June 1, 2023

പണ്ട് പണ്ട്,,, അത്ര പണ്ടൊന്നുമല്ല,,, എന്നാലും പണ്ടൊരൂസം… പി എസ് സി യുടെ ഒരു ടെസ്റ്റിന് പോകാൻ അറിവിന്റെ നിറകുടമായ

രചന: അബ്രാമിൻ്റെ പെണ്ണ്

പണ്ട് പണ്ട്,,, അത്ര പണ്ടൊന്നുമല്ല,,, എന്നാലും പണ്ടൊരൂസം… പി എസ് സി യുടെ ഒരു ടെസ്റ്റിന് പോകാൻ അറിവിന്റെ നിറകുടമായ ഈയുള്ളവൾക്ക് അവസരം കിട്ടുന്നു..

ഒരുക്കവും പോക്കും റാങ്ക് ലിസ്റ്റിൽ പേര് വരാത്തതൊന്നും വീട്ടുകാർക്ക് പുത്തരിയല്ലെങ്കിലും ഓരോ ടെസ്റ്റുകളും ഓരോ യാത്രകളും ഈയുള്ളവൾക്ക് പുതുമകളുടെ ഘോഷയാത്രകളാരുന്നു..പലതരത്തിൽ പെട്ട ആൾക്കാരുടെ ഇടയിലിരുന്ന് പരീക്ഷയെഴുതുന്നതൊക്കെ ഓരോ അനുഭവങ്ങളല്ലേ..

കെട്ടിയോന് ഇതിലൊന്നും വലിയ വിശ്വാസമില്ല… “പോണോങ്കി പൊക്കോ ഇല്ലെങ്കി വേണ്ട “എന്നൊരു മട്ടാണ്…

അങ്ങനെ ടെസ്റ്റെഴുതാൻ പോകുന്ന ദിവസം വന്ന്… കായംകുളത്ത് ഓലകെട്ടിയമ്പലത്തുള്ള ഒരു സ്കൂളിൽ വെച്ചാർന്നു ടെസ്റ്റ്‌…വീട്ടിലെ ജോലികളെല്ലാം ഓടിപ്പാഞ്ഞു ചെയ്തു തീർത്തിട്ട് ഒരു ഓട്ടകുളിയും പാസ്സാക്കി ഒരുങ്ങിക്കൊണ്ട് നിക്കുവാ… പടുവറും പെർഫ്യൂമൊക്കെ പണ്ടേ അലർജ്ജിയായത് കൊണ്ട് ഇച്ചിരി ഫെയർ ആൻഡ് ലവ്‌ലി തേയ്ക്കും..

ഇന്ന് വെളുക്കും നാളെ വെളുക്കും മറ്റന്നാൾ വെളുക്കും അതിന്റെ പിറ്റേന്നാൾ വെളുക്കുമെന്നൊക്കെ കരുതി തേയ്ക്കാൻ തുടങ്ങീട്ട് കാലം കൊറേയായി.. ആയ കാലത്ത് നല്ല കിളുന്ത് പെണ്ണായിരുന്നപ്പോ വെളുത്തില്ല.. ഇനിയിപ്പോ ഈ മുതുക്കിറച്ചിയിൽ ക്രീമിന്റെ വെളുപ്പൊന്നും പിടിക്കാനും പോണില്ല.. എന്നാലും ഞാനങ്ങു തേയ്ക്കും… എങ്ങാനും ബിരിയാണി കിട്ടിയാലോ…??

ക്രീമും തേച്ച് ഒരു പൊട്ടും കുത്തി മുടി ചീകിക്കൊണ്ട് നിക്കുവാ…”അമ്മച്ചീ.. എനിക്കൊരു ഗുണമീൻ വറത്തു തരുവോ..

മൂത്ത പെങ്കൊച്ചാ… ഇത്രേം നേരം വേണ്ടാതിരുന്ന സാധനം ഞാൻ പോകാനൊരുങ്ങിയപ്പോ വേണം പോലും..”അമ്മച്ചീ എനിക്കൂടെ ഒരു ചൊണച്ച മീൻ വേണം..

