March 25, 2023

അല്ലേലും ഏതൊരുപെണ്ണിന്റെയും സുഖവും സന്തോഷോം ആദ്യത്തെ പ്രസവത്തോടെ തീരും നിർമ്മലേ..

നിർമ്മലയുടെ സ്വപ്നം

രചന: സി. കെ.

അല്ലേലും ഏതൊരുപെണ്ണിന്റെയും സുഖവും സന്തോഷോം ആദ്യത്തെ പ്രസവത്തോടെ തീരും നിർമ്മലേ…..

പിന്നെ ഭർത്താക്കന്മാർക്കൊക്കെ നമ്മള് പെണ്ണുങ്ങള് രണ്ടാംതരാ….കുടുംബശ്രീ മീറ്റിംഗ് കഴിഞ്ഞി റങ്ങുന്നതിനിടെ എന്തോ പറയുന്നതിനിടെ ഗീതേച്ചീടെ വായീന്ന് വന്ന ആ വാക്ക് എന്റെ തലയിൽ ഇടിത്തീ വീണപോലെയായി…

അല്ലേച്ചി, ന്താപ്പോ എന്നോടിത് പറയാൻ കാരണം….കെട്ടുകഴിഞ്ഞു ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോഴേക്കും നിർമല തുടുത്തു നല്ല ആപ്പിള് പരിവത്തിലായിരുന്നു…

ഇതിപ്പോ പ്രസവംകഴിഞ്ഞു ആറേഴുമാസവുമായി കൊറേ തടികൂടിയെന്നല്ലാതെ വേറെ ഒരു മാറ്റവുമില്ല .ഇപ്പോഴത്തെ പെണ്കുട്ടികളൊക്കെശരീരം ശ്രദ്ധിക്കണ
കൂട്ടത്തിലാണ്..തിന്നാൻകിട്ടിയില്ലങ്കിലും ശരീരം എങ്ങനെയെങ്കിലും ഷേപ്പാക്കി മാറ്റിയെടുക്കുന്ന ഇക്കാലത്ത് നീ മാത്രം ഇങ്ങനെ പൊണ്ണത്തടീം വെച്ചു എങ്ങനെ ജീവിക്കുന്നു..

അതിന് ഞാനത്ര തടിയൊന്നും ഇല്ലന്നാ സുധിയേട്ടൻ പറയാറ്..പിന്നെ പഴയപോലെയല്ലല്ലോ ജീവിതൊന്നും…

ചിലപ്പോഴൊക്കെ നമ്മള് വേണോന്നു വെച്ചു അടുത്തിക്ക് ചെല്ലുമ്പോ ജോലീടെ ടെൻഷനും കാര്യോം പറഞ്ഞു ഒരുമൂഡില്ലെന്നു പറയും.

ആ അതുതന്നാ ഞാനും പറഞ്ഞേ…നീയൊന്നു പ്രസവിക്കുന്നതുവരെ ആ ജോലിയും മൂഡും ഓന്റെ കൂടെ ണ്ടായിരുന്നില്ലേ…

എന്തിനും പോന്ന പെണ്ണുങ്ങള് ഊരേം മാറും കുലുക്കി നമ്മടെ ആണുങ്ങളെ വലവീശിപ്പിടിക്കാൻ ഇറങ്ങിത്തിരിച്ചിട്ടുണ്ട്….

അവർക്കിടേന്നു നമ്മടെ ഭർത്താക്കന്മാരെ പിടിച്ചുകൊണ്ടുവരാൻ ഇത്തിരി മുൻകരുതലൊക്കെ നമ്മള് പെണ്ണുങ്ങൾ എടുക്കണം…

എന്റെ ഗതി നിർമ്മലയിൽ കാണരുത്…അതോണ്ട് പറഞ്ഞതാ…
ഏയ്‌ അതൊക്കെ ചേച്ചിക്ക് തോന്നുന്നതാ..അല്ലേലും ആണുങ്ങള് പോകാൻ ഒരുമ്പെട്ടാൽ നമ്മള് പെണ്ണുങ്ങള് തടഞ്ഞാൽ നിക്കോ…

