March 25, 2023

കുറേ മനുഷ്യരുടെ ഒന്നിച്ചുള്ള തേങ്ങി കരച്ചിൽ കേട്ടാണ് അന്നത്തെ വെളുപ്പാൻ കാലം ഏഴു മണിക്ക് ഞാൻ ഞെട്ടി എഴുന്നേറ്റത്.

അമളി കുട്ടൻ

രചന:മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

കുറേ മനുഷ്യരുടെ ഒന്നിച്ചുള്ള തേങ്ങി കരച്ചിൽ കേട്ടാണ് അന്നത്തെ വെളുപ്പാൻ കാലം ഏഴു മണിക്ക് ഞാൻ ഞെട്ടി എഴുന്നേറ്റത്.

ആ നേരത്തിനെ വെളുപ്പാൻ കാലം എന്നു പറയാൻ പറ്റില്ല. പക്ഷെ ശരിക്കും എന്റെ വെളുപ്പാൻ കാലം എട്ട് മണിയാണ്. സാധാരണ സൂര്യന്റെ ചൂട് ചന്തിയിൽ തട്ടിയാലേ ഞാൻ ഉണരാറുള്ളൂ..

പക്ഷേ അന്ന് ഞാൻ തല വഴി പുതപ്പിട്ട് മൂടി ഉണർന്നങ്ങനെ എന്നാൽ ഉണർന്നതുമില്ല എന്ന പോലെ കിടക്കുകയാണ്. എണീക്കണോ വേണ്ടേ എന്ന സംശയത്തിൽ.അപ്പോഴാണ് ഈ കൂട്ട കരച്ചിൽ കേൾക്കുന്നത്.

“”ഇനി സ്വപ്നം വല്ലതും കണ്ടതാണോ?””.. ഞാൻ തെല്ലൊരു ആശങ്കയോടെ എഴുന്നേറ്റു. പുതപ്പ് തലയിൽ നിന്നും മാറ്റി ജനലിൽ കൂടി എത്തി നോക്കി. ഒന്നു കൂടി കാതോർത്തു. കരച്ചിൽ കേൾക്കുന്നുണ്ട്..കരയുന്നത് പെണ്ണുങ്ങൾ ആണെന്ന് മനസ്സിലായി. പക്ഷെ.. ഏത് വീട്ടിൽ നിന്നാണെന്ന് ഒരു പിടിയും ഇല്ല.

ഞാൻ ആകെ ബേജാറിലായി.”അയലോക്കത്ത് വല്ലോരും മ,രി,ച്ചോ റബ്ബേ”. ഞാൻ പേടിയോടെ വേഗം എഴുന്നേറ്റ് കട്ടിലിൽ കയറി നിന്നു ഒന്നു കൂടി ജനലിലൂടെ ഏന്തി വലിഞ്ഞു നോക്കി. മൊയ്തീൻ കുട്ടി കാക്കയുടെ വീട്ടിൽ നിന്നാണ് കരച്ചിൽ കേൾക്കുന്നത്. മുറ്റത്തു ഒരു വണ്ടി നിൽക്കുന്നുണ്ട്. കുറേ പെണ്ണുങ്ങളും കുറച്ചു ആണുങ്ങളും കൂടി നിൽക്കുന്നു.

“മരിച്ചത് തന്നേണ്. അല്ലെങ്കി ആർക്കേലും വയ്യാഞ്ഞിട്ട് ആസ്പത്രിയിൽ കൊണ്ട് പോകാണ്”. ഞാൻ ഉറപ്പിച്ചു “ആരാണാവോ പടച്ചോനെ”.എന്റെ നെഞ്ചിടിച്ചു. ഞാൻ ഉമ്മാനെ ഉറക്കെ വിളിച്ചു… “ഇമ്മാ…. ഇമ്മാ”…ഉമ്മാന്റെ മറുപടിയില്ല.

