June 4, 2023

ടൗണിലേക്ക് പോകാൻ വണ്ടി എടുത്തപ്പോൾ ഭാര്യ വിളിച്ചു പറഞ്ഞു കറിക്ക് ഒന്നും ഇല്ലാട്ടോ?ഏതെങ്കിലും കൊണ്ടു വന്നാലേ ഉച്ചക്ക് കറി

രചന: Sivadasan Vadama

ടൗണിലേക്ക് പോകാൻ വണ്ടി എടുത്തപ്പോൾ ഭാര്യ വിളിച്ചു പറഞ്ഞു കറിക്ക് ഒന്നും ഇല്ലാട്ടോ?ഏതെങ്കിലും കൊണ്ടു വന്നാലേ ഉച്ചക്ക് കറി വെക്കാൻ പറ്റുള്ളൂ?ടൗണിൽ ചെന്നപ്പോൾ ആണ് അരയത്തികൾ നല്ല ജീവനുള്ള കരിമീൻ വിൽക്കാൻ ഇരിക്കുന്നത് കണ്ടത്.

ആവശ്യങ്ങൾ എല്ലാം നിറവേറ്റി വരുമ്പോൾ കരിമീൻ തീരും.വാങ്ങി കയ്യിൽ വെച്ചാൽ കവറിൽ ഇരുന്നു ചീയും.ഇനി ഇപ്പൊ എന്താ ചെയ്യാ?അപ്പോളാണ് അടുത്തുള്ള വീട്ടിലെ സോമനെ കണ്ടത്.സോമാ നീ ഇപ്പോൾ വീട്ടിലേക്ക് പോകുന്നുണ്ടോ?

സോമന് പൊതുവെ എന്നോട് ഇച്ചിരി ഇഷ്ടക്കുറവ് ഉണ്ട്.
അവന്റെ പെണ്ണിനെ ഞാൻ വളക്കാൻ ശ്രമിക്കുന്നുണ്ടോ ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്നെല്ലാം ബെർതെ ഒരു സംശയം.

തെളിവൊന്നും കിട്ടാത്തതിനാൽ അത് അവൻ മനസ്സിൽ തന്നെ അടക്കി പിടിച്ചു നിൽക്കുകയാണ്.
എങ്കിലും എന്റെ പേരും പറഞ്ഞു അവിടെ അല്പസ്വൽപം കശപ്പിശ നടക്കുന്നത് എനിക്കും അറിയാം.
അതെല്ലാം വെറുതെ സംശയങ്ങൾ ആണുട്ടോ?

ഞാൻ അവനോട് വീട്ടിലേക്ക് പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൻ എന്നെ ഒന്ന് നോക്കി.
ഉം!വെറുതെ ഒന്നു മൂളി.ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ?

ഡാ ഇത് നീ വീട്ടിൽ കൊടുത്തേക്ക്അവൻ എന്നെ രൂക്ഷമായി നോക്കിയത് കണ്ടില്ലെന്ന് നടിച്ചു അവന്റെ കയ്യിൽ മീൻ പൊതി അടിച്ചേല്പിച്ചു.

ഇന്ന് കരിമീൻ കൂട്ടി ചോറുണ്ണാമെന്ന സന്തോഷത്തോടെ മറ്റു കാര്യങ്ങൾ എല്ലാം നടത്തി വന്നപ്പോൾ സമയം ഉച്ചയായി.വീട്ടിൽ ചെന്നപ്പോൾ പ്രിയതമയുടെ മുഖം കടന്നൽ കുത്തെറ്റത് പോലെ.
ചോറ് വിളമ്പ് വിശക്കണ്‌!

അവൾ പാത്രത്തിൽ ചോറ് വിളമ്പി.കറി എവിടെ?അവൾ ഒരു പച്ചമുളക് എടുത്തു കൊണ്ടു വന്നു.
മീൻ കറി വെച്ചില്ലേ?

എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്?അവൾ കലിപ്പിൽ ആണെന്ന് കണ്ടു കാര്യം അറിയാതെ ഞാൻ പകച്ചു അയൽവക്കത്തു നിന്ന് ബഹളം അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്ഞാൻ ഉണ്ണാൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് എന്താ കാര്യം എന്ന് നോക്കി.എടീ എടീ ഒരുമ്പിട്ടോളെ?

എന്താടീ നീയും അവനും തമ്മിൽ ഇടപാട്?നിനക്ക് കരിമീൻ തരാൻ മാത്രം എന്തു ബന്ധമാടീ നിങ്ങള് തമ്മില്.ഞാൻ തിരിഞ്ഞു ഭാര്യയുടെ മുഖത്തേക്ക് നോക്കി.അവളുടെ മുഖത്തും വിവിധ ഭാവങ്ങൾ മിന്നിമറയുന്നത് കണ്ടു സംഗതി അത്ര പന്തിയല്ല എന്ന് എനിക്ക് തോന്നി.

എനിക്ക് ആ വർഗീസിനെ കാണേണ്ട അത്യാവശ്യം ഉണ്ട്.ഭാര്യക്ക് മുഖം കൊടുക്കാതെ പറഞ്ഞു കൊണ്ടു താക്കോൽ എടുത്തു വേഗം പുറത്തേക്കിറങ്ങി

Leave a Reply

Your email address will not be published.