March 25, 2023

ഡാ!നീ എന്നാ ഇവിടുന്നു മാറുന്നത്? ചാരുത അതു ചോദിച്ചപ്പോൾ ചിത്രൻ അന്താളിച്ചു.നീ എന്താ അങ്ങനെ പറഞ്ഞത്?

writer: Sivadasan Vadama

ഡാ!നീ എന്നാ ഇവിടുന്നു മാറുന്നത്?ചാരുത അതു ചോദിച്ചപ്പോൾ ചിത്രൻ അന്താളിച്ചു.
നീ എന്താ അങ്ങനെ പറഞ്ഞത്?

അല്ല നിന്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ചേട്ടു വർഷം ആയില്ലേ?
ശ്രീജിത്തേട്ടൻ പറഞ്ഞു ഇത്തവണ നീ ലീവിൽ വരുമ്പോൾ ഇക്കാര്യം സൂചിപ്പിക്കണം എന്ന്.
ഞാൻ എങ്ങോട്ട് പോകാൻ ഇതു എനിക്ക് കൂടി അവകാശപെട്ട വീടല്ലേ? അതൊക്കെ നീ അമ്മയോട് പോയി ചോദിക്ക്?

എനിക്ക് ഒന്നുമറിയില്ല.അമ്മേ ഇവൾ എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്?അവൾ പറഞ്ഞത് എന്താ തെറ്റ്

നമ്മുടെ സമുദായത്തിന്റെ ആചാരപ്രകാരം പുരുഷൻ ഭാര്യവീട്ടിൽ ആണ് താമസിക്കേണ്ടത്
അതുകൊണ്ടാണ് ചാരുതയും ശ്രീജിത്തും ഇവിടെ താമസിക്കുന്നത്.

നിനക്ക് ശശികലയുടെ വീട്ടിൽ പോയി താമസിക്കാം അതാണ് അതിന്റെ ശരി.ഇതു എനിക്ക് എന്റെ അച്ഛൻ എഴുതി തന്ന വീടും പറമ്പുമാണ്.ഇതു ഞാൻ ചാരുതയുടെ പേരിൽ എഴുതി വെച്ചു.

ചിത്രന് അതൊരു ഷോക്കായിരുന്നു.താൻ ഇവിടെ ഇല്ലാത്ത സമയം നോക്കി അമ്മ അതു ചെയ്തിരിക്കുന്നു.ശശികല അർത്ഥഗർഭമായി ചിത്രനെ നോക്കി.അപമാനിതനായി അയാൾ തലകുനിച്ചു.

ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് അവന് തോന്നി.വസ്ത്രങ്ങൾ എടുത്തു ബാഗിലാക്കി ശശികലയെയും കുട്ടികളെയും കൈപിടിച്ച് അവിടെ നിന്നിറങ്ങി.ഇനിയുള്ള യാത്ര എങ്ങോട്ടെന്ന് അറിയാതെ.
****** ****** ******
നാട്ടിൽ നിന്ന് ദൂരെ ഒരു വാടകവീട് സംഘടിപ്പിച്ചു താമസം ആരംഭിക്കുമ്പോൾ ചിത്രൻ ഓർക്കുകയായിരുന്നു.

അച്ഛൻ മരിക്കുമ്പോൾ താൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.തന്നെയും അനുജത്തിയെയും ചേർത്ത് പിടിച്ചു ഇനിയെന്ത് എന്ന് പറഞ്ഞു അമ്മ പകച്ചു നിൽക്കുമ്പോൾ താൻ അമ്മയെ
ആശ്വസിപ്പിച്ചു.

അമ്മക്കും അനിയത്തിക്കുട്ടിക്കും ഞാൻ ഉണ്ട്.സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ വിട്ടു വന്നു അടുത്തുള്ള പലചരക്കു കടയിൽ സഹായി ആയി പോകും.അവിടെ നിന്നു കിട്ടുന്ന കേടു വന്നതും വാടിയതുമായ പച്ചക്കറികളും അരിയും വാങ്ങി കൊണ്ടു വന്നു താൻ അന്നുമുതൽ കുടുംബനാഥനായി മാറുകയായിരുന്നു.കടുത്ത ദാരിദ്ര്യം ആയിട്ടും അമ്മ ജോലിക്ക് പോകാൻ തയ്യാറായില്ല.

തങ്ങളുടെ സമുദായത്തിൽ പെട്ടവർ ജോലിക്ക് പോകാറില്ലത്രേ?അന്നും അമ്മക്ക് അഭിമാനത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.കടയിൽ നിന്ന് കിട്ടുന്ന തുച്ഛമായ പൈസ കൂട്ടി വെച്ച് അനിയത്തിക്കുട്ടിക്ക് ബാഗും ഉടുപ്പുകളും വാങ്ങി.