“റബ്ബേ.. ഇമ്മ മുണ്ടണില്ല. അപ്പൊ മ,രി,ച്ച,ത് തന്നെ..ഓലൊക്കെ മരിച്ച വീട്ടിക്ക് പോയ്ക്കുണു. തൊട്ടടുത്ത വീട്ടില് ഒരാള് മ,രി,ച്ചി,ട്ട് ഞാൻ ഇവടെ പോത്ത് പോലെ കടന്നുറങ്ങേ. ആൾക്കാര് ഇന്നെ കുറിച്ചു എന്താ വിചാരിക്കാ..ഞാനല്ലേ അവടെ ആദ്യം എത്തേണ്ടത് “.

ഇങ്ങനെയൊക്കെ മനസ്സിൽ വിചാരിച്ചിട്ട് ഞാൻ ഊർന്ന് പോയ ത്രീ ഫോർത് ട്രൗസറും വലിച്ചു കയറ്റി റൂമിൽ നിന്നു ഇറങ്ങി ഓടി.

ഗോവണി പടികൾ ഓടിയിറങ്ങി വരുന്നതിനിടയിൽ അടുക്കളയിൽ നിന്നും മിക്സി ഓടുന്ന ഒച്ച കേൾക്കുന്നു.

“മ,രി,ച്ചൂ,ന്ന് കേട്ടപ്പൊ ഇമ്മ മിക്സിങ്കൂടി നിർത്താതെ ഓടി പോയിക്കുണു”.
ഞാൻ മിക്സി ഓഫ്‌ ചെയ്യാനായി അടുക്കളയിലേക്കോടി.

അവിടെ ചെന്നപ്പോളുണ്ട് ഉമ്മ അപ്പം ചുടുന്നു. യാതൊരു കൂസലും ഇല്ല. “അയലോക്കത്ത് ഒരാള് മരിച്ചിട്ടും യാതൊരു വെഷമോല്ലാതെ നിന്ന് അപ്പം ചുടുന്നോ..?. ഇവർക്കിതൊക്കെ എങ്ങനെ കഴിയുണു.” ഞാൻ ചിന്തിച്ചു.

എനിക്കുമ്മാനോട് ദേഷ്യം ഇരച്ചു കയറി. ഒന്നും മിണ്ടിയില്ല. “അടുത്ത് മ,ര,ണ വീടല്ലേ. ഞാൻ ഇവടെ ഒച്ചയിടാൻ പാടില്ലല്ലോ”. ഞാൻ ഇങ്ങനെ ചിന്തിച്ചു കൊണ്ട് പുറത്തേക്ക് ഓടി.

സിറ്റൗട്ടിൽ എത്തിയപ്പോഴുണ്ട് ഉപ്പ ഇരുന്നു പത്രം വായിക്കുന്നു. മുഖത്ത് യാതൊരു വിഷമവുമില്ല. മൂപ്പർ പേപ്പറിൽ മുഴുകിയിരുന്നു വായിക്കുന്നു. എനിക്ക് ദേഷ്യം വീണ്ടും ഇരച്ചു കയറി.

“വാപ്പയിത് എന്ത്‌ പണ്യാ ഈ കാട്ടുന്നത്. അയലോക്കത്ത് ഒരാൾ മ,രി,ച്ചി,ട്ട് ഒരു വേഷമോല്ലാതെ പേപ്പർ വായിക്കുണു. ഇങ്ങനെ കണ്ണീ ചോ,ര,ല്ലാ,ത്തോരാണല്ലോ റബ്ബേ ന്റെ തന്തീം തള്ളീം”..ഞാൻ ചിന്തിച്ചു.

ഞാൻ ധൃതിയിൽ ചെരിപ്പിടുമ്പോൾ ഉപ്പ എന്നെ അത്ഭുതത്തോടെ നോക്കി.
“”എങ്ങ്ട്ടാടാ രാവിലെ വെടി കൊണ്ട പന്നിനെ പോലെ പായ്‌ണ്. ഇജ്ജ് ഓടാൻ പോകാണോ?””..ഉപ്പ ചോദിച്ചു.