നിക്കോ എന്നു ചോദിച്ചാൽ….ഇയ്യപ്പോ പത്രത്തിലെ വാർത്തയൊന്നും വായിക്കാറില്ലേ..നല്ല ഷേപ്പും ആകൃതീം ള്ള ഭാര്യമാര് ഉണ്ടെങ്കിൽ പുരുഷന്മാർ വേറെ ഒരുപെണ്ണിനേം തേടിപ്പോവൂലാത്രേ.കഴിഞ്ഞ ആഴ്ച്ച അമേരിക്കൻ സർവകലാശാലയിലെ പെൺ ശാസ്ത്രജ്ഞർ കൊറേ കാലത്തെ നിരീക്ഷണത്തിനൊടുവിൽ കണ്ടുപിടിച്ചതാത്രേ.

ന്റെ ചേച്ചീ ഓരോന്നുപറഞ്ഞു മനുഷ്യന്റെ ഉള്ള സമാധാനം കളയരുത്..സുധിയേട്ടനും കുടുംബവും അല്ലാണ്ട് ഞാനിതുവരെ മറ്റൊരു ലോകത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ല…
തന്നെയുമല്ല എന്റെ ഈ തടി ഇനി ഷേപ്പ് ആക്കി എടുക്കണേൽ വല്ല മരമില്ലിലും പോയി പൊളിച്ചോണ്ടു വരേണ്ടിവരും….

അതോണ്ട്ഞാനങ്ങോട്ടു ചെല്ലട്ടെ കൊച്ചിനെ അമ്മയെ ഏല്പിച്ചുപോന്നതാണ്….
ന്നാ നീ ഇത് ഒന്നൂടെ കേട്ടിട്ടുപോ…

നിന്റെ അരക്കെട്ട് രണ്ടാഴ്ച്ചോണ്ടു വടിവുറ്റതാക്കാനുള്ള സൂത്രപ്പണി എനിക്കറിയാം…ഇത്തിരി പൈസക്ക് ചിലവുള്ള കേസാണ്..എന്റെ ഒരു കൂട്ടുകാരി അതിന്റെ ചെറിയ പരിപാടി നടത്തുന്നുണ്ട്…

ഞാനും ഒന്നു വാങ്ങിയിട്ടുണ്ട്…ന്നേം മക്കളേം ഉപേക്ഷിച്ചു ആ ഒരുമ്പട്ടോളുടെ കൂടെപ്പോയ ആ കാലമാടന്റെ മുന്നിലൂടെ ഊരേം മാറും കുലുക്കിയൊരു നടത്തം നടക്കണം….നിനക്കു നിന്റെ ശരീരം മിനുക്കിയെടുക്കണമെങ്കിൽ അടുത്ത ആഴ്ച മീറ്റിങ്ങിന് വരുമ്പോ ഞാൻകൊണ്ടുവരാം… വേണേൽ നീ എടുത്താൽ മതി കെട്ടോ….

അതും പറഞ്ഞു അവര് ചിരിച്ചോണ്ടു പോയപ്പോ കൂടെകൊണ്ടുപോയത് ന്റെ ഉറക്കോം കൂടിയാണ്….
വീട്ടിലെത്തി ഉണർന്ന കുഞ്ഞിന് പാല് കൊടുക്കുമ്പോ ഞാനെന്റെ മാറത്തേക്കു സ്വയമൊന്നു നോക്കി ,ഒരുകയ്യു വയറിൽവെച്ചൊന്നമർത്തി…

മാറ് ഇടിഞ്ഞു തൂങ്ങീട്ടുണ്ട്..വയറാണേൽ മൂന്നു മടക്കായിട്ടുമുണ്ട്….