അവൾക്കു മറ്റു കുട്ടികളെക്കാൾ ഒരു കുറവും വരരുത് എന്നാഗ്രഹിച്ചു.മാറിയുടുക്കാൻ ഉടുപ്പില്ലാതെ ആകെയുള്ള ഒരു ഷർട്ടും ട്രൗസറും ഉണങ്ങി കിട്ടാതെ വരുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് താൻ സ്കൂളിൽ പോയിരുന്നത്.അതും ചിലപ്പോൾ ഒരു അനുഗ്രഹം ആയി തോന്നിയിട്ടുണ്ട്.

ആ ദിവസങ്ങളിൽ കൂടി കടയിൽ പോയാൽ കൂടുതൽ കൂലി കിട്ടുമല്ലോ?പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഇനി പഠനം തുടരേണ്ട എന്ന് തീരുമാനിച്ചു.അനിയത്തിയുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു.

പഠിക്കാൻ മിടുക്കിയായ അവളെ ഏതറ്റവും വരെ പഠിപ്പിക്കാൻ താൻ തയ്യാറായിരുന്നു.
കടയിൽ നിന്ന് കിട്ടുന്ന കൂലി ഒന്നിനും തികയുന്നില്ലെന്ന് കണ്ടപ്പോൾ ആണ് ബോംബെയിലേക്ക് കള്ളവണ്ടി കയറിയത്.

അവിടെ വെച്ച് പരിചയപ്പെട്ട സുഹൃത്തുക്കളുടെ സഹായത്താൽ വിദേശത്തേക്ക് കടന്നു.
പത്താംക്‌ളാസുകാരന്റെ യോഗ്യതക്കനുസരിച്ചുള്ള ജോലി ആയതിനാൽ ശമ്പളവും തുച്ഛമായിരുന്നു.
എങ്കിലും താൻ സംതൃപ്തനായിരുന്നു.

അനിയത്തിക്കുട്ടി പഠിച്ചു ജോലി സമ്പാദിച്ചപ്പോൾ അവളെ വിവാഹം കഴിപ്പിക്കാൻ ഉള്ള നെട്ടോട്ടം ആയിരുന്നു പിന്നീട്.

അമ്മയും അവളും പഴയതെല്ലാം പലപ്പോഴും മറന്നു പോയി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അവളുടെ ശമ്പളം അവൾ ചിലവഴിക്കില്ല.താൻ കഷ്ടപ്പെട്ട് പഠിച്ചു ജോലി നേടിയത് മറ്റാർക്കും നൽകാൻ ആവില്ലെന്ന് അവൾ പറയുമ്പോൾ തനിക്കു ചിരിയും സങ്കടവും ഒന്നിച്ചു വരും.ശ്രീജിത്തിനും ജോലി ഉണ്ടായിരുന്നു.

അവരുടെ വിവാഹശേഷം അവർ വീട്ടിൽ തന്നെ താമസമാക്കി.തനിക്കും അതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.അമ്മക്ക് ഒരു കൂട്ടായല്ലോ എന്നു കരുതി.താൻ വിവാഹം കഴിച്ചപ്പോൾ അവർ മാറീതാമസിക്കുമെന്ന് കരുതി.ഒന്നുമുണ്ടായില്ല.

ശശികല ഒരു സാധുവീട്ടിലെ കുട്ടി ആയിരുന്നു.അമ്മയില്ലാത്ത അവളെ സ്വന്തമാക്കാൻ മനസ്സിൽ ആഗ്രഹം തോന്നി.

ദാരിദ്ര്യം അറിഞ്ഞു ജീവിച്ചത് കൊണ്ടാകാം ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിക്ക് ജീവിതം നൽകണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.അമ്മയ്ക്കും അനിയത്തിക്കും അതിൽ എതിർപ്പ് ഉണ്ടായിരുന്നു.പക്ഷേ താൻ അതു കാര്യമാക്കിയില്ല.

എന്നാൽ അതിന്റെ ഭവിഷ്യത്തു അനുഭവിച്ചത് അവളായിരുന്നു.
അമ്മയുടെയും സഹോദരിയുടെയും പീ,ഡ,ന,ങ്ങ,ൾ ഒന്നും അവൾ തന്നെ അറിയിച്ചില്ല.

താൻ രണ്ടുമാസത്തെ ലീവിന് വരുമ്പോൾ അവർ നല്ല അമ്മായിയമ്മയും മരുമകളും ആയി.
ഇപ്പോൾ താൻ ഇല്ലാത്ത സമയം അമ്മയുടെ സ്ഥലം മകൾക്കു കൈമാറി തങ്ങളെ വഴിയാധാരമാക്കി.
ഓർത്തപ്പോൾ ചിത്രന് ദുഃഖം അടക്കാൻ ആയില്ല.

സാരമില്ല പോട്ടെ നിങ്ങളുടെ നല്ല മനസ്സിന് ദൈവം എല്ലാം നൽകും ശശികല ആശ്വസിപ്പിച്ചു.
***** ****** ****-
പതിയെ എല്ലാം സ്വന്തമാക്കി.സ്ഥലം വാങ്ങി വീടുവെച്ചു.ജീവിതം സന്തോഷകരമായി.