എനിക്കങ്ങ് പെരുവിരലിൽ നിന്നും ഇരച്ചു കയറി. “ഹും.. ചോയിക്കുന്നത് കേട്ട്ലെ .. ഓടാൻ പോകാണോന്ന്‌.. ങ്ങും…ഹും…ഒരാള് അയലോക്കത്തു മര്ച്ചിട്ട് ഒരു കുലുക്കോല്ല. കണ്ണീ ചോരല്ല..ന്നിട്ട് ഇന്നെ കളിയാക്കാൻ എന്താ ഉഷാറ്.. ദുഷ്ടൻ”…ഞാൻ ഉപ്പാന്റെ മുഖത്തേക്കൊന്നു കനപ്പിച്ചു നോക്കിയിട്ട് വീണ്ടും ഓടി.

ഗേറ്റ് കടന്നു ഓടുമ്പോഴും മനസ്സിൽ ആരാവും മ,രി,ച്ച,ത് എന്ന ചിന്തയായിരുന്നു. ഓടി മൊയ്‌തീൻ കുട്ടി കാക്കയുടെ വീടിന്റെ മുറ്റത്തെത്താറായി. ഞാൻ മുന്നിൽ കിടക്കുന്ന വണ്ടിയൊന്നു ശ്രദ്ധിച്ചു. മുകളിൽ രണ്ടു പെട്ടികൾ കെട്ടിയിരിക്കുന്നു.

മൊയ്‌തീൻ കുട്ടി കാക്ക വിഷമിച്ചു നിൽക്കുന്നുണ്ട്. അവരുടെ ഭാര്യയേ ഓരോ പെണ്ണുങ്ങൾ കെട്ടിപിടിച്ചു കരയുന്നു. അവസാനം അവർ എല്ലാരോടും യാത്ര പറഞ്ഞു വണ്ടിയിലേക്ക് കയറി.അവിടേക്കാണ് ഞാൻ ഓടി കയറിയത്.

അവിടെ കൂടിയ എന്നെ അറിയുന്ന എല്ലാരും “ഇവനിതെന്ത് പറ്റി. ഷർട്ട് പോലും ഇടാതെ” എന്ന അർത്ഥത്തിൽ നോക്കി. കൂട്ടത്തിൽ എന്നെ അറിയാത്തവർ “ഇവനാരെടാ.. ഷർട്ട് പോലും ഇടാതെ ഇത്രയും ആൾക്കാർക്ക് ഇടയിലേക്ക് പാഞ്ഞു വന്നിരിക്കുന്നു.

നാണമില്ലാതെ” എന്ന അർത്ഥത്തിലും എന്നെ നോക്കി. പെണ്ണുങ്ങൾ കുപ്പായമില്ലാത്ത എന്നെ കണ്ട് ഒന്ന് നോക്കി തല താഴ്ത്തി. അറിയുന്ന ചിലർ അത്ഭുതത്തോടെയും നോക്കി. എല്ലാരേം നോക്കി ഞാൻ ചിരിച്ചു. പക്ഷേ ചിറി വളിഞ്ഞു കോടി തേനൊലിക്കുന്നു. ഞാൻ ചിറിയൊന്നു തുടച്ചു.

എനിക്ക് പതുക്കെ സംഗതി പിടികിട്ടി. എന്താണെന്ന് വെച്ചാൽ മൊയ്‌തീൻ കുട്ടി കാക്കയുടെ ഉമ്മയും ഭാര്യയുമൊക്കെ ഉംറ കർമം നിർവഹിക്കാൻ മക്കയിലേക്ക് പോവുകയാണ്.

അവരെ യാത്രയയക്കുന്ന വിഷമത്തിൽ ചില പെണ്ണുങ്ങൾ നിയന്ത്രണം വിട്ടു കരഞ്ഞതാണ്…അതാണ് ഞാൻ കേട്ടത്. കാള പെറ്റു എന്ന് കേട്ടപ്പോഴേക്കും ഞാൻ കയറുമെടുത്തു ഓടി.. അയ്യേ… ഛേ.. ആകെ വഷളായി.