അന്ന് വൈകുന്നേരം ഊണെല്ലാം കഴിച്ചുകഴിഞ്ഞു സുധിയേട്ടനോടൊത്തു കിടക്കുമ്പോൾ അദ്ദേഹത്തിന്റെ കയ്യെടുത്തു ഞാനെന്റെ വയറ്റിലേക്കൊന്നു വെച്ചു…

വെച്ചപാടെ കയ്യുവലിച്ചു അദ്ദേഹം തിരിഞ്ഞുകിടന്നു….”അല്ലേലും നിങ്ങക്കിപ്പോ പഴേ സ്നേഹോന്നും ഇല്ല…കല്ല്യാണം കഴിഞ്ഞ് ഒരു കൊച്ചുണ്ടാവുന്നതുവരെ പല രാത്രികളിലും ന്നെ കിടത്തിയുറക്കാത്ത മൻഷനാ…

രാവിലെ ബാത്റൂമിലെ ഷവറിന്റെ ചോട്ടിന്നു ദേഹത്തിക്കു വെള്ളം ചാടുമ്പോ വയറ്റത്തും മാറത്തൊക്കെ ഇങ്ങടെ പല്ലും നഖോം കൊണ്ടു മുറിയായി നീറുന്നുണ്ടാവും…
ആ അല്ലേലും ഒന്നുപെറ്റാ പിന്നെ പെണ്ണുങ്ങളൊക്കെ രണ്ടാംതരാ യല്ലോ….”
നിർമ്മലേ നീയിതെന്തു തേങ്ങയാ പറയുന്നേ….

ഈ മാസം ടാർജറ്റ് ഫിനിഷ് ചെയ്തില്ലേൽ ജോലി പോകും എന്നുള്ള കണ്ടീഷൻ എത്തിനിക്കുമ്പഴ നിന്റെ അമ്പഴങ്ങ…മര്യാദക്ക് മിണ്ടാണ്ട് കിടന്നോ നീ..ഇല്ലേൽ വല്ല കടലാസും വായീൽ തിരുകിവെക്കും ഞാൻ….

ഉള്ളിലെ അമർഷമെല്ലാം പൊതിഞ്ഞുകെട്ടി അടുത്ത ആഴ്ചയിലെ മീറ്റിംഗ് വരെ രാവുംപകലും കൊണ്ടുനടന്നുനടന്ന് ഒടുവിൽ ആ സുദിനം വന്നെത്തി….

മീറ്റിംങിന് ശേഷം ഇതുതന്നെ ആവർത്തിക്കാനായി എന്റെ അടുത്തേക്ക് വന്ന ചേച്ചിയോട് ഇത്തവണകയ്യിൽ കരുതിയിരുന്നു പൊതിവാങ്ങിക്കൊണ്ടായിരുന്നു സംസാരിച്ചത്….
നിർമ്മലേ…വെറും ആയിരത്തിയഞ്ഞൂറ് രൂപയെ നിന്റെ സന്തോഷകരമായ ജീവിതത്തിന് ഇപ്പൊ വിലയുള്ളൂ…ഇന്നത്തെ സാഹചര്യത്തിൽ അതൊരു വിലയെ അല്ലാ… നീ ഇതുവാങ്ങിച്ചു രണ്ടാഴ്ച കൊണ്ട് വീട്ടിലിരിക്കുന്നത്

മാണിക്യമാണെന്നു സുധിക്ക് മുന്നിൽ തെളിയിച്ചുകാണിക്ക്…അയ്യോ …ചേച്ചീ അത്രേം പണമൊന്നും എന്റകയ്യിൽ ഒറ്റയടിക്ക് ഇല്ലാ….