കോറസായി കൊച്ചെർക്കന്റെ ശബ്ദം കൂടെ വന്നതും…”എന്നാ രണ്ട് ഒണക്കമീൻ എനിക്കൂടെ വറത്തു വെച്ചിട്ട് പോ…കെട്ടിയോൻ കൂടെ കൊച്ചുങ്ങളുടെ സപ്പോർട്ടിനു വന്നു..

കൊച്ചുങ്ങളും രണ്ടും പറഞ്ഞതും കെട്ടിയോൻ പറഞ്ഞതും ഒണക്ക മീനിനെയാണ്..കുളിച്ചിട്ട് നിക്കുന്ന ഞാനിനി മീൻ വറക്കാൻ നിന്നാൽ നല്ല നാറ്റം കാണും…പോകാനൊരുങ്ങിയപ്പോ ലങ്ങേര് എനിക്കിട്ട് പണി തരാനുള്ള പുറപ്പാടാ..

“നീ പൊയ്ക്കോ കൊച്ചെ.. നേരം പോയില്ലിയോ.. വണ്ടിയിപ്പം വരും.. നീ പോ..മീൻ ഞാൻ വറത്തു കൊടുത്തോളാം..

ഗബ്രിയേൽ മാലാഖയെപ്പോലെ എന്റെ പൊന്നമ്മായിയമ്മച്ചി പ്രത്യക്ഷപ്പെട്ടു പറഞ്ഞു.. കേട്ട പാതി ബാഗുമെടുത്ത് ഞാൻ ബസ് സ്റ്റോപ്പിലോട്ടോടി..

ബസിൽ കേറിയപ്പോ അടുത്തുള്ളൊരു അണ്ണനിരിക്കുന്ന സീറ്റിൽ ഒരാൾക്ക് കൂടെ ഇരിക്കാനുള്ള ഇച്ചിരി സ്ഥലമുണ്ട്.. ആ അണ്ണന് കുണ്ടി വ്യാപ്തി ഇച്ചിരി കൂടുതലായത് കൊണ്ട് മെലിഞ്ഞ ഒരാൾക്കേ ആ സീറ്റിൽ കൂടിരിക്കാൻ ഒക്കു..അതുകൊണ്ട് പൊതുവെ വ്യാപ്തി കുറഞ്ഞ ഞാൻ ആ സീറ്റിൽ ചെന്നിരുന്നു

“ആഹാ എങ്ങോട്ടാ…അണ്ണൻ എന്നെക്കണ്ട് ചിരിച്ചു…”ഒരു ടെസ്റ്റുണ്ട്….

തലേന്നത്തെ അത്താഴത്തിന്റെയാണോ അതോ രാവിലത്തെ പഴങ്കഞ്ഞിയുടേതാണോ എന്തോ അണ്ണന്റെ മുൻവശത്തെ പല്ലിനിടയിലിരിക്കുന്ന ബീറ്റ്റൂട്ട് തോരനിൽ സംശയത്തോടെ നോക്കി ഞാൻ മറുപടി പറഞ്ഞു..

“ടെസ്റ്റെന്നും പറഞ്ഞിങ്ങനെ കാശ് കളയാൻ നിനക്ക് വേറെ ജോലിയൊന്നുമില്ലേ കൊച്ചെ.. ആ സമയം കൊണ്ട് രണ്ട് ആടിനെ വാങ്ങിച്ചിട്.. പെട്ടിയിൽ കാശ് അടുക്കി വെച്ചേക്കുന്നതിനു തുല്യവാ രണ്ടാടിനെ വളർത്തുന്നത്.. അതെങ്ങനാ… ആടിനെയൊക്കെ നോക്കുന്നത് മെനക്കേടല്ലിയോ .. ഇപ്പൊ ഫോണീ തോണ്ടാനല്ലേ ആൾക്കാർക്ക് നേരം..

സ്വന്തം പല്ലിന്റെടേലിരിക്കുന്ന ബീറ്റ്‌റൂട്ട് തോരൻ രാവിലെ ഒരു ഈർക്കിലെടുത്തു കുത്തിക്കളയാൻ മെനക്കെടാത്ത ആ പഴകിയവനാണ് എന്നെ ഗുണദോഷിക്കുന്നത്…കലികാലം എന്നല്ലാതെ എന്ത് പറയാൻ..