എനിക്ക് ആൾക്കൂട്ടത്തിൽ തുണിയുരിഞ്ഞ അവസ്ഥയായി. ഞാൻ അവിടെ നിന്ന് പരുങ്ങി. അവസാനം അതേ വളിഞ്ഞ ഇളിയുമായി പതുക്കെ ഗേറ്റിന് പുറത്തേക്ക് ഇറങ്ങി. മതിലിനു പുറകിൽ ശരീരം മറച്ചു അവിടെ കുറച്ചു നേരം നിന്നു.

അവർ പോകുന്നത് അറിഞ്ഞിട്ട് വന്നതാണെന്ന മട്ടിൽ. എല്ലാരോടും വീണ്ടും ചിരിച്ചു. കൂട്ടിന് നല്ലൊരു മാപ്പിള പാട്ടും മൂളി. ജാള്യത മറക്കാൻ പാടിനോളം പ്രിയം വേറെന്ത്..പിന്നെ പതുക്കെ രംഗത്ത് നിന്ന് ഊളിയിട്ടു. വേറൊരു മൂളി പാട്ടും പാടി വീട്ടിലേക്ക് നടന്നു. ഉമ്മറത്ത് അപ്പോഴും ഉപ്പ പത്രം വായനയിലാണ്.

“”എന്താടാ.. ഓട്ടം ഇത്ര പെട്ടെന്ന് മത്യാക്കിയോ. അല്ലെങ്കിലും ഇതൊന്നും അനക്ക് പറ്റിയ പണ്യല്ല””.ഉപ്പ പറഞ്ഞു ചിരിച്ചു.

“”മ്മ്.. അതൊന്നോല്ല..നല്ല മഞ്ഞ്ണ്ട്. ഇച്ച് ജലദോഷം പുടിച്ചാ ഈ പറയണ ഇങ്ങളെന്നെ തിരിച്ചുമ്പറയും. ഞാൻ ഓടാമ്പോയിട്ട് ജലദോഷം വന്നതാന്ന്””.ഞാൻ ഇളിഭ്യനായ ദേഷ്യവും നിരാശയും മറ്റെല്ലാ വികാരങ്ങളും ഉപ്പാനോട് തീർത്തു. ഉപ്പ ഒന്നും മനസ്സിലാകാതെ വായും പൊളിച്ചു എന്നെ നോക്കി. ഞാൻ അങ്ങോട്ടും തുറുപ്പിച്ചു നോക്കി. പിന്നെ അകത്തേക്ക് നടന്നു.

“”ഇജ്ജ് പോയി കടന്നൊറങ്ങിക്കാ ചെങ്ങായി. അനക്ക് ഒറക്ക പിരാന്താണ്””..പുറകിൽ നിന്ന് ഉപ്പാന്റെ ശബ്ദം..

എനിക്ക് ചിരി വന്നു…ഹാവൂ.. ഭാഗ്യം..ഉപ്പാക്ക് ഒന്നും മനസ്സിലായിട്ടില്ല…അല്ല..എന്തിനാപ്പൊ ഞാൻ ഉപ്പാനോട് ചൂടായത്. അങ്ങാടീ തോറ്റാൽ അമ്മയോടോ..ആ..ശര്യാ…വളിപ്പ് മാറാൻ ദേഷ്യവും നല്ലതാ. പാട്ടും നല്ലതാ

“അല്ല പിന്നെ…. നല്ലൊരു മനസ്സ്ണ്ടായാൽ ഇന്നത്തെ കാലത്ത് ജീവിക്കാമ്പറ്റൂലാന്ന് മനസ്സിലായി.വെറുതെന്തിനാ ആരാന്റെ കാര്യത്തല് പോയി തലട്‌ണത്”.

ഞാൻ ഇങ്ങനെ പിറു പിറുത്തു കൊണ്ട് തിരികെ റൂമിൽ പോയി വീണ്ടും പുതപ്പിട്ട് മൂടി ചുരുണ്ടുകൂടി കിടന്നു
ശുഭം….നന്ദി.

Leave a Reply

Your email address will not be published.