അതിന് പണമൊന്നുമല്ല ഇവിടത്തെ പ്രശ്നം എന്റെ കുട്ടീടെ ജീവിതം നന്നായിരിക്കണം….
സ്വന്തം കൂടപ്പിറപ്പിനെപ്പോലെ അതുംപറഞ്ഞു എന്റെ തോളിൽ കൈവെച്ചപ്പോൾ കണ്ണാകെ നിറയുന്നപോലെ തോന്നിപ്പോയി…

വീട്ടിലെത്തിയപാടെ അതൊന്നു തുറന്നുനോക്കുകപോലും ചെയ്യാതെ മറ്റാരും കാണാതെ ഞാനതു സൂക്ഷിച്ചു വെച്ചു…

പിന്നീടുള്ള ദിവസങ്ങളിലെല്ലാം സുധിയേട്ടൻ ഓഫിസിൽ പോയതിനുശേഷം ആരും കാണില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ഗീതേച്ചി തന്ന സംഗതിയും അരയിൽചുറ്റിക്കൊണ്ടു വ്യായാമം ചെയ്യാൻ തുടങ്ങി…

ഊണിലും ഉറക്കത്തിലും വെണ്ണക്കല്ലിൽ കൊത്തിയ ബിംബത്തിന്റെ ഷേപ്പുള്ള എന്നെ ഞാൻ സ്വയം സ്വപ്നം കണ്ടുതുടങ്ങി…

കൊച്ചുറങ്ങുന്നതും കാത്തു സുധിയേട്ടൻ കട്ടിലിൽ ഇരിക്കുന്നതും എന്നെ സ്നേഹത്തോടെ വാരിപ്പുണരുന്നതുംമനസ്സിനിമ്പമുള്ള കാഴ്ചകളായി തോന്നിത്തുടങ്ങി… നിർമ്മലേ നീയാകെ മാറീട്ടുണ്ട്ട്ടോ

കിടക്കാൻ നേരത്തു സുധിയേട്ടന്റെ സംസാരംകേട്ടപ്പോൾ അപ്പുറത്തേക്ക് മുഖം ചുളിച്ചുകിടന്ന എനിക്ക് കേരളാലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചപോലെയാണ് തോന്നിയത്….
തിരിഞ്ഞു നേരെ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തെ ഞാനൊന്നു കെട്ടിപ്പിടിച്ചു….
കയ്യെടുക്കടി അവിടന്ന്….ഉച്ചക്ക് ഊണിനുകൂട്ടാനുള സമ്പാറിൽ ഉപ്പിന് പകരം പഞ്ചസാരയിട്ടിട്ടാണോ ഭർത്താവിനെ സ്നേഹിക്കുന്നേ…..

നിന്നെയൊന്നും പറഞ്ഞിട്ടു കാര്യമില്ല….ഇനി ഉണ്ണുന്ന ചോറിനെക്കൂടി പേടിക്കണമെല്ലോ എന്നോർക്കുമ്പോഴാ…ഇതാണ് വിവരോം വിദ്യാഭ്യാസവും ഇല്ലാത്തവരെ കല്യാണം കഴിച്ചാലുള്ള പ്രശ്നം….

എന്തിനും നിനക്കൊരു യൂണിയൻ ഉണ്ടല്ലോ..അവറ്റകളുടെ അടുത്തൂന്നു എന്നുപോരുന്നു അന്നേ നിനക്കു നല്ലബുദ്ധി തോന്നു…..പേരിനു കുടുംബശ്രീ എന്നാലോ അവറ്റകൾക്കു കുടുംബം കലക്കലാ ജോലി…..

തിരിച്ചൊരു മറുപടീം പറയാണ്ട് വെച്ചകയ്യുമെടുത്തു ഞാനെന്റെ പഴയ സ്ഥാനത്തേക്കുതന്നെ കിടന്നു…

എത്രവഴക്കുകേട്ടാലും കുഴപ്പമില്ല ഒരിക്കല് ഇതൊക്കെ മാറ്റിപ്പറയും പത്തുപതിനാല് ദിവസംകൂടി ക്ഷമിക്കണമെന്നല്ലേയുള്ളൂ പിന്നീട് ഈ പറഞ്ഞതിനൊക്കെ ഇരട്ടിയെന്നെ സ്നേഹിച്ചോളും..
അങ്ങിനെ ഗീതേച്ചി പറഞ കണക്കും കഴിഞ് മൂന്നാലുദിവസം ഏറെയായിട്ടും ശരീരത്തിന് യാതൊരുവിധ മാറ്റവും വന്നതേയില്ല..

