June 1, 2023

രണ്ടാം ദിവസവും രാവിലെ അമ്മേം മരുമോളും വഴക്ക് കൂടുന്നത് കണ്ടപ്പോൾഅപ്പർത്തെ ഗീതച്ചേച്ചിയാണ് അക്കാര്യം ഉച്ചത്തിൽ

ഭാര്യ ഗർഭിണിയാണ്

രചന: സി.കെ.

രണ്ടാം ദിവസവും രാവിലെ അമ്മേം മരുമോളും വഴക്ക് കൂടുന്നത് കണ്ടപ്പോൾ
അപ്പർത്തെ ഗീതച്ചേച്ചിയാണ് അക്കാര്യം ഉച്ചത്തിൽ പറഞ്ഞത്….

എന്റെ മനൂ ഒന്നുകിൽ നീ നിന്റെ പെണ്ണിനേം കൊണ്ട് വല്ല വാടകക്കും പോ….അല്ലേൽ അവൾക്കിത്തിരി കുങ്കുമപ്പൂവും പാലിൽ കലക്കി കൊടുക്ക്….

(മറുപടി പറഞ്ഞുതീർന്നതും പെട്ടന്നൊരു നിശ്ശബ്ദത വീട്ടിനുള്ളിൽ പടർന്നു…)
അല്ലാണ്ട് വെളുപ്പാംകാലത്തുതന്നെ മറ്റുള്ളവരുടെ സൊയിര്യം കെടുത്താനായിട്ട്…
അതുകൂടി കേട്ടപ്പോൾ വീട്ടിന്റെ അടുക്കളഭാഗത്തു കൊതുകുമൂളുന്ന ശബ്ദം വരെ ഇങ്ങു ഉമ്മറത്തേക്കു കേട്ടുതുടങ്ങി….

ദൈവായിട്ടാണ് ഗീതേച്ചിയെ ഇങ്ങോട്ടു കൊണ്ടെത്തിച്ചത്….
രണ്ടുദിവസായി ഞാൻ തലങ്ങും വിലങ്ങും പറഞ്ഞു തടുത്തിട്ടും നിക്കാത്തൊരു കച്ചറ കേവലം ഒരു വാക്കുകൊണ്ടുതുക്കിയ ചേച്ചിക്ക് ഞാനൊരായിരം പൂച്ചെണ്ട് സമ്മാനിച്ചുവെന്നു മനസ്സിൽ പറഞ്ഞു…

രണ്ടുപേരും മുഖത്തോടു മുഖം നോക്കാതെ തിരിഞ്ഞു വീട്ടിനുള്ളിലേക്ക് കയറിയപ്പോ
ഉമ്മറത്തു ചിരിച്ചുകൊണ്ടുനിക്കുന്ന അച്ഛന്റെ ഫോട്ടത്തിലേക്കു ഞാനൊന്നു ദയനീയമായി നോക്കി…
മൂന്നാലുദിവസത്തെ അവധിആഘോഷം ഭാര്യയെയും അമ്മയെയും കൂട്ടി പഴനിക്ക് പോണം എന്നൊക്കെ ഒരു ചിന്തയുണ്ടായിരുന്നു….

ഇതു അമ്പിനും വില്ലിനും ചേരാത്തതിനാൽ ഞാനതു ഉള്ളിൽ മറച്ചു വെച്ചു….എന്തായാലും ഗീതേച്ചീടെ കെട്ടിറങ്ങിയൽ അവിടെവരെയൊന്നു പോണം കാര്യങ്ങളൊന്നു അന്വേഷിക്കണം എന്നു ഞാൻ അപ്പോഴേ തീരുമാനിച്ചതാണ്…ശ്യാമേ ഒരു ചായാ….

ചായ ണ്ടാക്കുന്നെയുള്ളൂ….തിരിച്ചലാറം സെറ്റ് ചെയ്തപോലൊരു മറുപടി വന്നു….

ഇതിങ്ങനെ പോയാൽ ഇവറ്റകൾക്കിടയിൽ നിന്നു വെള്ളം കിട്ടാതെ ചാവുമെന്നുഉറപ്പിച്ചുകൊണ്ടു ഞാൻ അപ്പുറത്തെ വീട് ലക്ഷ്യമാക്കി നടന്നു….