സ്റ്റാർ സിങ്ങറിലെ രഞ്ജിനി ഹരിദാസ് ബർമൂഡ ഇട്ടപ്പോ “ഉഫ് ” എന്ന് പറഞ്ഞിട്ട് അതേ പോലൊരു ബർമൂഡാ ഇച്ചിരിയൊള്ള ഞാനിട്ടപ്പോ “തുഫ് “എന്ന് പറഞ്ഞവനാണ് ഈ നാറി…

ലോകത്തിലെ ഏറ്റവും വലിയ കോമഡി പറഞ്ഞപോലെ അണ്ണൻ മ്മടെ അടുത്ത് തന്നെ താമസിക്കുന്ന കണ്ടക്ടറെ നോക്കി ചിരിച്ചു.. അണ്ണൻ വർത്താനം പറഞ്ഞത് മൊത്തം കേട്ടോണ്ട് നിന്ന കണ്ടക്ടർക്കും കോമഡി ഇഷ്ടായെന്ന് തോന്നുന്നു.. അയാളും ചിരിക്കുന്നു.. എന്നാപ്പിന്നെ ഞാനും കൂടെ ഇച്ചിരി ചിരിച്ചേക്കാമെന്ന് കരുതി..ഇച്ചിരി ചിരിച്ചു..

“അല്ല,, എങ്ങോട്ടാ…കണ്ടക്ടർ ചേട്ടൻ ടിക്കറ്റ് പറിക്കാൻ റെഡിയായി അടുത്ത് വന്നിട്ട് എന്റെ കാലിലോട്ട് നോക്കി ചോദിച്ചു..

“ഒരു പുനലൂര് താ അണ്ണാ.. ഇന്നൊരു ടെസ്റ്റിന് പോണം..ഞാൻ കാശെടുത്ത് കൊടുത്ത്..
“ചെരുപ്പ് കൊള്ളാവല്ലോടീ .. എവിടുന്നാ വാങ്ങിച്ചേ..ടിക്കറ്റ് പറിച്ചു കയ്യിൽ തന്നിട്ട് അടുത്ത ചോദ്യം..”പുനലൂര് പോയപ്പോ വാങ്ങീതാണ്ണാ …

ടിക്കറ്റ് ബാഗിന്റെ ഒറയിലേക്ക് തിരുകിക്കേറ്റി ഞാൻ പറഞ്ഞു..”പുതിയ മോഡലാന്നോ… വെറൈറ്റിയുണ്ട്.. ഇതുപോലൊന്ന് ആദ്യമായി കാണുവാ..പുനലൂര് ഏത് കടേന്നാ.. പെണ്ണുമ്പിള്ളയ്ക്ക് ഒരെണ്ണം വാങ്ങിച്ചു കൊടുക്കാനാരുന്നു…കണ്ടക്ടർ ചേട്ടൻ പറഞ്ഞത് കേട്ട് എനിക്ക് അഭിമാനം തോന്നി…

“ചന്തമുക്കിൽ കാണുന്ന കടയാ.. പേര് ഞാൻ മറന്നു പോയണ്ണാ.. മുന്നൂറ് രൂപയെയുള്ളു.. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോകുമ്പോ ഒരെണ്ണം വാങ്ങിച്ചോണ്ട് പോ.. ചേച്ചിക്കൊരു സർപ്രൈസ് ആയിക്കോട്ടെ..

ഞാൻ ചിരിയോടെ പറഞ്ഞു..”ഭയങ്കര സർപ്രൈസ് ആയിരിക്കും… വൈകിട്ടൊരെണ്ണം വാങ്ങിക്കണം…

അങ്ങേര് അടുത്ത ആൾക്ക് ടിക്കറ്റ് പറിച്ചു കൊടുക്കാൻ വേണ്ടി മുന്നോട്ട് പോയി…
“ഡീ.. എന്നും കുന്നും ഇങ്ങനെ ടെസ്റ്റെന്നും പറഞ്ഞു പോയാൽ വീട്ടിലെ കാര്യങ്ങൾ എങ്ങനാ..

