സ്വഭാവങ്ങളാ..ഓ.. എന്റെ അപ്പൂപ്പാ…!

ശ്രേയ വീണ്ടും ബഹളം വെച്ചു..എന്താ മോളേ? കിരൺ മൊബൈലിൽനിന്നും കണ്ണുകളുയ൪ത്തിക്കൊണ്ട് ചോദിച്ചു: എന്റെ ടെഡിബേറിനെ ഒളിപ്പിച്ചുവെച്ച സ്ഥലം കണ്ടോ അച്ഛാ?
എവിടാ?

അപ്പൂപ്പന്റെ കിടക്കയുടെ അടിയിൽ…
അതിന്റെ മുകളിൽകിടന്ന് എന്റെ ടോമി ബേ൪ ചമ്മന്തിയായി.. ദേ നോക്ക്..
ശ്രേയ അവളുടെ ടെഡിബേറിനെ നെഞ്ചോട് ചേ൪ത്തുപിടിച്ച് കരച്ചിൽ അഭിനയിച്ചു. അതുകണ്ട് മുത്തച്ഛന് ചിരിപൊട്ടി. പൊട്ടിവന്ന ചിരി കടിച്ചുപിടിച്ച് അയാൾ ഡൈനിങ്ടേബിളിനരികിലേക്ക് പതുക്കെ നടന്നു.

അമ്മമ്മ വേഗംതന്നെ ചായ എടുത്തുകൊണ്ടുവന്നു. സിനി ചൂടോടെ ദോശ ഉണ്ടാക്കിക്കൊടുത്തു. ചട്ണി കൂട്ടിക്കഴിക്കുന്നതിനിടയിൽ അപ്പൂപ്പന്റെ പിൻകഴുത്തിൽ ശ്രേയ പെന്നുമായി വന്ന് ഒരു മത്സ്യത്തെ വരച്ചു.

അപ്പൂപ്പാ..ഞാനെന്താ വരച്ചത് എന്ന് പറഞ്ഞാട്ടെ? കാൻ യു ഗസ്? അതൊരു തുമ്പിയാ… അല്യോ? ഏയ്… നോ..

കിരൺ എത്തിനോക്കുന്നതുകണ്ട് ശ്രേയ ചുണ്ടിൽ വിരൽവെച്ച് പറയല്ലേ എന്ന് അച്ഛനെ വിലക്കി.
അപ്പൂപ്പാ… പറയ്…അതൊരു വഴുതനയാ അല്ലേ? ചീ… ഈ അപ്പൂപ്പന് ഒന്നുമറിയില്ല..

അവൾ കവിൾ വീ൪പ്പിച്ച് പൊട്ടിച്ച് ചിരിച്ച് എഴുന്നേറ്റ് പോയി. അവളുടെ കൈയിൽ എന്നുമുണ്ടാവുന്ന ഒരു കുഞ്ഞുപൂമ്പാറ്റക്ലിപ് അവളാ മേശയിൽ വെച്ചത് അയാൾ സൂത്രത്തിൽ കൈക്കലാക്കി. എന്നിട്ട് ടീഷ൪ട്ടിന്റെ പോക്കറ്റിലിട്ടു.

എഴുന്നേറ്റുപോയി കൈയും വായും കഴുകി ഇറയത്ത് ചാരുകസേരയിൽ പോയിരുന്നു.
അമ്മേ… ഈ അപ്പൂപ്പൻ എന്റെ പൂമ്പാറ്റക്കുഞ്ഞിനെ ഒളിപ്പിച്ചു. ഒന്ന് കണ്ടപിടിച്ചുതായോ…
ശ്രേയയുടെ അടുത്ത പരിഭവവും പരാതിയും ഉയ൪ന്നു. സിനി ഫോൺ എടുത്ത് പതിയെ ഡോക്ടർ വിശ്വനാഥനെ വിളിച്ചു. അച്ഛന്റെ കാര്യങ്ങളൊക്കെ പറഞ്ഞു.

സ൪, ഇങ്ങനെയൊന്നുമായിരുന്നില്ല അച്ഛൻ..ഇതെന്താ ഇപ്പോൾ ഇങ്ങനെ..?
വിശ്വനാഥൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു:ഡോൺട് വറി സിനി,‌ ഹി ഈസ് കംപ്ലീറ്റ്ലി നോ൪മൽ നൌ…മരുന്ന് വല്ലതും മാറ്റണോ സ൪? എപ്പോഴാണ് അങ്ങോട്ട് കൂട്ടിക്കൊണ്ടുവരേണ്ടത്?
ഏയ്..

ഇതുപോലെ തുട൪ന്നാൽ മതി..മാത്രവുമല്ല വേറെ കുഴപ്പമൊന്നുമില്ലെങ്കിൽ അടുത്തൊന്നും ഇങ്ങോട്ട് വരികയും വേണ്ട..സിനി ഫോൺവെച്ച് അമ്മയുടെ മുഖത്ത് നോക്കി. എന്താ ഡോക്ടർ പറഞ്ഞത്? അവ൪ ആകാംക്ഷയോടെ തിരക്കി.

അവിശ്വസനീയതയോടെ സിനി പറഞ്ഞു:അച്ഛൻ വളരെ നോ൪മലാണെന്ന്…

Leave a Reply

Your email address will not be published.