ഉമ്മറത്തെ കസേരയിൽ പത്രം ചെരിച്ചുപിടിച്ചു വായിക്കുന്ന കരുണേട്ടനോട് ഞാനൊന്നു പുഞ്ചിരിച്ചു…
ഗീതേ… ദാ മനോജ് വന്നിരിക്കുന്നു…

പുറത്തേക്ക് വരുന്ന ഗീതചേച്ചീടെ മുഖത്ത് അപ്പോഴും നേരത്തെ പറഞ്ഞതിന്റെ ബാക്കി എനിക്ക് മാത്രം കാണാവുന്ന രീതിയിൽ എഴുതീട്ടുണ്ടായിരുന്നു…

ന്താ മനു….മനുഷ്യന് മനസ്സമാധാനം എന്നേ നഷ്ടപ്പെട്ടു ചേച്ചി….. വീടൊക്കെ കൊച്ചുട്ടേട്ടന്റെ സിനിമാ തിയേറ്റർ പോലെയാ ഏതുനേരവും ഒച്ചപ്പാടാ….എങ്കിൽ നീയവളേം വിളിച്ചു വല്ല വാടകക്കും പോ…

അതൊന്നും നടക്കില്ല ചേച്ചീ… അമ്മക്ക് വയസ്സായി വരാ വളർത്തിവലുതാക്കാൻ മാതാപിതാക്കളും പിന്നീട് ഒരു ജീവിതത്തിലേക്ക് കടക്കുമ്പോൾ അവരെ കരിവേപ്പിലായാക്കുന്ന പരുപാടിക്കൊന്നും എന്നെ കിട്ടില്ല…

എങ്കിൽ നിനക്കിവരോടൊന്നു മാറി മാറി സംസാരിച്ചൂടെ…. നല്ല കഥ…അവളുടെ കൂടെ നിന്നാൽ പെങ്കേന്തനാണെന്നു പറഞ്ഞു അമ്മ തുടങ്ങും…
അമ്മയുടെ കൂടെ നിന്നാൽ വയറ്റിലുള്ള പെണ്ണിനെ എല്ലാരുംകൂടി കൊന്നു തിന്നോളൂ ന്നു പറഞ്ഞ് അവളും തുടങ്ങും….

ഇതിപ്പൊ ന്താ മനൂ ഇപ്പോഴത്തെ പ്രശ്നം…ഗീതേച്ചിക്കറിയില്ലേ ആദ്യമേ അവൾക്ക് നിറം പോരെന്ന് പറഞ് അമ്മ കുത്തി കുത്തി പറയും…പിന്നെ വീട്ടിലെ പണിയെടുക്കുന്നില്ല കുടുംബത്തിൽ വന്നു കയറിയവരിലൊക്കെ നിറംകൊണ്ടും സ്വഭാവം കൊണ്ടും മോശാണെന്ന് എപ്പോഴും പറയും…

ഇപ്പൊ ഇനി ജനിക്കാൻ പോവുന്ന കുഞ്ഞും കറുത്തിട്ടാണെന്നു പറഞ്ഞു ബഹളം തുടങ്ങീട്ടുണ്ട്…
മൂന്നാം മാസത്തിൽ സ്കാനിങ് കഴിഞ്ഞാൽ പിന്നെ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ പേരിൽ സമ്പാദ്യം തുടങ്ങാറുണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്….

ഇതിപ്പോ ആദ്യായിട്ടാ വയറ്റിലുള്ള കുട്ടീടെ നിറത്തെ ചൊല്ലി വഴക്ക് കൂടുന്നത് കേൾക്കുന്നത്…
ചേച്ചീ ഞാനിപ്പോ വന്നത് ചേച്ചീ നേരത്തെ പറഞ്ഞതിന്റെ സത്യാവസ്ഥ അറിയാനാ….
ഏതിന്റാ മനു…

അല്ല അമ്മേം അവളും വഴക്കു കൂടിയപ്പോൾ പാലിൽ കുങ്കുമപ്പൂവ് കലക്കി കൊടുക്കാൻ പറഞ്ഞില്ലേ…അതെന്തിനാണ് ന്ന് അറിയണം….ന്റെ പൊന്നു മനു..ഞാനൊരു നാട്ടുനടപ്പ് പറഞ്ഞതാണ്…നാട്ടു നടപ്പോ…

അതേ…പണ്ടുള്ളോരു പറയും കുഞ്ഞിന് നിറം വെക്കാൻ ഗർഭിണികളായ സ്ത്രീകൾക്ക് കുങ്കുമപ്പൂവ് പാലിൽ അരച്ചു കൊടുക്കും ന്ന്…

പക്ഷേ ന്റെ കാര്യത്തിൽ അതൊക്കെ വെറുംവാക്കായിട്ടോ… മ്മളെ സഞ്ജു വയറ്റിലുള്ള സമയത്ത് കരുണേട്ടനോട് ഞാൻ പറഞ്ഞിട്ട് മൂപ്പര് ടൗണിലെ ആരുടെ കടേന്നോ എനിക്കതു കൊണ്ടുതന്നിരുന്നു…പൈസ പോയത് മിച്ചം….