തന്നെയുമല്ല ഇതു വയറ്റിൽ ഇട്ടതിനു ശേഷം കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുകയും കാലിന്റെ തുടയിൽ തരിപ്പ് അനുഭവപ്പെടാനും തുടങ്ങി….ആദ്യമൊക്കെ ഞാനതു ശ്രദ്ധിച്ചിരുന്നില്ല..

പിന്നീട് കുഞ്ഞിന് കുടിക്കാനുള്ള പാലിന്റെ അളവ് വരെ കുറയുന്നത് എനിക്ക് തോന്നിത്തുടങ്ങിയപ്പോൾ അവസാനം മനസ്സില്ലാമനസ്സോടെ സുധിയേട്ടനോട് അസുഖത്തിന്റെ കാര്യം പറഞ്ഞു….

പിറ്റേന്ന് ഓഫിസിൽ ലീവുംപറഞ്ഞ് അടുത്തുള്ള സിറ്റി ഹോസ്പിറ്റലിലേക്ക് പോയി…
രോഗത്തിന്റെ ലക്ഷണങ്ങൾ പറഞ്ഞപ്പോഴേക്കും ഡോക്ടർ തിരിച്ചിങ്ങോട്ടു ചോദിച്ചു…
നിങ്ങൾ ഇൻഷേപ്പ് യൂസ് ചെയ്യാറുണ്ടോ ? അതെന്താ ഡോക്ടർ അങ്ങനെ ചോദിച്ചെ….

സാധാരണ ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് ഇതുപോലെയുള്ള അസുഖഖങ്ങൾ ഇതിന്റെ ഉപയോഗംമൂലം വരാറുണ്ട്… പ്രത്യേകിച്ചു നമ്മൾ മലയാളികൾക്ക്….എന്തും അതിന്റെ ദൂഷ്യഫലങ്ങൾ അറിയാതെ വാങ്ങിച്ചുകൂട്ടും…പിന്നീട് വല്ല പ്രശ്നങ്ങളുമുണ്ടാകുമ്പോഴേ പഠിക്കൂ…
അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ് ഡോക്ടർ… എന്റെ ഭാര്യക്ക് അതെന്താന്നുപോലും അറിയില്ലെന്ന് സുധിയേട്ടൻ പറഞ്ഞവസാനിപ്പിക്കും മുൻപ്

ഇടക്കുകയറി ഞാൻ സത്യമെല്ലാം ഡോക്ടറോട് തുറന്നു പറഞ്ഞു… തിരിച്ചിതിന്റെ ഉപയോഗംകൊണ്ടുണ്ടാകുന്ന അവസ്ഥയെക്കുറിച്ചും ഇനി ഇങ്ങനത്തെ മണ്ടത്തരം ചെയ്യരുതെ എന്നുള്ള താക്കീതും വാങ്ങിച്ചു ഞങ്ങളാ മുറിവിട്ടിറങ്ങുമ്പോൾ സുധിയേട്ടൻ എന്നോടൊന്നുമിണ്ടിയതുപോലുമില്ല…

അന്ന് വൈകുന്നേരം പതിവുപോലെ ഭക്ഷണവും കഴിച്ചിട്ട് അദ്ദേഹം പുറത്തു കസേരയിൽപോയി ഇരുന്നു….കൊച്ചിനെ ഉറക്കിയിട്ടും കാണാതെയായപ്പോൾ ഞാനൊന്നു കട്ടിലിൽനിന്നും എണീക്കാൻ തുടങ്ങവേ വാതിലിനോട് ചാരിയുള്ള ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തു ഒന്നും മിണ്ടാതെ സുധിയേട്ടൻ കട്ടിലിലേക്ക് വന്നുകിടന്നു…