അമ്മയെയും അനിയത്തിയെയും മനസ്സ് കൊണ്ടു ഉപേക്ഷിച്ചു.ഇത്തവണ ലീവിന് വന്നപ്പോൾ ശശികല ഒരു ആഗ്രഹം പ്രകടിപ്പിച്ചു.അമ്മയെ കാണണം.തനിക്കു ഒട്ടും താല്പര്യം ഉണ്ടായില്ല.

എങ്കിലും അവളുടെ നിർബന്ധത്തിന് വഴങ്ങി കൂടെ പോയി.അവിടെ കണ്ട കാഴ്ച മനസ്സിനെ പിടിച്ചുലക്കുന്നതായിരുന്നു.

വൃത്തിഹീനമായ മുറിയിൽ പക്ഷാഘാതം വന്നു സംസാരിക്കാൻ കഴിയാതെ കിടക്കുന്നു.
മകനെ കണ്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി.അവ്യക്തമായ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.തന്റെ മനസ്സ് മരവിച്ചു പോയിരുന്നു.

ശശികലയോട് നമുക്ക് പോകാം എന്ന് പറഞ്ഞു.പക്ഷേ അവൾ തടഞ്ഞു.അമ്മയെ നമുക്ക് കൊണ്ടു പോകാം?നിനക്ക് എന്താ ഭ്രാന്തുണ്ടോ പെണ്ണെ അതേ എനിക്ക് ഭ്രാന്താണ് എന്ന് കൂട്ടിക്കോ?

അമ്മയെ ഇവിടെ വിട്ടിട്ട് പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.
അവളുടെ നിർബന്ധത്തിന് അവസാനം വഴങ്ങേണ്ടി വന്നു.
***** ****** *****
അടുത്ത തവണ ലീവിന് വന്നപ്പോൾ അമ്മ എഴുന്നേറ്റ് ഇരിക്കുന്നത് കണ്ടപ്പോൾ അത്ഭുതം ആണ് തോന്നിയത്.ഇപ്പോൾ സംസാരിക്കുന്നത് ഏറെക്കുറെ മനസ്സിലാകും.അമ്മയെ ഇനി ചാരുതയുടെ അടുത്ത് കൊണ്ടാക്കട്ടെ?ചിത്രൻ അമ്മയോട് ചോദിച്ചു.

അരുതേ?അവർ അവ്യക്തമായ ഭാഷയിൽ മകനോട് പറഞ്ഞു.എന്തിനാ പെണ്ണേ നീ ആവശ്യമില്ലാത്ത ഭാരം ചുമക്കുന്നത്?അയാൾ ഭാര്യയോട് ചോദിച്ചു.

ഞാൻ അമ്മ ഇല്ലാതെ വളർന്നവൾ ആണ്.അതിന്റെ വിഷമം കുഞ്ഞു നാൾ മുതൽ ഞാൻ അറിഞ്ഞു.
വിവാഹം കഴിഞ്ഞപ്പോൾ ഒരു അമ്മയെ കൂടി ലഭിച്ചു എന്ന് കരുതി.

പക്ഷേ അമ്മക്ക് എന്നെ സ്നേഹിക്കാൻ കഴിയുന്നില്ലെന്നു ഞാൻ അറിഞ്ഞു.
എങ്കിലും അമ്മയെ സ്നേഹിക്കാതിരിക്കാൻ എനിക്ക് ആകില്ലായിരുന്നു.
അതുകൊണ്ടാണ് അമ്മ എത്ര മോശമായി പെരുമാറിയിട്ടും ഞാൻ നിങ്ങളോട് പറയാതിരുന്നത്.
നമ്മൾ ഇങ്ങോട്ട് താമസം മാറിയിട്ടും ഞാൻ അമ്മയെ കാണാൻ നിങ്ങൾ അറിയാതെ പോകാറുണ്ട്.
പലപ്പോഴും അപമാനിതയായി തിരിച്ചു പോന്നു.

അമ്മ ശരീരം തളർന്നു കിടപ്പിലായപ്പോൾ അമ്മയെ ഇങ്ങോട്ട് കൊണ്ടു വരാൻ ആഗ്രഹിച്ചു.
അതുകൊണ്ടാണ് നിങ്ങളെയും കൂട്ടി അങ്ങോട്ട്‌ പോയത്.നിന്നെ പോലെ പെണ്ണിനെ കിട്ടിയത് ആണ് എന്റെ ഭാഗ്യം.അയാൾ അവളെ ചേർത്തു പിടിച്ചു.

കുറ്റബോധം കൊണ്ടു അമ്മയുടെ കണ്ണുകൾ നിറഞ്ഞു.ഇത്തരം നന്മയുള്ള പെൺകുട്ടികൾ ഇപ്പോഴും നമ്മുടെ ചുറ്റിലും ഒരുപാട് ഉണ്ട്.അർഹത ഇല്ലാത്ത അമ്മായിയമ്മമാരെ പരിചരിച്ചു സായൂജ്യം അടയുന്നവർ.

Leave a Reply

Your email address will not be published.