ചേച്ചി അതു പറയരുത് എന്റെ അവസാന കച്ചിത്തുരുമ്പായി ഇതു ഞാനൊന്നു പരീക്ഷിക്കാൻ പോവാണ്…

വെറുതെ പൈസ കളയണ്ട മനൂ….ഇവളുടെ വാശിപ്പുറത്തു ഞാനതു വാങ്ങിക്കൊടുത്തതാ… അതു കുടിച്ചേമ്പക്കം സഞ്ജു പാലടെടേ കളറാവേണ്ടത…നീ കണ്ടില്ലേ അവനെ…കാരുണേട്ടന് ഇതിന്റെ ബുദ്ധിമുട്ട് അറിയാഞ്ഞിട്ടാ ഈ തലയണ മന്ത്രോം കുത്തിപ്പെറുക്കലും കേട്ട്മനസ്സ് കല്ലായി…

ഇതെങ്കിൽ ഇത്…..പിറ്റേന്ന് തന്നെ കൂട്ടുകാര് മുഖേനെ തപ്പിപ്പിടിച്ചു ഞാനൊരു ഡെപ്പപൂവ് വാങ്ങി…
അമ്മയറിയറിഞ്ഞുകൊണ്ടുതന്നെ ഞാനതു കലക്കി കൊടുക്കാൻ തുടങ്ങി….

ഓ എന്നെ തോൽപ്പിക്കാൻ മറ്റുള്ളോരെ വാക്കും കേട്ടിറങ്ങിയെക്കുവാണെന്ന് അമ്മ ഇടക്കിടെ പറയുമെങ്കിലും ഞാനതു ചെവിക്കൊണ്ടില്ല..

മാസം ആറായതോടെ വയറു വീർത്തുടങ്ങി….അതോടൊപ്പം എന്റെ പ്രതീക്ഷയും….
അതിനിടയിൽ പലപ്പോഴും തമ്മിൽ വഴക്കുണ്ടാക്കുമ്പോഴും അവസാനിക്കുന്നത് ഗീതേച്ചിയുടെ വീട്ടിനടുത്തേക്കു നോക്കികൊണ്ടായിരിക്കും…

മാസം ഒമ്പതും കഴിഞ്ഞു ഉച്ചക്ക് ഊണ് കഴിച്ചിരിക്കുന്നതിനിടയിലാണ് അവൾക്കു വേദന അനുഭവപ്പെടുന്നത്…

അപ്പുറത്തുനിന്നു പെട്ടന്ന് ഓടിയെത്തിയേക്കാവുന്ന ഗീതേച്ചി അസാധാരണമായ ആ സംസാരം കേട്ട് വീട്ടിലേക്ക് ഓടിയെത്തി ….

കിട്ടാവുന്നതിലേക്കു വെച്ചു ഏറ്റവും നല്ലൊരു വണ്ടിയും വിളിച്ചിട്ട് നേരെ അതിലേക്കു അമ്മയെയും തള്ളിക്കയറ്റി ആശുപത്രിയിലേക്ക് പറഞ്ഞയച്ചു….പെയിൻ അധികമായിട്ടുണ്ട്…

നേരെ റൂമിലേക്ക് നടന്നോളൂ ട്ടോ…ഡോക്ടറെ വിളിക്കാം….ഡോക്ടർ വന്നു നേരിട്ടു ലേബർ റൂമിലേക്ക് മാറ്റി…അതിനുള്ളിലേക്കു കയറ്റുമ്പോഴും അവളെന്നെ നോക്കി….ഞങ്ങളിങ്ങനെ പുറത്തു കാവലായി നിന്നു…

ചേട്ടാ എങ്കിൽ ഞാൻ പോയാലോ…പെട്ടന്നാണ് വണ്ടിയുടെ വാടക കൊടുത്തില്ലെന്നു ഓർമ വന്നത്…
എത്രയായി ….നൂറ്റി അമ്പത്…

ദാ ഇരുന്നൂറ് ണ്ട് നീയത് വെച്ചോ…ഏയ്…അളവിൽ കൂടുതൽ പൈസ വാങ്ങിച്ചാൽ പടച്ചോൻ പൊറുക്കൂല ചേട്ടാ….ആ പടച്ചോൻ തന്നാ എന്നെയീ കോലത്തിലാക്കിയത്….