ഞാൻ ടെസ്റ്റിന് പോകുന്നതിൽ എന്റങ്ങേർക്കില്ലാത്ത കുരുവാണ് അടുത്തിരിക്കുന്ന ബീറ്റ്റൂട്ട് തോരന്… ഞാൻ ഇഷ്ടപ്പെടാത്ത മട്ടിൽ അങ്ങേരെയൊന്നു നോക്കി… തോരൻ പിന്നെ പുനലൂർ ചെല്ലുന്ന വരെ വാ തുറന്നില്ല..

പുനലൂരെത്തി… ഞാൻ ബാഗുമെടുത്ത് വെളിയിലിറങ്ങി..”ഒന്ന് നിന്നേടീ,, നിന്റെ ചെരുപ്പിന്റെ സൈസ് എത്രയാ.. വീട്ടിലെ അവൾക്കും നിന്റെ സൈസാണെന്ന് തോന്നുന്നു..

കായംകുളം വണ്ടിയിൽ കേറാൻ പോയ ഞാൻ തിരിഞ്ഞു നിന്ന്.. ചെരുപ്പിന്റെ സൈസ് നോക്കാൻ താഴോട്ടു കുനിഞ്ഞതും…

“ദാണ്ടെടെ കക്കൂസിലിടുന്ന കരിമ്പനടിച്ച് വാറു പൊട്ടാറായ ചെരുപ്പ് വലത്തേക്കാലിലും രണ്ടൂസം മുന്നേ ടെസ്റ്റിന് പോകുമ്പോ ഇടാൻ വേണ്ടി വാങ്ങിയ പുതിയ ചെരുപ്പ് എടത്തേ കാലിലും..

ഇതെപ്പോ സംഭവിച്ച്.. കൊച്ചെർക്കൻ വണ്ടിയുടെ വീലൊണ്ടാക്കാൻ എടുത്തു വെച്ച ചെരുപ്പാണ്.. വീട്ടിൽ നിന്ന് ഓടിയ വെപ്രാളത്തിൽ മാറിപ്പോയതാരിക്കും,,അല്ലാതെ ആരും കാലിലെടുത്തിട്ട് തരാനുള്ള സാധ്യതയില്ല .

“അണ്ണനിത് കണ്ടോണ്ടാണോ ചെരുപ്പിന്റെ കാര്യം ചോദിച്ചേ.. എന്നോട് പറഞ്ഞാരുന്നെങ്കി ഞാനന്നേരമേ ബസീന്ന് എറങ്ങി വീട്ടീപ്പോയി ചെരുപ്പെടുത്തേനല്ലോ..വലിയ ചതിയായിപ്പോയി കേട്ടോ..

എനിക്ക് സങ്കടം വരുന്ന്..”എന്റെ പൊന്ന് പെണ്ണേ.. ഞാനെത്ര വട്ടം നെന്നോട് ചെരുപ്പിന്റെ കാര്യം ചോദിച്ചു.. ഒരു വട്ടം പോലും നീ കാലേലോട്ട് ഒന്ന് നോക്കിയില്ലല്ലോ.. കടുപ്പം തന്നെടീ..

കണ്ടക്ടർ സഹതാപത്തോടെ എന്നെ നോക്കി ചിരിക്കുന്നു.. കൂടെ മറ്റേ ബീറ്റ്റൂട്ട് തോരനും..
“പൈസായുണ്ടെങ്കിൽ ഒരു മുന്നൂറ് രൂപ താ.. വൈകിട്ട് വരുമ്പോ തിരിച്ചു തരാം… അല്ലെങ്കിലിന്ന് ടെസ്റ്റിന് പാനൊക്കത്തില്ല…

അണ്ണൻ തന്ന മുന്നൂറ് രൂപയ്ക്ക് പുതിയ ചെരുപ്പും വാങ്ങിച്ച് ഞാൻ ടെസ്റ്റിന് പോയി…
ആ ജോലി കിട്ടിയില്ലെന്നു മാത്രമല്ല ബീറ്റ്‌റൂട്ട് തോരൻ പറഞ്ഞപോലെ എന്റെ ജീവിതം ഏറെക്കുറെ ആടുകൾക്കൊപ്പമാവുകയും ചെയ്തു…

“ങ്ഹാ,,, പെട്ടീല് പണം ഇങ്ങനെ അട്ടിയിട്ട് അടുക്കി വെയ്ക്കാനാരിക്കും ന്റെ വിധി…

Leave a Reply

Your email address will not be published.