തിരിഞ്ഞു ഞാനും കിടന്നു…കുറച്ചു കഴിഞ്ഞപ്പോൾ പതിവിനു വിപരീതമായി എന്റെ അടിവയറ്റിലൂടെ ഒരു കൈ ഇഴഞ്ഞു നീങ്ങി…എന്നിട്ടാപിടി മുറിക്കിക്കൊണ്ടു അപ്പുറത്തുനിന്നും എന്നോട് ചോദിച്ചു…

നീയെന്തിനാ ഇങ്ങനത്തെ വേണ്ടാത്തരങ്ങളൊക്കെ ചെയ്യാൻ പോവുന്നേ….ദാ ഇപ്പൊ നിങ്ങളീ കൊണ്ടുവെച്ച ഈ കയ്യിന്റെ ചൂട് പലപ്പോഴും ഞാനറിയാത്തതുകൊണ്ട്…
അന്ന് മീറ്റിംഗും കഴിഞ്ഞിറങ്ങുമ്പോൾ ഗീതേച്ചി പറഞ്ഞപ്പോ എനിക്കും തോന്നി ഇനി എന്റെ പൊണ്ണത്തടി കണ്ടു മടുപ്പു തോന്നീട്ടാവുംന്ന്.. അതാ സാധിക്കില്ലെന്നറിഞ്ഞിട്ടും ഞാനാ കാര്യം ചെയ്യാൻ തുടങ്ങീത്..

അരക്കെട്ടിന്റെ ഷേപ്പോ മാറിടത്തിന്റെ തുടിപ്പോ അല്ല നിർമ്മലേ നമ്മുടെ ബന്ധത്തിന്റെ ഉറപ്പ്…
പരസ്പരം പരാതികളില്ലാതെ പൊരുത്തപ്പെടാനുള്ള മനസ്സാണ്….

നിങ്ങൾ പെണ്ണുങ്ങക്കു ഇപ്പോഴും അറിയാത്തൊരു കാര്യം ണ്ട്… അരക്കെട്ടിന്റെ ഷേപ്പ്കൊണ്ടോ മാറിടത്തിന്റ വലിപ്പവ്യത്യാസംകൊണ്ടോ ഒരാണിന്റെ മനസ്സിലും ഒരുപെണ്ണു കയറി ജീവിതാന്ത്യം വരെ കുടിയിരുന്നിട്ടില്ല…

അതിനുള്ള അർഹത അവന്റെ കൂടെ സുഖത്തിലും സന്തോഷത്തിലും ഒരുപോലെ കൂട്ടുകൂടി പറയാതെ ഇഷ്ടങ്ങളറിഞ്ഞു പ്രവർത്തിച്ചു സ്നേഹിച്ചുകൊല്ലുന്ന തന്റെ താലികെട്ടിയ പാതിക്ക് തന്നെയാണ്…

അതുകൊണ്ട് നിന്നെക്കഴിഞ്ഞിട്ടെ എനിക്ക് മറ്റൊന്നുള്ളൂ…ഇനി നിങ്ങടെ അടുത്ത മീറ്റിംഗിന് ഞാനും വരുന്നുണ്ട്…ആ ഗീതയെ എനിക്കൊന്നു കണ്ടു രണ്ടു ഭരണി പാടണം…

ന്റെ സുധിയേട്ടാ പാവാത്…. അവര് കാരണാണ് എനിക്ക് ഈ സുഖവും സ്നേഹവും വീണ്ടും തിരിച്ചുകിട്ടീത്….ഇനി അതിന്റെ നേരെ ചെല്ലണ്ട ട്ടോ…

ന്തായാലും ഇൻഷേപ്പ് അരക്കെട്ടിന്റെ ഭംഗി കൂടിയില്ലങ്കിലും മ്മടെ ജീവിതത്തിന്റെ ഭംഗി കൂടിയല്ലോ എനിക്ക് അതു മതി…

Leave a Reply

Your email address will not be published.