ന്താ പെണ്കുഞ്ഞാണെന്ന് പേടിയുണ്ടോ… എങ്കിൽ പേടിക്കണ്ടട്ടോ ആണും പെണ്ണും ആയിട്ടുകാര്യമില്ല ഗുണമുള്ളതുണ്ടാവണം… ഇതിപ്പോ ഉണ്ടാവുന്നത് വെളുത്ത നിറമുള്ളതായാൽ മതിയാർന്നു….ദാ ശ്യാമ പ്രസവിച്ചിട്ടുണ്ട് ട്ടോ…പെണ്കുഞ്ഞാണ്…

അപ്പോഴും മനസില്ല മനസ്സോടെ അമ്മയുടെ മുഖത്തേക്ക് നോക്കി ഞാനാ വാതിലിനടുത്തേക്ക് ചെന്നു…കുഞ്ഞിനെ കയ്യിലേക്ക് വാങ്ങി…..കുഞ്ഞിനെക്കണ്ടതും എന്റെ കണ്ണൊന്നു നിറഞ്ഞു…..അമ്മേ കുങ്കുമപ്പൂവ് ഏറ്റുട്ടോ….

കുഞ്ഞു വെളുത്തിട്ടാ…..
വീട്ടിനുള്ളിലെ അങ്കം തീർന്നെന്ന സന്തോഷത്തിൽ ഞാൻ പരിസരം മറന്നു ഉച്ചത്തിൽ പറഞ്ഞു….
എല്ലാവരും എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു…
ഞാൻ പതിയെ അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ എടുത്തു കൊണ്ടുപോയി….
ഗൗരവത്തിൽ അമ്മ അവളെയൊന്നു നോക്കി….

മനസ്സിന് ബോധിച്ചു എന്നതിനാലാകാം എന്റെ കയ്യിൽ നിന്ന് അവളെയാ കൈകളിലേക്ക് വാങ്ങി….
അച്ചമ്മേടെ മുത്തുമണിയല്ലേ…..

മതി മതി ഇനി കുഞ്ഞിനെ ഇങ്ങു തന്നേക്കൂ…. സിസ്റ്ററുടെ സംസാരം ആ സന്ദർഭത്തിൽ എനിക്ക് അരോചകമായി തോന്നി…

മനൂ നമ്മക്കവളെ ചിന്നൂ ന്നു വിളിക്കണം ട്ടോ… ഇനി ശ്യാമയ്ക്ക് എന്തേലും എതിർപ്പുണ്ടാവോ…
ഈശ്വരാ ഇനി അതിനാവുമോ അടുത്ത യുദ്ധംഎന്നു മനസ്സിൽ ചിന്തിച്ചെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ..ഏയ് എല്ലാം അമ്മയുടെ ഇഷ്ടമെന്നു പറഞ്ഞു ഞാനാ സംസാരം അവിടെ വെച്ചു നിർത്തി…..

കൂടെ വന്ന ഡ്രൈവർക്കും കൂടി നിന്ന് ആളുകൾക്കും അപ്പോഴും ആശ്ചര്യം വിട്ടുമാറീട്ടില്ലായിരുന്നു…പലരും ഞങ്ങളെനോക്കി കൂടെനിന്നവരോട് എന്തൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു പക്ഷേ അവർക്കറിയില്ലല്ലോ ഒരു കുങ്കുമപ്പൂവുകൊണ്ട് കുഞ്ഞു മാത്രമല്ല ഒരു കുടുംബംകൂടിയാ വെളുത്തത് ന്ന്…

എങ്കിലും അപ്പോഴും ഗീതേച്ചി പറഞ്ഞൊരു കാര്യമുണ്ട് …സഞ്ജുവിനെ വയറ്റിലുള്ളപ്പോൾ ഇതു കുടിച്ചിട്ട് അവന് നിറമൊന്നും കിട്ടിയിട്ടില്ല ന്ന്…. പക്ഷേ ഇവിടെ ഇതെങ്ങിനെ സംഭവിച്ചു…
ന്തായാലും വേണ്ടില്ല…ഇനി മറ്റൊരു പ്രശ്നം വരുന്നത് വരെ സമാധാനത്തോടെ ജീവിക്കാല്ലോ….

Leave a Reply

Your email address will not be published.